Categories
kerala

സിനിമയെഴുത്തിലെ കൂവേരിക്കാരൻ..

മലയാള സിനിമയിലെ മുൻനിര തിരക്കഥാകൃത്തുകളുടെ പട്ടികയിൽ അടയാളപ്പെടുത്തേണ്ട പേരാണ് പ്രമോദ് കൂവേരി. ചെറുപ്പം മുതൽക്കേ എഴുത്തുകളെ കൂടെ കൂട്ടിയ പ്രമോദ് കൂവേരിയോട് ആദ്യമായി എഴുതിയ കൃതി ഏതെന്നു ചോദിച്ചാൽ അദ്ദേഹത്തിന് എളുപ്പം ഓർത്തെടുക്കാനാവില്ല. നിരവധി ചെറുകഥകൾക്ക് ശേഷം തന്റെ മൂന്നാമത്തെ തിരക്കഥ സിനിമയായി പുറത്തിറങ്ങുന്ന സന്തോഷത്തിലാണ് പ്രമോദ് കൂവേരി.

ചെറുകഥകളോടാണ് പ്രമോദ് കൂവേരിക്ക് കൂടുതൽ കമ്പം. 2013 ലാണ് ഇദ്ദേഹത്തിന്റെ ആദ്യ ചെറുകഥാ സമാഹാരമായ ‘മൃഗ വേഷക’ പുറത്തിറങ്ങുന്നത്. 2015 ൽ ‘ദണ്ഡകാരണ്യം’ എന്ന കഥാ സമാഹാരം പുറത്തിറങ്ങി. ‘പത്തൊൻപത് മൊട്ടകൾ’ എന്ന ചെറുകഥാ സമാഹാരമാണ് അവസാനമായി പുറത്തിറങ്ങിയത്. സി വി ശ്രീരാമൻ പുരസ്കാരം, രാജലക്ഷ്മി കഥാ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങളും ചെറുകഥകളിലൂടെ ഇദ്ദേഹത്തെ തേടിയെത്തിയിട്ടിട്ടുണ്ട്.

thepoliticaleditor

2018 ലെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ ‘കാന്തൻ-ദി ലവർ ഓഫ് കളേഴ്സ് ‘ എന്ന ചിത്രത്തിന് വേണ്ടി തൂലിക ചലിപ്പിച്ചത് പ്രമോദ് കൂവേരിയാണ്. ഇദ്ദേഹത്തിന്റെ ആദ്യ തിരക്കഥയായിരുന്നു കാന്തൻ-ദി ലവർ ഓഫ് കളേഴ്സ്. ഷെരീഫ് ഈസയാണ് ചിത്രത്തിന്റെ സംവിധായകൻ.

2020 ൽ ഇർഷാദിനെ നായകനാക്കി ഷെരീഫ് ഈസ സംവിധാനം ചെയ്ത ‘ആണ്ടാൾ’ എന്ന സിനിമയുടെ തിരക്കഥയും രചിച്ചത് പ്രമോദ് കൂവേരിയാണ്. ശ്രീലങ്കൻ തൊഴിലാളികളുടെ കഥ പറയുന്ന ചിത്രം നിരവധി അന്താരാഷ്ര ഫെസ്റ്റുകളിൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

തളിപ്പറമ്പ് സ്വദേശിയായ ചന്ദ്രൻ നരിക്കോടിന്റെ രണ്ടാമത് ചിത്രമായ ‘സ്റ്റേറ്റ് ബസ്സി’ന്റെ തിരക്കഥയാണ് ഇപ്പോൾ പ്രമോദ് കൂവേരി പൂർത്തിയാക്കിയിരിക്കുന്നത്. ‘സ്റ്റേറ്റ് ബസ്’ റിലീസിന്റെ അവസാന ഘട്ടത്തിലാണ്.

“കേരളത്തിന്റെ രാഷ്ട്രീയം, വിശേഷിച്ചും കണ്ണൂരിന്റെ ഒരു രാഷ്ട്രീയം വളരെ പ്രാദേശികമായ രീതിയിൽ പറയുന്ന സിനിമയാണ് സ്റ്റേറ്റ് ബസ് “- പ്രമോദ് കൂവേരി പറയുന്നു. കഥാകാരന്, സി വി ശ്രീരാമൻ പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ച ചെറുകഥയാണ് സ്റ്റേറ്റ് ബസ്സിന്റെ തിരക്കഥയായി വികസിപ്പിച്ചത്.
തീർത്തും പ്രാദേശിക കൂട്ടായ്മയിൽ ഒരുങ്ങിയ ചിത്രമാണ് സ്റ്റേറ്റ് ബസ്. സന്തോഷ് കീഴാറ്റൂരും വിജിലേഷുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.ചിത്രത്തിന്റെ ടീസർ ഇതിനോടകം തന്നെ
ഹിറ്റ്‌ ആയി മാറിയിരിക്കുകയാണ്.

https://youtu.be/cMGEImmKGuU

തന്റെ ആദ്യ രണ്ട് തിരക്കഥകളും ഏറ്റെടുത്ത പ്രേക്ഷകർ സ്റ്റേറ്റ് ബസ്സും സ്വീകരിക്കും എന്ന ആത്മവിശ്വാസത്തിൽ ആണ് കഥാകാരൻ. ‘മാറിയ സിനിമാ കാലഘട്ടത്തിൽ, എല്ലാ മാറ്റങ്ങളും ഉൾക്കൊണ്ടു തന്നെയാണ് സ്റ്റേറ്റ് ബസ് എഴുതിയിട്ടുള്ളത്. രാഷ്ട്രീയവും പകപോക്കലും സ്നേഹവും പറയുന്ന സ്റ്റേറ്റ് ബസ് സിനിമ ഒരു ത്രില്ലർ ആയിട്ടാണ് എടുത്തിട്ടുള്ളത്.’ കഥാകാരൻ പറഞ്ഞു.

കേരളത്തിലുടനീളം നിറഞ്ഞു നിൽക്കുന്ന അക്രമ രാഷ്ട്രീയത്തിന്റെ മുഖം, കണ്ണൂർ പശ്ചാത്തലമാക്കി പറയുന്ന കഥയാണ് സ്റ്റേറ്റ് ബസ്.
അക്രമരാഷ്ട്രീയത്തിനപ്പുറമായി ഒരു വാക്കിൽ തീർന്നേക്കാവുന്ന പകയുടെയും പ്രതികാരത്തിന്റെയും ദുർബലതയും കഥയിൽ വ്യക്തമാക്കുന്നുണ്ട് കഥാകാരൻ.

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിനടുത്ത് കൂവേരി സ്വദേശിയാണ് ഇദ്ദേഹം.
ചപ്പാരപ്പടവ് സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസവും, തളിപ്പറമ്പ് സർ സെയ്യദ് കോളേജിൽ നിന്ന് പ്രീഡിഗ്രിയും പൂർത്തിയാക്കി. തളിപ്പറമ്പ് നാഷണൽ കോളേജിൽ നിന്ന് മലയാളത്തിൽ ബിരുദം നേടിയ പ്രമോദ് കൂവേരി ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുകയാണ്.

Spread the love
English Summary: state bus movie writer pramod kooveri

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick