Categories
kerala

പകയും പ്രതികാരവും ഇഴചേര്‍ന്ന കണ്ണൂര്‍ രാഷ്ട്രീയ ത്രില്ലര്‍ വീണ്ടും.. “സ്റ്റേറ്റ്‌ ബസ്സ് ” ഓടാൻ തയ്യാർ…

ടീസർ ഹിറ്റ്‌ ആകുന്നു

Spread the love

കണ്ണൂരിലെ രാഷ്ട്രീയപ്പകയും പ്രതികാരവും അതിനുമപ്പുറം നിലനില്‍ക്കുന്ന സ്‌നേഹത്തിന്റെ തലങ്ങളും ഇഴ ചേർന്ന പുതിയ സിനിമ, ചന്ദ്രൻ നരിക്കോടിന്റെ “സ്‌റ്റേറ്റ്‌ ബസ്‌”, റിലീസിന്‌ ഒരുങ്ങി. സ്റ്റുഡിയോ സി സിനിമാസിന്റെ ബാനറിൽ ഐബി രവീന്ദ്രനും പദ്മകുമാറും നിർമിക്കുന്ന സിനിമയിൽ സന്തോഷ്‌ കീഴാറ്റൂരും വിജിലേഷുമാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചെറുകഥാകൃത്തായ പ്രമോദ് കൂവേരിയുടെതാണ് തിരക്കഥ.

സംവിധായകൻ ചന്ദ്രൻ നരിക്കോട്

പേര് സൂചിപ്പിക്കുന്ന പോലെ തന്നെ സ്റ്റേറ്റ് ബസ്സിലുള്ള ഒരു ത്രില്ലിംഗ് യാത്രയാണ് സിനിമ. കണ്ണൂർ പശ്ചാത്തലമാക്കിയിട്ടുള്ള സിനിമ, രാഷ്ട്രീയ കൊലപാതകം നടത്തിയ ഒരു പ്രതിയെ തലശ്ശേരി ഒന്നാം ക്ലാസ്സ്‌ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കൊണ്ട് പോകുന്നതിനിടെയുള്ള സംഭവ വികാസങ്ങളാണ് പറയുന്നത്.

thepoliticaleditor

പകയും പ്രതികാരവും അതിനപ്പുറം ആത്യന്തികമായി നിലനിൽക്കുന്ന സ്നേഹവുമാണ് കഥയുടെ പ്രമേയം. കേരളത്തിലുടനീളം ‘ഓടിക്കൊണ്ടിരിക്കുന്ന’ ഒരു രാഷ്ട്രീയ സാഹചര്യമാണ് സ്റ്റേറ്റ് ബസ്സിൽ അവതരിപ്പിക്കുന്നതെന്ന് തിരക്കഥാകൃത്ത് പ്രമോദ് കൂവേരി പറയുന്നു. സിനിമയുടെ ടീസർ ഇതിനോടകം പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്.

തിരക്കഥാകൃത്ത് പ്രമോദ് കൂവേരി

സന്തോഷ്‌ കീഴാറ്റൂരിനും വിജിലേഷിനും പുറമേ ‘ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചണി’ലൂടെ ശ്രദ്ധേയയായ കബനി,’തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ ഫെയിംസ് സിബി തോമസ്, പി. ശിവദാസ്, സദാനന്ദൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അഭിനയിച്ച ഭൂരിഭാഗം പേരും നാട്ടുകാരാണ് എന്ന പ്രത്യേകത കൂടി സിനിമയ്ക്കുണ്ട്. മലബാറിൽ നിന്ന് താരതമ്യേന കുറവ് മുഖങ്ങളുള്ള സിനിമാ മേഖലയിൽ പരമാവധി സ്വന്തം നാട്ടിലെ കഴിവുള്ളവരെ ഉൾപ്പെടുത്തണമെന്നുള്ളത് സംവിധായകൻ ചന്ദ്രൻ നരിക്കോടിന്റെ നിലപാടാണ്.

സിനിമയുടെ 80 ശതമാനവും ബസ്സിലാണ് ചിത്രീകരിച്ചിരിക്കുന്നത്. തളിപ്പറമ്പ്, പയ്യന്നൂർ, അലക്കോട് മേഖലകളാണ് പ്രധാന ലോക്കേഷനുകൾ. വിജയ് യേശുദാസ്,വിദ്യാധരൻ മാസ്റ്റർ, ജിൻഷ ഹരി എന്നിവരാണ് സിനിമയിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.തളിപ്പറമ്പ് സ്വദേശിയായ വിജേഷ് വിശ്വമാണ് സ്റ്റേറ്റ് ബസ്സിന്റെ വസ്ത്രാലങ്കാരം നിർവഹിച്ചിരിക്കുന്നത്.വെള്ളം സിനിമയുടെ സഹ എഴുത്തുകാരനായിരുന്നു വിജേഷ് വിശ്വം.

വിജേഷ് വിശ്വം

ചന്ദ്രൻ നരിക്കോടിന്റെ ആദ്യ സിനിമ ‘പാതി’ 2017ൽ ആണ് പുറത്തിറങ്ങുന്നത്.വിജേഷ് വിശ്വം ആയിരുന്നു സിനിമയുടെ തിരക്കഥാകൃത്ത്. ആ വർഷത്തെ കർണാടക ഫിലിം ഫെസ്റ്റിവലിൽ ഏഷ്യൻ മത്സര വിഭാഗത്തിൽ മലയാളത്തിൽ നിന്നുള്ള ഏക സിനിമ പാതി ആയിരുന്നു. ടോരൊന്റോ ഫിലിം ഫെസ്റ്റിവലിൽ അടക്കം മികച്ച സംവിധായകനായി ചന്ദ്രൻ നരിക്കോട് തിരഞ്ഞെടുക്കപ്പെട്ടു. നിരവധി ഫെസ്റ്റിവലുകളിൽ പാതി ശ്രദ്ധിക്കപ്പെട്ടു.

സ്റ്റേറ്റ് ബസ് അവാർഡുകൾക്ക് പോകരുത് എന്ന ഉദ്ദേശത്തോടെ എടുത്ത ഒരു ത്രില്ലർ സിനിമയാണെന്ന് സംവിധായകൻ പറയുന്നു.സിനിമയുടെ സെൻസറിങ് അടക്കമുള്ള പ്രക്രിയകൾ പൂർത്തിയായി. ഒടിടി പ്ലാറ്റ്ഫോമുകളുമായി ചർച്ച പുരോഗമിക്കുകയാണ്.ഈ വർഷം മാർച്ചോടെ സിനിമ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

https://youtu.be/cMGEImmKGuU

Spread the love
English Summary: Malayalam movie state bus release

4 replies on “പകയും പ്രതികാരവും ഇഴചേര്‍ന്ന കണ്ണൂര്‍ രാഷ്ട്രീയ ത്രില്ലര്‍ വീണ്ടും.. “സ്റ്റേറ്റ്‌ ബസ്സ് ” ഓടാൻ തയ്യാർ…”

പ്രമോദ് കൂവേരിയുടെ വിജയിച്ച ഒരു ചെറുകഥയാണ് സ്റ്റേറ്റ് ബസ് എന്ന പേരിൽ സിനിമയാകുന്നത്. അതിനാൽ തന്നെ ചന്ദ്രൻ നരിക്കോടിന്റെ സംവിധാന മികവിൽ സിനിമയും വൻ വിജയമാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ ദിവസം ശ്രീ ചന്ദ്രൻ നരിക്കോടിന്റെ സ്റ്റുഡിയോ സന്ദർശിച്ചപ്പോൾ ഞാൻ എടുത്ത ഫോട്ടോ ലേഖനത്തോടൊപ്പം ചേർത്തതിൽ സന്തോഷം.

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick