Categories
exclusive

‘പന്തിനൊപ്പം പറന്ന്’ കോമളവല്ലി..

കാല്‍പ്പന്തുകളിയുടെ ആരവമുയരുന്ന മൈതാനങ്ങള്‍ സ്വപ്‌നം കണ്ട്‌ ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന ഫുട്‌ബോള്‍ ഭ്രാന്തന്‍മാരുടെ ഇടയില്‍ ഒരു “ഫുട്‌ബോള്‍ ഭ്രാന്തി” എന്ന പേരിനര്‍ഹയായി ഒരാള്‍ അധികമാരുമറിയാതെ ഈ നാട്ടിലുണ്ട്‌-കെ.വി. കോമളവല്ലി.

കെ.വി. കോമളവല്ലി

യൂറോപ്പിലെയും ലാറ്റിനമേരിക്കയിലെയും കളിക്കളങ്ങളുടെ ഗാലറികള്‍ തിളച്ചുമറിയുമ്പോള്‍ ഇവിടെ കോമളവല്ലിയുടെയും മനസ്സില്‍ ആവേശത്തിന്റെ ആരവമുയരും. ടെലിവിഷനു മുന്നില്‍ കണ്ണു നട്ടിരുന്ന്‌ കണ്ടു തീര്‍ക്കുന്ന മണിക്കൂറുകളില്‍ കാലം ഒരു ഫുട്‌ബോള്‍ ഭ്രാന്തിയെ മാത്രമല്ല രൂപപ്പെടുത്തിയത്‌ ഒരു ഫുട്‌ബോള്‍ എഴുത്തുകാരിയെ കൂടിയായിരുന്നു.

thepoliticaleditor

സ്‌ത്രീകള്‍ പൊതുവെ താല്‍പര്യം കാണിക്കാത്ത കായിക എഴുത്തില്‍ പതിവു തെറ്റിക്കുകയാണ്‌ കണ്ണൂര്‍ ജില്ലയില്‍ ധര്‍മശാലയ്‌ക്കടുത്ത്‌ തളിയില്‍ സ്വദേശിനിയായ കോമളവല്ലി. സൗഹൃദക്കൂട്ടയ്‌മയുടെ പ്ലാറ്റ്‌ ഫോറങ്ങളില്‍ വെറുതെ കുത്തിക്കുറിച്ചു തുടങ്ങിയ ആവേശം ഇപ്പോള്‍ ഫുട്‌ബോള്‍ താരങ്ങളെക്കുറിച്ചുള്ള പുസ്‌തകത്തിന്റെ പിറവിയിലെത്തിയിരിക്കുന്നു.

ടെലിവിഷനില്‍ കളികള്‍ കണ്ട്‌ കമന്ററിയും ആസ്വാദനവും എഴുതിയിട്ടുകൊണ്ടായിരുന്നു തുടക്കം. ‘പന്തിനൊപ്പം പറന്നവര്‍’ എന്ന പേരില്‍ കോമളവല്ലിയുടെ ആദ്യ പുസ്‌തകം കഴിഞ്ഞ മാസമാണ്‌ പുറത്തിറങ്ങിയത്‌.

36 വര്‍ഷം കണക്കുകളുടെ ലോകത്തിലായിരുന്നു കോമളവല്ലിയുടെ ജോലി. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കിലെ തിരക്കിട്ട ദിനങ്ങളും അക്കൗണ്ടുകളിലും കറന്‍സിയുടെ കലപിലയിലും കുരുങ്ങി നീങ്ങിയ ഔദ്യോഗിക ജീവിതകാലം. പക്ഷേ വിരമിച്ചപ്പോഴാണ്‌ ഉള്ളിലെവിടെയോ പതുങ്ങിക്കിടന്നിരുന്ന ഫുട്‌ബോള്‍ ആസ്വാദനാവേശം പുറത്തേക്കു വന്നത്‌. ഫുട്‌ബോള്‍ താരങ്ങളെ പറ്റി ബുക്ക് എഴുതി പ്രസിദ്ധീകരിച്ചു എന്ന് പറഞ്ഞാല്‍ ഇവരെ അറിയുന്നവര്‍ ആദ്യം ഒന്ന് അമ്പരക്കും.

നിരന്തരമായി ഫുട്‌ബോള്‍ കളി നിരീക്ഷിച്ച് തന്റെ ജീവിതാനുഭവത്തില്‍ നിന്നുമാണ് കോമളവല്ലി ‘പന്തിനൊപ്പം പറന്നവര്‍’ എന്ന പുസ്തകം എഴുതുയിരിക്കുന്നത്.

കളിക്കാന്‍ അറിയില്ലെങ്കിലും ചെറുപ്പം മുതല്‍ക്കേ ഫുട്‌ബോള്‍ കളിയില്‍ താത്പര്യമുള്ള ആളായിരുന്നു കോമളവല്ലി. ഗ്രാമങ്ങളിലെ ചെറുമൈതാനങ്ങളില്‍ ഫുട്‌ബോള്‍ കളി നോക്കിനിന്ന ബാല്യം ഇവരുടെ ഓര്‍മയില്‍ മായാതെ നില്‍ക്കുന്നു. പിന്നീട് ജീവിതം കെട്ടിപ്പടുക്കാനുള്ള ഓട്ടത്തിനിടയില്‍ ഫുട്‌ബോളും എവിടെയോ കളഞ്ഞുപോയി. എന്നാല്‍ റിട്ടയര്‍മെന്റിന് ശേഷം എല്ലാം തിരികെ വന്നു തുടങ്ങി. കോമവല്ലിയുടെ ആദ്യ രചനയായ ‘പന്തിനൊപ്പം പറന്നവര്‍’ ഇപ്പോള്‍ മികച്ച പ്രതികരണമാണ് വായനക്കാര്‍ക്കിടയില്‍ നേടുന്നത്. ലോകപ്രശസ്തരായ പത്തു ഫുട്‌ബോള്‍ താരങ്ങളുടെ ജീവചരിത്രം പറയുന്നതാണ് പുസ്തകം.

94 ലെ വേള്‍ഡ് കപ്പ് മുതല്‍ മുടങ്ങാതെ കളി കാണുന്നുണ്ട്. ഗോള്‍ വലകള്‍ക്കൊപ്പം കോമളവല്ലിയുടെ മനസ്സും നിറഞ്ഞ് തുടങ്ങി. അങ്ങനെയാണ് ഫുട്‌ബോള്‍ കളി സ്ഥിരമായി കണാനാരംഭിച്ചത്.കണ്ണൂര്‍ ജില്ലയിലെ ഏറ്റവും തിരക്കുള്ള ബാങ്ക് ബ്രാഞ്ചില്‍ ജോലി ചെയ്യുമ്പോഴും പാതിരാത്രിയിലും കളി കാണാന്‍ കോമളവല്ലിയെ പ്രേരിപ്പിച്ചത് കാൽപ്പന്തു കളി നിറച്ച ആവേശം ഒന്ന് മാത്രം. .എന്നാല്‍ എഴുത്തിനെ പറ്റി ഈ സമയങ്ങളിലൊന്നും ആലോചിച്ചിരുന്നില്ല.

വിരമിച്ച ശേഷം 2018 ലെ ലോക കപ്പ് മല്‍സര വേളയിലാണ് കോമളവല്ലി എഴുത്ത് ആരംഭിക്കുന്നത്. കളിയുടെ കമന്ററി എഴുതിയായിരുന്നു തുടക്കം . എല്ലാ കളിയും കണ്ടതിന് ശേഷം സ്വന്തം അഭിപ്രായങ്ങളും കളിയുടെ വിലയിരുത്തലുകളുമുള്‍പ്പെടുത്തിയാണ് കമന്ററി. ഇത് കുടുംബ ഗ്രൂപ്പിലും അടുത്ത ഒന്ന് രണ്ട് സുഹൃത്തുക്കള്‍ക്കും മാത്രമാണ് പങ്കുവെച്ചിരുന്നത്. കൂടുംബാംഗങ്ങളും സുഹൃത്തുക്കളും നല്ല അഭിപ്രായം പങ്കുവെച്ചതോടെ എഴുത്ത് ശീലമാക്കി. 2021 ല്‍ രാത്രിയും പുലര്‍ച്ചെയുമായി നടന്ന യൂറോ കപ്പും കോപ്പാ അമേരിക്കയും മുടങ്ങാതെ കണ്ട് കമന്ററി എഴുതിയിട്ടു.

ഭര്‍ത്താവ് കരിവെള്ളൂര്‍ മുരളിയുടെ ഇളയ സഹോദരനാണ് പുസ്തകമെഴുതാന്‍ പ്രേരിപ്പിച്ചത്. തുടര്‍ന്ന് ലോക പ്രശസ്തരും എഴുത്തുകാരിയെ ആഴത്തില്‍ സ്പര്‍ശിച്ചതുമായ കളിക്കാരെ തിരഞ്ഞെടുത്ത് എഴുത്ത് ആരംഭിക്കുകയായിരുന്നു.

പെലെ, മറഡോണ, സിനദിന്‍ സിദാന്‍, ആന്ദ്രേ എസ്‌കോബാര്‍ ,റൊണാള്‍ഡോ, മെസ്സി, നെയ്മര്‍,കിലിയന്‍ എംബാപ്പെ, ലൂക്കാ മോഡ്രിച്ച്,സെര്‍ജിയോ റാമോസ് എന്നീ ഫുട്‌ബോള്‍ താരങ്ങളെയാണ് കോമളവല്ലി പുസ്തകത്തിനായി തിരഞ്ഞെടുത്തത്.

‘ഫുട്‌ബോളിനെ പറ്റി എന്തെങ്കിലും എഴുതുമ്പോള്‍ പെലെയെയും മറഡോണയെയും ഒഴിവാക്കിക്കൊണ്ട് എഴുതാനാവില്ല. അതുകൊണ്ടാണ് അവരുടെ കളി അധികം കണ്ടിട്ടില്ലെങ്കിലും പെലെയെയും മറഡോണയെയും തിരഞ്ഞെടുത്തത്’- കോമളവല്ലി പറയുന്നു.

കളിയുടെ ആവേശത്തില്‍ നമ്മള്‍ മറന്നുപോകുന്ന, അല്ലെങ്കില്‍ അറിയാന്‍ ശ്രമിക്കാത്ത ഒന്നാണ് കളിക്കാരുടെ ജീവിതം. കളി കാണുന്നവരും കാണാത്തവരും കളിക്കാരുടെ വ്യക്തി ജീവിതവും അവരനുഭവിക്കുന്ന ബുദ്ധിമുട്ടുകളും മനസ്സിലാക്കണമെന്ന ഉദ്ദേശത്തോടെയാണ് ഓരോ കളിക്കാരെയും തിരഞ്ഞെടുത്ത് എഴുതിയിട്ടുള്ളതെന്ന് എഴുത്തുകാരി പറയുന്നു.

റഷ്യന്‍ ലോക കപ്പില്‍ ഉറുഗ്വേ താരമായ കവാനി പരിക്കുപറ്റി വീണപ്പോള്‍ എടുത്തുകൊണ്ടുപോയ എതിര്‍ ടീമംഗമായ റൊണാള്‍ഡോയും, കോപ്പാ അമേരിക്ക പരാജയപ്പെട്ടപ്പോള്‍ പൊട്ടിക്കരഞ്ഞ നെയ്മറിനെ കെട്ടിപ്പിടിച്ചാശ്വസിപ്പിച്ച മെസ്സിയും പറഞ്ഞുവെക്കുന്ന സ്‌നേഹത്തിന്റെ സന്ദേശം പോലെ, മനസ്സുതൊടുന്ന സംഭവങ്ങളും കോമളവല്ലി തന്റെ പുസ്തകത്തില്‍ പറയുന്നുണ്ട്.

ഫുട്‌ബോള്‍ കളിക്കാരുടെ ജീവിതവും കളിയുടെ രീതിയും മാത്രമല്ല, ഒരോ കളിക്കാരും മുന്നോട്ട് വെക്കുന്ന ശക്തമായ സാമ്രാജ്യത്വ വിരുദ്ധ രാഷ്ട്രീയവും കൃത്യമായി നിരീക്ഷിച്ച് തന്റെ പുസ്തകത്തിലെഴുതിയിട്ടുണ്ട് എഴുത്തുകാരി. യൂറോ കപ്പിനിടെ കൊക്കോ കോള ബഹിഷ്‌കരിച്ച റൊണാള്‍ഡോയുടെ നിലപാടും ഫ്രെഞ്ച് താരമായ പോള്‍ ബോഗ്‌ബേ, ഹെനിക്കീന്‍ ബിയര്‍ ബഹിഷ്‌കരിച്ചതും അവരുടെ സാമ്രാജ്യത്വ വിരുദ്ധ നിലപാടാണ് വ്യക്തമാക്കുന്നതെന്ന് എഴുത്തുകാരി നിരീക്ഷിക്കുന്നു.

ലഹരിക്കടിമയായിരുന്ന മറഡോണയെ പുതിയ മനുഷ്യനാക്കി മാറ്റിയ കാസ്‌ട്രോയുടെയും തങ്ങളെ ഏറ്റവും കൂടുതല്‍ ഒറ്റപ്പെടുത്തിയ ഇറ്റലിക്ക് വൈദ്യ സഹായവുമായെത്തിയ ക്യൂബയുടെ രാഷ്ട്രീയവും കോമളവല്ലി തന്റെ പുസ്തകത്തില്‍ പറഞ്ഞുവെക്കുന്നുണ്ട് .

വംശീയാധിക്ഷേപം ഏറെ അനുഭവിച്ച സിനദിന്‍ സിദാന്‍, മാര്‍ക്കോ മെട്ട്രാസിയുടെ നെഞ്ചില്‍ തലകൊണ്ട് ആഞ്ഞടിച്ച് കളം വിട്ടതും അവര്‍ ഓര്‍ത്തെടുക്കുന്നു.

പത്രം തുറന്നാല്‍ കായിക വാര്‍ത്തകളിലേക്കാണ് ആദ്യം പോവുക. കായിക സംബന്ധമായ പുസ്തകങ്ങള്‍ അധികം വായിച്ചിട്ടൊന്നുമില്ല . എന്നാൽ ദേശാഭിമാനിയുടെ രവീന്ദ്രദാസിന്റെ കായിക ലേഖനങ്ങളാണ് കോമളവല്ലിക്ക് ഏറെ പ്രിയം.


പ്രമുഖ നാടകകൃത്തും കവിയുംകൂടിയായ ഭര്‍ത്താവ് കരിവെള്ളൂര്‍ മുരളിയുടെ സ്വാധീനം വ്യക്തിജീവിതത്തിലും എഴുത്തിലും ഉണ്ടായിട്ടുണ്ടെന്ന് കോമളവല്ലി പറയുന്നു. ഭർത്താവിന്റെ കൂടെ ഇരുന്ന് കളി കണ്ടാണ് കോമളവല്ലി കളി കാണൽ ശീലമാക്കിയത്.ഗോളുകള്‍ കൂടുതല്‍ ആവേശഭരിതമാകുന്നത് ‘കമ്പനി’യുള്ളപ്പോഴാണെന്ന് കോമളവല്ലി പറയുന്നു.

ജനാധിപത്യ മഹിളാ അസ്സോസിയേഷനാണ് പുസ്തകത്തിന്റെ പ്രകാശനം നടത്തിയത്. മുന്‍കേരളാ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനും പറശ്ശിനിക്കടവ് സ്വദേശിയുമായ പി.എം ജ്യോതികയാണ് പുസ്തകം ഏറ്റുവാങ്ങിയത്.

കെ.വി.കോമളവല്ലിയുടെ പുസ്തകം അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി പി.കെ.ശ്യാമള ടീച്ചർ, മുൻ കേരള വനിതാ ഫുട്ബോൾ ടീം ക്യാപ്റ്റൻ പി എം ജ്യോതികക്ക് നൽകി പ്രകാശനം ചെയ്യുന്നു.

യാത്രകള്‍ ഒരുപാട് ഇഷ്ടപ്പെടുന്ന കോമളവല്ലി, പോകാറുള്ള സ്ഥലങ്ങളിലെ യാത്രാനുഭവവും എഴുതിവയ്ക്കാറുണ്ട്. പുസ്തകങ്ങള്‍ ഇനിയും എഴുതി പ്രസിദ്ധീകരിക്കണമെന്നാണ് ഇവരുടെ ആഗ്രഹം.

കോമളവല്ലിയും ഭർത്താവ് കരിവെള്ളൂർ മുരളിയും

ഫുട്‌ബോളിനും എഴുത്തിനും പുറമേ നാടകത്തിലും കഴിവ് തെളിയിച്ച വ്യകതിയാണ് കോമളവല്ലി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാർഥിക്കു വേണ്ടി കോമളവല്ലിയും സുഹൃത്തുക്കളും ചേര്‍ന്ന് എഴുതി അഭിനയിച്ച നാടകം 21 സ്ഥലങ്ങളിലാണ് കളിച്ചത്. ‘സര്‍വീസിലിരിക്കുമ്പോള്‍ ഉള്ളിലൊതുക്കിയിരുന്ന രാഷ്ട്രീയം റിട്ടയര്‍മെന്റിന് ശേഷം മുഴുവനായി ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ പുറത്ത് കൊണ്ടുവരികയാണ്’- കോമളവല്ലി പറയുന്നു.

എഴുത്തിന്റെ യാതൊരു പാരമ്പര്യവും ഇലാതെ തന്നെ മികച്ച രീതിയിൽ എഴുതാനും മറ്റും കഴിവുള്ള നിരവധി സ്ത്രീകൾ ഇത്തരത്തിൽ നാട്ടുമ്പുറങ്ങളിലുണ്ട്. പലപ്പോഴും ആൺപ്രഭയിൽ മുങ്ങിപ്പോകുന്ന ഇത്തരം സ്ത്രീകൾക്ക് മുന്നോട്ട് വരാൻ പ്രചോദനമാവുകയാണ് കോമളവല്ലിയുടെ പുസ്തകം.

Spread the love
English Summary: komalavalli author of the book panthinoppam parannavar

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick