Categories
latest news

യു.പി.യില്‍ ആദ്യഘട്ട വോട്ടെടുപ്പ്‌ മറ്റന്നാള്‍…

അഞ്ച്‌ സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പങ്കത്തില്‍ ആദ്യ ഘട്ട വോട്ടെടുപ്പിന്‌ മറ്റന്നാള്‍ തുടക്കം കുറിക്കുകയാണ്‌. യു.പി.യില്‍ ഫിബ്രവരി പത്തിനാണ്‌ ആദ്യം ഘട്ടം തുടങ്ങുന്നത്‌. യു.പിയിലെ 403 സീറ്റുകളിലും ഉത്തരാഖണ്ഡിലെ 70 സീറ്റുകളിലും പഞ്ചാബില്‍ 117 സീറ്റിലും മണിപ്പൂരില്‍ 60 സീറ്റിലും ഗോവയില്‍ 40 സീറ്റിലുമാണ്‌ തിരഞ്ഞെടുപ്പ്‌ നടക്കും.
യു.പി.യില്‍ ബി.ജെ.പി.ക്ക്‌ ഭൂരിപക്ഷം കിട്ടുമെങ്കിലും സീറ്റ്‌ കുറയുമെന്നാണ്‌ പ്രവചിക്കപ്പെട്ടിരിക്കുന്നത്‌. ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്നത്‌ അഖിലേഷ്‌ യാദവിന്റെ നേതൃത്വത്തിലുള്ള എസ്‌.പി. ആണ്‌. ബി.ജെ.പി.യില്‍ നിന്നും മന്ത്രിമാര്‍ ഉള്‍പ്പെടെ പത്ത്‌ ജനപ്രതിനിധികള്‍ എസ്‌.പി.യിലേക്ക്‌ കൂറുമാറിയത്‌ ബി.ജെ.പി.ക്ക്‌ വലിയ ക്ഷീണമായി മാറിയിട്ടുണ്ട്‌. ദളിത്‌ വോട്ടുകളുടെയും മുസ്ലീം വോട്ടുകളുടെയും വലിയ ധ്രുവീകരണം സംഭവിച്ചാല്‍ അത്‌ സമാജ്‌ വാദി പാര്‍ടിക്ക്‌ വലിയ നേട്ടമായി തീരാന്‍ ഇടയുണ്ട്‌. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഗോരഖ്‌പൂരില്‍ മല്‍സരിക്കുന്നത്‌ ഭീം ആര്‍മി നേതാവ്‌ രാവണ്‍ എന്ന്‌ വിശേഷണമുള്ള ചന്ദ്രശേഖര്‍ ആസാദ്‌ ആണ്‌ എന്നതും ശ്രദ്ധേയമാണ്‌. അഞ്ചുവര്‍ഷം മുഖ്യമന്ത്രിയായെങ്കിലും യോഗി ആദിത്യനാഥ്‌ ആദ്യമായാണ്‌ നിയമസഭയിലേക്ക്‌ മല്‍സരിക്കുന്നത്‌ എന്ന കൗതുകം ഉണ്ട്‌. കഴിഞ്ഞ തവണ അദ്ദേഹം എം.എല്‍.സി.ആയിരുന്നു. യോഗിക്കെതിരെ ഈ മണ്ഡലത്തില്‍ ജാതി സമവാക്യങ്ങളൊന്നും ഏശില്ലെന്നാണ്‌ പൊതു നിഗമനം എങ്കിലും രാവണന്റെ പോരാട്ടം സംസ്ഥാന രാഷ്ട്രീയത്തില്‍ ബി.ജെ.പി.ക്കെതിരെ ദളിതരുടെ മുന്നേറ്റത്തിന്‌ കരുത്താകുമെന്ന നിരീക്ഷണം ഉണ്ട്‌.

അതേസമയം കര്‍ഹാല്‍ സീറ്റില്‍ അഖിലേഷ്‌ യാദവിനെതിരെ മല്‍സരിക്കുന്നതാവട്ടെ പിതാവ്‌ മുലായത്തിന്റെ തന്നെ ശിഷ്യനായിരുന്ന ഇപ്പോള്‍ ബി.ജെ.പി.ക്കാരനായ എസ്‌.പി.സിങ്‌ ബാഗേല്‍ ആണ്‌. മകനും ശിഷ്യനും തമ്മിലുള്ള പോരാട്ടമാണ്‌ ഇവിടെ.

thepoliticaleditor

കോണ്‍ഗ്രസും ബി.എസ്‌.പി.യും നിലനില്‍പിനുള്ള വലിയ പോരാട്ടത്തിലാണ്‌ യു.പി.യില്‍. കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ കഠിനാധ്വാനത്തിന്‌ എന്തെങ്കിലും ഫലം ഉണ്ടാവുമോ എന്നറിയുന്ന തിരഞ്ഞെടുപ്പായിരിക്കും യു.പിയില്‍ ഇത്തവണ. പ്രിയങ്ക-രാഹുല്‍ മാജിക്‌ കോണ്‍ഗ്രസിന്‌ എന്തെങ്കിലും ഗുണം ചെയ്യുമോ എന്ന്‌ ഇത്തവണ അറിയാം. രാഷ്ട്രീയ പ്രവാചകര്‍ കോണ്‍ഗ്രസിന്‌ ഒരു നേട്ടവും പ്രവചിക്കുന്നില്ല. കാരണം അടിസ്ഥാന ഘടകങ്ങളോ വ്യക്തിപ്രഭാവമുള്ള നേതാക്കളോ യു.പി. കോണ്‍ഗ്രസില്‍ ഇല്ല. ആള്‍ക്കൂട്ടങ്ങള്‍ വോട്ടാക്കി മാറില്ലെന്ന്‌ നേരത്തെ തന്നെ ലോക്‌സഭാ തിരഞ്ഞെടുപ്പു വേളയില്‍ യു.പി.യില്‍ കോണ്‍ഗ്രസിന്‌ അനുഭവമുള്ളതുമാണ്‌. ഇത്തവണ ഒരു നേട്ടവും ഉണ്ടായില്ലെങ്കില്‍ പ്രിയങ്കയും മറ്റും ഇപ്പോള്‍ പാര്‍ടിയില്‍ കാണിക്കുന്ന പ്രവര്‍ത്തന ശൈലിക്കെതിരായി കൂടുതല്‍ കലാപങ്ങള്‍ ഉയരുമെന്നുറപ്പാണ്‌.

മായാവതി നേതൃത്വം നല്‍കുന്ന ബി.എസ്‌.പി. ഒരിക്കള്‍ യു.പിയിലെ ഭരണകക്ഷിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ നിലനില്‍പിനായി പൊരുതുകയാണ്‌ മായാവതി. സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെക്കുറെ ഒറ്റപ്പെട്ടു പോയിരിക്കുന്ന മായാവതിക്ക്‌ ഇത്തവണ കാലുറപ്പിക്കാന്‍ സാധിച്ചില്ലെങ്കില്‍ പിന്നെ അവര്‍ പ്രസക്തമല്ലാതായിത്തീരുന്ന സാഹചര്യം ഉണ്ടാകുമെന്ന്‌ വിലയിരുത്തപ്പെടുന്നു.

Spread the love
English Summary: first phase of u p election on feb 10

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick