Categories
kerala

കനല്‍ കെടാത്ത ചിതയ്‌ക്കു മുന്നില്‍ ഓര്‍മയുടെ ജ്വാലകള്‍… ഡിവൈഎഫ്‌ഐ ഉന്നത നേതാക്കള്‍ ധീരജിന്റെ വീട്ടിലെത്തി

കനല്‍ കെടാത്ത ചിതയ്‌ക്കു മുന്നില്‍ സഖാവിനോടുള്ള മായാത്ത ഓര്‍മയുടെ ജ്വാലകള്‍ വീണ്ടും മനസ്സില്‍ നിറച്ച്‌ ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ നേതാക്കള്‍ രക്തസാക്ഷി ധീരജിന്റെ വീട്ടിലെത്തി, മാതാപിതാക്കളെ ആശ്വസിപ്പിക്കാന്‍.

ഇന്ന്‌ ഉച്ചയോടെയാണ്‌ നേതാക്കള്‍ ധീരജിന്റെ വീട്ടിലെത്തിയത്‌. പുതുക്കം മാറാത്ത വീട്ടിലേക്കുള്ള വഴിയില്‍ പുരയിടത്തിനു തൊട്ടിപ്പുറത്തെ പറമ്പില്‍ നൂറുകണക്കിന്‌ പുഷ്‌പചക്രങ്ങളാല്‍ വലയം ചെയ്‌ത്‌ ധീരജിന്റെ ചിത അപ്പോഴും കനല്‍കെടാതെ കിടന്നിരുന്നു. പുലര്‍ച്ചെ മൂന്നു മണിയോടെയാണ്‌ ശവസംസ്‌കാരകര്‍മ്മങ്ങള്‍ നടന്നത്‌. ഇന്നലെ രാവിലെ ഇടുക്കിയില്‍ നിന്നും വിലാപയാത്രയായെത്തിയ ദേഹം അര്‍ധരാത്രിക്കു ശേഷമാണ്‌ വീട്ടിലെത്തിയത്‌.

thepoliticaleditor

ധീരജിന്റെ പിതാവ്‌ രാജേന്ദ്രന്‍ മകന്റെ വിയോഗത്തില്‍ വികാരമടക്കാനാവാതെ തേങ്ങിത്തേങ്ങിക്കരഞ്ഞപ്പോള്‍ ഡി.വൈ.എഫ്‌.ഐ. അഖിലേന്ത്യാ പ്രസിഡണ്ട്‌ എ.എ.റഹീം അദ്ദേഹത്തെ ചേര്‍ത്തുപിടിച്ച്‌ ആശ്വാസവാക്കുകളാല്‍ സാന്ത്വനിപ്പിക്കാന്‍ ശ്രമിച്ചു. തന്റെ മകന്‍ മരിച്ചുകിടക്കുമ്പോള്‍ താന്‍ അറിഞ്ഞില്ലല്ലോ എന്ന്‌ ആ പിതാവ്‌ ആര്‍ത്തു കരഞ്ഞത്‌ കണ്ടുനിന്നവരിലും കണ്ണീര്‍ പടര്‍ത്തി. നേതാക്കള്‍ വാക്കുകള്‍ കിട്ടാതെ നിശ്ശബ്ദരായി. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജും പ്രസിഡണ്ട്‌ എസ്‌.സതീഷും എം.വിജിന്‍ എം.എല്‍.എയും ജില്ലാ സെക്രട്ടറി ഷിബിന്‍ കാനായിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ തൃച്ചംബരത്തിനടുത്തെ പാലക്കുളങ്ങരയിലുള്ള ധീരജിന്റെറ വീട്ടിലെ വികാരഭരിതമായ രംഗങ്ങള്‍ക്ക്‌ സാക്ഷിയായി, മാതാപിതാക്കളെയും ബന്ധുക്കളെയും ആശ്വസിപ്പിച്ചു.

കരഞ്ഞുകലങ്ങിയ കണ്ണുകളും തളര്‍ന്ന ചലനങ്ങളുമായി ധീരജിന്റെ അമ്മ പുഷ്‌കല നേതാക്കള്‍ക്കു മുന്നില്‍ കണ്ണീര്‍ വാര്‍ത്തു. അനുജന്‍ അദൈ്വത്‌ ചേട്ടന്റെ വേര്‍പാടില്‍ കലങ്ങിയ മനസ്സുമായി അടുത്തിരുന്നു. നേതാക്കള്‍ ഇവരെ സമാധാനിപ്പിക്കാന്‍ ഏറെ നേരമെടുത്തു. പിതാവ്‌ രാജേന്ദ്രനെ ആശ്വസിപ്പിക്കാനാവാതെ റഹിം ഉള്‍പ്പെടെയുള്ളവര്‍ കുഴങ്ങി. ഇനിയുള്ള ദൂരം ഞങ്ങളെല്ലാം ഓരോ നിമിഷവും ഒപ്പമുണ്ട്‌ എന്ന്‌ പലതവണ ചേര്‍ത്തുപിടിച്ചും മാറോട്‌ ചേര്‍ത്ത്‌ ആലിംഗനം ചെയ്‌തും നേതാക്കള്‍ ആ പിതാവിനെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.

രാവിലെ സി.പി.ഐ. ദേശീയ-സംസ്ഥാന നേതാക്കളായ പന്ന്യന്‍ രവീന്ദ്രനും സത്യന്‍ മൊകേരിയും ജില്ലാ സെക്രട്ടറി സന്തോഷ്‌കുമാറും ധീരജിന്റെ വീട്‌ സന്ദര്‍ശിച്ച്‌ മാതാപിതാക്കളെ ആശ്വസിപ്പിച്ചു.

Spread the love
English Summary: top dyfi leaders visited house of dheeraj

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick