Categories
kerala

ആഭ്യന്തര വകുപ്പിന് മാത്രമായി മന്ത്രി ഇല്ലാത്തതിന്റെയും പോലീസിൽ ഇടതു പക്ഷത്തിനു അള്ളു വെക്കുന്ന ശക്തികൾ പിടി മുറുക്കുന്നത് പ്രബലമാകുന്നതിന്റെയും പ്രശ്നങ്ങൾ

ആഭ്യന്തര വകുപ്പ്‌ മുഖ്യമന്ത്രിക്ക്‌ വേണ്ടത്ര ശ്രദ്ധയോടെ കയ്യാളാന്‍ കഴിയുന്നില്ല എന്ന വിമര്‍ശനം സി.പി.എം. ഇടുക്കി ജില്ലാസമ്മേളനത്തില്‍ പ്രതിനിധികള്‍ ചര്‍ച്ചയില്‍ ഉയര്‍ത്തിയപ്പോള്‍ അത്‌ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‌ പൂര്‍ണമായും നിഷേധിക്കാന്‍ കഴിഞ്ഞില്ലെന്ന്‌ സൂചന. ആഭ്യന്തര വകുപ്പിന്‌ പിശക്‌ പറ്റുന്നുണ്ടെന്ന്‌ കോടിയേരിക്ക്‌ സമ്മതിക്കേണ്ടിവന്നു എന്നാണ്‌ മാധ്യമവാര്‍ത്തകള്‍. പൊലീസിന്റെ നിരന്തര വീഴ്‌ചകള്‍ എണ്ണിപ്പറഞ്ഞ്‌ ആഭ്യന്തര വകുപ്പിനെ വിമര്‍ശിക്കാന്‍ പ്രതിനിധികള്‍ തയ്യാറായി.

മുഖ്യമന്ത്രിയുടെ വകുപ്പിനെതിരെ ഇത്രയും പരസ്യമായി വേദിയില്‍ വിമര്‍ശിക്കാന്‍ തയ്യാറായത്‌ ഇടുക്കിയില്‍ മാത്രമാണെന്ന്‌ ഇതിനകം നടന്നു കഴിഞ്ഞ ജില്ലാസമ്മേളനചര്‍ച്ചകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ വ്യക്തമാക്കുന്നു. പോലീസിന്റെ ചെയ്തികള്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ ശോഭയില്ലാതാക്കുന്നു. അവര്‍ക്ക് നാട് നന്നാക്കാന്‍ ആഗ്രഹമില്ല. അതിനാല്‍ ആഭ്യന്തര വകുപ്പിന് മാത്രമായി മന്ത്രിയെ കൊണ്ടുവന്ന് ഇത് പരിഹരിക്കണം . ആഭ്യന്തര വകുപ്പിന് മാത്രമായി മന്ത്രിയുണ്ടെങ്കില്‍ പോലീസിന്റെ ചില ചെയ്തികള്‍ നിയന്ത്രിക്കാന്‍ സാധിക്കും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ അവരുടെ താത്പ്പര്യങ്ങള്‍ സംരക്ഷിക്കുകയാണ്. നാട് നന്നാക്കാന്‍ അവര്‍ക്ക് ആഗ്രഹമില്ല. പോലീസില്‍ അഴിച്ചുപണിയും വേണം. ഇന്റലിജന്‍സ് സംവിധാനം പരാജയമാണ്. പോലീസിലെ ഒരുവിഭാഗം സര്‍ക്കാരിനെതിരേ പ്രവര്‍ത്തിക്കുന്നു. ഇക്കൂട്ടരെ കണ്ടെത്തണം .

thepoliticaleditor

പോലീസ് അസോസിയേഷന്‍ ഇക്കാര്യങ്ങളില്‍ വേണ്ടത്ര ഇടപെടല്‍ നടത്തുന്നില്ല. ഒറ്റുകാരെയും സര്‍ക്കാരിനെ അപമാനിക്കാന്‍ ശ്രമിക്കുന്നവരെയും കണ്ടെത്താനും നിയന്ത്രിക്കാനും അസോസിയേഷന് കഴിയുന്നില്ല. പോലീസ് സംഘടനാസംവിധാനം കാര്യക്ഷമമാക്കാന്‍ പാര്‍ട്ടി ഇടപെടണമെന്നും ചില പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

ഇതോടെ ,സംസ്ഥാന പോലീസിന്റെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സമ്മതിച്ചു. വികാരത്തെ മാനിക്കുന്നതായും വകുപ്പിലെ വിഷയം മുഖ്യമന്ത്രിയുമായി അടിയന്തരമായി ചര്‍ച്ചചെയ്ത് പരിഹാരം കണ്ടെത്തുമെന്നും സംസ്ഥാന സെക്രട്ടറി പ്രവര്‍ത്തകര്‍ക്ക് ഉറപ്പുനല്‍കി. ഒറ്റപ്പെട്ട സംഭവങ്ങളില്‍ സംസ്ഥാന പോലീസിനെ മൊത്തം വിമര്‍ശിക്കേണ്ടതില്ലെന്നായിരുന്നു ഇതിനു മുമ്പ് കോടിയേരി മുൻപ് പ്രതികരിച്ചിരുന്നത്.


സിപിഐയുടെ വകുപ്പുകള്‍ സര്‍ക്കാരിന് ബാധ്യതയാകുന്നുണ്ടെന്നും ഇതോടൊപ്പം കോടിയേരി വിമര്‍ശിച്ചു. റവന്യൂ- കൃഷി വകുപ്പുകള്‍ ലൈഫ് പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്നായിരുന്നു കോടിയേരിയുടെ വിമർശനം .

Spread the love
English Summary: disscussions in cpm idukki district conferance

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick