Categories
latest news

രാജ്യത്ത്‌ കൊവിഡ്‌ വീണ്ടും തീവ്രമാകുന്നു… ഏറ്റവും പുതിയ വിവരങ്ങള്‍ വിശദമായി….

ബെംഗലുരു, മുംബൈ, ഡെല്‍ഹി, കൊല്‍ക്കത്ത തല്‍സ്ഥിതി…ഓഫീസുകള്‍ വീണ്ടും 50 ശതമാനം ഹാജരിലേക്ക്‌…സുപ്രീംകോടതി വെര്‍ച്വല്‍ ഹിയറിങ്‌ പുനരാരംഭിക്കുന്നു…

Spread the love

രാജ്യത്ത്‌ കൊവിഡ്‌ വീണ്ടും തീവ്രമാകുന്നതിന്റെ സൂചനകള്‍ നല്‍കി രോഗബാധിതരുടെ എണ്ണത്തിലും ഒമിക്രോണ്‍ രോഗികളുടെ എണ്ണത്തിലും വലിയ വര്‍ധന. പല സംസ്ഥാനത്തും സര്‍ക്കാര്‍ ഓഫീസുകളും വിദ്യാലയങ്ങളും ഉള്‍പ്പെടെ വീണ്ടും അടയ്‌ക്കാന്‍ തീരുമാനം. സുപ്രീംകോടതി നാളെ മുതല്‍ വീണ്ടും വെര്‍ച്വല്‍ ഹിയറിങ്ങിലേക്ക്‌ മാറുന്നു.

മഹാരാഷ്ട്രയില്‍ ഇന്ന്‌ ഒമിക്രോണ്‍ 50 കേസുകള്‍, കേരളത്തില്‍ 45

കൊവിഡ്‌ വ്യാപനം തീവ്രമായ മഹാരാഷ്ട്രയില്‍ ഇന്ന്‌ ഒമിക്രോണ്‍ വകഭേദത്തിന്റെ 50 കേസുകള്‍ കണ്ടെത്തിയെങ്കില്‍ കേരളത്തില്‍ 45 ഒമിക്രോണ്‍ കേസുകള്‍ കണ്ടെത്തിയത്‌ ആശങ്ക ഉയര്‍ത്തുന്നു. രാജ്യത്ത്‌ ഒമിക്രോണ്‍ രോഗികളുടെ എണ്ണം 1698 ആയി ഉയര്‍ന്നു. മഹാരാഷ്ട്രയില്‍ 500 പേരും കേരളത്തില്‍ 152 പേരും ഒമിക്രോണ്‍ രോഗികളായുണ്ട്‌. മഹാരാഷ്ട്രയില്‍ കൊവിഡ്‌ കേസുകള്‍ 11,877 ആയി. ഇതില്‍ 8,036 കേസുകളും മുംബൈയില്‍ നിന്നാണ്‌. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡൽഹിയിൽ 3,194 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ശനിയാഴ്ച 2,716 കേസുകളാണ് ഇവിടെ രജിസ്റ്റർ ചെയ്തത്. നിലവിൽ തലസ്ഥാനത്ത് 8,397 സജീവ വൈറസ് കേസുകളുണ്ട്. തലസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക് 4.59 ശതമാനമായി ഉയർന്നു എന്നതാണ് ഏറ്റവും ആശങ്കാജനകമായ കാര്യം.

thepoliticaleditor
ബെംഗളൂരുവിൽ ആറുമാസത്തിനിടെയുള്ള ഏറ്റവും വലിയ രോഗവ്യാപനം

ശനിയാഴ്ച കർണാടകയിൽ 1,033 കൊവിഡ് കേസുകൾ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ ഏറ്റവും ഉയർന്ന നിരക്കാണിത്. സെപ്തംബർ 16നാണ് സംസ്ഥാനത്ത് അവസാനമായി ഇത്തരമൊരു സാഹചര്യം ഉണ്ടായിരുന്നത്. ബെംഗളൂരുവിൽ 810 പുതിയ കേസുകളാണ് ഉണ്ടായിട്ടുള്ളത്. ഇത് സംസ്ഥാനത്തെ മൊത്തം പുതിയ കേസുകളുടെ 78 ശതമാനം ആണ്. 6 മാസത്തിന് ശേഷമാണ് ബാംഗ്ലൂരിൽ ഇത്രയും രോഗബാധ ഉണ്ടാവുന്നത്.

വീണ്ടും വെർച്വൽ ഹിയറിംഗ് നടത്താൻ സുപ്രീം കോടതി

കൊവിഡ്‌ വർധിച്ചുവരുന്ന സാഹചര്യത്തിൽ വീണ്ടും വെർച്വൽ ഹിയറിംഗ് നടത്താൻ സുപ്രീം കോടതി തീരുമാനിച്ചു. ജനുവരി 3 തിങ്കളാഴ്ച മുതൽ, അടുത്ത രണ്ടാഴ്ചത്തേക്ക് സുപ്രീം കോടതിയിൽ വെർച്വൽ ഹിയറിംഗ് സംവിധാനം നടപ്പിലാക്കും.

നാളെ മുതൽ മിക്ക സ്ഥാപനങ്ങളും അടച്ചിടാൻ ബംഗാൾ സർക്കാർ

കോവിഡ് കൂടുന്നതിനാൽ നാളെ ( ജനുവരി 3) മുതൽ മിക്ക സ്ഥാപനങ്ങളും അടച്ചിടാൻ ബംഗാൾ സർക്കാർ തീരുമാനിച്ചു. സ്‌കൂളുകൾ, കോളേജുകൾ, സർവ്വകലാശാലകൾ, സ്പാകൾ, സലൂണുകൾ, ബ്യൂട്ടി പാർലറുകൾ, മൃഗശാലകൾ, വിനോദ പാർക്കുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
തിങ്കളാഴ്ച മുതൽ സംസ്ഥാനത്തെ എല്ലാ സർക്കാർ, സ്വകാര്യ ഓഫീസുകളും 50ശതമാനം ശേഷിയോടെ പ്രവർത്തിക്കുമെന്ന് ബംഗാൾ ചീഫ് സെക്രട്ടറി എച്ച്‌കെ ദ്വിവേദി പറഞ്ഞു.

തെലങ്കാന സർക്കാർ എല്ലാ റാലികളും പൊതുയോഗങ്ങളും സമ്മേളനങ്ങളും നിരോധിച്ചു

തെലങ്കാന സർക്കാർ എല്ലാത്തരം റാലികളും പൊതുയോഗങ്ങളും ബഹുജന സമ്മേളനങ്ങളും നിരോധിച്ചു. പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കാത്തതിന് 1000 രൂപ പിഴ കർശനമായി നടപ്പാക്കാനും നിർദേശം നൽകിയിട്ടുണ്ട്.

അടച്ചുപൂട്ടാൻ ഹരിയാന സർക്കാർ ഉത്തരവിട്ടു

ഗുരുഗ്രാമിലെയും ഫരീദാബാദിലെയും മറ്റ് മൂന്ന് ജില്ലകളിലെയും സിനിമാ ഹാളുകൾ, കായിക സമുച്ചയങ്ങൾ, നീന്തൽക്കുളങ്ങൾ, അമ്യൂസ്‌മെന്റ് പാർക്കുകൾ എന്നിവ അടച്ചുപൂട്ടാൻ ഹരിയാന സർക്കാർ ഉത്തരവിട്ടു. സർക്കാർ, സ്വകാര്യ ഓഫീസുകൾ 50 ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കും. ജനുവരി 12 വരെ ഈ നിയന്ത്രണം തുടരും.

Spread the love
English Summary: covid situation in india detail report

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick