Categories
latest news

ബൈജൂസ്‌ ആപിന്‌ എതിരെ ഗുരുതര ആരോപണങ്ങള്‍…

പ്രശസ്‌ത ഓണ്‍ലൈന്‍ വിദ്യാഭ്യാസ ആപ്ലിക്കേഷനായ ബൈജൂസ്‌ ആപ്‌ സംരഭത്തിന്റെ പ്രവര്‍ത്തനത്തില്‍ വലിയ അപാകതകള്‍ ഉയര്‍ന്നുവന്നിരിക്കയാണ്‌. കുട്ടികളെ കാന്‍വാസ്‌ ചെയ്യുമ്പോള്‍ നല്‍കുന്ന വാഗ്‌ദാനങ്ങളൊന്നും പിന്നീട്‌ കമ്പനി പാലിക്കുന്നില്ലെന്നും വന്‍തുക വാങ്ങി ആപിന്റെ നെറ്റ്‌ വര്‍ക്കില്‍ ചേര്‍ത്ത ശേഷം ശരിയായ മാര്‍ഗനിര്‍ദ്ദേശം നല്‍കാതെ കുട്ടികള്‍ക്ക്‌ ആപ്‌ നിഷ്‌പ്രയോജനമായിത്തീരുന്നുവെന്നും പരാതിപ്പെട്ട്‌ ധാരാളം രക്ഷിതാക്കള്‍ രംഗത്തുവന്നിരിക്കയാണെന്ന്‌ ബി.ബി.സി. പ്രത്യേക വാര്‍ത്തയിലൂടെ റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കയാണ്‌. ബിബിസിയുടെ പ്രതിനിധികള്‍ നേരിട്ട്‌ നടത്തിയ അന്വേഷണത്തിലും ബൈജൂസ്‌ ആപിലെ മുന്‍ ജീവനക്കാരുമായി നടത്തിയ അഭിമുഖത്തിലും തെളിയുന്നത്‌ വലിയ അനാസ്ഥയും അപാകതയുമാണ്‌. എന്നാല്‍ ബൈജൂസ്‌ ആപ്‌ അധികൃതര്‍ ഇതെല്ലാം നിഷേധിക്കുകയും പരാതികള്‍ പരിഹരിക്കാറുണ്ടെന്ന്‌ അവകാശപ്പെടുകയും ചെയ്‌തു.
വാര്‍ത്തയിലെ സംക്ഷിപ്‌ത വിവരങ്ങള്‍:

കുട്ടികളുമായി മുഖാമുഖം നടത്താന്‍ ബൈജൂസ്‌ ആപിന്റെ പ്രതിനിധി നേരിട്ടോ ഫോണിലോ വരുന്നതോടെയാണ്‌ ബിസിനസ്‌ ആരംഭിക്കുന്നത്‌. അര ലക്ഷം രൂപ വരെ നല്‍കി വാങ്ങുന്ന പഠന പ്രോഗ്രാം പക്ഷേ പിന്നീട്‌ കൃത്യമായി ഫോളോ അപ്‌ ചെയ്യാന്‍ കമ്പനി തയ്യാറാവാറില്ല. വാഗ്‌ദാനം ചെയ്‌ത മുഖാമുഖ പരിശീലനം, മെന്റര്‍ എന്ന പേരില്‍ നിയോഗിക്കുന്നതായി വാഗ്‌ദാനം ചെയ്യുന്ന വ്യക്തിയുടെ സേവനം തുടങ്ങിയവ നല്‍കാതെ വഞ്ചിച്ച കേസുകള്‍ ഉണ്ടെന്ന്‌ വാര്‍ത്ത ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, കുട്ടിയുമായുളള അഭിമുഖത്തില്‍ കടുത്ത ചോദ്യങ്ങള്‍ ചോദിച്ച്‌ കുട്ടിക്ക്‌ സമ്മര്‍ദ്ദം ഉണ്ടാക്കുകയും നന്നായി പഠിക്കാന്‍ ബൈജൂസ്‌ ആപ്‌ വാങ്ങണമെന്ന പ്രേരണയിലേക്ക്‌ രക്ഷിതാവിനെയും കുട്ടിയെയും എത്തിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു എന്നും പരാതിപ്പെട്ട ദിഗംബര്‍ സിങ്‌ എന്ന രക്ഷിതാവിന്റെ അനുഭവവും ബിബിസി രേഖപ്പെടുത്തിയിരിക്കുന്നു. കുട്ടിക്ക്‌ ഉത്തരം നല്‍കാനാവാത്ത ചോദ്യങ്ങള്‍ ചോദിച്ച്‌ കുഴപ്പിക്കുകയും തങ്ങളുടെ പഠനപ്രോഗ്രാം വാങ്ങേണ്ടതിന്റെ അനിവാര്യത ധ്വനിപ്പിക്കുകയും ചെയ്യുന്നതായി ദിഗംബര്‍ സിങ്‌ ആരോപിക്കുന്നു. പലതവണ കുട്ടിയുടെ പഠനപുരോഗതി സംബന്ധിച്ച്‌ ആദ്യ മാസങ്ങളില്‍ വിളിച്ച്‌ അന്വേഷണങ്ങള്‍ ഉണ്ടായെങ്കിലും അത്‌ പിന്നെയുണ്ടായില്ലെന്നും സിങ്‌ ആരോപിക്കുന്നു. അങ്ങോട്ട്‌ വിളിച്ചാല്‍ മറുപടിയും നല്‍കാറില്ല. അതേസമയം ഈ ആരോപണം ബൈജൂസ്‌ നിഷേധിക്കുന്നുണ്ട്‌. ദിഗംബര്‍ സിങിന്‌ മറുപടി നല്‍കിയിട്ടുണ്ടെന്നാണ്‌ കമ്പനി വിശദീകരിക്കുന്നത്‌. റീഫണ്ട്‌ സമയം കഴിഞ്ഞാണ്‌ സിങ്‌ അത്‌ ആവശ്യപ്പെട്ടതെന്ന്‌ വിശദീകരിച്ച കമ്പനി പക്ഷേ ഈ വിഷയം ബിബിസി പ്രതിനിധി ഉന്നയിച്ച ശേഷം പെട്ടെന്നു തന്നെ റീഫണ്ട്‌ നല്‍കി പ്രശ്‌നം ഒതുക്കിയെന്നും വാര്‍ത്തയില്‍ പറയുന്നുണ്ട്‌.

ബൈജൂസ്‌ ആപിന്റെ മുന്‍ ജീവനക്കാരുമായി ബിബിസി പ്രതിനിധി നടത്തിയ സംഭാഷണങ്ങളിലും തെളിയുന്നത്‌ ബൈജൂസിന്റെ ഉപഭോക്തൃ സേവനത്തിലെ വലിയ പാളിച്ചകളാണ്‌. പഠന മൊഡ്യൂള്‍ വാങ്ങിപ്പിക്കുന്ന ഘട്ടത്തില്‍ വലിയ ഉല്‍സാഹം കാണിക്കും, പക്ഷേ പിന്നീട്‌ തുടര്‍സേവനം നല്‍കുന്നതില്‍ വലിയ ഉല്‍സാഹം കാണിക്കാറില്ലെന്നാണ്‌ പല മുന്‍ജീവനക്കാരും പറയുന്നത്‌. കച്ചവടം നടന്നുകഴിഞ്ഞാല്‍ പിന്നെ ഏജന്റുമാരുടെ ഭാവം മാറും എന്നാണ്‌ പലരും പറഞ്ഞതെന്ന്‌ വാര്‍ത്തയില്‍ പറയുന്നു. മാത്രമല്ല, പഠനസാമഗ്രി വില്‍പനയ്‌ക്ക്‌ വലിയ ടാര്‍ജറ്റ്‌ നല്‍കി വന്‍ സമ്മര്‍ദ്ദത്തിലൂടെ വില്‍പന കൂട്ടാന്‍ കമ്പനി നിര്‍ബന്ധിക്കാറുണ്ടെന്നും അവര്‍ പറയുന്നു. ഇതോടെ സേവന മികവിന്‌ കുറഞ്ഞ പരിഗണന മാത്രമാണ്‌ നല്‍കാനാവുന്നത്‌. ഇതേക്കുറിച്ചുള്ള നൂറുകണക്കിന്‌ പരാതികളാണ്‌ തങ്ങള്‍ക്ക്‌ കിട്ടിയിരുന്നതെന്നും മുന്‍ ജീവനക്കാര്‍ പറയുന്നു. യാഥാര്‍ഥ്യബോധമില്ലാതെ ടാര്‍ജറ്റ്‌ നിശ്ചയിക്കുകയും അത്‌ തികയ്‌ക്കാനായി വന്‍ സമ്മര്‍ദ്ദം ജീവനക്കാരില്‍ ചെലുത്തുകയും ചെയ്യുന്ന മാനേജര്‍മാരുണ്ടെന്ന്‌ ജീവനക്കാര്‍ പറയുന്നു. എന്നാല്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ബോധ്യപ്പെട്ടാല്‍ മാത്രം പഠനപദ്ധതി വാങ്ങുക എന്ന സമീപനമേ തങ്ങള്‍ സ്വീകരിക്കാറുള്ളൂ എന്നാണ്‌ ബൈജൂസ്‌ അധികൃതര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ കമ്പനി ഉണ്ടാക്കി എന്നു പറയുന്ന ബിസിനസ്‌ വളര്‍ച്ച ഇത്തരത്തില്‍ സമ്മര്‍ദ്ദം ചെലുത്തി ഉണ്ടാക്കിയെടുത്തതാണെന്ന വിമര്‍ശനം ബൈജൂസിനെതിരെ പല വിദ്യാഭ്യാസവിദഗ്‌ധരും ഉന്നയിക്കുന്നുണ്ട്‌.

മലയാളിയായ ബൈജു രവീന്ദ്രന്‍ 2011-ല്‍ ആരംഭിച്ച ബൈജൂസ്‌ ലേണിങ്‌ ആപിന്‌ ബിസിനസ്‌ പിന്തുണയുമായി ലോകത്തിലെ ഭീമന്‍ സംരംഭകര്‍ എത്തിയത്‌ വലിയ സംഭവമായിരുന്നു. ഫേസ്‌ ബുക്ക്‌, ടൈഗര്‍ ഗ്ലാബല്‍, ജനറല്‍ അറ്റ്‌ലാന്റിക്‌ തുടങ്ങിയ വന്‍ കമ്പനികള്‍ ബൈജൂസില്‍ മുതല്‍ മുടക്കാന്‍ തയ്യാറായി. ഇതോടെ കമ്പനി ലോകത്തിലെ എണ്ണപ്പെട്‌ ലേണിങ്‌ ആപ്‌ ആയി ഉയര്‍ന്നു. മഹാമാരിക്കാലത്ത ഓണ്‍ലൈന്‍ പഠനത്തിന്റെ പ്രസക്തി വര്‍ധിച്ചപ്പോള്‍ ബൈജൂസിന്‌ വലിയ വളര്‍ച്ചയാണ്‌ ഉണ്ടായത്‌. ഇന്ത്യയില്‍ ഷാരൂഖ്‌ ഖാനെപ്പോലുള്ളവര്‍ ആപിന്റെ പ്രചാരകരായി പരസ്യങ്ങളില്‍ നിറഞ്ഞു. ആറ്‌ മില്യണ്‍ കുട്ടികള്‍ ഈ ആപ്‌ ഉപയോഗിക്കുന്നതായും അതില്‍ 85 ശതമാനം പേര്‍ പുനരുപയോഗത്തിലുള്ളതായും കമ്പനി അവകാശപ്പെടുന്നുണ്ട്‌. എന്നാല്‍ അടുത്ത കാലത്തുണ്ടായ ബിസിനസ്‌ കയറ്റം വില്‍പനതന്ത്രങ്ങളിലൂടെ മാത്രം നേടിയതാണെന്നും മഹാമാരിക്കാലത്ത്‌ കുട്ടികളുടെ പഠനം സംബന്ധിച്ച്‌ രക്ഷിതാക്കളുടെ മനസ്സിലെ ഉല്‍കണ്‌ഠയും അരക്ഷിതാവസ്ഥയും മുതലെടുത്ത്‌ ബിസിനസ്‌ വര്‍ധിപ്പിച്ചതാണെന്നും വിദ്യാഭ്യാസവിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നുവെന്ന്‌ ബിബിസി വാര്‍ത്തയില്‍ വെളിപ്പെടുത്തുന്നു.
മൊത്തത്തില്‍ വില്‍പനാനന്തര സേവനത്തിന്റെ കാര്യത്തില്‍ ബൈജൂസ്‌ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും നല്‍കുന്ന വാഗ്‌ദാനങ്ങള്‍ കൃത്യമായും ആത്മാര്‍ഥമായും പാലിക്കുന്നില്ലെന്ന വിമര്‍ശനവും പരാതികളും വ്യാപകമാണെന്നാണ്‌ ബിബിസി വാര്‍ത്തയിലെ വിശദാംശങ്ങളിലൂടെ തെളിയുന്നത്‌, കമ്പനി ഇത്‌ നിഷേധിക്കുന്നുണ്ടെങ്കിലും.

Spread the love
English Summary: after sale complaints increasing against byjus learning app bbc special story reports

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick