Categories
opinion

നവംബർ 9-ന്റെ നഷ്ടം

രണ്ടു വര്‍ഷം മുമ്പ് വാഹനാപടം കവര്‍ന്നെടുത്ത ജോസ് തോമസ് എന്ന സിനിമാ പ്രവര്‍ത്തകനെക്കുറിച്ച്, സഹൃദയനെക്കുറിച്ച്, പച്ചമനുഷ്യനെക്കുറിച്ച്…സംവിധായകന്‍ വി.ആര്‍. ഗോപിനാഥ് എഴുതുന്ന ഹൃദയസ്പര്‍ശിയായ കുറിപ്പ്‌

Spread the love

ദേശീയ അവാർഡ് നേടിയ “ഉണ്ണിക്കുട്ടന് ജോലി കിട്ടി?” എന്ന സിനിമയിൽ നായകവേഷം ചെയ്ത ജോസ് തോമസിൻ്റെ രണ്ടാം ചരമവാർഷിക ദിനമാണ് നവംബർ 9

ഇത് ഒരു അനുസ്മരണം മാത്രമല്ല പ്രതിഷേധക്കുറിപ്പ് കൂടിയാണ് ! ദേശീയ തലത്തിൽ സാമൂഹികപ്രസക്തിയുള്ള മികച്ച ചിത്രത്തിനുള്ള അവാർഡ് നേടിയ മലയാളത്തിലെ ഒരു ചലച്ചിത്രത്തിലെ നായകനടൻറെ അകാലത്തിലുള്ള വേർപാടിനോട് മുഖം തിരിഞ്ഞു നിന്ന മാധ്യമങ്ങളോടും ചലച്ചിത്ര ലോകത്തോടും. ”മാധ്യമപ്രവർത്തകനായ ജോസ് തോമസ് കാറപകടത്തിൽ പെട്ട് മരിച്ചു .58 വയസായിരുന്നു. ഏഷ്യാനെറ്റ് ന്യൂസിൽ കാൽ നൂറ്റാണ്ടു കാലം പ്രവർത്തിച്ചിരുന്നു ! സീനിയർ പ്രൊഡ്യൂസറായി രണ്ടുവർഷം മുമ്പ് റിട്ടയർ ചെയ്തു”’… മേൽപ്പറഞ്ഞ വാർത്ത ചില ദിനപ്പത്രങ്ങളിൽ വന്നിരുന്നു. മൃതദേഹം ജന്മനാടായ കുടമാളൂരിലേക്ക് കൊണ്ടുപോകുംവഴി തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ ഒരു മണിക്കൂർ നേരം വെച്ചിരുന്നു ! 2019 നവംബർ ഒമ്പതാം തീയതി ശനിയാഴ്ച രാവിലെ 10 മണിക്ക് സൗണ്ട് റിക്കോഡിസ്റ്റ് കൃഷ്ണൻ ഉണ്ണിയാണ് ഈ ദുരന്ത വാർത്ത എന്നെ അറിയിച്ചത് ! മെഡിക്കൽ കോളേജിലെ മോർച്ചറിയിൽ വെച്ചിരുന്ന ബോഡി കാത്തുകൊണ്ട് പുറത്ത് നിന്നിരുന്ന ഇരുപതോളം സുഹൃത്തുക്കളിലൊരാൾ ആയി ഞാനും രണ്ടുമണിക്കൂർ നേരം… മൂന്നു മണി കഴിഞ്ഞു മൃതദേഹം അവിടെനിന്നും പോസ്റ്റുമോർട്ടം കഴിഞ്ഞ് വിട്ടു കിട്ടിയപ്പോൾ…!

thepoliticaleditor
ജോസ് തോമസ്

ഏതാണ്ട് മൂന്നു ദശകക്കാലം ജോസ് താമസിച്ചിരുന്ന പട്ടം വൃന്ദാവൻ കോളനിയിലെ ഫ്ലാറ്റിനു മുന്നിൽ ഉയർത്തപ്പെട്ട ചെറു ഷാമിയാനയിൽ അലങ്കരിച്ച ചില്ലു ശവപ്പെട്ടിക്കുള്ളിൽ കണ്ണുമൂടി രണ്ടുമണിക്കൂറോളം ..!പതിവുപോലെ ശാന്തനായിരുന്നു ! ജീവിച്ചിരിക്കുമ്പോൾ എപ്പോഴും പുഞ്ചിരിയോടു കൂടി മാത്രമേ ജോസിനെ ഞാൻ കണ്ടിട്ടുള്ളൂ !എന്നാൽ ദേഹി വെടിഞ്ഞപ്പോൾ , ആ മുഖത്ത് ഗൗരവഭാവം ഞാൻ ദർശിച്ചു..! ഛായാഗ്രാഹകനും സംവിധായകനുമായ വേണുവിൻ്റെ പിതാവിൻ്റെ ശവസംസ്കാര ചടങ്ങുകളിൽ കോട്ടയത്ത് തലേന്നുരാത്രി പങ്കെടുത്തശേഷം തിരുവനന്തപുരത്തേക്ക് ഒരു സുഹൃത്തിൻ്റെ കാറിൽ മടങ്ങുകയായിരുന്നു .രാത്രി ഒരു മണിക്ക് കിളിമാനൂരിൽ വെച്ച് , വഴിയരികിൽ നിർത്തിയിട്ടിരുന്ന ഒരു ലോറിയുടെ പിൻഭാഗത്ത് കാർ ചെന്നിടിച്ചുവത്രേ ! കാറിൻ്റെ മുൻസീറ്റിൽ ഡ്രൈവറുടെ അടുത്ത് ഇരുന്നിരുന്ന ജോസ് ആശുപത്രിയിൽ എത്തുംമുമ്പേ നമ്മെ വിട്ടു പോയി…!

വൃന്ദാവൻ കോളനിയിലെ ഫ്ലാറ്റിനു മുന്നിൽ കോളനി നിവാസികളും ,സുഹൃത്തുക്കളും ,ബന്ധുക്കളും വന്നു ചേർന്നു കൊണ്ടിരുന്നു ;ചിലർ റീത്തുകൾ വെച്ചു ; എൻ്റെ കയ്യിൽ റീത്തുണ്ടായിരുന്നില്ല . പകരം, എനിക്ക് നിർമ്മാതാവ് ,സംവിധായകൻ എന്നീ പദവികളിൽ രണ്ട് ദേശീയ പുരസ്കാരങ്ങൾ നേടിത്തന്ന ,ജോസ് നായകനായി അഭിനയിച്ച “ഉണ്ണിക്കുട്ടന് ജോലി കിട്ടി?” എന്ന സിനിമയുടെ പ്രസിദ്ധീകൃതമായ തിരക്കഥയുടെ ഒരു കോപ്പി ഞാൻ സമർപ്പിച്ചു ! ജോസിൻ്റെ പ്രിയഭാര്യ എൻ്റെ കരം ഗ്രഹിച്ച് വാവിട്ടു കരഞ്ഞു പറഞ്ഞു -“കണ്ടില്ലേ വി. ആർ. ജി യുടെ ഉണ്ണിക്കുട്ടൻ കിടക്കുന്നത്?..”

വി.ആര്‍. ഗോപിനാഥ്

ആരായിരുന്നു ഉണ്ണിക്കുട്ടൻ ? എൻ്റെ സ്വന്തം അനിയൻ !1988 ജനുവരി 21 ആം തീയതി ത്രിസന്ധ്യ നേരത്ത് പാലക്കാടുള്ള വസതിയിൽ വച്ചാണ് എൻ്റെ അനിയൻ പ്രസാദ് ആകസ്മിക മരണമടഞ്ഞത്! വീട്ടുവളപ്പിലെ കിണറ്റിൽ വീഴുകയായിരുന്നു! ശബ്ദം കേട്ട് 65 വയസ്സുകാരനായ അച്ഛൻ കിണറിൽ എടുത്തുചാടി രക്ഷിക്കാൻ ! അഞ്ചടി വെള്ളം പോലും ഉണ്ടായിരുന്നില്ല ! മകനെ തോളിൽ ചുമന്ന് പുറത്തുകൊണ്ടു വന്നപ്പോഴേക്കും പ്രസാദ് മരിച്ചിരുന്നു ! മുങ്ങിമരണം അല്ല ;തലയുടെ പിൻഭാഗം കിണറിൻ്റെ ഭിത്തിയിൽ ഇടിക്കുക കാരണം…!

1988 ജനുവരി മാസത്തിലാണ് തിരുവനന്തപുരത്ത് വെച്ച് ഇന്ത്യ ഗവൺമെൻറ് ആദ്യമായി ഒരു അന്തർദേശീയ ചലച്ചിത്രമേള നടത്തുന്നത് ! സഹസംവിധായകനായി പ്രവർത്തിച്ച ”ഒരു മെയ്മാസ പുലരിയിൽ” എന്ന സിനിമയുടെ ഇന്ത്യൻ പനോരമ പ്രദർശനത്തിൽ പങ്കെടുക്കാൻ വന്നതായിരുന്നു പ്രസാദ് ! പനോരമയിലെ രണ്ടാമത്തെ പ്രദർശനം ജനുവരി 22 ആം തീയതി ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് ശ്രീ തിയേറ്ററിൽ വച്ചായിരുന്നു ! എന്നാൽ ആ സമയത്ത് ഞാൻ പാലക്കാട്ടെ പഞ്ചമി വീട്ടിൽ പ്രസാദിൻ്റെ മൃതദേഹത്തിന് അടുത്തായിരുന്നു..!

തൻ്റെ കന്നി സിനിമയ്ക്ക് പനോരമയിൽ ഇടം കണ്ടെത്താൻ കഴിയാതെ പോയ ഒരു ഫിലിം ക്രിട്ടിക് എൻ്റെ സിനിമയ്ക്കെതിരെ ഉയർത്തിവിട്ട , അടിസ്ഥാനമില്ലാത്ത ആരോപണങ്ങളിൽ മനംനൊന്ത് ഇരിക്കുകയായിരുന്നു ആദ്യത്തെ അഞ്ച് ദിവസങ്ങളിലും, ചിത്രത്തിൻ്റെ മുഖ്യ സഹസംവിധായകനായിരുന്ന പ്രസാദ് ! മരണശേഷമാണ് മറ്റു സുഹൃത്തുക്കളിൽനിന്ന് ഞാൻ ഈ വിവരം അറിയുന്നത് ! കടുത്ത മനപ്രയാസത്തോടെ ആയിരുന്നു അവൻ പാലക്കാട്ടേക്ക് തിരിച്ചു പോയത് ! മെയ് മാസത്തിലായിരുന്നു അവൻ്റെ ജനനം ! ചിത്രത്തിൻ്റെ പേര് അവൻ അങ്ങിനെ അന്വർത്ഥമാക്കി.! പ്രസാദ് ഡോക്ടറാകണം എന്ന ആഗ്രഹത്തിലാണ് പ്രീഡിഗ്രിക്ക് സയൻസ് ഗ്രൂപ്പിൽ ചേർത്തത് ! ഫസ്റ്റ് ക്ലാസിന് രണ്ടു മാർക്ക് കുറഞ്ഞപ്പോൾ പറഞ്ഞു -“എനിക്ക് മെഡിസിനു പോകണ്ട; ചോര കണ്ടാൽ തല ചുറ്റും..!”
അങ്ങിനെ ബി .എ യും, എം.എയും ഇംഗ്ലീഷ് സാഹിത്യം ഐച്ഛിക വിഷയമായി എടുത്ത് പാലക്കാട് വിക്ടോറിയ കോളേജിൽ അവൻ പഠിച്ചു (ഞാനും അവിടെ തന്നെയാണ് എം എ വരെ പഠിച്ചിരുന്നത്). തുടർന്ന് പത്ത് വർഷക്കാലം 4 പിഎസ്‌സി പരീക്ഷകൾ എഴുതി …സെക്രട്ടേറിയറ്റ് അസിസ്റ്റൻറ്, വില്ലേജ് ഓഫീസർ ,ബ്ലോക്ക് ഡെവലപ്മെൻറ് ഓഫീസർ തുടങ്ങി …റാങ്ക് ലിസ്റ്റുകളിൽ പേരുണ്ടാവും! പക്ഷേ റൊട്ടേഷൻ അടിസ്ഥാനത്തിൽ അവൻ്റെ പേർ വരുമ്പോഴേക്കും ലിസ്റ്റിൻ്റെ കാലാവധി കഴിഞ്ഞിരിക്കും ! ഒടുവിൽ ഞാനും അവനും ആഗ്രഹിച്ചിരുന്ന ജോലിക്കും എഴുത്തുപരീക്ഷയിൽ അവൻ രണ്ടാമനായി(1986) –ദൂരദർശനിൽ പ്രൊഡക്ഷൻ അസിസ്റ്റൻറ് തസ്തിക ! പക്ഷേ എന്തുകാര്യം? ഇൻറർവ്യൂ വിൽ രണ്ട് സാംസ്കാരിക നായകന്മാർ തങ്ങളുടെ സുഹൃത്തുക്കളുടെ മക്കൾക്ക് ജോലി വീതംവെച്ച് കൊടുക്കുന്ന തിരക്കിൽ പ്രസാദ് ഔട്ടായി! ( പ്രസാദിൻ്റെ കോളേജ് ജീവിതകാലത്ത് അടുത്ത സുഹൃത്തായിരുന്ന ശ്യാമപ്രസാദ് അടക്കം 84 ൽ പ്രൊഡക്ഷൻ അസിസ്റ്റൻറ് ആയിട്ടാണ് ദൂരദർശനിൽ ചേർന്നിരുന്നത്)! 78 മുതൽ 88 വരെയുള്ള 10 വർഷങ്ങളിൽ പാലക്കാട്ടുള്ള നാലോ അഞ്ചോ പാരലൽ കോളേജുകളിൽ ഇംഗ്ലീഷ് വാദ്ധ്യാർ ആയി ജോലി നോക്കി അവൻ പോക്കറ്റ് മണി കണ്ടെത്തി! എൻ്റെ ആദ്യചിത്രമായ ”ഗ്രീഷ്മം,” കെ .ആർ. മോഹനൻ്റെ “അശ്വത്ഥാമാവ്” , കെ .പി .കുമാരൻ്റെയും എൻ്റെയും ചില ഡോക്യുമെൻററികളിൽ സഹസംവിധായകനായി ജോലി ചെയ്തു സിനിമ പഠിച്ചു ! ഇത്രയും വെടിപ്പായും , വൃത്തിയായും കണ്ടിന്യൂയിറ്റി ഷീറ്റ് ( continuity sheet ) എഴുതുന്ന മറ്റൊരു സഹസംവിധായകനെ ഞാൻ കണ്ടെത്തിയിട്ടില്ല ! 84 മുതൽ 86 വരെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ചലച്ചിത്രനിരൂപണവും എഴുതി ആർ. പ്രസാദ്…!

അനിയൻ്റെ ചിതയിൽ നിന്നും അഗ്നിശുദ്ധി വരുത്തി ഉടലെടുത്തതാണ് “ഉണ്ണിക്കുട്ടന് ജോലി കിട്ടി?”! തിരക്കഥ ഞാൻ പറയുമ്പോൾ സഹായികളായിരുന്ന ജോസും , തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ എൻ്റെ വിദ്യാർഥികളായിരുന്ന രമേശ് കുമാറും, മുകുന്ദനും (നടൻ) എഴുതി എടുക്കും! ആദ്യമായിട്ടാണ് ഞാൻ തിരക്കഥ പറഞ്ഞുകൊടുത്തു എഴുതിപ്പിക്കുന്നത് ; നാലു മാസങ്ങൾ എടുത്തു! പൂർത്തിയായപ്പോൾ അവർ എന്നോട് ചോദിച്ചു– “ആരാണ് ഉണ്ണിക്കുട്ടൻ ആവുക?”. .എഴുത്ത് പണി നടക്കുമ്പോൾ തന്നെ എൻ്റെ മനസ്സ് മന്ത്രിച്ചിരുന്നു ജോസിനെ അഭിനയിപ്പിക്കാൻ ! എൻ്റെ നിർബന്ധം കൊണ്ടാണ് ആ ദൗത്യം ഏറ്റെടുത്തത് ജോസ്..! ആദ്യത്തെ രണ്ടുമൂന്നു ദിവസങ്ങളിൽ ജോസിൻ്റെ ശ്രദ്ധ മുഴുവൻ സഹസംവിധായകൻ ചെയ്യേണ്ട ജോലികൾ ആയിരുന്നു ! അപ്പോഴെല്ലാം ഞാൻ വഴക്കു പറയും; ഷൂട്ട് രണ്ടാം വാരത്തിൽ കടന്നപ്പോഴേക്കും തികച്ചും പ്രൊഫഷണലായി മാറി ജോസ് ! 28 ദിവസം നീണ്ടുനിന്ന ചിത്രീകരണത്തിന് ശേഷം സമാന്തരമായി ചിത്രീകരണം നടന്നിരുന്ന ‘മതിലുകളു’ടെ സെറ്റിൽ ചെന്നപ്പോൾ ജോസിനെ ഞാൻ അടൂർജിക്ക് പരിചയപ്പെടുത്തി ! 1989 Dec.മുപ്പത്തിയൊന്നാം തീയതി ഉച്ചകഴിഞ്ഞ് ” മതിലുകളും”, രാത്രിയിൽ “ഉണ്ണിക്കുട്ടനും” സെൻസർ ബോർഡ് അംഗങ്ങൾ കണ്ടു !സെൻസറിംഗിനു വേണ്ട ഫസ്റ്റ് കോപ്പി മുംബൈയിലെ ലാബിൽ നിന്നും തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നതും ജോസ് ആയിരുന്നു ..! പൈലറ്റിനോടൊപ്പം കോക്ക്പിറ്റിൽ ഇരുന്നായിരുന്നു ആ ഐതിഹാസിക യാത്ര !!!

ജോസ് തോമസിന്റെ ഭാര്യ സെലിനും മകള്‍ ദിയയും

1990 ഫെബ്രുവരി 14 ആം തീയതി ചിത്രത്തിൻ്റെ പ്രിവ്യൂ കണ്ടശേഷം അടൂർജി പറഞ്ഞത് ഓർക്കുന്നു– “ഗോപി സ്വന്തം നായകനെ എനിക്ക് പരിചയപ്പെടുത്തിയപ്പോൾ ,എന്ത് സാഹസമാണ് കാണിക്കുന്നതെന്ന് എനിക്ക് തോന്നി ! സിനിമ കണ്ടപ്പോൾ ബോധ്യമായി –പയ്യൻ അഭിനയിക്കുകയായിരുന്നില്ല ; ജീവിക്കുക തന്നെ ആയിരുന്നു ഉണ്ണിക്കുട്ടൻ ആയിട്ട്…!” !!! ബേപ്പൂർ സുൽത്താനേ കോഴിക്കോട് ചെന്ന് പ്രിവ്യൂവിന് ക്ഷണിച്ചു ! മഹാനായ ആ എഴുത്തുകാരൻ സിനിമ കണ്ടു കഴിഞ്ഞ് 15 മിനിറ്റോളം ഒന്നും മിണ്ടാതെ ഇരിപ്പിടത്തിൽ തന്നെ ഇരുന്നു ! മിഴികൾ സജലങ്ങളായിരുന്നു! –“എൻ്റെ നായകൻ്റെ സൗന്ദര്യം (മതിലുകളിലെ മമ്മൂട്ടി )നിൻ്റെ നായകനില്ല ! പക്ഷേ നീയും അവനും കൂടി എൻ്റെ ഹൃദയമിടിപ്പ് കൂട്ടി “! എൻ്റെ തലയിൽ കൈ വെച്ച് അദ്ദേഹം അനുഗ്രഹിച്ചു! ആ വർഷത്തെ മികച്ച നടനുള്ള അവാർഡ് ‘മതിലുകൾ ‘ ,’ ഒരു വടക്കൻ വീരഗാഥ ‘ ചിത്രങ്ങളിലെ അഭിനയത്തിന് മമ്മൂട്ടിക്ക് ആയിരുന്നു! ‘കിരീട’ത്തിലെ അഭിനയത്തിന് മോഹൻലാലിന് പ്രത്യേക പരാമർശം ! തിരക്കഥയ്ക്ക് എംടിയും (വടക്കൻ വീരഗാഥ), സംവിധാനത്തിന് അടൂർജിയും ( മതിലുകൾ) അവാർഡുകൾ നേടി ! 1990 മെയ് മാസം ഇരുപത്തിയൊന്നാം തീയതി അവാർഡ് ദാന ചടങ്ങിൽ വച്ച് എഴുതിത്തയ്യാറാക്കിയ സ്വന്തം പ്രസംഗത്തിൽ രാഷ്ട്രപതി ശ്രീ ആർ. വെങ്കട്ടരാമൻ സാമൂഹിക പ്രതിബദ്ധതയുള്ള മികച്ച ചിത്രത്തിൻറെ അവാർഡ് നേടിയ “ഉണ്ണിക്കുട്ട”നെയും , എന്നെയും പേരെടുത്തു പറഞ്ഞു പ്രശംസിച്ചു ! ! ! പിന്നീട് ഇന്ത്യൻ പനോരമ ജൂറി ആയിരുന്ന പി. ഭാസ്കരൻ മാസ്റ്റർ എന്നെ പ്രത്യേകം അഭിനന്ദിച്ചു — ” ജോസിൻ്റെ മുഖവും ,ഗോപിയുടെ ശബ്ദവും നൂറുശതമാനവും പരസ്പരപൂരിതമായിരുന്നു! എന്നെ ഇത്രയധികം പിന്തുടർന്ന സിനിമയും , കഥാപാത്രവും വിരളമാണ്!”! (പാലക്കാട്ടുകാരനായ കഥാപാത്രത്തിന് കോട്ടയത്തുകാരൻ ജോസിൻ്റെ വർത്തമാന ശൈലി ചേരുകയില്ല എന്നതിനാൽ ഞാനാണ് ശബ്ദം നൽകിയത്!) ..ആറു വർഷങ്ങൾക്ക് ശേഷം ഏഷ്യാനെറ്റിൽ പ്രൊഡ്യൂസർ ആയി ജോസിന് ജോലി കിട്ടി ! അതുവരെ എനിക്ക് ടെൻഷൻ ആയിരുന്നു… ഉണ്ണിക്കുട്ടൻ അറം പറ്റരുത് ! ജോസിന് നല്ലൊരു ജോലി കിട്ടാൻ ഞാൻ പ്രാർത്ഥിക്കുകയായിരുന്നു! മനസ്സിനിണങ്ങിയ ജോലിയും, സഹധർമ്മിണിയും ജോസിന് കിട്ടിയപ്പോൾ ഞാൻ സന്തോഷിച്ചു !

ക്രിസ്റ്റഫർ ജോസ്

അടുത്ത കാലത്ത് എൻ്റെ വാട്സാപ്പിൽ വന്ന മെസ്സേജുകളിൽ ഒന്ന് ജോസിൻ്റെ മകൻ ക്രിസ്റ്റഫർ ജോസിൻ്റെയാണ് ! ക്രിസ്റ്റഫർ പോണ്ടിച്ചേരിയിൽ ഓഡിയോ -വിഷ്വൽ കമ്മ്യൂണിക്കേഷനിൽ മാസ്റ്റർ ബിരുദം എടുത്തിരിക്കുന്നു ! പിതാവിനെ പോലെ തന്നെ ! അതേ പുഞ്ചിരി ! ” അച്ഛൻ അഭിനയിച്ച ചിത്രം ഞാനിതുവരെ കണ്ടിട്ടില്ല അങ്കിൾ… എന്താണ് ഒരു വഴി ?”.. ഉണ്ണിക്കുട്ടൻ്റെ ഒരു ഡിവിഡി യുമായി ഞാൻ കാത്തിരിക്കുകയാണ്– ക്രിസ്റ്റഫർ ജോസ് പോണ്ടിച്ചേരിയിൽ നിന്നും മടങ്ങിയെത്താൻ….!

Spread the love
English Summary: the lose of november

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick