Categories
latest news

മുല്ലപ്പെരിയാര്‍: തമിഴ്‌നാട്ടില്‍ ജലരാഷ്ട്രീയം വീണ്ടും…തമിഴ്‌നാട് ജലമന്ത്രി അണക്കെട്ട് കാണാന്‍ വന്നത് അറ്റ കൈ പ്രയോഗം

ജലരാഷ്ട്രീയം പ്രതിപക്ഷം ആയുധമാക്കിയെടുത്ത് സമരത്തിലേക്ക് വരികയാണ്

Spread the love

മുല്ലപ്പെരിയാര്‍ വിഷയം നേരത്തെ യു.ഡി.എഫ്.സര്‍ക്കാര്‍ ഭരണകാലത്ത് കത്തിനില്‍ക്കുമ്പോള്‍ പോലും ഒരു തമിഴ്‌നാട് മന്ത്രി കേരളത്തില്‍ വന്ന് അണക്കെട്ട് സന്ദര്‍ശിച്ചിട്ടില്ല. എന്നാല്‍ ഇപ്പോള്‍ തമിഴ്‌നാട് ജല വകുപ്പു മന്ത്രി തന്നെ നേരിട്ട് വന്ന് മുല്ലപ്പെരിയാര്‍ പരിശോധിക്കുകയും ജലനിരപ്പ് 152 അടി ആക്കുമെന്ന് പ്രതികരിക്കുകയും ചെയ്യുന്നു. പ്രത്യക്ഷത്തില്‍ അസാധാരണമായ ഈ നടപടിക്കു പിന്നില്‍ എന്താണ്.
തമിഴ്‌നാട്ടില്‍ വീണ്ടും ജലരാഷ്ട്രീയം പ്രതിപക്ഷം ആയുധമാക്കിയെടുത്ത് സമരത്തിലേക്ക് വരികയാണ്. സ്റ്റാലിന്‍ ഭരണത്തില്‍ ജനരോഷമുയര്‍ത്താന്‍ രാഷ്ട്രീയ-വികസന വിഷയങ്ങള്‍ അടുത്ത കാലത്തായി കിട്ടാതെ തണുത്തു നില്‍ക്കുന്ന ദ്രാവിഡ പ്രതിപക്ഷ രാഷ്ട്രീയം മുല്ലപ്പെരിയാര്‍ വീണ്ടും കത്തിക്കാന്‍ തുടങ്ങുന്നതിന്റെ സൂചനയാണ് കാണുന്നത്. നവംബര്‍ ഒന്‍പതിന് അണ്ണാ ഡി.എം.കെ. സംസ്ഥാനവ്യാപക ബന്ദിന് ആഹ്വാനം നല്‍കിയിരിക്കുന്നു.

മന്ത്രി ദുരൈ മുരുകന്‍

ഭരണപക്ഷമായ ഡി.എം.കെ. ഇതിലെ അപകടം വളരെ പെട്ടെന്ന് തിരിച്ചറിഞ്ഞതായി കാണാം. കേരളത്തില്‍ പിണറായി സര്‍ക്കാരുമായി തമിഴ്‌നാട് സര്‍ക്കാരിന് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സൗഹാര്‍ദ്ദ സമീപനമാണുള്ളത്. പുതിയ അണക്കെട്ട് കേരളത്തിനും വെള്ളം തമിഴ്‌നാട്ടിനും എന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായി പ്രതികരിച്ചതില്‍ തമിഴ്‌നാടിന് സന്തോഷമാണുള്ളത്. എന്നാല്‍ അണ്ണാ ഡി.എം.കെ. മുല്ലപ്പെരിയാറില്‍ കേരളവുമായി തമിഴ്‌നാട് ഒത്തുകളിക്കുന്നു എന്ന ആരോപണവുമായി വന്നത് സ്റ്റാലിനെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുന്നു. ബന്ദിനു മുമ്പായി സ്വന്തം വകുപ്പു മന്ത്രിയെ തന്നെ കേരളത്തിലേക്കയച്ച് തമിഴ്‌നാടിന് വേണ്ടി ശക്തമായ പ്രതികരണം കേരളത്തില്‍ വെച്ചു തന്നെ നടത്താന്‍ തമിഴ്‌നാട് തയ്യാറായത് പ്രതിപക്ഷത്തിന്റെ ആരോപണമുന ഒടിക്കാനുള്ള രാഷ്ട്രീയ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.

thepoliticaleditor

സ്റ്റാലിന്റെയും നേരത്തെ കരുണാനിധിയുടെയും മനസ്സാക്ഷി സൂക്ഷിപ്പുകാരനെന്ന് അറിയപ്പെടുന്ന വിശ്വസ്തനാണ് മന്ത്രി ദുരൈ മുരുകന്‍. അദ്ദേഹത്തെ നിര്‍ണായകമായ പ്രതികരണം നടത്താന്‍ അയച്ചതു തന്നെ സ്റ്റാലിന്‍ ഈ വിഷയം പ്രതിപക്ഷം മുതലെടുക്കുന്നതിനെ പ്രതിരോധിക്കാന്‍ ഉറച്ചു കൊണ്ടാണെന്ന് വ്യക്തം.

ജലനിരപ്പ് 152 അടിയായി ഉയര്‍ത്തും, പുതിയ ഡാം വേണ്ട-മന്ത്രി ദുരൈ മുരുകന്‍

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുമെന്ന് തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈ മുരുകന്‍ പ്രസ്താവിച്ചു. അണക്കെട്ടില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.ബേബി ഡാം ബലപ്പെടുത്തിയ ശേഷം ആയിരിക്കും നടപടി.
ബേബി ഡാം ബലപ്പെടുത്തണമെങ്കില്‍ കേരള സര്‍ക്കാരിന്റേയും അനുമതി ആവശ്യമുണ്ട്. ബേബി ഡാമിന് താഴെയായി മൂന്ന് മരങ്ങളുണ്ട്. അവ നീക്കം ചെയ്‌തെങ്കില്‍ മാത്രമേ ഡാം ബലപ്പെടുത്താന്‍ സാധിക്കൂ. വര്‍ഷങ്ങളായി നടക്കുന്ന നടപടികളാണ് ഇപ്പോള്‍ നടക്കുന്നതെന്നും മന്ത്രി ദുരൈ മുരുകന്‍ അറിയിച്ചു. പുതിയ ഡാം പണിയണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്‌നാട് തള്ളി.

ഡാം പുതുക്കി പണിത ശേഷമേ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുകയുള്ളൂ. ഇതുമായി ബന്ധപ്പെട്ട് ഒ. പനീര്‍ശെല്‍വവും എടപ്പാടി പളനി സാമിയും സംസാരിക്കുന്നതില്‍ ഒരു ധാര്‍മ്മികതയുമില്ല. കഴിഞ്ഞ 10 വര്‍ഷക്കാലത്തിനിടെ ഒരു മന്ത്രി പോലും ഈ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വന്ന് പരിശോധിച്ചിട്ടില്ലെന്നും ദുരൈ മുരുകന്‍ അറിയിച്ചു.

Spread the love
English Summary: tamil-nadu-once-again-politicalising-mullapperiyar-water-issue

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick