Categories
exclusive

ജയ്‌ ഭീം തകര്‍ത്തോടുന്നു, വിവാദവും…സി.പി.എം.കാര്‍ ഈ സിനിമ തീര്‍ച്ചയായും കാണണം

ആമസോണ്‍ പ്രൈമില്‍ റീലീസ്‌ ചെയ്‌ത ബഹുഭാഷാ ചിത്രമായ ജയ്‌ഭീം ആദ്യ ദിനം തന്നെ വന്‍ ചര്‍ച്ചയായി മാറിയിരിക്കയാണ്‌. ഉഗ്രന്‍ അഭിപ്രായമാണ്‌ ടി.ജെ. ജ്ഞാനവേല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്‌ത സിനിമയ്‌ക്ക്‌ ലഭിച്ചിരിക്കുന്നത്‌. ഇന്ത്യന്‍ ജാതീയതയുടെ മനഷ്യത്വഹീനതയുടെയും പൊലീസിന്റെ ക്രൂരതകളുടെയും പച്ചയായ ആവിഷ്‌കാരമായ ഈ സിനിമ തമിഴ്‌, ഹിന്ദി, തെലുങ്ക്‌ ഭാഷകളില്‍ ഒരേ സമയം റിലീസ്‌ ചെയ്‌തിരിക്കയാണ്‌. ബഹുഭാഷാ സിനിമയെങ്കിലും കഥയുടെ ദേശം തമിഴകമാണെന്ന്‌ തിരിച്ചറിയാം. സാമൂഹിക നീതിക്കായുള്ള ശക്തമായ സന്ദേശം ആവേശത്തോടെ ഈ സിനിമ വിനിമയം ചെയ്യുന്നു.

മലയാളികള്‍ക്ക്‌ ഈ സിനിമ പലതരത്തില്‍ അടുത്തു നില്‍ക്കുന്നു. ഒരു കാരണം അതിലെ പ്രധാന കഥാപാത്രങ്ങളെ തകര്‍ത്ത്‌ അവതരിപ്പിച്ച പലരും മലയാളികളാണ്‌ എന്നതാണ്‌. തെന്നിന്ത്യന്‍ താരം സൂര്യ നായകനായ ജയ്‌ ഭീം-ല്‍ നായിക മഹേഷിന്റെ പ്രതികാരം ഫെയിം ലിജോമോള്‍ ജോസ്‌ ആണ്‌. ലിജോമോളുടെ സെങ്കനി എന്ന കഥാപാത്രം നമ്മള്‍ ഒരിക്കലും മറക്കില്ല. രജിഷ വിജയനും മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

thepoliticaleditor

അതിനപ്പുറത്ത്‌ കേരള ചരിത്രത്തിലെ എക്കാലത്തെയും കറുത്ത അധ്യായമായ രാജന്‍ സംഭവം ഈ കഥയില്‍ ശക്തമായ ഓര്‍മയായും പ്രകടമായ പ്രതികരണമായും കടന്നു വരുന്നുണ്ട്‌. മാത്രമല്ല, കേരളത്തിലെ മൂന്നാറും പരിസരവും സിനിമയില്‍ കടന്നു വരികയും അവിടുത്തെ മലയാളികളുടെ സംഭാഷണങ്ങള്‍ നിര്‍ണായകമായ കഥാവഴിത്തിരിവായി വരികയും ചെയ്യുന്നുണ്ട്‌.

ഇത്‌ കഥയല്ല, യഥാര്‍ഥത്തില്‍ സംഭവിച്ചതാണ്‌

ഇതൊക്കെ പുറം കാഴ്‌ചയെങ്കില്‍ ജയ്‌ഭീമിനെ ശ്രദ്ധേയമാക്കുന്ന, നമ്മളെ അതിശയിപ്പിക്കുന്ന കാര്യം ഈ സിനിമയില്‍ ആവഷ്‌കരിച്ച പ്രമേയം യഥാര്‍ഥത്തില്‍ സംഭവിച്ചതാണ്‌ എന്നതും അതില്‍ സൂര്യ അവതരിപ്പിക്കുന്ന ചന്ദ്രു എന്ന അഭിഭാഷകന്‍ ജീവിച്ചിരിക്കുന്ന കഥാപാത്രമാണ്‌ എന്നതുമാണ്‌. ചന്ദ്രു എന്നു തന്നെയാണ്‌ ജീവിതത്തിലും ആ വ്യക്തിയുടെ പേര്‌. അദ്ദേഹം അഭിഭാഷകനായിരുന്നു. പിന്നീട്‌ ന്യായാധിപനായി മാറി. ഷൂട്ടിങ്‌ വേളയില്‍ സൂര്യ ജസ്റ്റിസ്‌ ചന്ദ്രുവിനെ നേരിട്ടു കാണുകയുണ്ടായിട്ടുണ്ട്‌. ചരിത്രവും ഫിക്ഷനും കൈകോര്‍ക്കുന്ന അത്യന്തം കൗതുകകരമായ അനുഭവമാണീ ഉള്ളു പൊള്ളിക്കുന്ന സിനിമ.

സൂര്യ ജസ്റ്റിസ്‌ ചന്ദ്രുവിനൊപ്പം

ജസ്റ്റിസ് ചന്ദ്രുവിൻ്റെ “listen to my cases” എന്ന പുസ്തകത്തിലെ ഒരു സംഭവം ആണ് സിനിമക്ക് ആധാരം. ജസ്റ്റിസ് ചന്ദ്രു അഭിഭാഷകൻ ആയിരുന്നപ്പോൾ ഉണ്ടായ ഒരു നിയമ പോരാട്ടം. ഒരു പൈസ പോലും ഫീസ് വാങ്ങാതെ നിരവധി മനുഷ്യാവകാശ പ്രശ്നങ്ങൾ കോടതിയിൽ എത്തിച്ച് നീതി ലഭ്യമാക്കിയ ഒരു മനുഷ്യ സ്നേഹി. അദ്ദേഹം ജഡ്ജി ആയപ്പോൾ 6 വർഷത്തിനുള്ളിൽ കെട്ടി കിടന്ന 90000 കേസുകൾക്ക് തീർപ്പ് ഉണ്ടാക്കി. തമിഴ് നാട്ടിൽ സ്ത്രീകൾക്ക് പൂജാരി ആകാം എന്നുള്ള വിധി അദ്ദേഹത്തിൻ്റേതാണ്. മറ്റൊന്ന്, പൊതു ശ്മശാനത്തിൽ ജാതി വ്യത്യാസം ഇല്ലാതെ സംസ്കാരം നടത്താൻ അനുവദിക്കുന്ന വിധിയാണ്. റിട്ടയർ ചെയ്യുന്ന അന്ന് തൻ്റെ സ്വത്ത് വിവരം സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് നൽകി ഒരു യാത്രയയപ്പ് പോലും സ്വീകരിക്കാതെ പാസഞ്ചർ ട്രെയിനിൽ വീട്ടിലേക്ക് മടങ്ങിയ ആളാണ് ജസ്റ്റിസ് ചന്ദ്രു . സ്വന്തം ചെമ്പറിന് പുറത്ത് ” no deity, no flowers, no shawl” എന്നെഴുതി വച്ചിരുന്ന അദ്ദേഹം തൻ്റെ കോടതിയിൽ “my lord” എന്ന അഭിസംബോധനക്ക് എതിരായിരുന്നു എന്നതും ചരിത്രമാണ്. തൻ്റെ പോരാട്ടങ്ങൾക്ക് പ്രചോദനമായത് തമിഴ്നാട്ടിലൂടെ അങ്ങോളമിങ്ങോളം നടത്തിയ യാത്രകൾ ആയിരുന്നു എന്നദ്ദേഹം പറയുന്നു.

ഇരുളർ എന്ന കീഴാള ജാതിയിൽ പെട്ട സെങ്കനി എന്ന യുവതി പോലീസ് പിടിയിലായി കാണാതായ തൻ്റെ ഭർത്താവ് രാജാക്കണ്ണിനായി അഡ്വക്കേറ്റ് ചന്ദ്രുവുമായി ചേർന്ന് നടത്തുന്ന നിയമ പോരാട്ടമാണ് ജയ് ഭീം എന്ന സിനിമ. പോലീസ് ക്രൂരതകള്‍ അതിൻ്റെ പാരമ്യതയിൽ കാണിക്കുന്നുണ്ട് ഈ ചിത്രം. ഉരുട്ടലും ഗരുഡൻ തൂക്കവും മുതൽ മർദ്ദനത്താൽ ബോധം നശിച്ചവരുടെ കണ്ണിൽ ജീവൻ ഉണ്ടോ എന്നറിയാൻ മുളകുപൊടി ഇടുന്ന സീൻ പോലും.. താഴ്ന്ന ജാതിയിൽ പെട്ടവരാണ് എന്നതിനാൽ മാത്രം പോലീസും ഇതര സമൂഹവും കുറ്റവാസന ഉള്ളവരെന്ന് മുദ്രകുത്തുന്ന, ചാളകളിൽ വസിക്കുന്ന, ആൺപെൺ വ്യത്യാസമില്ലാതെ എപ്പോഴും ആക്രമിക്കപ്പെട്ടെക്കാവുന്ന ഒരു വിഭാഗം ആളുകൾ ഇന്നും ഈ രാജ്യത്ത് ഉണ്ട് എന്ന് ഓർമ്മിപ്പിക്കുന്നു ഈ സിനിമ എന്ന് യു. എസ. അജയകുമാർ വിലയിരുത്തുന്നു.

ജയിലിൽ നിന്ന് മോചിതരാവുന്ന കുറ്റവാളികളെ ജാതി ചോദിച്ച് വേർതിരിച്ച് ചോദിക്കാൻ ആരുമില്ലാത്ത കീഴാളരെ തെളിയാത്ത കുറ്റങ്ങൾക്ക് പ്രതികളാക്കി പല സ്റ്റേഷനുകളിലെ പോലീസിന് കാശ് വാങ്ങി കൈമാറുന്ന രംഗത്തോടെയാണ് സിനിമ തുടങ്ങുന്നത്.

സി.പി.എം. ഈ സിനിമയില്‍

ഈ സിനിമ കൃത്യമായി പങ്കുവെക്കുന്ന ഒരു രാഷ്ട്രീയ ദിശ ദളിതരുടെ സഹനപോരാട്ടത്തിന്റത്‌ മാത്രമല്ല എന്നതാണ്‌ കേരളീയര്‍ക്ക്‌ ഈ സിനിമയെ നെഞ്ചോടു ചേര്‍ക്കാന്‍ തോന്നുന്നതിനു പ്രധാന കാരണം. ഈ കഥയിലുടനീളം നീതിക്കു വേണ്ടി പോരാടുന്ന നിസ്സാഹായര്‍ക്ക്‌ താങ്ങായി നില്‍ക്കുന്നത്‌ സി.പി.എം.എന്ന പാര്‍ടിയാണ്‌. വെറുതെ ചെങ്കൊടി അവ്യക്തമായി കാണിക്കുകയല്ല, കൃത്യമായി സി.പി.എം. എന്ന പാര്‍ടിയെ തന്നെ ദൃശ്യവല്‍ക്കരിച്ചിരിക്കുന്നു. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ്‌ പാര്‍ടികളില്‍ സി.പി.എം. ഏതു രീതിയില്‍ പ്രസക്തമാണെന്നതിന്റെ ശക്തമായ സന്ദേശം ഈ സിനിമ നല്‍കുന്നു. അത്‌ ആ പാര്‍ടിയുടെ പ്രത്യയാശാസ്‌ത്ര വ്യാഖ്യാതാക്കള്‍ യാഥാര്‍ഥ്യബോധത്തോടെ പ്രയോഗിക്കുന്നുണ്ടോ എന്നത്‌ മറ്റൊരു കാര്യമാണ്‌. സവര്‍ണ മേധാവിത്വ രാഷ്ട്രീയത്തിന്റെ ഇന്ത്യന്‍ ഭൂമികയില്‍ എന്താണ്‌ ചെയ്യേണ്ടത്‌ എന്നത്‌ കൃത്യമായി ഉദ്‌ബോധിപ്പിക്കുന്ന അടയാളമായി ഈ സിനിമയിലെ രാഷ്ട്രീയം മാറുന്നുണ്ട്‌.

പാർശ്വവൽകൃത സമൂഹത്തിൻ്റെ ഉന്നമനത്തിനായി ഉള്ള പോരാട്ടങ്ങളിൽ ഇടത് പക്ഷത്തിൻ്റെ, പ്രത്യേകിച്ച് സിപിഎം-ന്റെ പങ്ക് ഏടുത്ത് പറയുന്ന ഈ ചിത്രം ഒരു ഓർമ്മപ്പെടുത്തൽ ആണ്. പാർലമെൻ്ററി ജനാധിപത്യത്തിൻ്റെ വിട്ടു വീഴ്ചകൾക്കിടയിൽ ചൂഷണത്തിന് വിധേയരാകുന്ന ജനവിഭാഗങ്ങളെ മറന്നു പോവരുത് എന്ന ഓർമ്മപ്പെടുത്തൽ.

സിനിമയുടെ അവസാനം ഒരു രംഗം ഉണ്ട്–സെങ്കനിയുടെ മകൾ അഡ്വ. ചന്ത്രുവിനൊപ്പം പത്രം വായിക്കാൻ ഇരിക്കുന്നു. ചന്ദ്രു കാലിന്മേൽ കാൽ കയറ്റി ഇരിക്കുന്നത് കണ്ട് തനിക്കും അങ്ങനെ ചെയ്യാമോ എന്ന് ഒരു നിമിഷം സംശയിക്കുന്ന കുട്ടിയോട് ചന്ദ്രു കണ്ണ് കൊണ്ട് നൽകുന്ന ഒരു സൂചന…പിന്നെ കാണുന്നത് ആത്മ വിശ്വാസത്തോടെ കാലിന്മേൽ കാൽ കയറ്റി വെച്ച് പത്രം വായിക്കുന്ന ആ ദളിത് കുഞ്ഞിനെ ആണ്…ഇന്ത്യൻ ദളിത് ശാക്തീകരണത്തിന്റെ സ്വപ്ന സമാനമായ സന്ദേശം.

അസഹിഷ്‌ണുതയുടെ വിവാദം

ജയ്‌ഭീം-ല്‍ നീതി ബോധമുള്ള ചില പൊലീസുദ്യോഗസ്ഥരെയും ചിത്രീകരിക്കുന്നുണ്ട്‌. അതിലൊരാളാണ്‌ ഈ സിനിമയില്‍ ഏറ്റവും ഓര്‍മിക്കപ്പെടുന്ന കഥാപാത്രങ്ങളിലൊരാളായ ഐ.ജി. പെരുമാള്‍സാമി. പ്രകാശ്‌ രാജ്‌ ആണ്‌ ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്‌. ഈ കഥയിലെ എല്ലാ ക്രൂരതയ്‌ക്കും അടിസ്ഥാനമായ ഒരു സംഭവത്തിലെ യഥാര്‍ഥ വില്ലന്‍ കഥാപാത്രം ഒടുവില്‍ പിടിക്കപ്പെട്ടപ്പോള്‍ അയാള്‍ പെരുമാള്‍സാമിയോട്‌ ഹിന്ദിയില്‍ സംസാരിച്ചു തുടങ്ങുമ്പോള്‍ തമിഴില്‍ സംസാരിക്കെടാ എന്ന്‌ പറഞ്ഞു കൊണ്ട്‌ പെരുമാള്‍സാമി കവളിത്തടിക്കുന്ന രംഗമുണ്ട്‌. ഇത്‌ പൊക്കിപ്പിടിച്ചാണ്‌ ഹിന്ദി-ഹിന്ദുത്വവാദക്കാര്‍ ഇപ്പോള്‍ സിനിമയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ഉറഞ്ഞു തുള്ളുന്നത്‌. സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന സാമൂഹികനീതിക്കായുള്ള പോരാട്ടത്തെയും ഭരണകൂട ഭീകരതയെയും മറയ്‌ക്കുള്ളില്‍ നിര്‍ത്തി ഗതിമാറ്റാനുള്ള ശ്രമം ആരുടെ താല്‍പര്യമാണ്‌ എന്ന്‌ പ്രേക്ഷകന്‍ തിരിച്ചറിയേണ്ടതുണ്ട്‌.

Spread the love
English Summary: jay bhim tells the story of the uprising of suppressed

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick