Categories
opinion

പോലീസ് ആസ്ഥാനത്ത് കള്ളന് കഞ്ഞിവെക്കുന്നവർ…

ലക്ഷ്മണ്‍ മലപ്പുറത്ത് എ.എസ്.പി ആയിരുന്ന കാലത്തായിരുന്നു വിവാഹം കഴിച്ചത്. കല്യാണക്ഷണക്കത്തുമായി
ജില്ലയിലെ സാമ്പത്തിക ശേഷിയുള്ള പലരേയും സമീപിച്ച് ഇയാള്‍ വിവാഹത്തിനായി പൈസ പിരിച്ചു !!!

Spread the love

തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗമായ പാളയത്ത് തല ഉയര്‍ത്തി നില്‍ക്കുന്ന ഒരു സ്‌റ്റേഡിയം ഉണ്ട് – ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയം.
ആ സ്റ്റേഡിയത്തിനകത്തെ പവിലിയന് ഒരു പേരുണ്ട് – എം.കെ.ജോസഫ് പവിലിയന്‍. ഇവര്‍ രണ്ട് പേരും കേരളത്തില്‍ മന്ത്രിമാരോ സ്വാതന്ത്യ സമര
സേനാനികളോ ആയിരുന്നില്ല, മറിച്ച് പോലീസ് ഉദ്യോഗസ്ഥര്‍ ആയിരുന്നു. ചന്ദ്രശേഖരന്‍നായര്‍ ഐക്യ കേരളത്തിന്റെ ആദ്യത്തെ പോലീസ്
ഐ.ജി ആയിരുന്നു.( അന്ന് പോലീസ് മേധാവിയുടെ സ്ഥാനപ്പേര് ഐ.ജി എന്നായിരുന്നു. ഡി.ജി.പി പദവി പിന്നീട് വന്നതാണ്) എം.കെ.ജോസഫ്
ആകട്ടെ മുന്‍ ഡി.ജി.പിയും. ഇവര്‍ രണ്ട് പേരുടേയും പ്രത്യേകതയായിരുന്നത്, സത്യസന്ധതയും മുഖം നോക്കാതെ നടപടി എടുക്കുന്നതിലെ
ആര്‍ജ്ജവും.

ചന്ദ്രശേഖരന്‍ നായര്‍

പോലീസിലെ കര്‍ക്കശമെങ്കിലും സൗമ്യതയുടെ രൂപമായിരുന്നു ചന്ദ്രശേഖരന്‍ നായര്‍. എം.കെ.ജോസഫാകട്ടെ, കാക്കിക്കുള്ളിലെ
കലാകാരനും കായികപ്രേമിയും. എം.കെ.ജോസഫ് തിരുവനന്തപുരത്തെ ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്‌സിന്റെ എം.ഡി ആയിരുന്ന കാലത്താണ്
അവിടുത്തെ ഫുട്‌ബോള്‍ ടീമിനെ രൂപപ്പെടുത്തിയത്. അദ്ദേഹം കെ.എസ്.ആര്‍.ടി.സി ചെയര്‍മാന്‍ ആയിരുന്ന കാലത്താണ് അവിടുത്തെ ജീവനക്കാരുടെ
നാടകസമിതി രൂപീകരിച്ചത്. ഇന്നും കേരളം ആദരവോടെ കാണുന്ന എം.ഗോപാലനേയും ശിങ്കാരവേലുവിനേയും പോലെയുള്ള പോലീസ് മേധാവികള്‍.

thepoliticaleditor

കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവര്‍ കാണുമ്പോഴാണ് ഇവരൊക്കെ മനസില്‍ ഓടിയെത്തിയത്. ചര്‍ച്ച ചെയ്തത് കേരളാ പോലീസില്‍ ഇപ്പോള്‍ സസ്‌പെന്‍ഷനിലുള്ള ലക്ഷ്മൺ എന്ന ഐ.ജിയെ കുറിച്ചുള്ള കഥകളായിരുന്നു.
കേരളാ പോലീസിന്റെ ചരിത്രത്തില്‍ ഇത് പോലൊരു വിരുതന്‍ ഉണ്ടായിട്ടില്ല എന്ന് വേണം കരുതാന്‍. ശബരിമല ദര്‍ശനം നടത്താന്‍ പോലും
ഭക്തരില്‍ നിന്ന് കൈക്കൂലി വാങ്ങിച്ച പോലീസ് ഉന്നതന്‍ നമുക്ക് കേട്ട് കേള്‍വി പോലും ഇല്ലാത്തതാണ്. ഇപ്പോള്‍ തട്ടിപ്പ് വീരന്‍ മോന്‍സന്‍ മാവുങ്കലിന്റെ എല്ലാ തട്ടിപ്പുകള്‍ക്കും ഇയാള്‍ കൂട്ട് നിന്നു എന്ന് വ്യക്തമായി തെളിഞ്ഞിട്ടും ഇയാളെ സസ്‌പെന്‍ഡ് ചെയ്യുക മാത്രമേ ചെയ്തിട്ടുള്ളൂ.

ഡി.ജി.പി.യായിരിക്കെ ലോക്‌നാഥ് ബെഹ്‌റയും എ.ഡി.ജി.പി. മനോജ് എബ്രഹാമും മോന്‍സന്റെ പുരാവസ്തുക്കള്‍ക്കിടയില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോള്‍

കേസില്‍ പ്രതി ചേര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എന്ത് കൊണ്ട് മടിക്കുന്നു എന്നാണ് ചര്‍ച്ചയില്‍ പങ്കെടുത്തവരെല്ലാം ചോദിച്ചത്. മോന്‍സന്റെ
കച്ചവടങ്ങള്‍ക്കെല്ലാം ഇടനിലക്കാരനായിരുന്ന ഇയാള്‍ തിരുവനന്തപുരം പോലീസ് ക്ലബ്ബില്‍ വെച്ചാണ് ഇടപാടുകള്‍ നടത്തിയിരുന്നത് എന്നത്
അമ്പരപ്പിക്കുന്ന കാര്യമാണ്. കേരളത്തില്‍ പോലീസില്‍ ഇന്റലിജന്‍സ് സംവിധാനം ഒന്നുമില്ലേ എന്ന് ചോദിക്കാന്‍ നിവൃത്തിയില്ല. കാരണം
ഇയാള്‍ പോലീസ് ആസ്ഥാനത്തിന്റെ ചുമതലയുള്ള ഐ.ജിയായിരിക്കുമ്പോള്‍, ലോക്‌നാഥ് ബെഹ്‌റ ആയിരുന്നു ഡിജിപി എന്നത് തന്നെ കാരണം.
മല്ലനും മാതേവനുമായി ഇവരെല്ലാം ചേര്‍ന്ന് നന്നായി ഭരിച്ചു. ബെഹ്‌റയുടെ ഭരണ മികവ് പരിഗണിച്ച് റിട്ടയര്‍ ചെയ്തതിന് തൊട്ടു പിറകേ കൊച്ചി
മെട്രോയുടെ എം.ഡിയാക്കി സര്‍ക്കാര്‍ ആദരിക്കുകയും ചെയ്തിട്ടുണ്ട്. ബെഹ്‌റ ഇപ്പോഴും ഇതേ പദവിയില്‍ തുടരുകയാണ്. കേരളം ഭരിക്കുന്നത്
ജനാധിപത്യ സര്‍ക്കാരല്ല, ഉദ്യോഗസ്ഥന്‍മാര്‍ മാത്രമാണ് എന്ന സത്യം നമ്മള്‍ അംഗീകരിച്ചേ മതിയാകൂ.

ലക്ഷ്മണിന്റെ പേരില്‍ ഇപ്പോള്‍ കേള്‍ക്കുന്നത് അഴിമതി ആരോപണങ്ങള്‍ മാത്രമല്ല, സ്ത്രീവിഷയത്തിലും ഇദ്ദേഹം മോശക്കാരനായിരുന്നില്ലെന്നാണ്
ആരോപണം ഉയരുന്നത്.
ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്ത് കേസ് സംബന്ധിച്ച് സി.ബി.ഐ പോലെയുള്ള ഒരു ഏജന്‍സി
അന്വേഷിക്കുന്നതാണ് ഉചിതം. ഐ.പി.എസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടലംഘനം മാത്രം ചൂണ്ടിക്കാട്ടിയാണ് ലക്ഷ്മണിന് സസ്‌പെന്‍ഷന്‍
നല്‍കിയിരിക്കുന്നത്. ഏതായാലും ജനുവരി ആദ്യം ഇയാള്‍ പ്രമോഷനോടെ എ.ഡി.ജി.പി ആകുമെന്ന് ഉറപ്പാണ്. കാരണം കേരളം ഇപ്പോള്‍
ഭരിക്കുന്നത് ഉദ്യോഗസ്ഥന്‍മാരാണ് എന്നത് തന്നെ.
കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച, പോലീസിലെ ക്രിമിനല്‍വത്ക്കരണം ഇപ്പോള്‍ പാരമ്യത്തില്‍ എത്തിയെന്ന, ചര്‍ച്ചയില്‍ പങ്കെടുത്ത മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി.ആസിഫലിയുടെ വാദം ശരിയാണെന്ന്തോന്നിപ്പോവുന്നു.

ഐ.ജി. ഗോഗുലത്ത് ലക്ഷ്മണ്‍

ലക്ഷ്മണിതിരെ എഫ്.ഐ.ആര്‍ ഇടാന്‍ കേരളാ പോലീസിന് എങ്ങനെ കഴിയും? മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിനും ഇക്കാര്യത്തില്‍
മൗനമാണ്. കാരണം, മോന്‍സന്റെ സങ്കേതത്തില്‍ തിരുമ്മിക്കിടന്ന ദിവസങ്ങള്‍ ഓര്‍മ്മയുള്ള അതിന്റെ നേതാക്കള്‍ക്ക് ഇപ്പോഴും മോന്‍സന്റെ ഒളിക്യാമറകളെ
ദു:സ്വപ്‌നം കണ്ട് ഉണരുന്ന രാത്രികളാണ് എന്നത് തന്നെ.

കേരളാ പോലീസിലെ സത്യസന്ധനെന്ന് പേര് കേട്ട മുന്‍ എസ്.പി എന്‍.സുഭാഷ്ബാബു ഈ ചര്‍ച്ചയില്‍ പങ്കെടുത്ത് കൊണ്ട് വെളിപ്പെടുത്തിയ
ചില കാര്യങ്ങള്‍ ഞെട്ടിക്കുന്നവയാണ്. ലക്ഷ്മണ്‍ മലപ്പുറത്ത് എ.എസ്.പി ആയിരുന്ന കാലത്തായിരുന്നു വിവാഹം കഴിച്ചത്. കല്യാണക്ഷണക്കത്തുമായി
ജില്ലയിലെ സാമ്പത്തിക ശേഷിയുള്ള പലരേയും സമീപിച്ച് ഇയാള്‍ വിവാഹത്തിനായി പൈസ പിരിച്ചു എന്നാണ് സുഭാഷ് ബാബു പറഞ്ഞത്. കൂടാതെ
പെര്‍മിറ്റ്, ലൈസന്‍സ് തുടങ്ങിയ കാര്യങ്ങള്‍ക്കും വന്‍തോതില്‍ കൈക്കൂലി വാങ്ങിയിരുന്നത്രെ.
എന്തായാലും, ഇദ്ദേഹത്തിനെ ഐ.ജി പദവിയില്‍
എത്താന്‍ സഹായിച്ച മഹാന്‍മാരായ നമ്മുടെ നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നല്ല നമസ്‌ക്കാരം പറയാനേ കഴിയൂ.
തെലങ്കാനയില്‍ തെരഞ്ഞടുപ്പില്‍ മല്‍സരിച്ച് ഐ.ടി വകുപ്പിന്റെ മന്ത്രിയാകാന്‍ മോഹിച്ച വ്യക്തിയാണത്രെ ലക്ഷ്മൺ. അതിന് വേണ്ടുന്ന പണവും
സ്വാധീനവും ഇയാളുടെ കൈവശമുണ്ട്. ഏറ്റവും കുറ്റകരമായ ഗൂഢാലോചനയില്‍ പങ്കെടുത്ത ലക്ഷ്മണിനെ രക്ഷിക്കാന്‍ കേരളത്തിലെ കക്ഷിഭേദമന്യേ
രാഷ്ട്രീയ നേതാക്കളെല്ലാം ഒന്നിച്ച് നില്‍ക്കുമെന്ന് ഉറപ്പാണ്. കാരണം അവര്‍ക്കെല്ലാം ഇത്തരക്കാരെയാണ് ആവശ്യം.

ഒരു പുസ്തകമെഴുതിയതിന്, ഡി.ജി.പി ആയിരുന്ന ജേക്കബ്ബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ കാട്ടിയ ശുഷ്‌ക്കാന്തി ഒരു കാട്ടുകളളന് കഞ്ഞി
വെച്ചു കൊടുത്ത ഐ.ജിയുടെ കാര്യത്തില്‍ കാട്ടാത്ത ആഭ്യന്തര വകുപ്പിനും അതിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിക്കും ഒരു ബിഗ് സല്യൂട്ട്.
ഇനിയുള്ള കാലം ലക്ഷ്ണൻമാരുടേതാണ്, ജേക്കബ് തോമസുമാരെ ആര്‍ക്കും വേണ്ട…

Spread the love
English Summary: culprits and their helpers in kerala police hideouts

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick