Categories
opinion

പ്രധാനമന്ത്രിയുടെ ക്ഷേത്രപര്യടനം ശരിയോ…നമ്മുടെ ഭരണഘടന നോക്കുകുത്തിയോ

മതനിരപേക്ഷത ഭരണഘടനാമൂല്യമായി ഉയര്‍ത്തിക്കാട്ടുന്ന ഒരു രാജ്യത്തിലെ പരമോന്നതനായ ഭരണാധികാരി, ഭരണഘടനാ മൂല്യങ്ങള്‍ക്ക് കാവല്‍ക്കാരനായി പ്രവര്‍ത്തിക്കേണ്ട ഒരാള്‍ ഭരണാധികാരത്തിന്റെ എല്ലാ സൗകര്യവും സംവിധാനവും ഉപയോഗിച്ച് ഹിന്ദുക്ഷേത്രങ്ങള്‍ തോറും പര്യടനപരമ്പര നടത്തുകയും ആരാധനയും പൂജയും നടത്തുകയും ഹിന്ദുദൈവ സ്ഥാനങ്ങളുടെ മഹത്വം മാത്രം സംസാരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നതിലെ നിയമവിരുദ്ധത ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. കാരണം ഭരണഘടനാവിരുദ്ധമായി ഏതൊരു പൗരനും പെരുമാറുന്നത് വലിയ രാജ്യദ്രോഹമാണെന്നിരിക്കെ ഒരു ഭരണാധികാരി ഔദ്യോഗികപരിവേഷത്തോടെ അങ്ങിനെ ചെയ്യുന്നത് നിയമലംഘനത്തിന് കേസെടുക്കേണ്ട വിഷയല്ലേ. ഇന്ത്യന്‍ ഭരണഘടന ലോകത്താകെ പുകഴ്ത്തപ്പെടുന്നത് രണ്ടു കാര്യങ്ങളാലാണല്ലോ–അതിന്റെ അടിസ്ഥാനമൂല്യങ്ങളായ ജനാധിപത്യവും മതനിരപേക്ഷതയും വാഗ്ദാനം ചെയ്യുന്നതിനാലാണല്ലോ. ഇതിനൊന്നും ഒരു വിലയും ഇല്ലേ ഇപ്പോള്‍..

2020 ആഗസ്റ്റ് അഞ്ചിന് അയോധ്യയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി കാണിച്ചത് ശരിയായ ഭരണഘടനാ ലംഘനം തന്നെയായിരുന്നു എന്ന് കുറച്ചു പേരെങ്കിലും ചര്‍ച്ച ചെയ്തതാണ്. രാമക്ഷേത്രത്തിന് ഇന്ത്യന്‍ പ്രധാനമന്ത്രി തറക്കല്ലിട്ടപ്പോള്‍ സംഭവിച്ചത് നമ്മുടെ മതനിരപേക്ഷ ഭരണഘടനാമൂല്യങ്ങള്‍ കാറ്റില്‍ പറത്തുകയായിരുന്നു, 1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ത്തപ്പോള്‍ സംഭവിച്ചതു പോലെ. രാമക്ഷേത്രനിര്‍മാണത്തിന് കോടതി നിര്‍ദ്ദേശപ്രകാരം സര്‍ക്കാര്‍ ഏല്‍പിച്ചത് ഒരു ട്രസ്റ്റിനെ ആയിരുന്നു.

thepoliticaleditor

ഈ ട്രസ്റ്റിനു പകരം കേന്ദ്രസര്‍ക്കാര്‍ നേരിട്ടാണ് രാമക്ഷേത്രനിര്‍മ്മാണ കര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചത് എന്നത് ഹിന്ദുത്വ ശക്തികള്‍ക്ക് സന്തോഷകരമായിരിക്കാം, എന്നാല്‍ ഇന്ത്യ എന്ന പത്തു നാല്‍പതു ശതമാനത്തിലധികം ഇതര മതസ്ഥര്‍ പാര്‍ക്കുന്ന രാജ്യത്തെ ഭരണാധികാരി മതേതര ഭരണഘടനയെ തൊട്ട് സത്യം ചെയ്ത് അധികാരമാളുന്ന നരേന്ദ്രമോദി അത് ചെയ്യുമ്പോള്‍ രാജ്യത്തിന് അത് വിനാശകരമാണ്. രാമക്ഷേത്രത്തിന് നരേന്ദ്രമോദി തറക്കല്ലിട്ടത് ഭരണഘടനാ മൂല്യങ്ങളുടെ നഗ്നമായ ലംഘനമാണ്. ഇന്ത്യയുടെ പ്രധാനമന്ത്രി ഹിന്ദുമതക്കാരുടെ ഭരണാധികാരി മാത്രമല്ലല്ലോ.

ഇവിടെ നിങ്ങള്‍ ഒരു എഴുപത് കൊല്ലം മുമ്പ് മറ്റൊരു പ്രധാനമന്ത്രി, ഇന്ത്യന്‍ ഭരണഘടനയുടെ കാവലാളായ ഒരു പ്രധാനമന്ത്രി ചെയ്ത കാര്യം കൂടി ചേര്‍ത്തു വെക്കുന്നത് നല്ലതാണ്. 1951-ല്‍ ആണ് സംഭവം. ഗുജറാത്തിലെ സോമനാഥ ക്ഷേത്ര പുതുക്കിപ്പണിത ശേഷം തുറന്നു കൊടുക്കാന്‍ തീരുമാനിച്ചു. പുതുക്കിപ്പണിയാനുള്ള ആഗ്രഹം സാധിച്ചു കൊടുക്കാന്‍ സര്‍ദാര്‍ വല്ലഭാഭായി പട്ടേല്‍ തീരുമാനിച്ചപ്പോള്‍ പക്ഷേ, സര്‍ക്കാര്‍ നേരിട്ട് അതില്‍ ഭാഗബാക്കാവരുതെന്ന ഗാന്ധിജിയുടെ ഉപദേശം സ്വീകരിച്ചായിരുന്നു മുന്നോട്ടു നീങ്ങിയത്. ഏറ്റവും ശ്രദ്ധേയമായ കാര്യം ഗാന്ധിയുടെ ഏറ്റവും അടുത്ത ശിഷ്യനായിരുന്ന, ഇന്ന് സംഘപരിവാര്‍ നെഹ്‌റുവിനെ ഇരുട്ടില്‍ നിര്‍ത്തി, എടുത്തു കൊണ്ടാടുന്ന പട്ടേലായിരുന്നു, സാക്ഷാല്‍ നെഹ്‌റുവായിരുന്നില്ല, സര്‍ക്കാര്‍ സഹായം കൊണ്ട് സോമനാഥ ക്ഷേത്രം പുനരുദ്ധരിക്കാന്‍ പാടില്ല എന്ന നിലപാട് സ്വീകരിച്ചത് എന്നതായിരുന്നു.

സോമനാഥ ക്ഷേത്രം പുനരുദ്ധരിക്കുന്നതിനു മുമ്പും ശേഷവും

നവീകരിച്ച ക്ഷേത്രം തുറന്നു കൊടുക്കല്‍ ചടങ്ങ് ഇന്ത്യന്‍ രാഷ്ട്രപതി രാജേന്ദ്രപ്രസാദിനെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കണമെന്ന് പരിപാടിയുടെ സംഘാടകര്‍ നിശ്ചയിച്ചു. എന്നാല്‍ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു ഇതില്‍ കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചു കൊണ്ട് രാജേന്ദ്രപ്രസാദിന് കത്തെഴുതുകയാണ് ചെയ്തത്. മതനിരപേക്ഷതയുടെ കാവല്‍ക്കാരായ നാം പരസ്യമായി ഒരു ആരാധനാകേന്ദ്രം ഉല്‍ഘാടനം ചെയ്തു നല്‍കുന്നത് ഭരണഘടനാമൂല്യങ്ങളുടെ കടുത്ത ലംഘനമാണെന്നായിരുന്നു നെഹ്‌റുവിന്റെ പക്ഷം. മതനിരപേക്ഷതയുടെ മൂല്യങ്ങള്‍ പാലിച്ചുകൊണ്ട് ഒരു ആരാധനാലയത്തിലും പ്രധാനമന്ത്രിയെന്ന പദവിയില്‍ അദ്ദേഹം സന്ദര്‍ശിക്കുകയുണ്ടായില്ല എന്നതും എടുത്തു പറയേണ്ട കാര്യമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ പാര്‍ടിയില്‍ അപ്പോഴും ഉറങ്ങിക്കിടക്കുന്ന മൃദുഹിന്ദുത്വം സക്രിയമായിരുന്നു, ഇപ്പോഴത്തെ പോലെ തന്നെ.

ഒരു ഭക്തനെന്ന നിലയില്‍ നരേന്ദ്രമോദിക്ക് വ്യ്കതിപരമായ വിശ്വാസം പാലിക്കാനും ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനും പ്രതിഷ്ഠ നടത്താനുമൊക്കെ അവകാശമുണ്ട്. അതില്‍ ആര്‍ക്കും അസ്വസ്ഥതയും ആവശ്യമില്ല. എന്നാല്‍ പ്രധാനമന്ത്രി എന്ന കപ്പാസിറ്റിയില്‍ കേദാര്‍നാഥില്‍ മാത്രമല്ല അസംഖം ക്ഷേത്രങ്ങളില്‍ പര്യടന പരമ്പര സംഘടിപ്പിക്കുന്നതും അവിടെ മതചടങ്ങുകള്‍ക്ക് കാര്‍മികനാവുന്നതും ഈ രാജ്യത്തിന്റെ ഭരണഘടനയെ പരിഹസിക്കലാണ്. ഹിമാലയത്തിലെ ഗുഹയില്‍ ധ്യാനത്തിലിരിക്കുന്ന മോദിയുടെ കഥയും ചിത്രവും അദ്ദേഹത്തിന്റെ പി.ആര്‍. സംഘം ധാരാളം പ്രചരിപ്പിച്ചതാണ്. അന്ന് പക്ഷേ, 2019-ലെ അവസാനഘട്ട വോട്ടെടുപ്പും കഴിഞ്ഞ ശേഷമായിരുന്നു ധ്യാനചിത്രം മോദി പുറത്തുവിട്ടത് എന്നാണ് ഓര്‍മ. പെരുമാറ്റച്ചട്ടം പേടിച്ച് അത്രയെങ്കിലും മോദി അന്ന് നിയന്ത്രണം പാലിച്ചിരുന്നു. എന്നാലിന്ന് അത്തരം പേടിയൊന്നും ആവശ്യമില്ലെന്ന് പ്രധാനമന്ത്രി കരുതുന്നുണ്ടാവാം.

ഡെല്‍ഹിയിലെ രകബ്ഗഞ്ചിലെ ഗുരുദ്വാരയില്‍ മോദി

കര്‍ഷകസമരം തന്റെ താടിയില്‍ തീ പിടിപ്പിച്ചപ്പോള്‍ തന്ത്രപരമായ വൈകാരിക രാഷ്ട്രീയം കളിക്കാന്‍ പെട്ടെന്നൊരു ദിവസം ഡെല്‍ഹിയിലെ രകബ്ഗഞ്ചിലെ ഗുരുദ്വാരയില്‍ മോദി പീത വസ്ത്രധാരിയായി പാഞ്ഞു ചെന്നു മുട്ടുകുത്തിയതും അത് സിഖ് സമൂഹം അവഗണിച്ചതും ഓര്‍ക്കുക. ഗുരുദ്വാരയില്‍ വണങ്ങുന്ന ചിത്രം പുറത്തുവിട്ട് സമരം ചെയ്യുന്ന കര്‍ഷകരെ ഒതുക്കാന്‍ മോദി നടത്തിയ ശ്രമം പൊതുവെ പരിഹസിക്കപ്പെട്ടതാണ്. എന്നാല്‍ അദ്ദേഹം അത് അവസാനിപ്പിക്കില്ല. കാരണം ഉപതിരഞ്ഞെടുപ്പുകളിലെ സൂചനയനുസരിച്ച് ജനകീയ പ്രശ്‌നങ്ങള്‍ സര്‍ക്കാരിനെതിരായ വികാരം ജനത്തിലുണ്ടാക്കുന്നുണ്ട്. അത് തിരിച്ചുവിടാന്‍ മതവൈകാരികതയുടെ ഏകീകരണം സാധ്യമാക്കേണ്ടത് അടുത്ത വര്‍ഷം ആദ്യം നടക്കാനിരിക്കുന്ന യു.പി.,പഞ്ചാബ്, മധ്യപ്രദേശ് തുടങ്ങി വലിയ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ വിജയത്തിന് അനിവാര്യമാണ്.

Spread the love
English Summary: criticism against narendra modi's temple visit serial

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick