Categories
exclusive

കണ്ണൂര്‍ തളിപ്പറമ്പിലെ വിമത നേതാവ്‌ കെ.മുരളീധരനെ സി.പി.എം. പുറത്താക്കി

സി.പി.എം. മുന്‍ തളിപ്പറമ്പ്‌ ഏരിയാ കമ്മിറ്റി അംഗവും മുന്‍ തളിപ്പറമ്പ നഗരസഭാ വൈസ്‌ ചെയര്‍മാനുമായ കോമത്ത്‌ മുരളീധരനെ സി.പി.എം. പുറത്താക്കി. ഏതാനും മാസമായി മുരളീധരന്‍ പാര്‍ടിയുമായി പരസ്യമായി ഇടഞ്ഞു നില്‍ക്കുകയായിരുന്നു. ഏരിയാ കമ്മിറ്റിയില്‍ നിന്നും നേരത്തെ തന്നെ മുരളീധരനെ നോര്‍ത്ത്‌ ലോക്കല്‍ കമ്മിറ്റിയിലേക്ക്‌ തരം താഴ്‌ത്തിയിരുന്നു. തുടര്‍ന്ന്‌ മുരളീധരന്‍ പരസ്യമായി ഇടയുകയും സ്വന്തം തട്ടകമായ കീഴാറ്റൂരും മാന്ധാംകുന്നിലും സി.പി.എം. പ്രവര്‍ത്തകരായ അനുയായികളെ ഉള്‍പ്പെടുത്തി തന്റെതായ രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്‌തു.
തളിപ്പറമ്പ്‌ ഏരിയാ സമ്മേളനം കഴിഞ്ഞ ദിവസമാണ്‌ നടന്നത്‌. നേരത്തെ കീഴാറ്റൂരില്‍ തീരുമാനിച്ചിരുന്ന സമ്മേളനം മുരളീധരന്‍ പ്രശ്‌നത്തിന്റെ പശ്ചാത്തലത്തില്‍ വിവാദമൊഴിവാക്കാന്‍ അവസാന നിമിഷം പാര്‍ടി ശക്തികേന്ദ്രമായ കൂവോട്ടേക്കു മാറ്റി.

സമ്മേളനത്തില്‍ മുരളീധരന്റെ വിഷയം വിവാദമുണ്ടാക്കുമെന്ന്‌ നേതൃത്വം ആശങ്കപ്പെട്ടിരുന്നതിനാലാകണം സി.പി.എം. കേന്ദ്രസമിതി അംഗമായ മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്‌റ്റര്‍ നേരിട്ട്‌ മുഴുവന്‍ സമയവും സമ്മേളനത്തില്‍ പങ്കെടുത്തു. ജില്ലാ സെക്രട്ടറിയും മുഴുവന്‍ സമയവും സമ്മേളനത്തില്‍ ഉണ്ടായി. എന്നാല്‍ പ്രതീക്ഷിച്ചതു പോലെ മുരളീധരന്‍ പ്രശ്‌നം പാര്‍ടി സമ്മേളനത്തിലോ പിന്നീടോ വിവാദത്തീയൊന്നും ഉണ്ടാക്കിയില്ല. ഏരിയാ സമ്മേളനത്തിനു മുമ്പു തന്നെ മുരളീധരന്റെ പുറത്തേക്കുള്ള വഴി ഉറപ്പായിരുന്നെങ്കിലും സമ്മേളനത്തിന്റെ ഭാഗമായി ഇത്‌ വിവാദമാക്കണ്ടതില്ലെന്ന അടിസ്ഥാനത്തിലായിരുന്നു സമ്മേളനം കഴിയാന്‍ പാര്‍ടി കാത്തിരുന്നത്‌ എന്നത്‌ വ്യക്തം.ഇതിന്റെ പശ്ചാത്തലത്തിലായിരിക്കണം മുരളീധരനെതിരെ ശക്തമായ നടപടി അടുത്ത മാസം നടക്കാനിരിക്കുന്ന ജില്ലാ സമ്മേളനത്തിനു മുമ്പേ തന്നെ പാര്‍ടി സ്വീകരിച്ചിരിക്കുന്നത്‌. പുറത്താക്കിയ വിവരം ജില്ലാ കമ്മിറ്റിയുടെ അറിയിപ്പായി പാർട്ടി പത്രത്തിൽ ഇന്ന് പ്രസിദ്ധീകരിച്ചു.

thepoliticaleditor

തളിപ്പറമ്പില്‍ കഴിഞ്ഞ തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പു വേളയില്‍ വിഭാഗീയ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച്‌ ഏരിയാകമ്മിറ്റിയില്‍ നിന്നും ലോക്കല്‍കമ്മിറ്റിയിലേക്കു തരംതാഴ്‌ത്തലിനു വിധേയനായിരുന്നു മുരളി. തളിപ്പറമ്പ നഗരസഭാ മുന്‍ വൈസ്‌ ചെയര്‍മാന്‍ കൂടിയായ മുരളീധരന്‍ ഒക്ടോബർ 18 നു നടന്ന തളിപ്പറമ്പ്‌ സി.പി.എം. ലോക്കല്‍ സമ്മേളനത്തില്‍നിന്നും ഇറങ്ങിപ്പോയിരുന്നു. സമ്മേളനത്തില്‍ വിഭാഗീയത ആരോപിച്ചായിരുന്നു ഇറങ്ങിപ്പോക്ക്‌.
തദ്ദേശ സ്വയംഭരണസ്ഥാപന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ വിഭാഗീയ പ്രവര്‍ത്തനം ആരോപിക്കപ്പെട്ട മുരളീധരന്‍ പിന്നീട്‌ ഇതു സംബന്ധിച്ച്‌ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഏരിയാ കമ്മിറ്റി യോഗത്തില്‍ ഏരിയാ സെക്രട്ടറി കെ.സന്തോഷിനെ രൂക്ഷമായി അധിക്ഷേപിച്ചു സംസാരിക്കുകയും ഇറങ്ങിപ്പോകുകയും ചെയ്‌തിരുന്നു. ഇത്‌ പാര്‍ടി ഗൗരവമായി കാണുകയും ജില്ലയിലെ എല്ലാ ബ്രാഞ്ചുകളിലും വിശദീകരിക്കുകയും മുരളീധരനെതിരായ നടപടി സര്‍ക്കുലറായി അയക്കുകയും ചെയ്‌തിരുന്നു. ആ സമയത്ത്‌ പാര്‍ടി വിടാനൊരുങ്ങിയ മുരളീധനരെ ജില്ലാ നേതൃത്വം അനുനയിപ്പിച്ച്‌ പിന്തിരിപ്പിക്കുകയായിരുന്നു.

Spread the love
English Summary: cpm expelled dissident leader k muraleedharan in talipparambu

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick