Categories
kerala

ബിച്ചു തിരുമല : വികാരങ്ങളുടെ ‘ഓള്‍ റൗണ്ടര്‍’

1970 മദ്ധ്യം മലയാള സിനിമാഗാനശാഖ ആധുനികസാങ്കേതികത്വങ്ങളെ സ്വീകരിക്കാൻ തുടങ്ങിയ കാലം .അതുവരെ പ്രധാനമായും തബല,മൃദംഗം,ഡുക്കിതരംഗ് എന്നിവയിൽ ഒതുങ്ങിനിന്നിരുന്ന താളവാദ്യങ്ങൾക്കൊപ്പം ജാസ്ഡ്രം,തുമ്പ-കോംഗോ-ബോംഗോസ് എന്നീ പാശ്ചാത്യരും പാട്ടുകളുടെ പിന്നണിയിൽ അണിനിരന്നു.സലിൽ ചൗധരി ഉയർത്തിവിട്ട വെസ്റ്റേൺ തരംഗം ശ്യാം,എ ടി ഉമ്മർ,രവീന്ദ്രൻ,കെ ജെ ജോയ് എന്നിവർ ആഘോഷമാക്കി. ഇവർക്കൊപ്പം ആ കാലഘട്ടത്തെ ദീപ്തമാക്കിയ ഒരേയൊരു പേരാണ് ബിച്ചു…..ബിച്ചുതിരുമല.
ഈണം,ഭക്തിയായാലും നർമ്മമായാലും താരാട്ടായാലും വിഷാദമായാലും അദ്ദേഹത്തിൻറെ തൂലികയിൽനിന്നും ഉതിർന്നുവീഴുന്ന അക്ഷരങ്ങൾ ആ വികാരത്തിന് മാറ്റ് കൂട്ടി.
ഗാനരചന ബിച്ചു തിരുമല സംഗീതം ശ്യാം
ഗാനരചന ബിച്ചു തിരുമല സംഗീതം എ ടി ഉമ്മർ
ഗാനരചന ബിച്ചു തിരുമല സംഗീതം രവീന്ദ്രൻ

ഏതാണ്ട് രണ്ടുപതീറ്റാണ്ട് നമ്മെ കോരിത്തരിപ്പിച്ച കോംബോത്രയം.അതിനിടയിലേക്ക് കെ ജെ ജോയ് ജെറി അമൽദേവ് കണ്ണൂർ രാജൻ എന്നിവർ കടന്നുവരുന്നു,ഇളയരാജയും ജോൺസണും ഔസേപ്പച്ചനും കൂടെ കൂടുന്നു; 90കളിൽ എസ് പി വെങ്കിടേഷ്,മോഹൻസിത്താര എന്നിവർക്ക് ബാറ്റൺ കൈമാറുന്നു. മെലഡിയിലും ഫാസ്റ്റ് നമ്പറുകളിലും സൂപ്പർ ഡ്യൂപ്പർ ഹിറ്റുകൾ ഉണ്ടാകുന്നു പക്ഷേ ഗാനരചയിതാവിന്റെ സ്ഥാനത്ത് ഒരേയൊരു പേര് മാത്രം ബിച്ചു തിരുമല.

വിഷ്ണുമായയിൽ പിറന്ന വിശ്വരക്ഷകാ,കുളത്തൂപുഴയിലെ ബാലകനേ എന്നിങ്ങനെ ഭക്തിയുടെ നീലിമലകയറുമ്പോൾ തന്നെയാണ് മാമാങ്കം പലകുറികൊണ്ടാടുന്നതും, ശരറാന്തൽ വെളിച്ചത്തിൽ ശയന മുറിയിൽ ഞാൻ ശാകുന്തളം വായിക്കുന്നതും.പടകാളി ചണ്ഡീ ചങ്കരി പോർക്കലി മാർഗിനിയും മന്ത്രിക്കൊച്ചമ്മയും എഴുതിയ തൂലികയിൽ നിന്ന് തന്നെയാണ് വെള്ളാരം കുന്നിന്മേലെ വേഴാമ്പൽ മഴതേടുന്നതും മകളേ പാതിമലരേ നീ മനസ്സിലെന്നെയറിയുന്നോ എന്ന് ചോദിക്കുന്നതും.

thepoliticaleditor
ശ്യാം

സ്വർഗ്ഗമന്ദിരം പണിഞ്ഞു സ്വപ്നഭൂമിയിൽ എന്ന് കണ്ണുനനയിക്കുമ്പോൾ തന്നെയാണ് ഊട്ടിപ്പട്ടണം പോട്ടിക്കെട്ടണം എന്നെഴുതി നമ്മെ ചിരിപ്പിക്കുന്നതും.
ബിച്ചു ഏറെ പാട്ടെഴുതിയിട്ടുള്ളത് ശ്യാമിന് വേണ്ടിയാണ്.118ഗാനങ്ങളാണ് ഈ കൂട്ടുകെട്ടിൽനിന്നും നമുക്ക് ലഭിച്ചത്.1975ൽ കാമം ക്രോധം മോഹം എന്ന ചിത്രത്തിലൂടെയാണ് വിഖ്യാതമായ ഈ കൂട്ടുകെട്ട് തുടങ്ങുന്നത്.തൊട്ടടുത്തവർഷം അനുഭവങ്ങളിലൂടെ ബിച്ചു-എ ടി ഉമ്മർ ദ്വയവും അരങ്ങേറി.1977ൽ ആരാധനയുടെ കെ ജെ ജോയിയും ബിച്ചുവും ഒന്നിച്ചു.1981ൽ തേനും വയമ്പും നാവിൽ തൂകി രവീന്ദ്രനും ബിച്ചുവും.ഇതിനിടയിൽ കണ്ണൂർ രാജൻ, ജെറി അമൽദേവ് എന്നിവർക്കൊപ്പമുള്ള പാട്ടുകൾ ഉണ്ടായിട്ടുണ്ടെങ്കിലും ദീർഘകാലം നീണ്ടുനിന്ന കൂട്ടുകെട്ടുകൾ ഇവർ മൂന്നുപേരുമായിട്ടായിരുന്നു.ഐ വി ശശിയുടെ ചിത്രങ്ങളാണ് അവയിൽ കൂടുതൽ എന്നതും ശ്രദ്ധേയമാണ്.

പാട്ടുകളിലും അതിന്റെ ചിത്രീകരണത്തിലും മാസ്റ്റർ ക്രാഫ്റ്റ്മാൻ ആയ ഐ വി ശശിയോട് തീർത്താൽ തീരാത്ത കടപ്പാടുണ്ട് മലയാള ഗാനശാഖയുടെ ആധുനിക കാലത്തിന്. നളദമയന്തി കഥയിലെ അരയന്നം പോലെ,കണ്ണും കണ്ണും,ഓളങ്ങൾ താളം തല്ലുമ്പോൾ,മൈനാകം കടലിൽ,ശ്രുതിയിൽ നിന്നുയരും,ഏതോ ജന്മബന്ധം,ഒരു മധുരക്കിനാവിൻ,കസ്തൂരിമാൻ കുരുന്നേ,തുടർക്കിനാക്കളെ,വെള്ളാരം കുന്നിന്മേലെ എന്നീ ഹിറ്റുകളിലൂടെ ശ്യാമും,വാകപ്പൂമരംചൂടും,തുഷാരബിന്ദുക്കളേ,നീലജലാശയത്തിൽ,രാകേന്ദുകിരണങ്ങൾ,പ്രഭാതം പൂമരക്കൊമ്പിൽ,ഒരുമയിൽ പീലിയായ് നീ,കൊമ്പിൽ കിലുക്കും കെട്ടി,ജലശംഖുപുഷ്പം,വെള്ളിച്ചില്ലും വിതറി,കാളിന്ദീ തീരംതന്നിൽ എന്നീഹിറ്റുകളിലൂടെ എ ടി ഉമ്മറും, ഒറ്റക്കമ്പിനാദം,തേനും വയമ്പും,ഏഴുസ്വരങ്ങളും,ലീലാതിലകം ചാർത്തി,മണ്ണിൽ വീണ മഴനീർ,സുന്ദരീ സുന്ദരീ ഒന്നൊരുങ്ങി വാ,ഒളിക്കുന്നുവോ മിഴിക്കുമ്പിളിൽ,കളിപ്പാട്ടമായ് കണ്മണി,പനിനീരുമായ്,കള്ളൻ ചക്കേട്ടു എന്നീ ഹിറ്റുകളിലൂടെ രവീന്ദ്രനും ഒരു കാലഘട്ടത്തെ അവിസ്മരണീയമാക്കി.
ജെറി അമൽദേവിന്റെ സംഗീതത്തിൽ മിഴിയോരം നനഞ്ഞൊഴുകും,ആളൊരുങ്ങിഅരങ്ങൊരുങ്ങി,തൂക്കണാംകുരുവിയോ,ആയിരം കണ്ണുമായ്എന്നീഹിറ്റുകളാണ്ബിച്ചുവിന്റെതായിട്ടുള്ളത്.

എ ടി ഉമ്മർ

മലയാളത്തിലെ അപൂർവ്വ ഖവാലിഗാനമായി വിലയിരുത്തുന്ന സ്വർണ്ണമീനിന്റെ ചേലൊത്ത കണ്ണാളേ എന്ന ഗാനത്തിൽ കെ ജെ ജോയിയുടെ മാന്ത്രിക സംഗീതമാണോ ബിച്ചുവിന്റെ വരികളാണോ മികച്ചത് എന്നൊരു സംശയം ഈ 2021ലും ഒരു ഗാനാസ്വാദകനെ വിടാതെ പിന്തുടരുന്ന ചോദ്യമാണ്.നീലാരണ്യം പൂന്തുകിൽ ചാർത്തി,കുങ്കുമ സന്ധ്യകളോ,പൂ പൂ ഊതാപ്പൂ,കുറുമൊഴി കൂന്തലിൽ വിടരുമോ,എവിടെയോ കളഞ്ഞു പോയ കൗമാരം,എൻസ്വരം പൂവിടും ബിച്ചുവും കെ ജെ ജോയിയും കൂടിച്ചേർന്നപ്പോൾ കിട്ടിയ ഗാനമുത്തുകൾ. തൂ മഞ്ഞിൻ തുള്ളി,ശങ്കരധ്യാനപ്രകാരം,പീലിയേഴും വീശിവാ എന്നെ ഗാനങ്ങളിലൂടെ കണ്ണൂർ രാജനും വാലിട്ടെഴുതിയ നീലക്കടക്കണ്ണിൽ,ആലിപ്പഴം പെറുക്കാൻ,പൂങ്കാറ്റിനോടും, കൊഞ്ചി കരയല്ലേ,ആലാപനം തേടും തായ്മനം,ഓലത്തുമ്പത്തിരുന്നൂയലാടും എന്നീ ഗാനങ്ങളിലൂടെ ഇളയരാജയും ബിച്ചുവിന്റെ കാവ്യഭാവനക്ക് ചിറകുകൾ നൽകി. ജോൺസൻ,ഔസേപ്പച്ചൻ എന്നിവരോടൊപ്പം ബിച്ചു കൂട്ടുചേർന്നെങ്കിലും എവർഗ്രീൻ ഗണത്തിൽ പെടുത്താൻ കഴിയുന്ന ഗാനങ്ങൾ ആ കൂടിച്ചേരലുകളിൽ ഉണ്ടായില്ല എന്നത് ഒരു ദുഃഖമായി നിൽക്കുന്നു.പിന്നീട് എസ് പി വെങ്കിടേഷുമായാണ് നല്ലൊരു കോംബോ വരുന്നത്.താഴ്‌വാരം മൺപൂവേ,പാൽനിലാവിനും,കൊക്കും പൂഞ്ചിറകും,മീനവേനലിൽ,പനിനീർ ചന്ദ്രികേ,പച്ചക്കറിക്കായ തട്ടിൽ,എട്ടപ്പം ചുടണം,മഞ്ഞച്ചരടിനുള്ളിൽ എന്നീ ഗാനങ്ങൾ എസ് പി വെങ്കിടേഷുമൊത്തുള്ള കോമ്പിനേഷനിൽ ഹിറ്റായതാണ്.
ദൂരദർശന്റെ പ്രതാപകാലത്ത് ജംഗിൾ ബുക്ക് ന്റെ മലയാളം പരിഭാഷക്ക് ടൈറ്റിൽ സോങ് എഴുതിയതും ബിച്ചുവായിരുന്നു.’ചെപ്പടിക്കുന്നിൽ മിന്നിച്ചിണുങ്ങും ചക്കരപ്പൂവേ’ കേരളക്കരയാകെ ഏറ്റുപാടി ആ ഗാനത്തിന്റെ സംഗീതം മോഹൻ സിത്താരയും.
അണിയാത്തവളകൾ എന്ന ബാലചന്ദ്രമേനോൻ ചിത്രം.കോളേജിലെ ഒരു പരിപാടിക്ക് നായികമാരിൽ ഒരാളായ അംബിക പാടുകയാണ്.”ഒരു മയിൽ പീലിയായ് ഞാൻ ജനിച്ചിരുന്നെകിൽ….”
സദസ്സിൽ സുകുമാരൻ,ജഗതി മുതലായ കോളേജിലെ ഊളകമ്പനികൾ മൊത്തമുണ്ട്.അവരെ കണ്ടതുകൊണ്ട് തന്നെ നായികയാകെ അസ്വസ്ഥയാണ്. എങ്കിലും കൂട്ടുകാരിയുടെ നിർബന്ധത്തിൽ പാടുകയാണ്.ആ ഗാനം സദസ്സിനെ കോരിത്തരിപ്പിച്ചു മുന്നേറുന്നു
”നിന്‍ പ്രേമ കാളിന്ദീ പുളിനങ്ങളില്‍ എന്നും
ഒരു നീലക്കടമ്പായ് ഞാന്‍ പൂ ചൊരിയും
നിന്‍ തിരുമാറിലെ ശ്രീവത്സമാകുവാന്‍
നിന്നിലലിഞ്ഞു ചേരാന്‍ എന്തു മോഹം
ദേവാ…ദേവാ…”
പെട്ടന്ന് സദസ്സിൽ നിന്നും ഒരു മറുവരി….” എന്തോ ഓഓഓഓഓഓഓ” ….സിനിമയില്‍ ആ മറുവരി പാടിയത്‌ ആ പാട്ടെഴുതിയ സാക്ഷാല്‍ ബിച്ചു തിരുമല തന്നെയായിരുന്നു.!!!

Spread the love
English Summary: bichu thirumala was an allrounder of emotions

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick