Categories
latest news

യോഗേന്ദ്രയാദവിന്റെ സസ്‌പെന്‍ഷനു പിന്നില്‍ നിഹാംഗുകള്‍..

തിരഞ്ഞെടുപ്പു ഫലപ്രവചന വിദ്‌ഗ്‌ധനും കര്‍ഷകസമര നേതാവുമായ യോഗേന്ദ്രയാദവിനെ സംയുക്ത കിസാന്‍ മോര്‍ച്ച സസ്‌പെന്‍ഡ്‌ ചെയ്‌തതിനു പിറകില്‍ നിഹാംഗുകളുടെ ഭീഷണിയാണെന്നാണ്‌ പുറത്തു വരുന്ന വാര്‍ത്ത. ലഖിംപൂര്‍ ഖേരിയില്‍ മരിച്ച ബി.ജെ.പി. പ്രവര്‍ത്തകന്‍ ശുഭം മിശ്രയുടെ വീട്ടിലെത്തി അനുശോചനം അര്‍പ്പിച്ചതിനാണ്‌ കിസാന്‍ മോര്‍ച്ച യാദവിനെ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌ എന്നായിരുന്നു ആദ്യം പുറത്തു വന്ന വാര്‍ത്ത. യാദവ്‌ തനിക്കെതിരായ നടപടി പെട്ടെന്ന്‌ അംഗീകരിച്ചതോടെയാണ്‌ യഥാര്‍ഥ കാരണത്തിലേക്ക്‌ അന്വേഷണം നീണ്ടത്‌. പുറത്തു വന്നതാവട്ടെ ഇതുവരെ പുറം ലോകം അറിയാതിരുന്ന കാര്യങ്ങള്‍.

കര്‍ഷകസമരത്തിന്‌ സംരക്ഷണകവചം തീര്‍ക്കുന്നത്‌ സിഖ്‌ മതവിഭാഗമായ നിഹാംഗുകളുടെ വിവിധ ദളങ്ങളാണ്‌. അവരുടെ മേല്‍നോട്ടത്തിലാണ്‌ സുരക്ഷാസംവിധാനങ്ങള്‍ സമരവേദിയിലും അനുബന്ധമായും ഒരുക്കിയിരിക്കുന്നത്‌. ബി.ജെ.പി. പ്രവര്‍ത്തകന്റെ വീട്ടിലേക്കുള്ള യോഗേന്ദ്രയാദവിന്റെ സന്ദര്‍ശനം നിഹാംഗുകളെയാണ്‌ പ്രകോപിപ്പിച്ചത്‌. അവര്‍ കിസാന്‍ മോര്‍ച്ച നേതൃത്വത്തോട്‌ കര്‍ക്കശമായി ആവശ്യപ്പെട്ടത്‌ തങ്ങള്‍ നിങ്ങള്‍ക്കായി നില്‍ക്കണമോ അതോ യാദവിനെതിരെ നടപടി എടുക്കുന്നോ എന്നായിരുന്നു എന്നാണ്‌ പുതിയ വാര്‍ത്ത. നിഹാംഗുകള്‍ക്കെതിരെ പ്രസ്‌താവനയിറക്കുന്നവരെ തള്ളിപ്പറഞ്ഞില്ലെങ്കില്‍ തങ്ങള്‍ വിട്ടുപോകുമെന്ന്‌ നിഹാംഗ്‌ നേതാക്കള്‍ കര്‍ക്കശമായി പറഞ്ഞു. യോഗേന്ദ്രയാദവ്‌ നിഹാംഗുകള്‍ക്കെതിരായി നിരന്തരമായി പ്രസ്‌താവന ഇറക്കുന്നതില്‍ അവര്‍ കുപിതരായിരുന്നു. നിഹാംഗുകളുടെ ഏറ്റവും വലിയ രണ്ട്‌ ദളങ്ങളായ ബുദ്ധ ദളും, തര്‍ണ ദളും ചേര്‍ന്ന്‌ ഒക്ടോബര്‍ 27-ന്‌ ഒരു പ്രതിഷേധ കണ്‍വെന്‍ഷനും തീരുമാനിച്ചിരുന്നതായി പറയുന്നു. അതില്‍ തങ്ങള്‍ തീരുമാനം പ്രഖ്യാപിക്കും എന്ന്‌ ഭീഷണിപ്പെടുത്തിയതോടെയാണ്‌ യാദവിനെ സസ്‌പെന്‍ഡ്‌ ചെയ്യാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച തീരുമാനിച്ചത്‌.
സമരകേന്ദ്രമായ സിങ്‌ഖുവില്‍ ഏകദേശം 250 നിഹാംഗുകളുടെ സാന്നിധ്യം ഉണ്ടെന്നാണ്‌ വാര്‍ത്ത. ഇവര്‍ ആയുധധാരികളാണ്‌. കേന്ദ്രസര്‍ക്കാര്‍ ഏതു നിമിഷവും തങ്ങളെ ഉപദ്രവിക്കുമെന്ന്‌ സമരത്തില്‍ പങ്കെടുക്കുന്ന പാവപ്പെട്ട കര്‍ഷകര്‍ ഭയക്കുന്നുണ്ട്‌. അവര്‍ക്ക്‌ സുരക്ഷാബോധം നല്‍കുന്നത്‌ ഈ നിഹാംഗുകളുടെ സാന്നിധ്യമാണ്‌.

thepoliticaleditor
Spread the love
English Summary: THREAT OF NIHANGS BEHIND THE SUSPENSION OF YOGENDRA YADAV

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick