Categories
kerala

ഉത്ര വധക്കേസ്‌: ഭര്‍ത്താവ്‌ സൂരജിന്‌ ഇരട്ട ജീവപര്യന്തം

പതിനേഴ്‌ വര്‍ഷം തടവ്‌ തീര്‍ന്ന ശേഷമായിരിക്കും ഇരട്ട ജീവപര്യന്തം ശിക്ഷ ആരംഭിക്കുക

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൊല്ലം അഞ്ചല്‍ ഏറം സ്വദേശിയായ ഉത്ര(25)യെ കിടപ്പുമുറിയില്‍ വെച്ച്‌ ഭര്‍ത്താവ്‌ സൂരജ്‌ എസ്‌.കുമാര്‍ മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ച്‌ കടിയേല്‍പിച്ച്‌ കൊന്ന കേസില്‍ സൂരജിന്‌ ഇരട്ട ജീവപര്യന്തം തടവ്‌ ശിക്ഷവിധിച്ചു. കൊലക്കുറ്റത്തിനും കൊലപാതകശ്രമത്തിനുമായി ഇരട്ട ജീവപര്യന്തവും അഞ്ച്‌ ലക്ഷം രൂപ പിഴയും മറ്റ്‌ വകുപ്പുകളില്‍ പത്ത്‌, ഏഴ്‌ വര്‍ഷം തടവും ആണ്‌ ശിക്ഷ വിധിച്ചിരിക്കുന്നത്‌. പതിനേഴ്‌ വര്‍ഷം തടവ്‌ തീര്‍ന്ന ശേഷമായിരിക്കും ഇരട്ട ജീവപര്യന്തം ശിക്ഷ ആരംഭിക്കുക എന്നും കോടതി പറഞ്ഞു. 10 വർഷം വിഷവസ്തു ഉപയോഗിച്ചുള്ള കൊലയ്ക്കും, 7 വർഷം തെളിവ് നശിപ്പിച്ചതിനുമാണ് ശിക്ഷ. പ്രതിയുടെ പ്രായവും മുൻ കാല ക്രിമിനൽ പശ്ചാത്തലമില്ലാത്തതും കോടതി പരിഗണിച്ചാണ് വധശിക്ഷ ഒഴിവാക്കിയത്.

കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ്‌ ജഡ്‌ജി എം. മനോജ്‌ ആണ്‌ ശിക്ഷ വിധിച്ചത്‌. സൂരജ്‌ കുറ്റക്കാരനാണെന്ന്‌ കോടതി തിങ്കളാഴ്‌ച വിധിച്ചിരുന്നു.

നീതി കിട്ടിയില്ല,വിധിയില്‍ നിരാശര്‍ -ഉത്രയുടെ അമ്മ

ശിക്ഷ അപര്യാപ്‌തമായെന്നും തങ്ങള്‍ നിരാശരാണെന്നും ഉത്രയുടെ അമ്മ പ്രതികരിച്ചു. കേസിന്റെ എല്ലാ നടപടികളിലും പൂര്‍ണ തൃപ്‌തി പ്രകടിപ്പിച്ച കുടുംബം പക്ഷേ വിധിയില്‍ തൃപ്‌തരല്ല എന്ന പ്രതികരണമാണ്‌ നടത്തിയിരിക്കുന്നത്‌. ഉറപ്പായും വിധിക്കെതിരെ അപ്പീല്‍ പോകുമെന്നും അവര്‍ പറഞ്ഞു.

ഏറം വെള്ളാശ്ശേരില്‍ വിജയസേനന്റെയും മണിമേഖലയുടെയും മകളായ ഉത്രയെ 2020 മെയ്‌ ആറിന്‌ രാത്രി കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ ഭര്‍ത്താവ്‌ സൂരജ്‌ മൂര്‍ഖന്‍ പാമ്പിനെ വീടിന്റെ രണ്ടാംനിലയിലെ കിടപ്പുമുറിയില്‍ കൊണ്ടുവന്ന്‌ കടിപ്പിക്കുകയായിരുന്നു എന്നാണ്‌ കേസ്‌.

ഏഴിന്‌ അതിരാവിലെ ഉത്രയുടെ അമ്മയാണ്‌ കട്ടിലില്‍ മരിച്ചുകിടക്കുന്ന നിലയില്‍ ഉത്രയെ കണ്ടത്‌. ഭിന്നശേഷിക്കാരിയായിരുന്ന ഉത്രയെ ധനാര്‍ത്തി മൂത്ത സൂരജ്‌ ഇല്ലാതാക്കാന്‍ തീരുമാനിക്കുകയും അതിന്‌ അപൂരവ്വമായ കൊലപാതക രീതി തിരഞ്ഞെടുക്കുകയുമായിരുന്നു. മുറിയില്‍ വെച്ച്‌ പാമ്പുകടിയേറ്റ്‌ സ്വാഭാവികമായുണ്ടായ മരണം എന്ന നിലയില്‍ ലോക്കല്‍ പോലീസ്‌ എഴുതിത്തള്ളിയ കേസായിരുന്നു ഇത്‌.

ഉത്രയുടെ മാതാപിതാക്കള്‍

മാതാപിതാക്കള്‍ ഇത്‌ കൊലപാതകമാണെന്ന്‌ പറഞ്ഞ്‌ ജില്ലാ പൊലീസ്‌ മേധാവിയെ സമീപിച്ചതോടെയാണ്‌ കേസിലെ ക്രൈമിന്റെ ചുരുള്‍ നിവര്‍ന്നത്‌. സാക്ഷികള്‍ ആരും ഇല്ലാതിരുന്ന കേസില്‍ ശാസ്‌ത്രീയ തെളിവുകളും ഫോറന്‍സിക്‌ റിപ്പോര്‍ട്ടുകളും ആശ്രയിച്ചാണ്‌ കുറ്റപത്രം തയ്യാറാക്കിയിരുന്നത്‌.

നേരത്തെയും ഉത്രയെ പാമ്പുകടിയേറ്റ നിലയില്‍ കണ്ടെത്തുകയും മാസങ്ങളളോളം ചികില്‍സിച്ച ശേഷം ജീവിതത്തിലേക്ക്‌ തിരിച്ചെത്തിക്കുകയും ചെയ്‌തിരുന്നു എന്നതും ചേര്‍ത്ത്‌ വെച്ച്‌ അന്വേഷിച്ചപ്പോഴാണ്‌ ഭര്‍ത്താവ്‌ സൂരജ്‌ ഉത്രയെ ഇല്ലാതാക്കാന്‍ തുടര്‍ച്ചയായി നടത്തിക്കൊണ്ടിരുന്ന കൊലപാതക ശ്രമങ്ങളായിരുന്നു ഈ പാമ്പുകടിയേല്‍ക്കല്‍ എന്നു വ്യക്തമായത്‌.

ഉത്ര, സൂരജിന്‌ പാമ്പിനെ നല്‍കിയ സുരേഷ്‌, സൂരജ്‌

പാമ്പുപിടുത്തക്കാരനായ കല്ലുവാതുക്കല്‍ സ്വദേശി സുരേഷ്‌ ഈ കേസിലെ മാപ്പുസാക്ഷിയായത്‌ കേസിന്‌ വലിയ വഴിത്തിരിവായി. പാമ്പിനെ തന്റെ അടുത്തു നിന്നും സൂരജ്‌ വാങ്ങിയതാണെന്ന്‌ സുരേഷ്‌ സാക്ഷ്യപ്പെടുത്തി. സുരേഷ്‌ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്‌റ്റഡിയിലാണ്‌. കേസ്‌ വിധി വന്നതോടെ സുരേഷിനെ വിട്ടയക്കും. നിയമവും പൊതു സമൂഹവും പ്രതിക്ക്‌ വധശിക്ഷ നല്‍കണമെന്ന്‌ ആവശ്യപ്പെടുന്നതായി പ്രൊസിക്യൂഷന്‍ ചൂണ്ടിക്കാട്ടുകയുണ്ടായി.

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick