Categories
kerala

ജീവിതത്തില്‍ നിന്നും ചീന്തിയെടുത്ത അഭിനയത്തിന്റെ കൊടുമുടി

ജീവിതത്തില്‍ നിന്നും അടര്‍ത്തിയെടുത്തതു പോലെ സ്വാഭാവിക അഭിനയം കൊണ്ട്‌ ലോകത്തിലെ സിനിമാസ്വാദകരെ എന്നും അമ്പരപ്പിച്ചിരുന്ന അഭിനയ മഹാപ്രതിഭ ചലച്ചിത്രലോകം നിനച്ചിരിക്കാതെ, ഒരുപാട്‌ കഥാപാത്രങ്ങളെ ഭാവിയിലേക്ക്‌ അനാഥരാക്കി കടന്നു പോയിരിക്കുന്നു.

ആലുപ്പുഴ ജില്ലയിലെ നെടുമുടി എന്ന ഗ്രാമത്തിലെ കെ. വേണുഗോപാലിനെ ലോകം നെടുമുടി വേണു എന്ന്‌ വിളിച്ചു, ആ പ്രതിഭയുടെ നിറവുകള്‍ കൊണ്ടാടി. ഇപ്പോഴിതാ നമ്മള്‍ തേങ്ങുന്നു….നെടുമുടി വേണു ഇനിയില്ല എന്നത്‌ സത്യം. നാല്‍പത്‌ വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ 500-ല്‍ അധികം സിനിമകളില്‍ വേഷമിടുകയും ചെയ്‌ത ഓരോ ചെറിയ കഥാപാത്രത്തെയും അവിസ്‌മരണീയമാക്കുകയും കാലം കല്ലില്‍ കൊത്തിയ പോലെ മലയാള സിനിമയിലെ നാഴികക്കല്ലായിത്തീര്‍ന്ന ഒത്തിരി സിനിമകളില്‍ എക്കാലവും മറക്കാത്ത കഥാപാത്രങ്ങളെ കലാകേരളത്തിന്‌ സമ്മാനിക്കുകയും ചെയ്‌ത പ്രതിഭ ഇനി ഓര്‍മയുടെ അണിയറയിലേക്ക്‌…

thepoliticaleditor

ഞായറാഴ്‌ച രാവിലെ അവശത മൂര്‍ച്ഛിച്ച്‌ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച മലയാളിയുടെ സ്വന്തം വേണുച്ചേട്ടന്‍ തിങ്കളാഴ്‌ച ഉച്ചയോടെ ജീവിതത്തിന്റെ തിരശ്ശീലയ്‌ക്കു പിന്നില്‍ മറഞ്ഞു.

1948 മേയ് 22 ന് ആലപ്പുഴ ജില്ലയിലെ നെടുമുടിയില്‍ ജനനം . അധ്യാപകരായിരുന്ന പി.കെ.കേശവന്‍പിള്ള കുഞ്ഞിക്കുട്ടിയമ്മ എന്നിവരായിരുന്നു മാതാപിതാക്കള്‍. നെടുമുടി എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചമ്പക്കുളം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ആലപ്പുഴ എസ്ഡി കോളജ് എന്നിവിടങ്ങളില്‍നിന്ന് വിദ്യാഭ്യാസം.

വിദ്യാഭ്യാസ ശേഷം പാരലല്‍ കോളജ് അധ്യാപകനായി പ്രവര്‍ത്തിച്ചു. കോളജ് പഠനകാലത്തുതന്നെ സാംസ്‌കാരിക, കലാ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന അദേഹം സഹപാഠിയായിരുന്ന സംവിധായകന്‍ ഫാസിലുമായി ചേര്‍ന്ന് മിമിക്രിയും നാടകങ്ങളും അവതരിപ്പിച്ചാണ് കലാരംഗത്തു സജീവമായത്.

1978ല്‍ അരവിന്ദന്‍ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം. തുടര്‍ന്ന് ഭരതന്റെ ആരവം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമാക്കി. ടെലിവിഷന്‍ പരമ്പരകളിലും വേഷമിട്ടു. 1990ല്‍ ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിലെ അഭിനത്തിന് മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം നേടി. 2003 ല്‍ പുറത്തിറങ്ങിയ മാര്‍ഗം എന്ന ചിത്രത്തിന് പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചു. ഭരതന്‍ സംവിധാനം ചെയ്ത ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവട്ടം, മാര്‍ഗം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും കരസ്ഥമാക്കി. അവസ്ഥാന്തരങ്ങള്‍ എന്ന ടെലിവിഷന്‍ സീരിയലിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരവും നേടി.

സൈറ എന്ന ചിത്രത്തിലെ അഭിനയത്തിന് 2007ല്‍ സിംബാബ്‌വെ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച നടനുള്ള പുരസ്‌കാരവും കരസ്ഥമാക്കി. സത്യന്‍ പുരസ്‌കാരം, കലാവേദി അന്താരാഷ്ട്ര പ്രതിഭ പുരസ്‌കാരം, ബഹദൂര്‍ പുരസ്‌കാരം, കാലരത്‌നം പുരസ്‌കാരം, സെര്‍വ് ഇന്ത്യ മീഡിയ പുരസ്‌കാരം തുടങ്ങി ഒട്ടനവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.

തിരക്കഥാ രചന, സംവിധാനം എന്നിവയിലും നെടുമുടിയുടെ പ്രതിഭയുടെ മുദ്ര പതിഞ്ഞിട്ടുണ്ട്‌. ഭരതന്റെ സുപ്രസിദ്ധ സിനിമ കാറ്റത്തെ കിളിക്കൂടിന്റെ തിരക്കഥ നെടുമുടിയുടെതാണ്‌. പൂരം എന്ന സിനിമയിലൂടെ സംവിധാന വേഷവും തനിക്ക്‌ ചേരുമെന്ന്‌ നെടുമുടി തെളിയിച്ചു. പത്രപ്രവര്‍ത്തകന്‍ എന്ന വേഷവും ജീവിതത്തില്‍ തന്നെ അദ്ദേഹം അണിയുകയുണ്ടായിട്ടുണ്ട്‌. ബിരുദപഠനത്തിനു ശേഷം കലാകൗമുദിയില്‍ പത്രപ്രവര്‍ത്തകനായി വേണു ജോലി നോക്കിയിട്ടുണ്ട്‌.

ബഹുമുഖ പ്രതിഭ ..തനിമയുടെ മുദ്ര

വിദ്യാഭ്യാസ കാലത്ത് സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു നെടുമുടി വേണു . ആലപ്പുഴ എസ. ഡി. കോളേജിലെ പഠന കാലത്ത് സഹപാഠിയായ ഫാസിൽ എഴുതിയ നാടകങ്ങളിലൂടെയാണ് അദ്ദേഹം കലാരംഗത്ത് സജീവമായത്. ആലപ്പുഴ എസ്. ഡി കോളേജിൽ നിന്ന് ബിരുദമെടുത്തശേഷം കലാകൗമുദിയിൽ പത്ര പ്രവർത്തകനായും ആലപ്പുഴയിൽ പാരലൽ കോളേജ് അദ്ധ്യാപകനായും പ്രവർത്തിച്ചു. നാടകരംഗത്ത് സജീവമായിരിക്കെയാണ് നെടുമുടി സിനിമയിൽ എത്തിയത്. തിരുവനന്തപുരത്തേക്ക് താമസം മാറ്റിയതോടെ അരവിന്ദൻ, പത്മരാജൻ, ഭരത് ഗോപി തുടങ്ങിയവരുമായി സൗഹൃദത്തിലായി. ഇത് ആത്യന്തികമായി അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിന് വഴിയൊരുക്കി.

1978ൽ അരവിന്ദൻ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. ഭരതന്റെ ആരവം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമായി. പത്മരാജന്റെ ഒരിടത്തൊരു ഫയൽവാൻ എന്ന ചിത്രം കാരണവർ വേഷങ്ങളിലേക്കുള്ള ചുവടു മാറ്റത്തിനു നാന്ദിയായി. വൈകാതെ മലയാളത്തിലെ തിരക്കേറിയ സഹനടൻമാരിൽ ഒരാളായി മാറി. അഭിനയ വൈദഗ്ദ്ധ്യവും സംഭാഷണ അവതരണത്തിലെ വ്യത്യസ്തതയും നെടുമുടിയുടെ കഥാപാത്രങ്ങൾക്ക് കരുത്തേകി. ടെലിവിഷൻ പരമ്പരകളിലും നെടുമുടി സജീവമായിരുന്നു.

കാറ്റത്തെ കിളിക്കൂട്‌, തീര്‍ഥം, ശ്രുതി, അമ്പട ഞാനേ, ഒരു കഥ ഒരു നുണക്കഥ, സവിധം, അങ്ങിനെ ഒരു അവധിക്കാലത്ത്‌ എന്നീ സിനിമകള്‍ക്ക്‌ തിരക്കഥ രചിച്ച്‌ ആ രംഗത്തും തന്റെ പ്രതിഭയുടെ വെളിച്ചം പരത്തിയിട്ടുണ്ട്‌ നെടുമുടി വേണു. സമർത്ഥനായ ഒരു മൃദംഗം വായനക്കാരൻകൂടിയാണ് അദ്ദേഹം. പൂരം എന്ന സിനിമ സംവിധാനം ചെയ്തിട്ടുമുണ്ട്.

Spread the love
English Summary: nedumudi venu the king of natural gestures

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick