Categories
latest news

നെടുമുടി മറഞ്ഞാലും മറയാതെ ഈ കഥാപാത്രങ്ങള്‍…

നാട്ടിൻ പുറത്തെ സ്‌കൂളിലെ സ്നേഹനിധിയായ മലയാളം മാഷ്, ഇടവക പള്ളിവികാരി, സ്നേഹനിധിയായ അമ്മാവൻ, ഒരല്പം പിശുക്കും അതിനേക്കാളേറെ സ്നേഹവുമുള്ള ഒരു മൂത്ത ജ്യേഷ്ഠൻ, സംഗീതപ്രേമിയായ ഒരു നമ്പൂതിരി…..

നെടുമുടിവേണുവിനെ ഓർക്കുമ്പോൾ നമ്മുടെയൊക്കെ മനസ്സിൽ തെളിഞ്ഞു വരുന്ന മുഖങ്ങൾ ഇവയൊക്കെയാകും…..

thepoliticaleditor

അഭിനയിച്ചതിലേറെയും ഇത്തരം കഥാപാത്രങ്ങൾ തന്നെയുമാണ്.അവയൊക്കെത്തന്നെയാണ് ട്രോൾ മീമുകളിൽ സുലഭമായിട്ടുള്ളതും .അവയിൽ നിന്നെല്ലാം വ്യത്യസ്‌തമായി ചില കഥാപാത്രങ്ങൾ അദ്ദേഹത്തിൻറെ പ്രതിഭയോട്മത്സരിച്ചിട്ടുണ്ട്
കാക്കി ട്രൗസറും ഷർട്ടുമിട്ട് വെറ്റിലക്കറപിടിച്ച പല്ലും കാട്ടി കൈയിലൊരു തോക്കും പിടിച്ചു മുക്കുറ്റി തിരുതാളി കാടും പടലോം പറിച്ചു കുത്തിത്താ” എന്ന് പാടി വന്ന മരുത് .ഭരതന്റെ തിരക്കഥാസംവിധാനത്തിൽ 1978 ഇറങ്ങിയ ആരവത്തിലെ മരുതാണ് നെടുമുടിയുടെ പ്രതിഭയെ വെല്ലുവിളിച്ച ആദ്യത്തെ കഥാപാത്രം.

കാവാലത്തിന്റെ നാടകക്കളരിയിൽനിന്നും നേരെ ഇറങ്ങിവന്ന ഒരു കഥാപാത്രത്തെ പോലെ ചാടിത്തുള്ളി പാട്ടുപാടി ഒരു ആരവം തന്നെയാക്കിമാറ്റുകയായിരുന്നു നെടുമുടി ആ കഥാപാത്രത്തെ.നായികയായ കാവേരിയെ(പ്രമീള) ബലാൽസംഘം ചെയ്യുവാനായി വരുന്ന ആന്റണിയെ(ജനാർദ്ദനൻ) ഒറ്റനോട്ടംകൊണ്ട് ഭീരുവാക്കിമാറ്റുന്ന മരുത്.കാവേരിയുടെ ചുവന്ന നിറമുള്ള പാവാടയും നിൽക്കുന്ന ആ നിൽപ്പും നോട്ടവും കൊണ്ട് ആന്റണി വിരണ്ടുപോയി.മരുത് അത്രയും ശക്തനായ ഒരു കഥാപാത്രമായിരുന്നു.

1981ൽ പുറത്തിറങ്ങിയ വിടപറയും മുൻപേ എന്ന സിനിമയിലെ സേവ്യർ.മരണത്തെ മുന്നിൽ കണ്ടുകൊണ്ട് ജീവിക്കുന്ന സേവ്യർ നെടുമുടിയുടെ അഭിനയപ്രതിഭയെ ചൂഷണം ചെയ്ത കഥാപാത്രങ്ങളിൽ മികച്ചു നിൽക്കുന്നു.മരണം ഇങ്ങടുത്തു എന്നറിഞ്ഞിട്ടും സന്തോഷവാനും തന്റെ സങ്കൽപത്തിലുള്ള, എന്നാൽ തനിക്കു ലഭിക്കാത്ത ജീവിതത്തെ കുറിച്ച് കൊച്ചു നുണകൾ പറഞ്ഞു ജീവിക്കുന്ന സേവ്യർ മാധവൻകുട്ടിയുടെ(പ്രേംനസീർ)ഓഫീസിലെ സ്‌റ്റെനോഗ്രാഫറാണ്. പതിവായി ഓഫീസിൽ വൈകിവരുന്ന സേവ്യർ തുടക്കത്തിൽ പ്രേക്ഷകർക്ക് ഒരു അവമതിപ്പുണ്ടാക്കുന്ന കഥാപാത്രമാണെങ്കിലും അവസാനം കണ്ണീരണിയിക്കുന്നുണ്ട്. ”ഉല്ലല ചില്ലല തെന്നലിൽ ചിന്നുന്ന തൊങ്ങലിളക്കി” എന്ന ഗാനരംഗം മുക്കുറ്റിതിരുതാളിയുടെ മറ്റൊരു പതിപ്പായിരുന്നു.നാടൻ ചുവടുകളുടെ തനിമയായിരുന്നു ആ ഗാനരംഗങ്ങളെ മനോഹരമാക്കിയത്.

മേജർനായർ ഓർക്കുമ്പോൾ തന്നെ ചിരിവരുന്ന ഒരു കഥാപാത്രം.ഒരു പക്ഷേ ശ്രീനിവാസൻ ഈ കഥാപാത്രത്തെ സൃഷ്ടിച്ചത് നെടുമുടിയെ മുന്നില്കണ്ടുകൊണ്ടുതന്നെയാവണം.പിള്ളേര് സെറ്റിനുമുപിൽ ആളാവാൻ ബസ്സുകാത്തുനിൽക്കുന്ന സ്ത്രീക്ക് ഐ ലവ് യു എന്നെഴുതിയ ടവൽ കൊടുക്കുന്നതും ആ സ്ത്രീടെ കൈയിൽനിന്നു തല്ലുവാങ്ങിയതിനു ശേഷം ”ഇതിലൊന്നും വെരാളാൻ പാടില്ല കുട്ടികളേ” എന്ന് പറയുന്ന നായരുടെ മുഖം യു ട്യൂബിൽ ഇന്നും ട്രെന്റിങായി നിൽക്കുന്നുണ്ട്.

”അതിരുകാക്കും മലയൊന്നു തുടുത്തെ തകതകതാ” ഈ കവിതയും ചൊല്ലി കവി സിദ്ധൻ അലിഞ്ഞു ചേർന്നത് മലയാളികളുടെ മനസ്സിലാണ്.1987ൽ വേണു നാഗവള്ളി സംവിധാനം ചെയ്ത സർവ്വകലാശാലയിലെ ഈ വേഷം അന്നൊരു റോൾ മോഡലായിരുന്നു.പിൽക്കാലത്ത് അയ്യപ്പൻ എന്ന കവിയെ സാക്ഷ്യപ്പെടുത്താൻ ഒരു റോൾ മോഡലായത് ഈ കഥാപാത്രമായിരുന്നു.”അതിരുകാക്കും മലയൊന്നു തുടുത്തെ തകതകതാ… ജീവതാളത്തിന്റെ ഒരു കവിത ഇവിടുന്നു കിട്ടി.ബുദ്ധിമുട്ടാ ജീവതാളം,ഇനി മരണത്തിന്റെ താളമുണ്ട്…ശവതാളം.ഹിന്ദുവിന്റെയും ക്രിസ്ത്യാനിയുടെയും മുസ്ലീമിനെയും തണ്ടിലേറ്റിയ ശവത്തിന് ഒരു താളാ…ധിം ധിം ന ത ധിം ധിം ന” സിദ്ധന്റെ വാക്കുകളിലെ സ്തോഭങ്ങൾ മുഴുവൻ ആ മുഖത്ത് നിറഞ്ഞു നിന്നിരുന്നു.അദ്ദേഹത്തിൻറെ മരണവാർത്ത സ്ഥിതീകരിച്ചതോടെ വാട്സാപ്പ് സ്റ്റാറ്റസ്സുകളിൽ നിറഞ്ഞ നിന്നത് ആ കവിതയായിരുന്നു.

പ്രതികാരത്തിന്റെ മൂർത്തീഭാവമായിരുന്ന കുര്യൻഫെർണാണ്ടസ് ആ കൈകളിൽ ഭദ്രമായിരുന്നു.ചെയ്യാത്ത കുറ്റത്തിന് ജയിലിൽ കിടക്കേണ്ടിവന്ന പ്രൊഫസ്സർകുര്യൻഫെർണാണ്ടസ് .ഒരു സൈക്കോപ്പാത്തിന്റെ സകലമാനസികവ്യാപാരങ്ങളെ അവതരിപ്പിക്കാൻ നെടുമുടിയല്ലാതെ മറ്റൊരാളെ സങ്കൽപ്പിക്കാൻ പ്രിയന് ഒരുപക്ഷെ കഴിഞ്ഞില്ലായിരിക്കാം.എന്തായാലും തന്റെ ഭാഗം കിറുകൃത്യമായി അവതരിപ്പിച്ചിരുന്നു നെടുമുടി വന്ദനത്തിൽ.പ്രത്യേകിച്ച് ക്ളൈമാക്സിലെ ബോംബ് നിർവീര്യമാക്കുന്ന സീനുകളിൽ.മലയാളത്തിലെ എണ്ണം പറഞ്ഞ സൈക്കോ കഥാപാത്രമായി നെടുമുടിയുടെ കുര്യൻ ഫെർണാണ്ടസിനെ ആളുകൾ ഇന്നും ഓർക്കുന്നു.
.എല്ലാ നാട്ടിലും കാണുമല്ലോ സ്റ്റേഷനറിക്കട നടത്തുന്ന ഒരു പഞ്ചാരക്കുഞ്ചു.പ്രത്യേകിച്ച് ശല്യമൊന്നുമില്ലെങ്കിലും പെണ്ണുങ്ങൾക്കിടയിൽ അഴകിയ രാവണനായി മേഞ്ഞു നടക്കുന്ന ഒരാൾ അങ്ങനെയൊരാളാണ് കേളിയിലെ റൊമാൻസ് കുമാരൻ.

നാട്ടിലെ ലേഡീസ് ഫാൻസികട നടത്തുന്ന കുമാരൻ ആളൊരു വേന്ദ്രനാണ് .പ്രത്യേകിച്ച് മുതലെടുപ്പൊന്നുമില്ല ഒരു ദർശന സുഖം ഒത്താലൊരു സ്പർശനസുഖം അത്രയൊക്കെയേ ഉള്ളൂ കുമാരന്റെ മനസ്സിൽ.ദ്വയാർത്ഥ പ്രയോഗങ്ങൾ കൊണ്ട് ആഗ്രഹപൂരണം നടത്തുന്നയൊരാൾ.ബസ്സുകയറുവാൻ വരികയാണ് നായിക ശ്രീദേവി(ചാർമിള).
”തിരക്കില്ല ഡ്രൈവറും കണ്ടക്‌റ്ററുമൊക്കെ ചായകുടിക്കുന്നതേയുള്ളൂ…പുതിയ പുതിയ ഐറ്റംസൊക്കെയൊന്ന് നോക്കിയിട്ടു പോകാം വാങ്ങണമെന്നില്ല.”
”വാങ്ങണ്ടെങ്കിൽ പിന്നെയെന്തിനാ നോക്കണേ”
”വാങ്ങണ്ടെങ്കിൽ പിന്നെന്തിനാ നോക്കണെന്ന്….നോക്കണേന്റെ സുഖം നോക്കാണോർക്കല്ലേ അറിയുള്ളൂ..ല്ലേ”
ഇത്രേ ഉള്ളൂ കുമാരൻ.പക്ഷേ ഇതുപോലെയൊരു കടക്കാരൻ പിൽക്കാല മലയാള സിനിമയിൽ ഉണ്ടായിട്ടേയില്ല.മനോജ് കെ ജയൻ സീനിയേഴ്സിൽ അത്തരമൊരു ശ്രമം നടത്തിയെങ്കിലും കാതങ്ങളോളം പിറകിലായിരുന്നു.

ശ്രീനിവാസന്റെ കഥകളിൽ പൊതുവേ നികൃഷ്ടകഥാപാത്രങ്ങൾ കുറവാണ്.പക്ഷേ….കുട്ടിരാമനാശാരി!!ഇത്രയും വെറുപ്പ് ഏറ്റുവാങ്ങേണ്ടിവന്ന ഒരു കഥാപാത്രം പിൽക്കാലത്തൊന്നും ശ്രീനിവാസന്റെ രചനയിൽ ഉണ്ടായിട്ടില്ല.അഭിനയ പ്രതിഭകൾ മാറ്റുരച്ച ചമ്പക്കുളം തച്ചനിലെ കുട്ടിരാമനാശാരി നെടുമുടിയുടെ അഭിനയജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രമാണ്.കൗടില്യങ്ങൾ മുഴുവൻ ഉള്ളിലൊളിപ്പിച്ച് അയാൾ സല്ഗുണനായി മുന്നേറി.എന്നാൽ ആവശ്യമുള്ള സന്ദർഭങ്ങളിൽ അതെടുത്ത് പ്രയോഗിച്ചു.വാക്കുകളിൽ കുരുട്ടും കൗശലവും ഉപയോഗിച്ച് അയാൾ കഥയെ മുന്നോട്ട് നയിച്ചു.

ചമ്പക്കുളം തച്ചന്റെ ക്ളൈമാക്സ് .
”അണിഞ്ഞൊരുങ്ങിയപ്പോൾ അമ്മൂനെ കാണാൻ എന്തൊരു ശേലാ”
അണിഞ്ഞൊരുങ്ങിയതല്ല ഇന്ന് വള്ളമിറങ്ങിയ ദിവസമല്ലേ അമ്പലത്തിൽ പോയി വഴിപാടുണ്ടായിരുന്നു”
വല്ലാത്ത ദാഹം കുറച്ചു വെള്ളമിങ്ങെത്തോ’.വെള്ളമെടുക്കാൻ പോയ അമ്മുവിൻറെ പിന്നാലെ അടുക്കളയിലേക്ക് പോകുന്ന കുട്ടിരാമൻ.ഉള്ളിലൊളിപ്പിച്ച പകയുടെ തീനാളങ്ങൾ ഉളിലൊളിപ്പിച്ചു ദൈന്യതയാർന്ന ശബ്ദത്തിൽ കുട്ടിരാമൻ പറയുന്നു
‘ഞാനീ നാട്ടീന്ന് പോക്വ അമ്മൂ..ആഗ്രഹിച്ചതൊന്നും നേടാൻ കഴിയാത്ത ഒരു ഭാഗ്യദോഷിയാണീഞാൻ എനിക്കാരൂല്ലാ”
ഒരിറ്റു സ്നേഹം തരാൻ എനിക്കാരൂല്ലാമ്മൂ”
”അമ്മൂ”
”കുട്ടിരാമേട്ടൻ പോ ഞാൻ വിളിച്ചു കൂവും”
പിന്നീട് കുട്ടിരാമൻ ആടുന്നത് ചെകുത്താൻ വേഷമാണ്.അതും അതി സമർഥമായി.

പകരം വെക്കാനില്ലാത്ത അഭിനയപ്രതിഭതന്നെയായിരുന്നു നെടുമുടി വേണു.അതുകൊണ്ടാണ് ന്യൂ ജനറേഷൻ ഗയ്‌സ് തങ്ങളുടെ സ്റ്റാറ്റസ്സുകളിൽ ഗൂഗിൾ ന്റെ സേർച്ചിൽ Nedumudivenu no replacement found എന്നൊരു സ്‌ക്രീൻ ഷോട്ട് അപ്‌ലോഡ് ചെയ്തിരിക്കുന്നത്.
ഇതേ സമയം അങ്ങകലെ മറ്റൊരുലോകത്ത്
കാവാലം നാരായണപ്പണിക്കർ,അയ്യപ്പപ്പണിക്കർ,നരേന്ദ്രപ്രസാദ്,മുരളി മുതൽപേർ….
അയ്യപ്പപ്പണിക്കരുടെ മോഷണം എന്ന കവിതയുടെ ചൊല്ലിയാട്ടം
”വെറുമൊരു മോഷ്ടാവായോരെന്നെ
കള്ളനെന്നു വിളിച്ചില്ലേ,താൻ
കള്ളനെന്നു വിളിച്ചില്ലേ?”
കവിതചൊല്ലി അളന്നുമുറിച്ച ചുവടുകളുമായി അവർക്കരികിലേക്ക് മന്ദം മന്ദം കടന്നുവരികയാണ് നെടുമുടി വേണു .

Spread the love
English Summary: memmorable charactors of nedumudi venu

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick