Categories
latest news

പ്രമോദ്‌ രാമനും വിനു വി ജോണും തമ്മില്‍…..

1995-ല്‍ ചാരക്കേസ്‌ കാലത്ത്‌ പത്രക്കാരെല്ലാം മിക്കവാറും ഒറ്റക്കെട്ടായിരുന്നു…അപസര്‍പ്പക കഥകളെഴുതുന്നതില്‍. ആദ്യമെഴുതിത്തുടങ്ങിയത്‌ കേരള കൗമുദിയിലെ എം.എം. സുബൈറും ദേശാഭിമാനിയിലെ കെ.ശ്രീകണ്‌ഠനുമാണെന്ന്‌ നമ്പി നാരായണന്‍ തന്റെ ആത്മകഥയില്‍ പ്രത്യേകം പറയുന്നുണ്ട്‌. അതിനു പിറകെയാണ്‌ ജോണ്‍ മുണ്ടക്കയത്തിന്റെ നീണ്ടകഥ ഇറങ്ങിയത്‌. ഇതിലൊന്നും വാചക വ്യഭിചാരങ്ങള്‍ ആരും ആരോപിച്ചില്ല, പരസ്‌പരം ചെളിവാരിയെറിഞ്ഞില്ല. അത്ര ഇന്റഗ്രിറ്റിയായിരുന്നു!!

സരിത നായരുടെയും സ്വപ്‌ന സുരേഷിന്റെയും കഥാകാലത്തേക്കു വരുമ്പോള്‍ പത്രത്താളുകള്‍ പിക്‌ചര്‍ട്യൂബുകള്‍ക്ക്‌ വഴിമാറിക്കഴിഞ്ഞിരുന്നു. സി.ഡി. എടുക്കാന്‍ കോയമ്പത്തൂരില്‍ പോയപ്പോഴും കസ്‌്‌റ്റംസിന്റെ വണ്ടിക്കു പിറകെയും കുതിച്ചു മുന്നിലുമായി അങ്ങനെ തല്‍സമയ കമന്ററികളുമായി കുതിച്ചപ്പോഴും കരുണാകരന്റെ ശൈലി കടമടുത്തു പറയാം, ചുട്ടു തല്ലുമ്പോള്‍ കൊല്ലനും കൊല്ലത്തിയും ഒന്നായിരുന്നു.

thepoliticaleditor

പക്ഷേ ഇപ്പോ മോന്‍സണ്‍ കാലത്തേക്കു വരുമ്പോള്‍ കോലം ആകെ മാറുന്നുണ്ട്‌. പലരും പല തട്ടിലാണ്‌. തങ്ങളാണ്‌ ധാര്‍മികര്‍ എന്ന്‌ സ്ഥാപിക്കാന്‍ ഒരോരുത്തരും കിണഞ്ഞ്‌ പണിയാണ്‌. എന്നാലോ ഇവരെല്ലാം ഓരോ കാലത്ത്‌ ഉടുതുണിയഴിച്ചവരാണ്‌ താനും. മനോരമ ചാനലിലിരുന്ന്‌ എത്ര ധാര്‍മികത കാണിക്കാനാവും എന്ന്‌ ആരെങ്കിലും ഒരാളോട്‌ ചോദിക്കുമായിരിക്കും. ഇനി മീഡിയ വണ്ണില്‍ ഇരുന്നും കേരളത്തിന്റെ സെക്കുലര്‍ കള്‍ട്ട്‌ എത്രയധികം ഊട്ടിയുറപ്പിക്കാന്‍ ആ മാധ്യമത്തെ ഉപയോഗിക്കാന്‍ കഴിയും എന്നും ആരെങ്കിലും ചോദിക്കുമായിരിക്കും.

പ്രതിമാസം കിട്ടുന്ന മൂന്നോ അതിലധികമോ ലക്ഷം ശമ്പളത്തിന്റെ സുഖത്തിനപ്പുറം എന്താണ്‌ മാധ്യമമുതലാളിയുടെ ഹിഡന്‍ അജണ്ട എന്നത്‌ നമ്മള്‍ ചിന്തിക്കേണ്ടതില്ല…പുറമേക്ക്‌ ഇടതു മതേതര കാഴ്‌ചപ്പാട്‌ പയറ്റുകയും ചെയ്യാം. ഇടതുപക്ഷ, മതേതര കാഴ്‌ചക്കാരെയും കേള്‍വിക്കാരെയും കിട്ടേണ്ടതുണ്ടല്ലോ. കേരളത്തില്‍ കത്തുന്ന സാമൂഹിക പ്രശ്‌നങ്ങള്‍ ധാരാളം കിടക്കുമ്പോള്‍ എത്ര രാത്രികളില്‍ മനോരമ ചാനല്‍ ച്യൂയിങ്‌ ഗം പോലത്തെ ചര്‍ച്ചാവിഷയങ്ങള്‍ എടുത്ത്‌ ചാനലിന്റെ “flagship programme” എന്നു പറയുന്ന അന്തിച്ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്‌ എന്നത്‌ വ്യൂവേഴ്‌സ്‌ ആരും മറന്നിട്ടില്ല. അത്‌ അന്ന്‌ തെറ്റായി തോന്നിയില്ല, ഇനി തോന്നിയാലും റിവോള്‍ട്ട്‌ ചെയ്‌തില്ല.

മാധ്യമം ഒരു തൊഴില്‍ മേഖലയെന്ന നിലയില്‍ അത്‌ തെറ്റല്ല. ടാറ്റയുടെ സോപ്പു ഫാക്ടറിയില്‍ ഉണ്ടാക്കുന്ന സോപ്പിന്റെ മണവും നിറവും ആകൃതിയും തൂക്കവും നിശ്ചയിക്കുന്നത്‌ അവിടെ ജോലി ചെയ്യുന്ന സോഷ്യലിസ്‌റ്റ്‌, മതേതര തൊഴിലാളിയാകണം എന്ന്‌ പറഞ്ഞാല്‍ നടക്കില്ല. അങ്ങനെ ഉള്ളിടത്തേ ജോലി ചെയ്യൂ എന്ന്‌ ശഠിച്ചാലും അസംബന്ധമാകുന്നു. പക്ഷേ കമ്പനി മാറുമ്പോള്‍ മാത്രം ആദര്‍ശധാര്‍മികതകള്‍ മുന്‍കാല പ്രാബല്യത്തോടെ കടന്നു വന്നാല്‍ മിതമായി പറഞ്ഞാല്‍ ഒരു കൂവല്‍ വെച്ചു തരും.

എന്നാലോ ഇപ്പുറത്ത്‌ വേറെ തമാശകളാണ്‌. കാര്യം കിറുകൃത്യം ജേര്‍ണലിസമാണ്‌. നേരോടെ…നിര്‍ഭയം. മാധ്യമമുത്തശ്ശിമാര്‍ കുത്തിപ്പിടിച്ചുണ്ടാക്കിയ ചാനലുകള്‍ നാല്‌, അഞ്ച്‌, ആറ്‌ സ്ഥാനത്തൊക്കെ കിടന്ന വിയര്‍ക്കവേ പെട്ടെന്ന്‌ കളം പിടിച്ച്‌ രണ്ടാമതെത്തിയ ഒരു ചാനലിന്റെ കടയ്‌ക്കിട്ട്‌ വെട്ടാന്‍ കിട്ടിയ അവസരം ഒട്ടും പാഴാക്കരുത്‌. സഹിന്‍ ആന്റണി ഒരു കേക്ക്‌ മുറിച്ച്‌ മോന്‍സന്റെ അണ്ണാക്കിലേക്ക്‌ തള്ളുന്ന വീഡിയോ കിട്ടിയാല്‍ ഉടനെ എന്തു കൊണ്ട്‌ സഹിന്‍ ആന്റണിയുടെ കുഞ്ഞിന്റെ ബര്‍ത്ത ഡേ കേക്ക്‌ കുഞ്ഞിന്റെ വായില്‍ തള്ളിയില്ല എന്ന്‌ ചര്‍ച്ച ചെയ്യാം. കുഞ്ഞ്‌ തന്നെ മറ്റൊരു പിതാവിന്റെതാണ്‌ എന്ന്‌ കമന്റ്‌ പറയുന്ന അതിഥിയോട്‌ നര്‍മം പറഞ്ഞ്‌ രസിക്കാം, നേരോടെ നിര്‍ഭയം…

ഇനി വേറൊരു തരം…വെളുപ്പാന്‍ കാലത്ത്‌ ടെലിവിഷനും തുറന്നിരിക്കുമ്പോളതാ മുണ്ടുടുത്ത മനോഹരന്‍ വന്ന്‌ പറയുന്നു തലേന്ന്‌ ഇതരചാനലുകളില്‍ കേട്ടതിനെല്ലാം കമ്പിനു കമ്പ്‌ മറുപടി. ഒപ്പം ലേശം വെല്ലുവിളി, ലേശം ഉപാഖ്യാനം, ലേശം അന്യാപദേശം, ലേശം ഭീഷണിയും…വാര്‍ത്ത കേള്‍ക്കാനിരുന്നവന്‌ മുന്നില്‍ വാരിയിടുന്ന പ്രഭാതവിഴുപ്പ് ഇതാണ്‌.
ഇത്രയും ക്ഷമയോടെ വായിച്ചെങ്കില്‍ ഇനി രണ്ട്‌ വലിയ ജേര്‍ണലിസ്‌റ്റുകളുടെ സാമൂഹിക മാധ്യമക്കുറിപ്പുകള്‍ കൂടി വായിച്ചാല്‍ കണ്ണിചേരാതിരിക്കുന്ന എല്ലാം കണ്ണിയില്‍ ചേരും.
ആദ്യത്തേത്‌ മീഡിയ വണ്‍ ചീഫ്‌ എഡിറ്റര്‍ പ്രമോദ്‌ രാമന്റെ . അത്‌ കഴിഞ്ഞ്‌ വായിക്കാന്‍ ഏഷ്യാനെറ്റിലെ വിനു വി.ജോണ്‍ എന്ന സമര്‍ഥനും നിര്‍ഭയനുമായ ജേര്‍ണലിസ്‌റ്റിന്റെത്‌.
പ്രമോദിനെ വായിച്ച ശേഷം വിനുവിനെയോ അല്ലെങ്കില്‍ തിരിച്ചോ വായിച്ചാലും കുഴപ്പമൊന്നുമില്ല. അപനിര്‍മ്മാണം കറക്ടായിരിക്കും. പരസ്‌പര പൂരകവുമായിരിക്കും. രണ്ടാളും ഒരേ ദിവസം അതായത് ഒക്ടോബര് അഞ്ചിന് തന്നെ എഴുതിയതാണിവ. ഇതിനു ശേഷം ഏത് എഴുതി എന്ന് വ്യക്തമല്ലെങ്കിലും പരസ്പര പൂരകമാണ് . പ്രമോദിനും പരസ്പരം നല്ല മതിപ്പാണ്. എഴുത്തിൽ അത് ഉണ്ട്.

ഇങ്ങനെയൊരു കുറിപ്പ് ഇടണമോയെന്ന് പലവട്ടം ചിന്തിച്ചു. ഇട്ടില്ലെങ്കിൽ മനസ്സിൽ ഇതിങ്ങനെ കിടന്ന് ബുദ്ധിമുട്ടാകും എന്ന് തോന്നിയതിനാൽ അതിന് മുതിരുന്നു. ഈ കുറിപ്പ് എഴുതുമ്പോൾ യു പിയിൽ കർഷകരെ കാറുകയറ്റി കൊന്നതിനെ പറ്റിയും അവിടുത്തെ ഗവൺമെൻ്റ് ജനാധിപത്യം അട്ടിമറിക്കുന്നതിനെ പറ്റിയും പ്രധാനപ്പെട്ട രണ്ടു ചാനലുകളിൽ ചർച്ച നടക്കുന്നു. തലസ്ഥാനത്ത് യു പി ഭവന് മുന്നിൽ കർഷക, യുവജന നേതാക്കളെ മർദിച്ചു പോലീസ് വണ്ടിയിൽ തള്ളുന്ന ദൃശ്യങ്ങൾ കണ്ട ഏതൊരു മാധ്യമ പ്രവർത്തകനും ഇന്നത്തെ രാത്രിയിൽ അതല്ലാതെ മറ്റൊരു വിഷയം ചർച്ച ചെയ്യുന്നത് ചിന്തിക്കാൻ ആവില്ല.

എന്നാലോ
എല്ലാറ്റിനും ‘മുതിരുന്ന’ ചിലർക്ക് മോൻസൻ്റെ ചെമ്പോല സൃഷ്ടിച്ച അടിയന്തരത്തിൽ കവിഞ്ഞ് ഒരു കർഷകനും അവൻ്റെ രക്തസാക്ഷിത്വവും ഇല്ല.

ഇത് പറഞ്ഞത് മാധ്യമപ്രവർത്തനം ഒരുവശത്ത് എത്തിപ്പെട്ടുകൊണ്ടിരിക്കുന്ന insensitivity യൂടെ ആഴം സൂചിപ്പിക്കാൻ മാത്രം. ഒരു രാത്രിയിൽ രണ്ടു സ്ത്രീകളുടെ modesty യെ വെല്ലുവിളിക്കുന്നതിൽ നാം കണ്ട insensitivity മറ്റൊരു രാത്രിയിൽ കർഷകമനസ് കാണാതെ പോകുന്ന തരത്തിൽ നമുക്ക് മുന്നിൽ വെളിപ്പെടുന്നു. എല്ലാം ഒരേ ആഴത്തിൽ മാധ്യമപ്രവർത്തനത്തിൻ്റെ ഒരുവശത്ത് പടർന്നുകൊണ്ടിരിക്കുന്ന നിർദയത്വത്തിൻ്റെ വിഷവേരുകൾ ആണ്. പകൽ മുഴുവൻ ഞങ്ങളിതാ ദൃശ്യ ജേണലിസത്തിലെ ആധികാരിക ദീപസ്തംഭം, ഇന്ത്യൻ രാഷ്ട്രീയ ഗോദയിലെ ധർമയുദ്ധത്തിൽ നാടിൻ്റെ നന്മയ്ക്ക് വേണ്ടി പ്രേക്ഷകരുടെ പതാകവാഹകർ എന്ന മട്ടിൽ റിപ്പോർട്ടർമാരാൽ പ്രത്യക്ഷപ്പെടുത്തുക. രാത്രി എട്ട് മണിക്ക് ചാനലിൻ്റെ flagship program എന്ന വിശേഷണമുള്ള പരിപാടിയിൽ (പകലന്തിയോളം moral verbalism നടത്തിയ റിപ്പോർട്ടർ സഹപ്രവർത്തകരെ വകഞ്ഞുമാറ്റി) നിലയവിദ്വാൻ ആങ്കർ വല്യ വൃന്ദവാദ്യങ്ങളോടെ പ്രത്യക്ഷപ്പെട്ട്, (പശ്ചാത്തല സംഗീതം നിലച്ചു കഴിയുന്നതോടെ) വളിച്ച മധ്യവർഗ, പുരുഷ, പിന്തിരിപ്പൻ വഷളത്തരങ്ങൾ വിളമ്പുക. അതിന് വിദൂഷകസേവയ്ക്കായി ചില നിരീക്ഷക ആഭാസന്മാരും.

ഇത് കാണാനും ആസ്വദിക്കാനും ഇരിക്കുന്നവർ ഒഴിച്ചുള്ളവരോട് എനിക്കൊരു അഭ്യർത്ഥന മാത്രമേ ഉള്ളൂ. ഇതേ ജോലി ചെയ്യുന്ന ഒരാളാണ് ഞാനും. ഈ നിലയിലാണ് ഞാൻ മാധ്യമപ്രവർത്തനം നടത്തുന്നത് എന്ന് തോന്നുന്നുണ്ടെങ്കിൽ നിങ്ങൾ എന്നെ കല്ലെറിയൂ. അല്ലെങ്കിൽ സമൂഹവിരുദ്ധ പ്രവൃത്തിക്ക് എന്നെ ജയിലിൽ അടയ്ക്കൂ. മാധ്യമ പ്രവർത്തനത്തിൻ്റെ ഒരുവശത്ത് വേരോടിക്കൊണ്ടിരിക്കുന്ന സമൂഹദ്രോഹത്തിൻ്റെ ഭീഷണി ഒന്നോ രണ്ടോ ദിവസം കൊണ്ട് തീരുന്നതല്ല. തലമുറകൾക്ക് മേൽ വിപൽപ്പിണറായി പതിക്കാവുന്ന ദുർബോധനം ആണത്.

ഇന്നേവരെ പല ആവർത്തി സ്ഥിരീകരിക്കാതെ ഒരു വാക്കുപോലും ഉച്ചരിക്കുകയോ എഴുതുകയോ ചെയ്തിട്ടില്ലാത്ത എനിക്കുപോലും എന്നെ പലപ്പോഴും സംശയമാണ്. ഈ ജോലിയിൽ ഞാൻ എൻ്റെ പ്രേക്ഷകരോട് നീതി കാട്ടുന്നുണ്ടോ, സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങളോട് ആദരവോടെ പെരുമാറുന്നുണ്ടോ, ഇന്നിപ്പോൾ Media One ൻ്റെ ചുമതലയിൽ ഇരുന്ന് സഹപ്രവർത്തകരിൽ കൂടി ഇതേ ഉത്തരവാദിത്ത ബോധം വളർത്തുന്നുണ്ടോ എന്നെല്ലാം എനിക്ക് തന്നെ സംശയം വരാറുണ്ട്. ആ സംശയങ്ങൾ സ്വയം ചോദിച്ച് ഉവ്വ് എന്ന മറുപടി ഉള്ളിൽ നിന്ന് സമ്പാദിച്ചു കൊണ്ട് മാത്രമേ മുന്നോട്ട് പോകാൻ കഴിയുന്നുള്ളൂ.

അപ്പോഴും ഞാൻ പറയും. ഞാനും എൻ്റെ സഹപ്രവർത്തകരും വിമർശിക്കപ്പെടുക തന്നെ വേണം. അവർ അംഗീകരിക്കപ്പെടുന്നുവെങ്കിൽ അതിനൊപ്പം. കാരണം വിമർശനമാണ് എന്നെയും അവരെയും തിരുത്തുക. അല്പം കൂടുതൽ നല്ല മാധ്യമപ്രവർത്തകരാക്കുക. അതേ വേണ്ടൂ. അല്ലാതെ ഭൂലോക ബോറന്മാരായി, നാടിൻ്റെ നല്ല പാരമ്പര്യത്തിനും ജേണലിസത്തിൻ്റെ ഉത്തമദൃഷ്ടാന്തങ്ങൾക്കും തീരാക്കളങ്കം വരുത്തിവെക്കുന്ന മലീമസ മനസ്കരായി, ഉളുപ്പില്ലാത്ത ഉണ്ണാക്കന്മാരായി ഞാനും അവരും മാറരുത്.

നന്ദി.

പ്രമോദ് രാമൻ
05.10.2021

Spread the love
English Summary: IN BETWEEN PRAMOD RAMAN AND VINU V JOHN

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick