Categories
kerala

പദവികളില്‍ നിന്നും മാറ്റിയതു കൊണ്ട്‌ കുറ്റം തീരില്ല, ഗാര്‍ഹിക പീഢനം മുതല്‍ മൗലികാവകാശ ലംഘനം വരെയുണ്ട്‌…ശക്തമായ നടപടി വേണമെന്ന്‌ അനുപമ

തന്റെ കുഞ്ഞിനെ തന്നില്‍ നിന്നകറ്റുകയും തനിക്ക്‌ തിരികെ തരാതെ എവിടേക്കോ അയക്കുകയും ചെയ്‌ത സംഭവത്തില്‍ തന്റെ പിതാവിനെയോ ശിശുക്ഷേമ സമിതി ഭാരവാഹിയെയോ പദവിയില്‍ നിന്നും മാറ്റിയതു കൊണ്ട്‌ മാത്രം ഇല്ലാതാക്കാവുന്ന കുറ്റമല്ല നടന്നതെന്ന്‌ അനുപമ എസ്‌. ചന്ദ്രന്‍. പിതാവ്‌ ജയചന്ദ്രനെതിരെയും ശിശുക്ഷേമ സമിതി സെക്രട്ടറി ഷിജുഖാനെതിരെയും സി.പി.എം. നടപടിയെടുത്ത്‌ അവരെ പദവിയില്‍ നിന്നും മാറ്റുമെന്ന വാര്‍ത്തയോട്‌ ടി.വി.ചാനല്‍ പരിപാടിയില്‍ പ്രതികരിക്കുകയായിരുന്നു അനുപമ.
ഗാര്‍ഹിക പീഡനം എന്നു പറഞ്ഞാല്‍ ഭര്‍ത്താവില്‍ നിന്നുള്ള പീഡനം മാത്രമാണെന്ന്‌ കരുതുന്നത്‌ അസംബന്ധമാണെന്ന്‌ അനുപമ പറഞ്ഞു. വീട്ടില്‍ നിന്നും അച്ഛനോ അമ്മയോ സഹോദരിയോ സഹോദരനോ കാണിക്കുന്ന ദ്രോഹങ്ങളെല്ലാം ഗാര്‍ഹിക പീഡനമാണ്‌. എനിക്ക്‌ എന്റെ മിനിമം മൗലികാവകാശങ്ങള്‍ പോലും നിഷേധിക്കപ്പെട്ടു. എന്നെ വോട്ട്‌ ചെയ്യാന്‍ അനുവദിച്ചില്ല. സര്‍വ്വകലാശാലാ പരിക്ഷയെഴുതാന്‍ സമ്മതിച്ചില്ല. പുറത്തുള്ള ഒരാളോട്‌ സംസാരിക്കാന്‍ പോലും അനുവദിച്ചില്ല. എന്റെ കുഞ്ഞിനെ പാലൂട്ടാന്‍ അനുവദിച്ചില്ല. എന്റെ കുഞ്ഞിനെ പ്രസവിച്ച്‌ വെറും മൂന്നു ദിവസം പ്രായമുള്ളപ്പോള്‍ എന്നില്‍ നിന്നും വേര്‍പെടുത്തി. ഞാന്‍ അനുഭവിച്ച മാനസികപ്രയാസം എത്രയാണെന്ന്‌ ആര്‍ക്കും പറഞ്ഞാല്‍ മനസ്സിലാവില്ല. -അനുപമ പറഞ്ഞു. തന്റെ പങ്കാളിയുടെ പൂര്‍വ്വബന്ധങ്ങളുടെ കാര്യം പറഞ്ഞ്‌ തനിക്കെതിരായ കുറ്റങ്ങള്‍ ലഘൂകരിക്കാന്‍ സാധിക്കുകയില്ലെന്ന്‌ അനുപമ പറഞ്ഞു.

“ശിശുക്ഷേമസമിതിയുടെ അമ്മത്തൊട്ടിലില്‍ കണ്ടെത്തുകയായിരുന്നില്ല എന്റെ മകനെ. ആരും ഉപേക്ഷിക്കുകയായിരുന്നില്ല. അമ്മ ആരെന്നറിയാതെ അമ്മത്തൊട്ടിലില്‍ കിടന്ന്‌ കിട്ടുകയായിരുന്നില്ല. അമ്മ ആരാണെന്നറിഞ്ഞു കൊണ്ടു തന്നെ കിടക്കയും തലയണയും സോപ്പും പൗഡറുമൊക്കെയായി ശിശുക്ഷേമസമിതിയുടെ ജീവനക്കാരിയുടെ കയ്യിലേക്ക്‌ ഏല്‍പിക്കുകയായിരുന്നു. ഈ കുഞ്ഞിന്റെ അമ്മയുടെ അനുവാദത്തോടെയാണോ ഇങ്ങനെ ഏല്‍പിക്കുന്നത്‌ എന്ന്‌ ചോദിക്കാനും അന്വേഷിക്കാനുമുള്ള സാമാന്യനിയമം പോലും പാലിക്കപ്പെട്ടില്ല. ഇതിന്‌ പദവിയില്‍ നിന്നും നീക്കം ചെയ്‌താല്‍ തീരുന്ന കുറ്റമാണോ-അനുപമ ഏഷ്യാനെറ്റ്‌ ന്യൂസ്‌ അവര്‍ പരിപാടിയില്‍ ചോദിച്ചു.

thepoliticaleditor

” ബയോളജിക്കല്‍ പാരന്റ്‌ എന്ന നിലയില്‍ എന്റെ കുഞ്ഞിന്റെ കാര്യത്തില്‍ എനിക്കവകാശമുണ്ട്‌. ഇപ്പോള്‍ ദത്തെടുത്ത മാതാപിതാക്കള്‍ക്കും ചില അവകാശങ്ങളുണ്ട്‌. അവര്‍ എത്രയോ കാലം കാത്തിരുന്നിട്ടായിരിക്കും അവര്‍ക്കൊരു കുഞ്ഞിനെ കിട്ടിയത്‌. എനിക്കവരുടെ മാനസികാവസ്ഥ മനസ്സിലാക്കാനാവും. ഇനി അവര്‍ക്ക്‌ ആ കുഞ്ഞിനെ നഷ്ടപ്പെടേണ്ടിവരുമ്പോള്‍ ഉണ്ടാകുന്ന മാനസികാഘാതം എന്തുമാത്രമായിരിക്കും. അതു പോലെ ഈ കുഞ്ഞിന്‌ അമ്മയുണ്ടെന്ന്‌ അവര്‍ അറിയുമ്പോള്‍ എന്നെ ഓര്‍ത്ത്‌ അവരും പ്രയാസപ്പെടുക തന്നെ ചെയ്യും. എന്നെ മാത്രമല്ല, ദത്തെടുത്ത ആ മാതാപിതാക്കളെ കൂടി വഞ്ചിക്കുകയാണ്‌, അവരുടെ കൂടി അവകാശം ഇല്ലാതാക്കുകയാണ്‌ ശിശുക്ഷേമസമിതി ചെയ്‌തത്‌. അതിന്‌ ശക്തമായ നടപടി ഉണ്ടായേ തീരൂ-അനുപമ ആവശ്യപ്പെട്ടു.

താന്‍ സി.പി.എമ്മിന്‌ എതിരല്ലെന്നും പാര്‍ടിയെ താന്‍ കുറ്റപ്പെടുത്തിയിട്ടില്ലെന്നും അനുപമ പറഞ്ഞു. താന്‍ കുറ്റപ്പെടുത്തിയത്‌ പാര്‍ടിയിലെ ചില നേതാക്കളെയാണ്‌. അവരുടെ പ്രവൃത്തിയെയും പ്രതികരണങ്ങളെയുമാണ്‌. തന്നെ ഇപ്പോള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ കൊണ്ടുവന്നത്‌ പാര്‍ടി കാരണമാണ്‌. താന്‍ ഇപ്പോഴും പാര്‍ടിക്കാരി തന്നെയാണെന്നും അനുപമ പറഞ്ഞു.

Spread the love
English Summary: I WANT STRICT LEAGAL ACTION AGAINST THE ACCUSED IN MY KIDS FORCEFULL ADAPTION ISSUE SAYS ANUPAMA

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick