Categories
opinion

കോണ്‍ഗ്രസിനോട്‌ ചേരണോ വേണ്ടയോ എന്ന്‌ ഇപ്പോഴും ചര്‍ച്ച…സ്വയം വളരാന്‍ എന്തു ചെയ്യണം എന്ന ചര്‍ച്ചയുണ്ടോ…സഖാവേ!

കമ്മ്യൂണിസ്റ്റു പാര്‍ടികളുടെ ഇപ്പോഴുമുള്ള കീറാമുട്ടി കോണ്‍ഗ്രസിനോട്‌ ചേരണമോ വേണ്ടയോ എന്നതാണ്‌. കഴിഞ്ഞ ദിവസം ഡെല്‍ഹിയില്‍ ചേര്‍ന്ന സി.പി.എം. പൊളിറ്റ്‌ ബ്യൂറോ യോഗത്തിലും പ്രധാന ചര്‍ച്ച ഇതായിരുന്നു എന്ന്‌ മാധ്യമവാര്‍ത്തകളില്‍ പറയുന്നു. വേറെയും വിഷയങ്ങള്‍ ചര്‍ച്ച ചെയ്‌തിരിക്കാം, പക്ഷേ ഒരു പ്രധാന കമ്മ്യൂണിസ്റ്റുപാര്‍ടിയുടെ പരമോന്നത യോഗത്തിന്റെതായി പുറത്തുവരുന്ന വാര്‍ത്തയില്‍ ഇപ്പോഴും പതിറ്റാണ്ടുകള്‍ പഴയ ആ ചര്‍ച്ചയും ഭിന്നതയും തന്നെ തനിയാവര്‍ത്തനം പോലെ വരുന്നു. എത്ര ദൗര്‍ഭാഗ്യകരമാണിതെന്ന്‌ പറയേണ്ടതില്ല.

വളരാന്‍ ഇനി എന്ത്‌ പരിപാടിയുമായി മുന്നോട്ടു പോകണം

ഇന്ത്യയില്‍ തങ്ങള്‍ വളരാന്‍ ഇനി എന്ത്‌ പരിപാടിയുമായി മുന്നോട്ടു പോകണം, ഇപ്പോഴത്തെ കാലഹരണപ്പെട്ടുവെന്ന്‌ സ്വകാര്യമായി പലര്‍ക്കും അഭിപ്രായമുള്ള രാഷ്ട്രീയ നയങ്ങള്‍ എങ്ങിനെ കാലത്തിന്റെ വിളിക്കനുസൃതമായി പരിഷ്‌കരിക്കണം ഇത്തരം ചര്‍ച്ചയൊന്നുമില്ല, പകരം ഇപ്പോഴും കോണ്‍ഗ്രസിനോട്‌ കൂടണമോ വേണ്ടയോ എന്നതാണ്‌ പ്രധാന പ്രത്യയശാസ്‌ത്ര പ്രതിസന്ധി. അതാവട്ടെ പാര്‍ടി പിളര്‍ന്ന 1964 മുതലേ തുടരുന്നതും. സ്വയം എങ്ങിനെ മുന്നിലേക്ക്‌ വരണം എന്ന ചര്‍ച്ചയല്ല നടക്കുന്നത്‌ എന്ന ധ്വനിയാണ്‌ സമൂഹത്തിന്‌ കിട്ടുന്നത്‌. പിന്നെന്ത്‌ പ്രതീക്ഷയാണ്‌ ഇവര്‍ സമൂഹത്തിന്‌ വിനിമയം ചെയ്യുന്നത്‌.

കോണ്‍ഗ്രസിനെതിരെ മികച്ച വിജയം നേടിവരുന്ന കേരളം സ്വാഭാവികമായും കോണ്‍ഗ്രസുമായുള്ള പരോക്ഷ സഖ്യം പോലും അംഗീകരിക്കില്ല എന്നു മാത്രമല്ല നഖശിഖാന്തം എതിര്‍ത്ത്‌ പരാജയപ്പെടുത്തുകയും ചെയ്യുമെന്നത്‌ സ്വാഭാവികം. എന്നാല്‍ തൃണമൂലിനും ബി.ജെ.പി.ക്കും ഇടയില്‍ മുഖം നഷ്ടപ്പെട്ട ബംഗാളിലെ കമ്മ്യൂണിസ്റ്റ്‌ പാര്‍ടിക്ക്‌ ഇതേ പോലെ മുഖം നഷ്ടപ്പെട്ടു പണ്ടേ നില്‍ക്കുന്ന കോണ്‍ഗ്രസുമായി യോജിക്കാതെ അവിടെ നിലനില്‍ക്കാന്‍ പോലും ആവില്ല എന്ന ആത്മവിശ്വാസക്കുറവും സ്വാഭാവികം.

കേരള ലൈന്‍ മാത്രമായിരിക്കും പാര്‍ടിയുടെ നയമായി പുറത്തുവരിക

സി.പി.എമ്മില്‍ പണ്ടേ എന്നും ഏറ്റുമുട്ടാറുള്ള ഈ കേരള-ബംഗാള്‍ ധാരകള്‍ പാര്‍ടിയുടെ രാഷ്ട്രീയ നയരൂപീകരണത്തില്‍ എന്തു തീരുമാനമാണുണ്ടാക്കുക എന്നതു മാത്രമാണ്‌ മാലോകര്‍ക്ക്‌ പ്രധാനം.
അതില്‍ ഉറപ്പായും പറയാവുന്ന കാര്യം, കേരള ലൈന്‍ മാത്രമായിരിക്കും പാര്‍ടിയുടെ നയമായി പുറത്തുവരിക എന്നതാണ്‌. കാരണം സി.പി.എം.ഇപ്പോള്‍ ഒരു സ്വാധീന ശക്തി എന്ന നിലയില്‍ കേരളത്തില്‍ മാത്രമേ ഉള്ളൂ. ഒരു കാലത്ത്‌ ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനങ്ങളില്‍–പഞ്ചാബ്‌, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്‌, ബീഹാര്‍, ആസ്സാം, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്‌–ഒക്കെ വലിയ ശക്തിയായിരുന്ന കമ്മ്യൂണിസ്റ്റ്‌ പാര്‍ടികള്‍ ഇന്ന്‌ നാമമാത്രമായിരിക്കുന്ന കാഴ്‌ച ഏറെ നിരാശാജനകം തന്നെയാണ്‌.

ബംഗാളിലും ത്രിപുരയിലും കേരളത്തിലും ഭരണകക്ഷിയായിരുന്നു എന്നത്‌ വലിയ ആശ്വാസമായി അടുത്ത കാലം വരെ കമ്മ്യൂണിസ്റ്റു പാര്‍ടി പ്രവര്‍ത്തകര്‍ കണ്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ അവസ്ഥ എല്ലാവര്‍ക്കും അറിയാം. തമിഴ്‌നാട്ടിലും, ഛത്തീസ്‌ഗഢിലും, ഹിമാചലിലും, ബിഹാറിലുമെല്ലാം ഒരു സീറ്റോ രണ്ടു സീറ്റോ സി.പി.എമ്മിനുണ്ട്‌, അതു പോലെ സി.പി.ഐ.ക്കും ഉണ്ട്‌. ഇത്‌ ചൂണ്ടിക്കാട്ടി വെറുതെ ആവേശം കൊള്ളുന്നതിനപ്പുറം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സമകാലികമായി കമ്മ്യൂണിസ്റ്റു പാര്‍ടി ഒരു ശക്തിയാണോ എന്നു ചോദിച്ചാല്‍ ഉത്തരം അല്ല എന്നു തന്നെയാണ്‌, ആര്‍ക്ക്‌ ഇഷ്ടപ്പെട്ടില്ലെങ്കിലും.
അപ്പോള്‍ പ്രധാന ചോദ്യം ഇതാണ്‌, എന്തു കൊണ്ട്‌ സ്വാധീന ശക്തി ചോരുകയോ നഷ്ടപ്പെടുകയോ തിരിച്ചെടുക്കാന്‍ സാധിക്കാതിരിക്കുകയോ ചെയ്യുന്നു.

ദാരിദ്ര്യവും അസമത്വവും ആണ്‌ കമ്മ്യൂണിസത്തിന്‌ വളരാനുള്ള ശരിയായ മണ്ണ്‌ എന്നു പറയാറുണ്ട്‌. എന്നാല്‍ അതു വെച്ചു നോക്കിയാല്‍ ഇന്ത്യ പോലെ നല്ല മണ്ണില്ല, ഇപ്പോഴും. പക്ഷേ എന്തു കൊണ്ട്‌ വളര്‍ച്ചയില്ല, എന്നല്ല നാള്‍ക്കു നാള്‍ ക്ഷയിക്കുകയും ചെയ്യുന്നു. അതിനു കാരണം ഇന്ത്യന്‍ അവസ്ഥയെ ശരിയായി എന്നു വെച്ചാല്‍ യാഥാര്‍ഥ്യബോധത്തോടെ വിശകലനം ചെയ്‌ത്‌ മുന്നോട്ടു പോകാന്‍ തയ്യാറാകാത്ത കമ്മ്യൂണിസ്‌റ്റു പാര്‍ടികളുടെ നിര്‍ബന്ധബോധമാണ്‌. ജാതി എന്നത്‌ വര്‍ഗം തന്നെയാണ്‌ കേരളം വിട്ടാല്‍ എന്നത്‌ തിരിച്ചറിഞ്ഞുള്ള സമീപനം അത്യാവശ്യമായി വന്നിരിക്കുന്നു. തീവ്ര ഹിന്ദുത്വത്തിനെക്കാളും നല്ലത്‌ മൃദുഹിന്ദുത്വമാണെന്ന്‌ ജനത്തിനെ ബോധ്യപ്പെടുത്തി കളം തിരിച്ചുപിടിക്കാനുള്ള ശ്രമമാണ്‌ കോണ്‍ഗ്രസ്‌ ഇപ്പോള്‍ നടത്തുന്നത്‌.

അതിനോട്‌ യോജിക്കാതിരിക്കാം, എന്നാല്‍ ഹിന്ദുത്വത്തിനെതിരെ ഇന്ന്‌ ശക്തമായി മുന്നോട്ടു വെക്കാവുന്നത്‌ ദളിത്‌ രാഷ്ട്രീയമാണെന്ന്‌ മനസ്സിലാക്കി, ദളിതര്‍ക്കായി സംഘടനകള്‍ രൂപീകരിച്ച്‌ നാമമാത്രമായി പാര്‍ടിയുടെ കീഴിലാക്കി പ്രവര്‍ത്തിക്കുന്നതിനു പകരം വിശാലമായ ഒരു ദളിത്‌ പ്ലാറ്റ്‌ഫോം ഉണ്ടാക്കിയെടുക്കുക എന്നത്‌ പാര്‍ടി ദൗത്യമായി എന്തുകൊണ്ടാണാവോ കമ്മ്യൂണിസ്‌റ്റ്‌ പാര്‍ടികള്‍ ഏറ്റെടുക്കാത്തത്‌. ഉത്തരേന്ത്യെ സംബന്ധിച്ച്‌ കാസ്‌റ്റ്‌ (ജാതി) തന്നെയാണ്‌ ക്ലാസ്‌(വര്‍ഗം) എന്നത്‌ പകല്‍ വെളിച്ചത്തില്‍ തിരിച്ചറിഞ്ഞുള്ള പുതിയ സമീപനങ്ങള്‍ സ്വീകരിക്കാതെ ഇപ്പോഴും യൂറോപ്യന്‍ വ്യവസായ വിപ്ലവ രാജ്യങ്ങളിലുണ്ടായ വര്‍ഗ സിദ്ധാന്തം അതേപടി വിവര്‍ത്തനം ചെയ്‌ത്‌ മുന്നോട്ടു പോകുമ്പോള്‍ ഇന്ത്യയില്‍ കമ്മ്യൂണിസം അപരിചിതമായി പോകുകയേ ഉള്ളൂ ഇനിയുള്ള സംഘപരിവാര്‍ പോസ്‌റ്റ്‌ ഹിന്ദുത്വ കാലഘട്ടത്തില്‍.

യഥാര്‍ഥത്തില്‍ ഒരു ഇന്ത്യന്‍ കമ്മ്യൂണിസ്‌റ്റ്‌ നയം ഇത്രയും കാലമായിട്ടും ഉണ്ടായില്ല, ഇന്ത്യന്‍ സാഹചര്യങ്ങളെ ഈ സ്വാതന്ത്ര്യസമരത്തിന്റെ ഹാങ്‌ഓവര്‍ ഇല്ലാതായിക്കഴിഞ്ഞ കാലത്തിന്റെ മാനസിക പശ്ചാത്തലത്തില്‍ വിശകലനം ചെയ്യുന്ന ചര്‍ച്ചകള്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ടികളില്‍ ഉണ്ടായിട്ടില്ല എന്നതു തന്നെയാണ്‌ സാധാരണക്കാര്‍ക്ക്‌ മനസ്സിലാവുന്ന കാര്യം. പാര്‍ടിക്ക്‌ വേഗം പോരാ, ഇത്ര പതുക്കെ പോയാല്‍ പോരാ ഈ സംഘപരിവാര്‍ കാലത്ത്‌ എന്ന്‌ വിളിച്ചു പറഞ്ഞ കനയ്യകുമാറില്‍ നിന്ന്‌ സി.പി.എമ്മും സി.പി.ഐ.യും തുടങ്ങേണ്ട ഒരു ചര്‍ച്ചയുണ്ട്‌…അത്‌ സംഭവിക്കുമോ..!!

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
English Summary: communist dilemma on ongress relation but no outcome for self growth

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick