Categories
kerala

ടി.എം.സിദ്ദിഖിനെതിരായ സി.പി.എം.അച്ചടക്ക നടപടി: പൊന്നാനിയില്‍ വീണ്ടും അമര്‍ഷം, അനുഭാവികളുടെ പ്രകടനം

പൊന്നാനിയില്‍ നിയമസഭാ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.എം. സിദ്ദിഖിനെതിരെ സി.പി.എം. അച്ചടക്കനടപടി സ്വീകരിച്ചതില്‍ പാര്‍ടി അനുഭാവികളില്‍ ഒരു വിഭാഗം പ്രതിഷേധത്തിലാണ്. പാര്‍ടി പുതുപൊന്നാനി ബ്രാഞ്ച് സമ്മേളനം നടക്കുന്ന സ്ഥലത്തേക്ക് ഒരു പറ്റം പാര്‍ടി അനുഭാവികള്‍ പ്രകടനം നടത്തിയ സംഭവവും ഉണ്ടായി. സിദ്ദിഖിനെ ബ്രാഞ്ച് കമ്മിറ്റിയിലേക്കാണ് തരം താഴ്ത്തിയത്. തിരഞ്ഞെടുപ്പൊരുക്കം നടന്ന സമയത്ത് സിദ്ദിഖിനെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ട് പൊന്നാനിയില്‍ സി.പി.എം. പ്രവര്‍ത്തകരുടെ പ്രകടനം നടന്നിരുന്നു. എന്നാല്‍ പാര്‍ടി തീരുമാനിച്ചത് പി.നന്ദകുമാറിനെ ആയിരുന്നു. പ്രതിഷേധങ്ങള്‍ക്ക് ഉത്തരവാദി എന്ന നിലയിലാണ് സിദ്ദിഖിനെതിരെ ഇപ്പോള്‍ അച്ചടക്കനടപടി സ്വീകരിച്ചത്.

ശ്രീരാമകൃഷ്ണനെ മോശമാക്കി ചിത്രീകരിച്ചു

2021-ലെ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്കുമുന്‍പുതന്നെ ടി.എം. സിദ്ദീഖിനായി സമൂഹ മാധ്യമങ്ങളില്‍ ചിലര്‍ പ്രചാരണം തുടങ്ങിയിരുന്നു. ‘പൊന്നാനിയിലെ സുല്‍ത്താന്‍’ എന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ച് വ്യാപക പ്രചാരണം നടത്തിയതിനു പിന്നില്‍ ഒരു പ്രവാസി സംഘടനയിലെ പ്രവര്‍ത്തകരാണെന്നും അന്വേഷണ കമ്മിഷന്‍ കണ്ടെത്തിയിരുന്നു. പി ശ്രീരാമകൃഷ്ണനെ മോശമാക്കി ചിത്രീകരിക്കാന്‍ ബോധപൂര്‍വമായ ശ്രമമാണുണ്ടായെന്നാണ് കമ്മിഷന്‍ കണ്ടെത്തിയത്. സ്വര്‍ണം, ഡോളര്‍ കള്ളക്കടത്തുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്‍ത്തകള്‍ പരമാവധി പ്രചരിപ്പിക്കാനും അന്വേഷണ ഏജന്‍സികള്‍ക്ക് ഊമ കത്തുകള്‍ അയക്കുന്നതിനും ഒരുവിഭാഗം ശ്രമിച്ചു.
എല്‍.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ധര്‍മടത്ത് മുഖ്യമന്ത്രി തുടങ്ങിയ അന്നാണ് പൊന്നാനിയിലെ പ്രകടനമുണ്ടായതെന്നും പാര്‍ട്ടി ഗൗരവമായാണ് കണ്ടത്. മതിയായ മുന്നൊരുക്കത്തോടെ നടത്തിയതാണ് പ്രകടനം എന്നാണ് അന്വേഷണ കമ്മിഷന്‍ കണ്ടെത്തിയത്.

thepoliticaleditor
ടി.എം.സിദ്ദിഖിനെ സ്ഥാനാര്‍ഥിയാക്കാത്തതില്‍ പൊന്നാനിയില്‍ തിരഞ്ഞെടുപ്പു കാലത്ത് പ്രത്യക്ഷപ്പെട്ട പോസ്റ്റര്‍

പൊന്നാനിയില്‍ മാത്രം കടുത്ത നടപടി

ജില്ലയില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ പെരിന്തല്‍മണ്ണയിലും പൊന്നാനിയിലുമാണ് പാര്‍ട്ടി അന്വേഷണ കമ്മിഷനെ നിയോഗിച്ചത്. എന്നാല്‍, പാര്‍ട്ടി സ്ഥാനാര്‍ഥി പരാജയപ്പെട്ട പെരിന്തല്‍മണ്ണയില്‍ അന്വേഷണ കമ്മിഷന്‍ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടി സ്വീകരിച്ച അച്ചടക്ക നടപടിയ്ക്ക് മിതത്വമുണ്ടായിരുന്നു. എന്നാല്‍, പൊന്നാനിയില്‍ കടുത്ത നടപടിയെടുക്കാനാണ് പാര്‍ട്ടി തീരുമാനിച്ചത്. പെരിന്തല്‍മണ്ണയില്‍നിന്നുള്ള ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങളായ സി. ദിവാകരന്‍, വി. ശശികുമാര്‍ എന്നിവരെ ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയപ്പോള്‍ പൊന്നാനിയില്‍നിന്നുള്ള ജില്ലാ സെക്ര്‌ട്ടേറിയേറ്റ് അംഗം ടി.എം. സിദ്ദീഖിനെ ബ്രാഞ്ച് കമ്മിറ്റിയിലേക്കാണ് തരംതാഴ്ത്തിയത്.

ടി.എം.സിദ്ദിഖിനെ സ്ഥാനാര്‍ഥിയാക്കാത്തതില്‍ പൊന്നാനിയില്‍ തിരഞ്ഞെടുപ്പു കാലത്ത് നടന്ന പ്രകടനം

തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നിയോഗിച്ച സ്ഥാനാര്‍ഥി വിജയിച്ച സാഹചര്യത്തില്‍ പൊന്നാനിയില്‍ കടുത്ത നടപടിയുണ്ടാകുമെന്ന് പാര്‍ട്ടിയിലെ ടി.എം. സിദ്ദീഖിനെ അനുകൂലിക്കുന്നവര്‍ കരുതിയിരുന്നില്ല. സ്ഥാനാര്‍ഥിയെ അംഗീകരിച്ചതിനു ശേഷം ടി.എം. സിദ്ദീഖ് ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണം മാതൃകാപരമായിരുന്നുവെന്നും ഇത് വലിയ വിജയത്തിലേക്ക് നയിച്ചെന്നും കമ്മിഷന്‍ വിലയിരുത്തിയിട്ടുണ്ട്. അതേസമയം, ശ്രീരാമകൃഷ്ണനു വേണ്ടി പോസ്റ്റര്‍ പ്രചാരണവും ഒപ്പുശേഖരണം നടത്തിയത് അന്വേഷണ റിപ്പോര്‍ട്ടില്‍ കമ്മിഷന്‍ പരാമര്‍ശിച്ചില്ലെന്നതും ശ്രദ്ധേയമാണ്.

ടി.എം.സിദ്ദിഖിനെ സ്ഥാനാര്‍ഥിയാക്കാത്തതില്‍ പൊന്നാനിയില്‍ തിരഞ്ഞെടുപ്പു കാലത്ത് നടന്ന പ്രകടനം

പൊന്നാനിയില്‍ നടന്ന പ്രതിഷേധം വ്യക്ത്യധിഷ്ഠിതമെന്നു വിലയിരുത്തല്‍

അതേസമയം സിദ്ദിഖിനെതിരായ നടപടി ന്യായീകരിച്ചു കൊണ്ട് സി.പി.എം. രംഗത്തുണ്ട്. ടി.എം. സിദ്ദീഖിനെതിരേ കടുത്ത നടപടിയെടുക്കാന്‍ സി.പി.എമ്മിനെ പ്രേരിപ്പിച്ചത് പൊന്നാനിയില്‍ നടന്ന പരസ്യ പ്രതിഷേധം വ്യക്ത്യാധിഷ്ഠിതമെന്നു വിലയിരുത്തുകയാണ് കമ്മീഷൻ.
നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പൊന്നാനിയിലുണ്ടായ പരസ്യ പ്രതിഷേധം സംസ്ഥാനത്തെ മറ്റിടങ്ങളില്‍നിന്ന് വ്യത്യസ്തമായതായിരുന്നുവെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ടി.എം. സിദ്ദീഖിനുവേണ്ടി ഇതിന് മുന്‍പും പൊന്നാനിയില്‍ പ്രകടനം നടന്നിരുന്നു. പി. ശ്രീരാമകൃഷ്ണന്‍ ആദ്യമായി സ്ഥാനാര്‍ഥിയായി പൊന്നാനിയിലെത്തുന്നതും ഇത്തരം പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ്.

Spread the love
English Summary: anger among cpm sympathisers on the disciplinary action against t m siddique in ponnani

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick