Categories
latest news

തിരയൊടുങ്ങാത്ത കടൽപോലെ…. എങ്ങും എസ് പി ബിയുടെ ഓർമ്മകൾ

തിരയൊടുങ്ങാത്ത കടൽപോലെ എങ്ങും എസ് പി ബിയുടെ ഓർമ്മകൾ അലയടിക്കുമ്പോൾ ആ ലെജൻഡിനൊപ്പം പാടിയ നാളുകൾ ഓർത്തെടുക്കുകയാണ് ചലച്ചിത്ര പിന്നണി ഗായികയും ഈ വർഷത്തെ സംഗീത നാടക അക്കാദമി അവാർഡ് ജേതാവുമായ റീനമുരളിയും ഗാനമേള രംഗത്തെ എവർഗ്രീൻ സിംഗറുമായ പാർത്ഥനും.

എസ്‌.പി.ബാലസുബ്രഹ്മണ്യത്തിനൊപ്പം റീന മുരളി

2016 ൽ കോട്ടയത്ത് നടന്ന ഒരു എസ് പി ബി നൈറ്റിൽ വച്ചാണ് റീനക്ക് അദ്ദേഹത്തിനൊപ്പം പാടാനുള്ള അവസരം ലഭിച്ചത്.തൃശൂർ കലാസദൻ ആയിരുന്നു ആ പ്രോഗാമിന്റെ പിന്നണി.സ്റ്റേജിലേക്ക് എസ് പി ബി സർ കടന്നു വരുന്നു ലിസ്റ്റ് പരിശോധിക്കുന്നു.താരാപഥംചേതോഹരം,ആയിരം നിലവേ വാ,ഗുരുവായൂരപ്പാ എന്നീ പാട്ടുകളായിരുന്നു റീനക്ക് അദ്ദേഹത്തിനൊപ്പം പാടാനായി ലിസ്റ്റിൽ ഉണ്ടായിരുന്നത്.അതിൽ ആയിരം നിലവേ വാ എന്ന ഗാനം എസ് പി ബിയും ശുശീലാമ്മയും കൂടെ പാടിയ ആദ്യഗാനമായിരുന്നതിനാൽ ആ ഗാനത്തോട് എസ് പി ബിക്ക് വല്ലാത്തൊരു അറ്റാച്മെന്റ് ഉണ്ടായിരുന്നു.

ഒട്ടും പരിചയമില്ലാത്ത ഒരു ഗായികയോടൊപ്പം അത്രയും സങ്കീർണ്ണമായ ആ പാട്ട് പാടുവാൻ അദ്ദേഹത്തിന് ഒരല്പം വിമുഖത ഉണ്ടായി.അദ്ദേഹം അത് തുറന്നു പറയുകയും ചെയ്തു.ഓർക്കസ്ട്ര മാനേജർ ജേക്കബ്ചേങ്ങലായി ‘സർ ഈ പാട്ട് റീന പാടും. അങ്ങ് അവരുടെ ഒരു പാട്ട് കേൾക്കൂ അതിനു ശേഷം വേണമെങ്കിൽ നമുക്ക് ഒഴിവാക്കാം എന്ന് ജാമ്യം നിൽക്കുന്നു.അങ്ങനെ ആ പാട്ട് റിസർവ്വ് വക്കുന്നു .ആ പ്രോഗ്രാമിൽ ഏഴാമത്തെ പാട്ടായിരുന്നു റീന പാടിയത്.എസ് ജാനകിയമ്മയുടെ’ സിന്ദൂരപ്പൂവേ…..’പാട്ട് പാടികഴിഞ്ഞയുടനെ എസ് പി ബി അതിയായ സന്തോഷത്തോടെ ”ആയിരം നിലവ് എനിക്ക് ഈ കുട്ടിയോടൊപ്പം തന്നെ പാടണം” എന്ന് പറഞ്ഞു.

എസ്‌.പി.ബാലസുബ്രഹ്മണ്യത്തിനൊപ്പം പാര്‍ഥന്‍

ആ പാട്ടിന്റെ പല്ലവിയും അനുപല്ലവിയും എസ് പി ബിയും ചരണം മുതൽ സുശീലാമ്മയുമാണ് പാടുന്നത്.സ്റ്റേജിൽ എസ് പി ബി സാർ അദ്ദേഹത്തിൻറെ പോർഷൻ പാടിക്കഴിയുന്നു.ഇന്റർലൂഡ്നു ശേഷം ‘മന്നവനിൽ തോളിൽ’….പാടിത്തുടങ്ങിയതോടെ അദ്ദേഹം റീനയുടെ സമീപത്തേക്ക് ചേർന്ന് നിൽക്കുന്നു തലയാട്ടിക്കൊണ്ട് ആ ഗാനപ്രവാഹത്തിൽ അലിഞ്ഞു ചേരുന്നു..പാട്ട് പാടികഴിഞ്ഞതേ..”യാർ നീങ്ക യമ്മാ… who are you? എക്സ്റ്റാറ്റിലി സുശീലാമ്മ എന്തെല്ലാം പാടിയിരുന്തോ അതെല്ലാമേ ഇന്ത റീനമ്മ പാടിയിരിക്കേ.. ഷീ ഈസ് മൈ ഡോട്ടർ” ആ ജനാവലിയെ അഭിസംബോധനചെയ്ത് റീനയെ ചേർത്തു പിടിച്ചപ്പോൾ സദസ്സിൽ നിന്നും നിലക്കാത്ത കൈയടിയുയർന്നു.

2018ൽ മറ്റൊരു വേദി.
റീനപാടുകയാണ് ‘ചിന്നത്തായവൾ’ .സ്റ്റേജിൽ ഇരുന്ന എസ് പി ബിയുടെ കണ്ണുകൾ നിറഞ്ഞു കവിയുന്നു.പാട്ട് പാടികഴിഞ്ഞ ഉടനെ റീനയുടെ അടുത്തു ചെന്ന് ”ജാനകിയമ്മാവുടെ അതേ വോയ്‌സ് മോഡുലേഷൻ സിംഗിംഗ് സ്റ്റൈൽ”എന്ന് പറഞ്ഞ അദ്ദേഹം ഇരുവരുമൊരുമിച്ചു മലരേ മൗനമാ പാടിയപ്പോൾ ഓഡിയൻസിനോടും ഇതേ വാക്കുകൾ ആവർത്തിച്ചു.തൃശൂരിലെ വീട്ടിലിരുന്ന് ഈ രംഗങ്ങളെല്ലാം ഓർത്തെടുത്തപ്പോൾ റീനയുടെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു.
ബർദുബായ് ലെ ഒരു ബെഡ്സ്‌പേസിലിരുന്നു പാർത്ഥൻ പറഞ്ഞു തുടങ്ങി.
”എസ്പിബിയുമായി മൂന്നാമത്തെ സ്റ്റേജായിരുന്നു തൃശൂരിലേത്. ഇതിനു മുൻപ് രണ്ടു തവണ എസ്പിബിയുടെ പരിപാടിക്ക് കോറസ് പാടാൻ പോയിട്ടുണ്ട്. മലരേ മൗനമാ എന്ന ഗാനം അന്ന് പാടുമെന്ന് ഉറപ്പില്ലായിരുന്നു. അതിന്റെ ഹമ്മിങ് എസ്പിബി സർ തന്നെ ചിലപ്പോൾ പാടാറുമുണ്ട്. അന്നു പക്ഷേ, അദ്ദേഹം വേദിയിൽ കയറുന്നതിനു മുൻപ് ആരാണ് കോറസ് എന്നു ചോദിച്ചു. ഞാനപ്പോൾ വേദിയുടെ പിറകിൽ നിൽക്കുകയായിരുന്നു. കീബോർഡിസ്റ്റ് കീബോർഡിസ്റ്റ് പോളിയേട്ടൻ എന്നെ ചൂണ്ടിക്കാട്ടി. ഞാൻ കയ്യുയർത്തി കാണിച്ചു. അദ്ദേഹം എന്നോട് വേദിയിലേക്ക് കയറി വരാൻ ആവശ്യപ്പെട്ടു. അദ്ദേഹം വിളിച്ചെങ്കിലും ഞാൻ മടിച്ചു നിന്നു. അടുത്തു വന്നു നിൽക്കാൻ അദ്ദേഹം വീണ്ടും ആവശ്യപ്പെട്ടപ്പോഴാണ് ഞാൻ വേദിയിലേക്ക് കയറിച്ചെന്നത്. വേദിയിൽ അദ്ദേഹത്തിന് കുറച്ചു പിറകിൽ ആയാണ് ഞാൻ നിന്നത്. സർ എന്റെ കൈ പിടിച്ച് അടുത്തു നിറുത്തി. പാട്ട് തുടങ്ങി ഹമ്മിങ്ങിന്റെ ഭാഗം എത്തിയപ്പോൾ എനിക്ക് പാടാനായി തന്ന മൈക്കിന് ശബ്ദം കുറവ്. കാര്യം നിമിഷനേരം കൊണ്ടു മനസിലാക്കിയ എസ്പിബി സ്വന്തം മൈക്ക് എനിക്കു നേരെ നീട്ടിപ്പിടിച്ചു. അദ്ദേഹം പിടിച്ചു തന്ന മൈക്കിലാണ് ഞാൻ ആ ഹമ്മിങ് പാടിതീർത്തത്.

എസ്പിബി സാറിനെപ്പോലെ ഒരു വലിയ ഗായകൻ ഒരു സാധാരണ ഗാനമേളയിൽ പാടുന്ന എനിക്ക് മൈക്ക് പിടിച്ചു തരിക എന്നു പറയുന്നത് അദ്ദേഹത്തിന്റെ മനസിന്റെ വലിപ്പത്തെയാണ് കാണിക്കുന്നത്. വേറെ ആരും അങ്ങനെ ചെയ്യില്ല. ഹമ്മിങ് പാടിക്കഴിഞ്ഞപ്പോൾ അദ്ദേഹം കയ്യിൽ തട്ടി അഭിനന്ദിച്ചു. അപ്പോൾ തന്നെ ഞാൻ കാൽക്കൽ വീണു. എന്റെ മൊട്ടത്തലയിൽ അദ്ദേഹം തഴുകി. പാട്ട് തീർന്നതും ഞങ്ങളെക്കുറിച്ച് നല്ല വാക്കുകൾ പറയാനും അദ്ദേഹം മറന്നില്ല. സിനിമയിൽ പാടുന്നതിൽ വലിയ കാര്യമില്ല. കഴിവിനെക്കാളുപരി അതൊരു ഭാഗ്യമാണ്. ലൈവായി പാടിക്കൊണ്ടിരിക്കുക എന്നതാണ് വലിയ കാര്യമെന്ന് അദ്ദേഹം പറഞ്ഞു.

ആ വേദി എനിക്കൊരിക്കലും മറക്കാൻ കഴിയില്ല. ഇനി മരിച്ചാലും വേണ്ടില്ല എന്ന തോന്നലായിരുന്നു മനസിൽ. എനിക്ക് ഏറെ പ്രിയപ്പെട്ട ഗായകനൊപ്പം അങ്ങനെയൊരു വേദിയിൽ ഒരുമിച്ചു നിൽക്കാൻ പറ്റിയല്ലോ! വേറെ എന്താണ് എനിക്കു വേണ്ടത്. ഇത്രയും വേദികളിൽ ഞാൻ പാടിയിട്ടുണ്ടെങ്കിലും അദ്ദേഹത്തോടൊപ്പമുള്ള ആ പരിപാടിയുടെ പേരിലായിരിക്കും ഞാൻ ഓർക്കപ്പെടുക എന്നു പോലും തോന്നിപ്പോയി. അന്നത്തെ ആ വിഡിയോ കണ്ടാലറിയാം… എന്റെ കണ്ണുകളൊക്കെ നിറഞ്ഞ് വല്ലാത്തൊരു അവസ്ഥയിലായിരുന്നു. ആ പരിപാടി കഴിഞ്ഞ് തിരിച്ചുള്ള യാത്രയിലും അദ്ദേഹം ഞങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നെന്ന് കൂടെ പോയവർ പറഞ്ഞു. ഇതെല്ലാം വളരെ അഭിമാനം തോന്നുന്ന ഓർമകളാണ്..

നല്ലൊരു പാട്ടുകാരനേക്കാൾ നല്ലൊരു മനുഷ്യനാണ് എസ്പിബി സർ. ഒരു സാധാരണ പാട്ടുകാരനെ വിളിച്ചു കയറ്റി ഒപ്പം നിറുത്തി പാടിക്കേണ്ട കാര്യം അദ്ദേഹത്തിനില്ല. ആ വലിയ ശരീരം മുഴുവൻ സ്നേഹമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. കൂടെ പാടുന്നവരെ ഇത്രമേൽ പ്രോത്സാഹിപ്പിക്കുന്ന മറ്റൊരു ഗായകനില്ല. അദ്ദേഹത്തിനറിയാം, എന്തു ചെയ്താലാണ് കൂടെ പാടുന്ന വ്യക്തിയുടെ ഏറ്റവും ബെസ്റ്റ് പുറത്തു വരിക എന്ന്.അദ്ദേഹത്തിൻറെ മരണ വാർത്തഅറിഞ്ഞ നിമിഷം തൊട്ട് മനസ്സിലൊരു ശൂന്യതയായിരുന്നു.ഏറെ നേരം പിടിച്ചു നിന്നെങ്കിലും ആ ശരീരം തീനാമ്പുകൾ ഏറ്റുവാങ്ങാൻ തുടങ്ങിയതോടെ നെഞ്ചു പൊട്ടിക്കരഞ്ഞുപോയി. എത്രയോ അറിയപ്പെടാത്ത ഗായകർക്ക് തന്നോടൊപ്പമുള്ള ഓരോ നിമിഷവും ഏറ്റവും ഹരിതാഭമായ ഓർമ്മയാക്കി മാറ്റിയാണ് എസ് പി ബി മറഞ്ഞത്.ഗാനരചയിതാവ് മുത്തുലിംഗം എഴുതിയത്”ഇന്ത ദേഹം മറന്താലും ഇസൈയായ് മലർവേൻ” എന്നാണ്.എസ് പി ബിയുടെ ജീവിതം അത് ശരിവെക്കുകയാണ്.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
English Summary: evergreen memmories of spb

One reply on “തിരയൊടുങ്ങാത്ത കടൽപോലെ…. എങ്ങും എസ് പി ബിയുടെ ഓർമ്മകൾ”

പാർത്ഥനും റീമയും അനുഗ്രഹീത ഗായകർ ആണ്….
SPB എന്ന മഹാഗായകന്റെ അനുഗ്രഹം എന്നും ഉണ്ടാകും….
ഇനിയും ഉയരങ്ങൾ കീഴടക്കാൻ…..
പ്രാർത്ഥിക്കുന്നു.
🌹

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick