Categories
exclusive

ചന്ദ്രിക പത്ര വിവാദം വെറും നിമിത്തം; കുഞ്ഞാലിക്കുട്ടിക്കെതിരെ ലീഗിനകത്ത്‌ വലിയ തിരയിളക്കം

ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടു വഴി പത്ത്‌ കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചു എന്ന സംശയം ഉയര്‍ത്തി എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ മുസ്ലീംലീഗ്‌ പ്രസിഡണ്ട്‌ ഹൈദരലി ശിഹാബ്‌ തങ്ങളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്‌ മുസ്ലീംലീഗിലെ അന്തര്‍സംഘര്‍ഷത്തെ പുതിയ തലത്തിലേക്ക്‌ എത്തിച്ചിരിക്കയാണ്‌. അതാവട്ടെ ചെന്നവസാനിക്കുന്നത്‌ പി.കെ.കുഞ്ഞാലിക്കുട്ടി എന്ന നേതാവിന്റെ അപ്രമാദിത്വത്തിനെതിരായ പ്രതിഷേധത്തിന്റെ ഏകോപനത്തിലേക്കുമാണ്‌.

ഹൈദരലി തങ്ങള്‍

ഇന്ന്‌ കോഴിക്കോട്ട്‌ ലീഗ്‌ ഹൗസില്‍ നടന്ന പത്രസമ്മേളനത്തിനിടയില്‍ നടന്ന വാക്കേറ്റം ലീഗില്‍ നടക്കുന്ന കുഞ്ഞാലിക്കുട്ടിവിരുദ്ധ വിഭാഗത്തിന്റെയും അനുകൂല വിഭാഗത്തിന്റെയും സംഘര്‍ഷത്തിന്റെ ബഹിര്‍സ്‌ഫുരണമായി കാണാം. പാണക്കാട്ട്‌ തങ്ങന്‍മാര്‍ പാര്‍ടി പ്രസിഡണ്ട്‌ എന്ന നിലയില്‍ മാത്രമല്ല മുസ്ലീങ്ങള്‍ക്കിടയില്‍ ആദരിക്കപ്പെടുന്നത്‌ ആത്മീയ നേതാക്കള്‍ എന്ന നിലയില്‍ കൂടിയാണ്‌. അതു കൊണ്ടുതന്നെ ഹൈദരലി തങ്ങളെ കേന്ദ്ര ഏജന്‍സി പണം വെളുപ്പിക്കല്‍ കേസില്‍ ചോദ്യം ചെയ്യാന്‍ വിളിച്ചു എന്നത്‌ സമുദായത്തിലെ ലീഗ്‌ പക്ഷപാതികളെ വൈകാരികമായിത്തന്നെ മുറിപ്പെടുത്തുന്ന സംഗതിയാണ്‌. കുഞ്ഞാലിക്കുട്ടി കാരണമാണ്‌ ഈ ദൗര്‍ഭാഗ്യസംഭവം ഉണ്ടായതെന്ന്‌ ഹൈദരലിയുടെ മകന്‍ മു ഈന്‍ അലി തങ്ങള്‍ തുറന്നു പറഞ്ഞ്‌ കുഞ്ഞാലിക്കുട്ടിക്കെതിരെ വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചതോടെയാണ്‌ ഇന്നത്തെ വാക്കേറ്റം ഉണ്ടായത്‌. മു ഈന്‍ അലി മുസ്ലീം യൂത്ത്‌ ലീഗിന്റെ അഖിലേന്ത്യാ വൈസ്‌ പ്രസിഡണ്ടാണ്‌. കുഞ്ഞാലിക്കുട്ടിക്കെതിരെ ഇതാദ്യമായല്ല മു ഈന്‍ പ്രതികരിക്കുന്നത്‌. ലോക്‌സഭാംഗത്വം രാജിവെച്ച്‌ നിയമസഭാ തിരഞ്ഞെടുപ്പിന്‌ നേതൃത്വം നല്‍കാന്‍ കുഞ്ഞാലിക്കുട്ടി എത്തിയതിനെതിരെ മുഈന്‍ പരസ്യമായി രംഗത്തു വന്നിരുന്നു.

thepoliticaleditor
പി.എം.സാദിഖലി

കുഞ്ഞാലിക്കുട്ടിക്കെതിരായ പ്രതിഷേധം ഇങ്ങനെ ഒറ്റപ്പെട്ടതല്ല. യൂത്ത്‌ ലീഗ്‌ നേതാവ്‌ പി.എം.സാദിഖലി വളരെ കടുത്ത ഭാഷയിലാണ്‌ കഴിഞ്ഞ ലീഗ്‌ സംസ്ഥാന നേതാക്കളുടെ യോഗത്തില്‍ പ്രതികരിച്ചത്‌. ലീഗ്‌ സിംഗിള്‍ ഓണര്‍ഷിപ്പിലുള്ള പാര്‍ടിയില്ല എന്ന്‌ ആഞ്ഞടിക്കുകയായിരുന്നു സാദിഖലി. കെ.എം. ഷാജിയും പരോക്ഷ വിമര്‍ശനവുമായി രംഗത്തു വന്നു. താന്‍ അഴീക്കോട്‌ തോല്‍ക്കുമെന്നറിഞ്ഞിട്ടും അവിടെ തന്നെ മല്‍സരിക്കാന്‍ വിട്ടുവെന്ന വിമര്‍ശനത്തിനു പിന്നിലെ മുന കുഞ്ഞാലിക്കുട്ടിയുടെ നേര്‍ക്കാണെന്നത്‌ വ്യക്തം.
മുസ്ലീംലീഗിലെ പ്രമുഖ നേതാവായ ഇ.ടി. മുഹമ്മദ്‌ ബഷീര്‍ നേരത്തെ തന്നെ കുഞ്ഞാലിക്കുട്ടി വിരുദ്ധനാണ്‌. അടുത്ത കാലത്ത്‌ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്‌ വിഷയത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ നിലപാടിനെ പരോക്ഷമായി തള്ളിപ്പറഞ്ഞ്‌ കടുത്ത സര്‍ക്കാര്‍ വിരുദ്ധ നിലപാട്‌ സ്വീകരിച്ച്‌ ഇ.ടി. മുഹമ്മദ്‌ ബഷീര്‍ രംഗത്തു വന്നിരുന്നു.

അതേസമയം മുസ്ലീംലീഗിലെ കുഞ്ഞാലിക്കുട്ടി വിഭാഗത്തിന്‌ വലിയ മേല്‍ക്കൈ ആണ്‌ പാര്‍ടിയുടെ മേല്‍ ഉള്ളത്‌. പാണക്കാട്‌ തറവാടുമായി കുഞ്ഞാലിക്കുട്ടിക്കുള്ള അഭേദ്യമായ ബന്ധമാണ്‌ അദ്ദേഹത്തെ പാര്‍ടിയില്‍ ചോദ്യം ചെയ്യാനാവാത്ത നേതാവാക്കി ഉയര്‍ത്തിയത്‌. അ്‌ന്തരിച്ച സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളുടെ മാനസ പുത്രനായിരുന്നു കുഞ്ഞാലിക്കുട്ടി. ലീഗിന്റെ സംസ്ഥാന അധ്യക്ഷനായ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ പറഞ്ഞാല്‍ പിന്നെ ലീഗില്‍ പിന്നെ മറുവാക്കുണ്ടായിരുന്നില്ല. ലീഗിനു പുറത്ത്‌ ആത്മീയ തലത്തിലും ആരാധ്യനായിരുന്നു ശിഹാബ്‌ തങ്ങള്‍.

മുഹമ്മദലി ശിഹാബ്‌ തങ്ങള്‍

ബാബരി മസ്‌ജിദ്‌ തകര്‍ക്കപ്പെട്ടതിനു ശേഷം മുസ്ലീംലീഗ്‌ വൈകാരികമായി ആദ്യം പ്രതികരിക്കുകയും യു.ഡി.എഫില്‍ നിന്നും പോകുന്നതായി പ്രഖ്യാപിക്കുകയും അടുത്ത ദിവസം തന്നെ തീരുമാനം മാറ്റി യു.ഡി.എഫിലേക്ക്‌ തന്നെ തിരിച്ചെത്തുകയും ചെയ്‌തപ്പോള്‍ കനത്ത രീതിയിലുള്ള നഷ്ടമില്ലാതെ പാര്‍ടിയെ നയിച്ചത്‌ ശിഹാബ്‌ തങ്ങളുടെ സ്വീകാര്യത കാരണമായിരുന്നു. കുഞ്ഞാലിക്കുട്ടി ഈ തണലിലാണ്‌ ലീഗില്‍ അധൃഷ്യനായി വളര്‍ന്നത്‌. ആ സ്വാധീനം ഇപ്പോഴും തുടരുന്നുണ്ട്‌. 2006-ല്‍ കുറ്റിപ്പുറത്ത്‌ പരാജയപ്പെട്ടപ്പോള്‍ പോലും പാര്‍ടിയുടെ സ്വാധീനച്ചരട്‌ കുഞ്ഞാലിക്കുട്ടിയില്‍ തന്നെ നിലനിന്നു. എന്നാല്‍ പതുക്കെ മാറ്റങ്ങള്‍ വന്നു തുടങ്ങി എന്നതിന്റെ സൂചനയാണ്‌ സമീപകാലത്തെ പരസ്യ വിമര്‍ശനങ്ങള്‍.

Spread the love
English Summary: criticism darkens against pk kunjalikkutty inside muslim leauge

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick