മുസ്ലീംലീഗിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തില്‍ വിവാദവിവരങ്ങള്‍ വെളിപ്പെടുത്തിയ മു ഈന്‍ അലി തങ്ങള്‍ക്കെതിരെ ഇന്ന് ചേര്‍ന്ന മുസ്ലീംലീഗ് ഉന്നതാധികാര സമിതി യോഗം നടപടിയൊന്നും എടുത്തില്ല. അതേസമയം മുഈന്‍ അലിയെ അധിക്ഷേപിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്‌ത ലീഗ് പ്രവര്‍ത്തകന്‍ റാഫി പുതിയകടവിലിനെ സസ്‌പെന്റ് ചെയ്യാന്‍ തീരുമാനിച്ചു.

മു ഈന്‍ അലി തങ്ങള്‍ ചെയ്‌തത് തെറ്റാണെന്നും പാര്‍ടിയുടെ അച്ചടക്കത്തിന് വിരുദ്ധമാണെന്നും യോഗം വിലയിരുത്തിയതായി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മു ഈന്‍ അലി തങ്ങളുടെ പ്രവൃത്തി സംബന്ധിച്ച് ഹൈദരലി ശിഹാബ് തങ്ങളുമായി ചര്‍ച്ച നടത്തി പിന്നീട് ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നാണ് യോഗം തീരുമാനിച്ചത്. ചര്‍ച്ച നടത്താന്‍ സാദിഖ് അലി ശിഹാബ് തങ്ങളെ ചുമതലപ്പടുത്തി. ഹൈദരലി തങ്ങളുടെ മകനാണ് മു ഈന്‍ അലി തങ്ങള്‍.

വെള്ളിയാഴ്‌ച കോഴിക്കോട്ട് ലീഗ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടയിലാണ് നാടകീയമായ സംഭവങ്ങള്‍ ഉണ്ടായത്. ചന്ദ്രിക പത്രവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പത്രത്തിന്റെ ചെയര്‍മാനും എം.ഡി.യുമായ ഹൈദരലി ശിഹാബ് തങ്ങളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച സംഭവത്തില്‍ നിന്നാണ് വിവാദത്തിന്റെ തുടക്കം. ചന്ദ്രികയിലെ സാമ്പത്തിക ക്രമക്കേടില്‍ ഹൈദരലിക്ക് പങ്കില്ലെന്നും 40 വര്‍ഷമായി പി.കെ.കുഞ്ഞാലിക്കുട്ടിയാണ് എല്ലാ കൈകാര്യം ചെയ്യുന്നതെന്നും വാര്‍ത്താ സമ്മേളനത്തില്‍ മുയീന്‍ അലി തങ്ങള്‍ ആരോപിക്കുകയായിരുന്നു. ഇ.ഡി.യുടെ ചോദ്യം ചെയ്യല്‍ സംബന്ധിച്ച് ലീഗിന്റെ അഭിഭാഷകന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ തനിക്കും ചിലത് പറയാനുണ്ട് എന്ന് പറഞ്ഞ് അപ്രതീക്ഷിതമായി മു ഈന്‍ അലി തങ്ങള്‍ സംസാരിച്ചു തുടങ്ങുകയായിരുന്നു.

തുടര്‍ന്ന് കുഞ്ഞാലിക്കുട്ടിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ത്തി. ഇതോടെ സദസ്സില്‍ നിന്നും ലീഗ് പ്രവര്‍ത്തകനായ റാഫി കടവത്ത് ഇടപെടുകയും മു ഈന്‍ തങ്ങളെ അസഭ്യം പറയുകയും ബഹളമുണ്ടാക്കുകയും ചെയ്‌തു. മറ്റുള്ളവര്‍ ഇദ്ദേഹത്തെ ഒരു വിധം പിടിച്ചു മാറ്റുകയും എന്നാല്‍ മു ഈന്‍ തങ്ങള്‍ തന്റെ സംസാരം തുടരുകയും ചെയ്‌തു. ഹൈദരലി തങ്ങള്‍ക്കെതിരെ വന്നിരിക്കുന്ന ഇ.ഡി. നോട്ടീസ് അത്യന്തം വേദനാജനകമാണെന്നും ഇതിനെല്ലാം ഉത്തരവാദി കുഞ്ഞാലിക്കുട്ടിയാണെന്നും മു ഈന്‍ വാര്‍ത്താ സമ്മേളനത്തില്‍ തുറന്നു പറയുകയായിരുന്നു. മാധ്യമങ്ങള്‍ ഇത് മുഴുവനായി ചിത്രീകരിക്കുകയും ചെയ്‌തു. വാര്‍ത്താ സമ്മേളനം കഴിഞ്ഞ് ഓഫീസില്‍ നിന്നും ഇറങ്ങിയെ മു ഈന്‍ അലിയെ മാധ്യമപ്രവര്‍ത്തകര്‍ മുഈന്‍ അലിയുടെ തുടര്‍ പ്രതികരണം തേടാന്‍ ശ്രമിച്ചെങ്കിലും ക്ഷുഭിതരായ ലീഗ് പ്രവര്‍ത്തകരുടെ സാന്നിധ്യം മൂലം അദ്ദേഹം സംസാരിക്കാതെ പിന്‍മാറുകയും ചെയ്‌തിരുന്നു.













