‘താരകപ്പെണ്ണാളേ’ എന്ന ഗാനത്തിലൂടെ ശ്രദ്ധ നേടിയ നാടൻപാട്ട് കലാകാരനും കാർട്ടൂണിസ്‌റ്റുമായ പി.എസ് ബാനർജി(41) അന്തരിച്ചു. കൊല്ലം ശാസ്‌താംകോട്ട സ്വദേശിയാണ്. തിരുവനന്തപുരം ശ്രീകാര്യം ചൈതന്യ ലെയ്‌നിലായിരുന്നു താമസം.കൊവിഡ് രോഗം ഭേദമായ ശേഷമുളള ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവെ ഇന്ന് പുലർച്ചെയാണ് അന്ത്യമുണ്ടായത്. നാടൻപാട്ട് രംഗത്തെ മികച്ച പ്രതിഭയായ അദ്ദേഹത്തിനെ 2014ൽ സംസ്ഥാന ഫോക്‌ലോർ അക്കാഡമി മികച്ച യുവപ്രതിഭയ്‌ക്കുളള അംഗീകാരം നൽകിയിരുന്നു. ജൂലായ് രണ്ടിന് കൊവിഡ് പോസിറ്റീവായ ബാനർജി തുടർന്ന് ആശുപത്രിയിലായിരുന്നു. രോഗം ഭേദമായെങ്കിലും ആരോഗ്യപ്രശ്‌നങ്ങൾ തുടരുന്നതിനിടെയാണ് അന്ത്യമുണ്ടായത്. ഭാര്യ ജയപ്രഭ. മക്കൾ: ഓസ്‌കാർ, നൊബേൽ.













