• Home
  • kerala
  • കെ.എം.ബഷീറിനെ കാറിടിച്ച് കൊന്നിട്ട് രണ്ടു വര്‍ഷം, വിചാരണ എവിടെയുമെത്തിയില്ല

കെ.എം.ബഷീറിനെ കാറിടിച്ച് കൊന്നിട്ട് രണ്ടു വര്‍ഷം, വിചാരണ എവിടെയുമെത്തിയില്ല

സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ മേധാവിയായ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍
കെ എം ബഷീറിനെ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ച് ലക്കില്ലാതെ ഓടിച്ച കാറിടിച്ച്
കൊലപ്പെടുത്തിയിട്ട് ഇന്ന് രണ്ട് വർഷം പൂർത്തിയാവുന്നു.കേസിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും വിചാരണ നടപടികൾ ഇതുവരെ ആരംഭിച്ചിട്ടില്ല.
2019 ഓഗസ്റ്റ് മൂന്നിനു പുലർച്ചെ ഒരു മണിക്കാണ് ശ്രീറാം ഓടിച്ചിരുന്ന കാറിടിച്ച് ബഷീര്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് വിളിപ്പാടകലെ കൊല്ലപ്പെടുന്നത്. മദ്യലഹരിയിലായിരുന്നു ഉദ്യോഗസ്ഥന്‍. കാറില്‍ ഒപ്പം സുഹൃത്തായ വഫ ഫിറോസ് എന്ന് യുവതിയും ഉണ്ടായിരുന്നു.

അപകടം നടന്ന് അല്‍പ സമയത്തിനകം മ്യൂസിയം പൊലീസ് സ്ഥലത്തെത്തി. എന്നാല്‍ പ്രതി ഐ.എ.എസ്. ഉദ്യോഗസ്ഥനാണെന്ന് മനസ്സിലായ നിമിഷം മുതല്‍ തെളിവുകള്‍ നശിപ്പിക്കാനുള്ള നീക്കവും ആരംഭിച്ചു. പ്രതിയുടെ രക്ത പരിശോധന പോലും എട്ടു മണിക്കൂറിനു ശേഷം മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധം കടുപ്പിച്ച ശേഷമാണ് നടത്തിയത്. ശ്രീറാമിന്റെ താല്‍പര്യപ്രകാരം മികച്ച ഒരു സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പൊലീസ് അഡ്മിറ്റ് ചെയ്തത്. രക്ത പരിശോധന നടത്താന്‍ തയ്യാറായും ഇല്ല. പിന്നീട് അത് നടത്തിയപ്പോഴേക്കും വിലപ്പെട്ട ഒരു തെളിവ് ആസൂത്രിതമായ നീക്കത്തില്‍ ഇല്ലാതായിക്കഴിഞ്ഞിരുന്നു–രക്തത്തില്‍ ആല്‍ക്കഹോളിന്റെ അംശം പരിശോധനയില്‍ കണ്ടെത്താനായില്ല.

വെറും അപകടമരണം മാത്രമാക്കി ചുരുക്കാനുള്ള ഉന്നത ഗൂഢാലോചനയാണ് ആദ്യമേ നടന്നത്. ശക്തമായ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ ശ്രീറാം വെങ്കിട്ടരാമനെ സസ്‌പെന്റ് ചെയ്തു. എന്നാല്‍ പിന്നീട് കൊവിഡ് കാലത്ത് ആരോഗ്യവകുപ്പിലെ ഉന്നത പദവിയില്‍ തിരികെ പ്രവേശിപ്പിക്കുകയും ചെയ്തു. അപകടത്തെ സംബന്ധിച്ച് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് അന്വേഷിച്ചെങ്കിലും ആദ്യഘട്ടത്തില്‍ വാഹനത്തിന്റെ അമിത വേഗം സംബന്ധിച്ച് പരിശോധന ഒഴിവാക്കാനുള്ള നീക്കം നടക്കുകയുണ്ടായി.

വാഹനത്തിന് 100 കിലോമീറ്ററിലേറെ വേഗമുണ്ടെന്നു കണ്ടെത്തിയിരുന്നു. മദ്യപിച്ചുള്ള വാഹനമോടിക്കലും, തെളിവു നശിപ്പിക്കലുമടങ്ങുന്ന കുറ്റങ്ങളും കുറ്റപത്രത്തിലുണ്ട്. എന്നാല്‍ ഇത് ശാസ്ത്രീയമായി തെളിയിക്കാവുന്ന രീതിയിലുള്ള തെളിവുകളുടെ അഭാവം കേസിനെ ബാധിക്കാനിടയുണ്ടെന്ന് സംശയിക്കപ്പെടുന്നു. നേരിട്ട് ഹാജരാകാൻ പലതവണ കോടതി ആവശ്യപ്പെട്ടെങ്കിലും, ശ്രീറാം വിവിധ കാരണങ്ങൾ പറഞ്ഞുകൊണ്ട് ഒഴിഞ്ഞുമാറുകയായിരുന്നു.ആഗസ്ത് 9ന് കേസ് വീണ്ടും പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *

കെ.എം.ബഷീറിനെ കാറിടിച്ച് കൊന്നിട്ട് രണ്ടു വര്‍ഷം, വിചാരണ എവിടെയുമെത്തിയില്ല - The Political Editor