Categories
kerala

തൃശ്ശൂരിലെ സഹകരണ ബാങ്കുകളില്‍ നടക്കുന്നത്‌ ഇതൊക്കെയാണ്‌…ഒരു നേര്‍വഴി രാഷ്ട്രീയക്കാരന്‍ അപ്രിയ സത്യങ്ങള്‍ വെളിപ്പെടുത്തുന്നു

സഹകരണരംഗത്തെ കേന്ദ്രീകരിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ സമരപരിപാടികൾക്ക് സിപിഎം രൂപം നല്കുന്നതിനിടയിലാണ് കരുവന്നൂർ സഹകരണബാങ്ക് വായ്‌പ തട്ടിപ്പ് പുറത്തുവരുന്നത്.ഉന്നതതലത്തിൽ ഒത്തുതീർപ്പുകൾക്കുള്ള ശ്രമങ്ങൾ തുടരുമ്പോൾ തൃശ്ശൂരിലെ സിപിഎം നേതൃത്വത്തെ അലോസരപ്പെടുത്തിക്കൊണ്ട് ഒട്ടേറെ സഹകരണത്തട്ടിപ്പ് വാർത്തകളാണ് പുറത്തുവരുന്നത്.

തൃശൂർ ജില്ലയിലെ ഒട്ടുമിക്ക സഹകരണ ബാങ്കുകളും സ്വജനപക്ഷപാതത്തിന്റെ കൂത്തരങ്ങാണ് എന്നുള്ളത് പരസ്യമായ രഹസ്യമാണ്.അർബൻ-റൂറൽ ഏരിയകളിൽ സാധാരണ ജനങ്ങളുടെ ക്ഷേമപ്രവർത്തനത്തിനായി തുടങ്ങിയ സഹകരണ ബാങ്കുകൾ പാർട്ടിപ്രവർത്തകരുടെയോ അല്ലെങ്കിൽ പാർട്ടിയിലെ പ്രബല വിഭാഗത്തിന്റെയോ മാത്രം ആവശ്യങ്ങൾക്കുള്ള ബാങ്കായി മാറുന്നത് ഏറെകാലമായുള്ള ആരോപണമാണ്.

thepoliticaleditor

ലോണുകളുടെ കാര്യത്തിലെ വിവേചനമാണ് ഇതിൽ പ്രധാനപ്പെട്ടത്.പട്ടികജാതി/വർഗ്ഗത്തിൽപെട്ടവർക്ക് സഹകരണ ബാങ്കിൽ നിന്ന് ലഭിക്കുന്ന ലോണുകളുടെ ഏറ്റവും കൂടിയ തുക 25000മാത്രമാണ്.അതും ഭൂമിയുടെ ആധാരം,ഗവർമെന്റ് ജീവനക്കാരുടെ സാലറി സർട്ടിഫിക്കറ്റ് എന്നിവ ഉണ്ടെങ്കിൽ മാത്രം.എന്നാൽ ഉയർന്ന വിഭാഗങ്ങളിൽ പെടുന്നവർക്ക് ഇത്തരം കടമ്പകൾ ഒന്നും തന്നെയില്ല.

പണ്ടം പണയം ലോണുകളിലുമുണ്ട് ഈ വിവേചനം.അപ്രൈസർമാരുടെ ദയാദാക്ഷിണ്യത്തിലാണ് പട്ടികജാതിക്കാരുടെ സ്വർണപ്പണയ ലോൺ.ഇതിൽ കമ്മീഷൻ അടിക്കുന്ന അപ്രൈസർമാരുടെ നിരതന്നെയുണ്ട്. അടുത്തെയിടെ പിടിക്കപ്പെട്ട ഒട്ടേറെ മുക്കുപണ്ടലോൺ കേസുകളിലും ഭരണസമിതിയുടെയോ ജീവനക്കാരുടെയോ ഒത്താശ കാണാൻ കഴിയും അവസാനം കുടുംബമഹിമയും ജാതി വോട്ട് ബാങ്കുംകണക്കിലെടുത്ത് കേസുകൾ ഒത്തുതീർപ്പാകുന്നു. ഗുരുവായൂരിനടുത്തുള്ള കോട്ടപ്പടി സഹകരണബാങ്കിൽ വായ്പ തിരിമറിയുമായി ബന്ധപ്പെട്ട് ഒരു ജീവനക്കാരനെ സസ്പെന്റ്റ് ചെയ്തത് ഈയടുത്തകാലത്താണ്.

കോണ്‍ഗ്രസ് നേതാവും മുന്‍ വടക്കാഞ്ചേരി എം.എല്‍.എ.യുമായ അനില്‍ അക്കരയുമായി ബന്ധപ്പെട്ടുയുര്‍ന്ന സാമ്പത്തിക ആരോപണ വിവാദം അടാട്ട് ഫാര്‍മേര്‍സ് സഹകരണബാങ്കിലെ വലിയ സാമ്പത്തിക തിരിമറികളും വെളിച്ചത്തു വരാനിടയാക്കി. അത് ഈ ബാങ്കിനെ റിസീവര്‍ ഭരണത്തിലേക്ക് എത്തിച്ചു. കോൺഗ്രസ്സും ഇതിൽ അല്പം പോലും പിറകോട്ടല്ല എന്ന് തെളിയിക്കുന്നു.
ജീവനക്കാരുടെ നിയമനമാണ് മറ്റൊന്ന്.ഒരു ലോക്കൽ ബോഡിയിൽ നിലനിൽക്കുന്ന സഹകരണ ബാങ്കിൽ ഒഴിവുകൾ വന്നാൽ അതാത് മേഖലയിലെ ബ്രാഞ്ചുകമ്മറ്റികൾ റൊട്ടേഷൻ വ്യവസ്ഥയിലാണ് ജീവനക്കാരെ നിയമിക്കുക.മിക്കവാറും ലോക്കൽ സെക്രട്ടറിമാരുടെയോ,ലോക്കൽ കമ്മറ്റി മെമ്പർമാരുടെയോ ഭാര്യമാരായിരിക്കും ജീവനക്കാരിൽ പ്രമുഖർ.വിദ്യാർത്ഥി-യുവജന സംഘടനാ കാലഘട്ടത്തിൽ രാഷ്ട്രീയ കേസുകളിൽ ഉൾപ്പെടുന്നവരാണ് നിയമനയോഗ്യതനേടുന്ന മറ്റൊരു വിഭാഗം.ഇതിൽ തന്നെ ഔദ്യോഗിക പക്ഷത്തോട് ഉറ്റകൂറുള്ളവർക്ക് മാത്രമാണ് നിയമനം ലഭിക്കുക.

ലാഭത്തിൽ പ്രവർത്തിക്കുന്ന ബാങ്കുകൾ ആസ്തി വികസനത്തിന്റെ ഭാഗമായി കമ്മ്യുണിറ്റി സെന്ററുകൾ ഷോപ്പിംഗ് കോംപ്ലക്സുകൾ എന്നിവ നിർമ്മിക്കാറുണ്ട്.ഇതിന്റെ നിർമ്മാണം മുതൽ ഇതിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ വാടകവരെ പാർട്ടിയ്ക്കുവിധേയമായിട്ടാണ് നിലനിൽക്കുന്നത്. ആസ്തിവികസനത്തിന്റെ ഭാഗമായി ഉണ്ടാക്കുന്ന ബിൽഡിങ് നിർമ്മാണവുമായി ബന്ധപ്പെട്ട ഒട്ടേറെ ആരോപണങ്ങളും പരാതികളും ജില്ലാക്കമ്മറ്റികൾക്കുമുൻപാകെ നിലവിലുണ്ട്. കുന്നംകുളം കോപ്പറേറ്റിവ് അർബൻബാങ്കിൽ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം അണികൾ ജില്ലാക്കമ്മറ്റിക്ക് നൽകിയ പരാതിയിന്മേൽ ഇപ്പോഴും തീരുമാനമായിട്ടില്ല.

റിക്കവറിക്ക് വിധേയമാകുന്ന വസ്തുവകകൾ ലേലം പിടിക്കാനും അല്ലെങ്കിൽ വായ്പഎടുത്തു ജപ്തിനടപടികളിൽ കുടുങ്ങിക്കിടക്കുന്നവരുടെ വസ്തുവകകൾ ചുളുവിലക്ക് തട്ടിയെടുക്കാനും സിപിഎം നേതാക്കളുടെ കീഴിൽ തന്നെ ഗൂഢമായി പ്രവർത്തിക്കുന്ന സംഘങ്ങളുണ്ട് എന്നത് തൃശൂരിലെ സഹകരണ ഗുണ്ടായിസത്തിന്റെ ആഴം വെളിവാക്കുന്നു.ഏറെ നാൾമുമ്പ് പുറത്തുവന്ന കോലളമ്പ് തട്ടിപ്പുകേസിലെയും മുഖ്യപ്രതി ഒരു സിപിഎം നേതാവായിരുന്നു.

മറ്റുപാർട്ടികളിൽ നിന്നും രാജിവച്ചു സിപിഎംൽ ചേരുന്നവരെ പൂവിട്ട് പൂജിക്കുന്ന ഏർപ്പാട് ഈയടുത്തയിടയായി കണ്ടുവരുന്നുണ്ട്.അത്തരം ആളുകളെ പ്രസ്ഥാനത്തിന്റെ പ്രധാനസ്ഥാനങ്ങളിൽ അവരോധിക്കുന്നതും ഒരു കീഴ്വഴക്കമായിട്ടുണ്ട്.പ്രമാദമായ ചിലകേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവർ പ്രധാനമായും ഇത്തരം മേഖലകളിൽനിന്നും കടന്നുവന്നവരാണ്.കാറ്റുകിട്ടാൻ ജനൽ തുറന്നുവക്കുമ്പോൾ കാറ്റിനൊപ്പം ഈച്ചയും കൊതുകും കൂടി കടന്നുവരുന്നു എന്നാണ് ഒരു ഉന്നത നേതാവ് ഈയിടെ അഭിപ്രായപ്പെട്ടത്. എന്തായാലും സഹകരണമേഖലയെ കോർപറേറ്റ് ഭൂതങ്ങൾ വിഴുങ്ങുന്നതിനുമുൻപായി സമൂലമായ ഒരു മാറ്റം ഉണ്ടാകുമെന്നാണ് വിലയിരുത്തുന്നത്.നെല്ലും പതിരും തീർച്ചയായും വേർപ്പെടുത്തിയെടുക്കുമെന്നുതന്നെയാണ് സിപിഎം കേന്ദ്രങ്ങൾ പറയുന്നത്.

( ഈ കുറിപ്പ്‌ എഴുതിയ തൃശ്ശൂര്‍ ജില്ലയിലെ മുന്‍ കാല സി.പി.എം. പ്രാദേശിക നേതാവായ ആള്‍ പേര്‌ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല-എഡിറ്റര്‍)

Spread the love
English Summary: WHAT IS HAPPENING IN CO OPERATIVE BANKS OF TRISSUR DISTRICT

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick