Categories
kerala

കണ്ണൂരില്‍ കാസിം പക്ഷം, കോഴിക്കോട്ട്‌ വഹാബ്‌ പക്ഷം…ശക്തികേന്ദ്രങ്ങളില്‍ ബലാബലം..ഇടതുമുന്നണി ആര്‍ക്കൊപ്പം?

പിളര്‍ന്നു നില്‍ക്കുന്ന ഐ.എന്‍.എല്ലിലെ കാസിം ഇരിക്കൂര്‍ പക്ഷം അദ്ദേഹത്തിന്റെ തട്ടകമായ കണ്ണൂര്‍ ജി്‌ല്ലാ കമ്മിറ്റിയില്‍ വന്‍ ഭൂരിപക്ഷത്തിലാണ്‌. കണ്ണൂര്‍ ജില്ലിയിലെ ഇരിക്കൂര്‍ സ്വദേശിയായ കാസിമിന്‌ സ്വന്തം ജില്ലയില്‍ പാര്‍ടി സ്വന്തം വരുതിയിലാണ്‌. അതേസമയം എതിര്‍വിഭാഗത്തിന്റെ നേതാവ്‌ പ്രൊഫ.അബ്ദുള്‍ വഹാബിനും കയ്യിലുണ്ട്‌, സ്വന്തം തട്ടകം–അത്‌ കോഴിക്കോട്‌ ജില്ലയാണ്‌. കോഴിക്കോട്‌ ജില്ലാക്കമ്മിറ്റിയും പ്രവര്‍ത്തകരും വഹാബ്‌ മാഷിന്റെ കയ്യിലാണ്‌. ഇരുവരും പാര്‍ടിയുടെ ശക്തികേന്ദ്രങ്ങളായ ഈ രണ്ടു ജില്ലകളില്‍ ഓരോന്നില്‍ ആധിപത്യം സ്ഥാപിക്കുകയും തെളിയിക്കുകയും ചെയ്‌ത്‌ ജില്ലാ കൗണ്‍സില്‍ യോഗങ്ങള്‍ പൂര്‍ത്തിയാക്കി പരസ്യമായ സന്ദേശങ്ങള്‍ നല്‍കിക്കഴിഞ്ഞു. മലപ്പുറത്ത്‌ ഇന്ന്‌ വഹാബ്‌ വിഭാഗം ജില്ലാ കൗണ്‍സില്‍ യോഗം നടക്കുകയാണ്‌.

കാസിം ഇരിക്കൂര്‍

ഇന്നലെ കണ്ണൂരില്‍ കാസിം ഇരിക്കൂര്‍ വിഭാഗം യോഗം ചേര്‍ന്നത്‌ പൊതുവേ ശക്തി കാണിക്കലായി മാറി എന്നാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌. ജില്ലാ പ്രവര്‍ത്തകസമിതിയില്‍ വളരെ കുറച്ചു പേര്‍ മാത്രമാണ്‌ വഹാബിനൊപ്പം ഉള്ളത.്‌ അവര്‍ ഇന്നലത്തെ യോഗത്തിനെത്തിയില്ല. അതേസമയം ഇടതുമുന്നണി ഏത്‌ വിഭാഗത്തിനൊപ്പമാണെന്ന്‌ അറിഞ്ഞിട്ട്‌ പ്രത്യക്ഷനിലപാട്‌ സ്വീകരിക്കാനായി കാത്തു നില്‍ക്കുന്ന വിഭാഗവും കണ്ണൂരിലെ പ്രവര്‍ത്തകരിലുണ്ട്‌. കണ്ണൂര്‍ സിറ്റിയിലെ ഐ.എന്‍.എല്‍. ജില്ലാ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ കാസിം പക്ഷം സംസ്ഥാന അധ്യക്ഷന്‍ ബി.ഹംസ ഹാജി യോഗത്തില്‍ പങ്കെടുത്തു. ഭൂരിഭാഗം പ്രവര്‍ത്തകരും തങ്ങള്‍ക്കൊപ്പമാണെന്ന്‌ യോഗം വിലയിരുത്തുന്നു.

thepoliticaleditor
വഹാബ്‌ തലശ്ശേരിയിലെ എസ്‌.എ.പുതിയ വളപ്പിലിന്റെ ഖബര്‍ സന്ദര്‍ശിച്ച്‌ സിയാറത്ത്‌ നടത്തിയപ്പോൾ

എന്നാല്‍ കോഴിക്കോട്‌ ജില്ലാ കമ്മിറ്റിയും ജില്ലയിലെ പ്രവര്‍ത്തകരും തങ്ങള്‍ക്കൊപ്പമെന്ന്‌ പ്രഖ്യാപിക്കുന്ന യോഗം വഹാബ്‌ പക്ഷവും ഇന്നലെ നടത്തി. പാര്‍ടിയുടെ സംസ്ഥാനകമ്മിറ്റി ഓഫീസ്‌ കോഴിക്കോട്ട്‌ പാളയത്താണ്‌. ഇത്‌ കാസിം വിഭാഗം പിടിച്ചെടുത്തു എന്ന്‌ അവര്‍ പ്രചരിപ്പിച്ചിരുന്നു. ഇതിന്‌ ചുട്ട മറുപടി നല്‍കാനും കൂടിയെന്നോണം, ഇന്നലെ വഹാബ്‌ പക്ഷം ജില്ലാ പ്രവര്‍ത്തകസമിതി ചേര്‍ന്നത്‌ സംസ്ഥാനസമിതി ഓഫീസില്‍ തന്നെയായിരുന്നു. ഓഫീസ്‌ തങ്ങളുടെ കയ്യില്‍ത്തന്നെയാണെന്ന്‌ അവര്‍ തെളിയിക്കുകയായിരുന്നു.

അതേസമയം കണ്ണൂരിലെ യോഗത്തിനെ വൈകാരികമായി പൊളിക്കാനായി വഹാബ്‌ പക്ഷം ഒരു തന്ത്രം പ്രയോഗിക്കുകയുണ്ടായി. വഹാബും കോഴിക്കോട്ടെ പ്രമുഖ നേതാവ്‌ അബ്ദുള്‍ അസീസും ഉള്‍പ്പെടെ തലശ്ശേരിയിലെത്തി പാര്‍ടിയുടെ സ്ഥാപക നേതാവായ എസ്‌.എ.പുതിയ വളപ്പിലിന്റെ ഖബര്‍ സന്ദര്‍ശിച്ച്‌ സിയാറത്ത്‌ നടത്തി. തലശ്ശേരിയിലെ പ്രശസ്‌തമായ കേയി കുടുംബത്തില്‍ നിന്നും പാര്‍ടിയുടെ സ്ഥാപക അധ്യക്ഷനായി മാറിയ എസ്‌.എ. പുതിയവളപ്പില്‍ എല്ലാവര്‍ക്കും വൈകാരിക ബന്ധമുള്ള അനിഷേധ്യ നേതാവായിരുന്നു. അദ്ദേഹത്തിന്റെ പിന്തുടര്‍ച്ചയും പാരമ്പര്യവും തങ്ങള്‍ക്കാണെന്ന സന്ദേശം നല്‍കുന്നതിനാണ്‌ വഹാബ്‌ ശ്രമിച്ചത്‌. ഒപ്പം പാര്‍ടിക്ക്‌ ഏറെ പിന്തുണക്കാരുള്ള തലശ്ശേരിയിലെ പ്രവര്‍ത്തകരെ തനിക്കൊപ്പം ഉറപ്പിച്ചു നിര്‍ത്തുക എന്നതും ഉദ്ദേശിച്ചു. തലശ്ശേരിയിലെ ഐ.എന്‍.എല്‍ പ്രവര്‍ത്തകര്‍ ഇടതുമുന്നണിയുടെ പരിഗണന കിട്ടുന്ന വിഭാഗത്തിനൊപ്പം നില്‍ക്കാനാണ്‌ സാധ്യത . നിലവില്‍ കാസിം ഇരിക്കൂര്‍ മുസ്ലീംലീഗിനോട്‌ മൃദുല ബന്ധം ആരോപിക്കപ്പെടുന്ന നേതാവും വഹാബ്‌ സി.പി.എമ്മിന്‌ താല്‍പര്യം കൂടുതലുണ്ടെന്ന്‌ പറയപ്പെടുന്ന നേതാവും ആണ്‌.

കോഴിക്കോട്ട്‌ ഐ.എന്‍.എല്‍. ജില്ലാ പ്രവര്‍ത്തക സമിതിയില്‍ എ.പി. അബ്ദുല്‍ വഹാബ്‌ സംസാരിക്കുന്നു

എന്നാല്‍ ആത്യന്തികമായി ഏത്‌ വിഭാഗത്തെ അംഗീകരിക്കും എന്നത്‌ വെളിപ്പെട്ടിട്ടില്ല. ഇപ്പോള്‍ ഇരു വിഭാഗങ്ങളും ജില്ലകളില്‍ തങ്ങളുടെ മേധാവിത്വം തെളിയിക്കാന്‍ യോഗങ്ങള്‍ നടത്തുന്നത്‌ ആര്‍ക്കാണ്‌ ശക്തി എന്ന്‌ ഇടതുമുന്നണിയെ ബോധ്യപ്പെടുത്തലിന്റെ കൂടി കാര്യം മനസ്സില്‍ വെച്ചാണെന്നത്‌ വ്യക്തം.

മലപ്പുറത്ത്‌ ലീഗ്‌ വിരോധികളായ ഐ.എന്‍.എല്‍. പ്രവര്‍ത്തകരുടെ പിന്തുണ മുഴുവന്‍ തനിക്ക്‌ തന്നെയാകുമെന്ന വിശ്വാസമാണ്‌ വഹാബ്‌ മാസ്റ്റര്‍ക്ക്‌ ഉള്ളത്‌. ഇന്നത്തെ യോഗത്തോടെ അത്‌ വ്യക്തമാകുമെന്നും അവര്‍ കരുതുന്നു.

എ.പി. അബ്ദുല്‍ വഹാബ്‌

ഇതിനിടെ വഹാബിനെ സി.പി.എം.നേതൃത്വം തിരുവനന്തപുരത്തേക്ക്‌ വിളിപ്പിച്ചിട്ടുണ്ട്‌. മുമ്പ്‌ കോണ്‍ഗ്രസ്‌-എസ്‌ പിളര്‍ന്ന്‌ എന്‍.സി.പി. ഉണ്ടായപ്പോള്‍ രണ്ടു പാര്‍ടികളെയും മുന്നണിയില്‍ തന്നെ നിര്‍ത്തിയതു പോലെ ഐ.എന്‍.എല്ലിനെ, രണ്ട്‌ വിഭാഗത്തെയും ഒരു പോലെ മുന്നണിയില്‍ നിര്‍ത്താന്‍ സി.പി.എം. തയ്യാറാകില്ലെന്നാണ്‌ നേതൃത്വം ഇതിനകം നല്‍കിയ സൂചനകള്‍.

പാര്‍ടിയുടെ ഏക മന്ത്രിയായ അഹമ്മദ്‌ ദേവര്‍കോവിലിനെ ഇരു വിഭാഗവും പുറത്താക്കിയിട്ടില്ല. അദ്ദേഹം മനസ്സു കൊണ്ട്‌ കാസിം വിഭാഗമാണ്‌. പക്ഷേ കാസിം വിഭാഗത്തെ ഇടതുമുന്നണി ഉപേക്ഷിച്ചാല്‍ മന്ത്രി സ്ഥാനവും ഇപ്പോഴത്തെ സാഹചര്യവും എല്ലാം നഷ്ടമാകും എന്ന പ്രശ്‌നം ഉണ്ട്‌. അതിനാല്‍ മന്ത്രി മൗനത്തിലാണ്‌, പക്ഷം പിടിക്കാതെ തന്ത്രപരമായി നീങ്ങുകയാണ്‌. തോണി എവിടെ അടുക്കുന്നു എന്നു നോക്കിയാവും അനന്തര കാര്യങ്ങള്‍.

Spread the love
English Summary: strength verification movements in both inl fractions

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick