Categories
exclusive

പി.സി.ചാക്കോ എന്‍.സി.പി.യെ വിഴുങ്ങുന്നു, കേരളത്തിലേക്ക്‌ കൊണ്ടുവന്നത്‌ വിനയായെന്ന്‌ കേരളനേതാക്കള്‍

അമര്‍ഷം കോഴിക്കോട്ട്‌ പരസ്യപ്രതിഷേധത്തിലേക്ക്‌ നീങ്ങിയിട്ടുണ്ട്‌. സേവ്‌ എന്‍.സി.പി. ഫോറത്തിന്റെ പേരില്‍ മാവൂര്‍ റോഡില്‍ ശനിയാഴ്‌ച ബാനര്‍ പ്രത്യക്ഷപ്പെട്ടു. ചാക്കോയെ പുറത്താക്കണം എന്നതാണ്‌ പ്രതിഷേധക്കാര്‍ ഉയര്‍ത്തിയിട്ടുള്ള ആവശ്യം

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോണ്‍ഗ്രസ്‌ വിട്ട്‌ എന്‍.സി.പി. സംസ്ഥാന അധ്യക്ഷനായി അവതരിച്ച പി.സി.ചാക്കോ പാര്‍ടിയെ കൈപ്പിടിയിലാക്കാന്‍ കളി തുടങ്ങിയതായി സംഘടനയിലെ ദീര്‍ഘകാലമായുള്ള പ്രവര്‍ത്തകരുടെ അമര്‍ഷം. പാര്‍ടിയിലെ പ്രമുഖനായ മന്ത്രി എ.കെ.ശശീന്ദ്രനെ പോലും ഒരു അരികിലാക്കാന്‍ ശ്രമം ഉണ്ടായേക്കാമെന്ന്‌ സംശയം ഉയര്‍ന്നിട്ടുണ്ട്‌. മൂന്ന്‌ ജില്ലാ അധ്യക്ഷന്‍മാരെ ആരോടും ചര്‍ച്ച ചെയ്യാതെ മാറ്റിയതാണ്‌ പെട്ടെന്ന്‌ പരമ്പരാഗത പാര്‍ടിക്കാരെ പ്രകോപിപ്പിച്ചിരിക്കുന്നത്‌. തൃശ്ശൂര്‍, കോട്ടയം, കൊല്ലം ജില്ലാ പ്രസിഡണ്ടുമാരെയാണ്‌ ചാക്കോ മാറ്റിയത്‌. മറ്റ്‌ ജില്ലകളിലും അധ്യക്ഷസ്ഥാനത്തുള്ളവരില്‍ മാറ്റം വരുത്തി ഭൂരിപക്ഷം ജില്ലാ അധ്യക്ഷരെയും തന്റെ ഒപ്പം നില്‍ക്കുന്നവരാക്കി മാറ്റി സംഘടനയില്‍ അധീശത്വം നേടാനാണ്‌ രാഷ്ട്രീയ തന്ത്രശാലിയായ ചാക്കോയുടെ നീക്കമെന്ന്‌ പരമ്പരാഗത എന്‍.സി.പി. നേതാക്കള്‍ സംശയിക്കുന്നു. ചാക്കോയുടെ ശൈലിയോട്‌ യോജിക്കാനാവാതെ പഴയ പ്രവര്‍ത്തകര്‍ പലരും നിര്‍ജ്ജീവമാകുന്നുണ്ടെന്ന്‌ ജില്ലാ നേതാക്കള്‍ ആരോപിക്കുന്നു.
പാര്‍ടിയെ നയിക്കുന്നതും എല്ലാ തീരുമാനവും എടുക്കുന്നതും ചാക്കോയും ഒപ്പമുള്ള മറ്റ്‌ രണ്ട്‌ പേരും ചേര്‍ന്നാണെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്‌. നായര്‍ സര്‍വ്വീസ്‌ സൊസൈറ്റിയുടെ മാനവ വിഭവ ശേഷി മേധാവി സ്ഥാനത്തു നിന്നും വിരമിച്ച ശേഷം എന്‍.സി.പി.യില്‍ ചേര്‍ന്നിട്ടുള്ള കെ.ആര്‍.രാജനും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോട്ടയ്‌ക്കല്‍ മണ്ഡലത്തില്‍ മല്‍സരിച്ച എന്‍.എ. മുഹമ്മദ്‌ കുട്ടിയും ആണ്‌ ഈ രണ്ടു പേര്‍ എന്ന്‌ പ്രവര്‍ത്തകര്‍ പറയുന്നു. രാജന്‍ കോട്ടയം സ്വദേശിയും മുഹമ്മദ്‌കുട്ടി കളമശ്ശേരിക്കാരനായ വ്യവസായിയുമാണ്‌. ഇവരും ചാക്കോയും ചേര്‍ന്നാണ്‌ ഇപ്പോള്‍ പാര്‍ടിയില്‍ പുതിയ തന്ത്രഗ്രൂപ്പായി നീങ്ങുന്നതെന്നാണ്‌ മുതിര്‍ന്ന ചില നേതാക്കള്‍ വിമര്‍ശിക്കുന്നത്‌.

യു.ഡി.എഫ്‌. ബന്ധം സംബന്ധിച്ച്‌ മലബാര്‍ നേതാക്കളുമായുള്ള അഭിപ്രായ വ്യത്യാസം മൂത്ത്‌ ഒടുവില്‍ സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്നു തന്നെ ടി.പി. പീതാംബരന്‍ മാസ്റ്റര്‍ ഒഴിവാകുന്ന സാഹചര്യം ഉണ്ടായപ്പോള്‍ ഏവരും പ്രതീക്ഷിച്ചതും, ജില്ലാ നേതാക്കള്‍ ആഗ്രഹിച്ചതും മുതിര്‍ന്ന നേതാവും സംസ്ഥാന വൈസ്‌ പ്രസിഡണ്ടുമായ പി.കെ. രാജന്‍ മാസ്റ്റര്‍ സംസ്ഥാന അധ്യക്ഷനാവും എന്നതായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി പി.സി.ചാക്കോ തന്റെ രാഷ്ട്രീയഗുരുവായ ശരദ്‌ പവാറിന്റെ താല്‍പര്യത്തില്‍ കേരളത്തിലെ അധ്യക്ഷസ്ഥാനത്ത്‌ പ്രതിഷ്‌ഠിക്കപ്പെടുകയായിരുന്നു. രാജന്‍മാസ്റ്റര്‍ ഒതുക്കപ്പെടുകയും ചെയ്‌തു.

ചാക്കോ എന്‍.സി.പി.യുടെ ദേശീയ ജനറല്‍സെക്രട്ടറിയാകും എന്നായിരുന്നു അതുവരെയുണ്ടായിരുന്ന തോന്നല്‍. എന്നാല്‍ ചാക്കോ തന്റെ പഴയ തട്ടകത്തില്‍ തിരിച്ചെത്തിയത്‌ വ്യക്തമായ താല്‍പര്യത്തോടെ തന്നെയായിരുന്നു എന്നു കരുതുന്നവര്‍ ഇപ്പോള്‍ എന്‍.സി.പി.യില്‍ ഏറെയാണ്‌. എന്നെങ്കിലും കോണ്‍ഗ്രസിലേക്ക്‌ തിരിച്ചു പോകുകയാണെങ്കില്‍ തനിക്ക്‌ മികച്ച പരിഗണന അവകാശപ്പെടാന്‍ തക്ക പ്രഭാവം കാണിക്കാന്‍ കഴിയുന്ന തരത്തില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കണമെന്ന ചാണക്യ തന്ത്രം ചാക്കോയ്‌ക്ക്‌ ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ട്‌. അസംതൃപ്‌ത കോണ്‍ഗ്രസുകാരെ എന്‍.സി.പി.യിലേക്ക്‌ കൊണ്ടുവരുന്നതിനു പിറകില്‍ ചാക്കോയുടെ ചില ദീര്‍ഘകാല തന്ത്രമുണ്ടെന്നും ചിലര്‍ സംശയിക്കുന്നു. ഒന്ന്‌, എന്‍.സി.പി.യിലെ അധികാര ബലാബലത്തില്‍ തനിക്ക്‌ സ്വാധീനം ഉറപ്പിക്കാനും മന്ത്രി ശശീന്ദ്രനെ പോലും നിഷ്‌പ്രഭനാക്കാനും കഴിയണം. രണ്ട്‌, കോണ്‍ഗ്രസിലേക്ക്‌ മടങ്ങിപ്പോകാനുള്ള ഒരു ഓഫര്‍ വരികയാണെങ്കില്‍ എന്‍.സി.പി.യില്‍ നിന്നും ഇത്തരം ഒരു വിഭാഗത്തെയും അടര്‍ത്തിക്കൊണ്ടു പോകാനും അതു വെച്ച്‌ കോണ്‍ഗ്രസില്‍ കൂടുതല്‍ മികച്ച ബര്‍ത്ത്‌ നേടാനും കഴിയണം.

ചാക്കോയും കോണ്‍ഗ്രസ്‌ വിട്ട്‌ എത്തിയവരും പാര്‍ടിയെ ഹൈജാക്ക്‌ ചെയ്യുന്നു എന്ന അമര്‍ഷം കോഴിക്കോട്ട്‌ പരസ്യപ്രതിഷേധത്തിലേക്ക്‌ നീങ്ങിയിട്ടുണ്ട്‌. സേവ്‌ എന്‍.സി.പി. ഫോറത്തിന്റെ പേരില്‍ മാവൂര്‍ റോഡില്‍ ശനിയാഴ്‌ച ബാനര്‍ പ്രത്യക്ഷപ്പെട്ടു. ചാക്കോയും കൂട്ടരും പാര്‍ടിയെ ഹൈജാക്ക്‌ ചെയ്യുന്നു എന്നാണ്‌ ബാനറില്‍ എഴുതിയിട്ടുള്ളത്‌. ചാക്കോയെ പുറത്താക്കണം എന്നതാണ്‌ പ്രതിഷേധക്കാര്‍ ഉയര്‍ത്തിയിട്ടുള്ള ആവശ്യം. ഇത്‌ പാര്‍ടിയിലെ മലബാറിലെ നേതൃത്വത്തിലുള്ള വികാരത്തിന്റെ സൂചനയാണ്‌.

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
English Summary: revolt in ncp against the play offs os pc chacko

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick