Categories
kerala

ഡോ.പി.കെ.വാരിയര്‍ വിടവാങ്ങി, മറഞ്ഞത്‌ ഈ നൂറ്റാണ്ടിന്റെ ആയുര്‍വൈദ്യനാഥന്‍… മരണകാരണം കൊവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങള്‍

ആയുര്‍വേദത്തിന്റെ പെരുമ ലോകാന്തരങ്ങളിലെത്തിക്കുകയും ആയുര്‍വേദത്തിലെ ജീവിത നിഷ്‌ഠയുടെ ജീവിക്കുന്ന ആള്‍രൂപമായി ജനകോടികളുടെ മനസ്സില്‍ നിറയുകയും ചെയ്‌ത ഗുരുനാഥന്‍ ഡോ.പി.കെ.വാരിയര്‍ ജന്മശതാബ്ദി വര്‍ഷത്തില്‍ വിടവാങ്ങി. ആയുര്‍വേദ ലോകത്തിന്‌ ഈ മരണം എക്കാലത്തെയും തീരാ നഷ്ടമായി മാറുന്നു. മലപ്പുറം ജില്ലയിലെ ഒരു ചെറുപട്ടണമായ കോട്ടയ്‌ക്കലിനെ ആയുര്‍വേദചികില്‍സയുടെ ലോകതലസ്ഥാനമാക്കിയ ഋഷിതുല്യനായ ആചാര്യനാണ്‌ ഡോ. പി.കെ.വാരിയര്‍. കോട്ടയ്‌ക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റിയും മെഡിക്കൽ ഡയറക്‌ടറുമായിരുന്നു. കോട്ടയ്‌ക്കലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. ഇക്കഴിഞ്ഞ ജൂൺ എട്ടിനായിരുന്നു അദ്ദേഹത്തിന് നൂറാം പിറന്നാൾ.ജന്മദിനം ആഘോഷിക്കുന്ന സമയത്ത് ഡോ പി കെ വാര്യർ കൊവിഡ് ബാധിതനായിരുന്നു. പിന്നീട് അദ്ദേഹം കൊവിഡ് മുക്തി നേടിയെങ്കിലും മൂത്രത്തിലെ അണുബാധയെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്‌ച ആശുപത്രിയിൽ നിന്നും ഡിസ്‌ചാർജ് ചെയ്തെങ്കിലും ഇന്ന് ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

ദേശീയവും അന്തർദേശീയവുമായ നിരവധി പുരസ്‌കാരങ്ങൾ ഡോ. വാര്യരെ തേടി കോട്ടക്കലിൽ എത്തി .പദ്‌മശ്രീ, പദ്‌മഭൂഷൺ പുരസ്‌കാരങ്ങൾ, കാലിക്കറ്റ് സർവകലാശാലയുടെ ഡി ലിറ്റ് ബിരുദം, മഹാത്മഗാന്ധി യൂണിവേഴ്‌സിറ്റിയുടെ ഡി എസ് സി ബിരുദം, നേപ്പാളിലെ ഭൂപാൽ മാൻസിംഗ് കാർക്കി പുരസ്‌കാരം, ആൾ ഇന്ത്യ ആയുർവേദ കോൺഗ്രസിന്‍റെ അഷ്‌ടാംഗരത്ന പുരസ്‌കാരം, കേരള സാഹിത്യഅക്കാദമി അവാർഡ് എന്നിവ പ്രധാനപ്പെട്ടവയാണ്.

thepoliticaleditor
Spread the love
English Summary: dr. p.k. warrier passed away

One reply on “ഡോ.പി.കെ.വാരിയര്‍ വിടവാങ്ങി, മറഞ്ഞത്‌ ഈ നൂറ്റാണ്ടിന്റെ ആയുര്‍വൈദ്യനാഥന്‍… മരണകാരണം കൊവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങള്‍”

ആയുർവേദ ആചാര്യന് അന്ദ്യ പ്രണാമം💯🌹🙏

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick