Categories
kerala

സാമൂഹിക സുരക്ഷാമിഷനില്‍ നിന്നും പുറത്തേക്ക്‌..ഡോ.അഷീല്‍ ഇനി പയ്യന്നൂരില്‍ രോഗികളെ ചികില്‍സിക്കും

കെ.കെ.ശൈലജ ആരോഗ്യവകുപ്പുമന്ത്രിയായിരുന്ന കാലത്ത്‌ സാമൂഹിക സുരക്ഷാമിഷന്‍ എക്‌സിക്യൂട്ടീവ്‌ ഡയറക്ടര്‍ എന്ന നിലയില്‍ സംസ്ഥാനത്തെ കൊവിഡ്‌ പ്രതിരോധപ്രവര്‍ത്തനത്തിലെ മുന്നണിപ്രവര്‍ത്തകനായിരുന്ന ഡോ.മുഹമ്മദ്‌ അഷീല്‍ വീണ്ടും ഡോക്ടര്‍ ജോലിയിലേക്ക്‌ മടങ്ങുന്നു. അദ്ദേഹത്തെ കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ താലൂക്ക്‌ ആശുപത്രിയില്‍ കാഷ്വാലിറ്റി വിഭാഗം മെഡിക്കല്‍ ഓഫീസറായിട്ടാണ്‌ നിയമിച്ചിരിക്കുന്നത്‌. രണ്ടാം പിണറായി സര്‍ക്കാര്‍ വന്നയുടനെ തന്നെ ഡോ. അഷീലിനെ സാമൂഹിക മിഷന്‍ ഡയറക്ടര്‍ സ്ഥാനത്തു നിന്നും മാറ്റിയിരുന്നു. ആ മാറ്റം ദുരൂഹത നിറഞ്ഞതാണെന്നും സി.പി.എമ്മിലെ ഒരു വിഭാഗത്തിന്‌ അഷീലിനോട്‌ താല്‍പര്യമില്ലാതിരുന്നതിന്റെ ഫലമാണ്‌ ഈ മാറ്റമെന്നും അപ്പോള്‍ തന്നെ വാര്‍ത്തകളും ഉണ്ടായിരുന്നു. കൊവിഡ്‌ പ്രതിരോധത്തിന്റെയും അതിന്റെ ഭാഗമായ പ്രചാരണത്തിന്റെയും മര്‍മ്മസ്ഥാനത്ത്‌ പ്രവര്‍ത്തിച്ചിരുന്ന ഒരു ഉദ്യോഗസ്ഥനെ കൊവിഡ്‌ വ്യാപനം കൂടുതല്‍ വ്യാപിക്കുന്ന ഘട്ടത്തില്‍ തന്നെ സ്ഥാനത്തു നിന്നും മാറ്റുന്നത്‌ മന്ത്രിസഭ മാറിയതു കൊണ്ടു മാത്രമല്ലെന്ന ചര്‍ച്ചയും ഉണ്ടായി. എന്തായാലും മാതൃവകുപ്പായ ആരോഗ്യവകുപ്പിലേക്ക്‌ മടങ്ങാനുള്ള അഷീലിന്റെ അപേക്ഷ അംഗീകരിച്ചു എന്നാണ്‌ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്‌. തുടര്‍ന്നാണ്‌ അസിസ്റ്റന്റ്‌ സര്‍ജന്‍ തസ്‌തികയില്‍ ജോലിയില്‍ പ്രവേശിക്കാനും പയ്യന്നൂരിലേക്ക്‌ സ്ഥലമാറ്റം നല്‍കാനും നടപടിയായത്‌.
ഡോ.അഷീലിനെ മാത്രമല്ല, ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത്‌ ആരോഗ്യമന്ത്രിയുമായി മികച്ച ബന്ധമുണ്ടായിരുന്ന ജെന്‍ഡര്‍ പാര്‍ക്ക്‌ സി.ഇ.ഒ.മുഹമ്മദ്‌ സുനീഷിനെയും പുതിയ മന്ത്രിസഭ വന്ന ശേഷം ആ സ്ഥാനത്തു നിന്നും മാറ്റി അംഗന്‍വാടി ക്ഷേമനിധി ബോര്‍ഡിലേക്ക്‌ മാറ്റിയതായി റിപ്പോര്‍ട്ടുണ്ട്‌.

Spread the love
English Summary: dr-muhammad-asheel takes charge of assistant surgeon at payyannur taluk headquarters hospital

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick