• Home
  • kerala
  • കണ്ണൂര്‍ നാറാത്ത്‌ സ്വദേശിയായ ഡെന്റല്‍ വിദ്യാര്‍ഥിനിയെ തലശ്ശേരി സ്വദേശിയായ യുവാവ്‌ വെടിവെച്ച്‌ കൊന്ന്‌ സ്വയം ജീവനൊടുക്കി

കണ്ണൂര്‍ നാറാത്ത്‌ സ്വദേശിയായ ഡെന്റല്‍ വിദ്യാര്‍ഥിനിയെ തലശ്ശേരി സ്വദേശിയായ യുവാവ്‌ വെടിവെച്ച്‌ കൊന്ന്‌ സ്വയം ജീവനൊടുക്കി

കോതിമംഗലത്തെ ഇന്ദിരാഗാന്ധി ഡെന്റല്‍ കോളജിലെ വിദ്യാര്‍ഥിനിയും കണ്ണൂര്‍ ജില്ലയിലെ നാറാത്ത്‌ സ്വദേശിനിയുമായ മാനസയെ(24) സുഹൃത്തായിരുന്ന തലശ്ശേരി മേലൂര്‍ സ്വദേശിയായ രഖിൽ കോളേജിനടുത്ത്‌ മാനസയുടെ ഹോസ്‌റ്റലിലെത്തി വെടിവെച്ചു കൊന്ന ശേഷം സ്വയം വെടിവെച്ച്‌ ജീവനൊടുക്കി. വെള്ളിയാഴ്‌ച വൈകീട്ട്‌ മൂന്നു മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്‌.

കൊലപാതകത്തിലേക്കു നയിച്ച പ്രകോപനം വിശദമായി മനസ്സിലായിട്ടില്ലെങ്കിലും മാനസയും രഖിലും നേരത്തെ സുഹൃത്തുക്കളായിരുന്നുവെന്നും പിന്നീട്‌ മാനസ സൗഹൃദത്തില്‍ നിന്നും പിന്‍മാറിയെന്നും വെളിവായിട്ടുണ്ട്‌. മാനസയുടെ ബന്ധുക്കള്‍ കണ്ണൂര്‍ പോലീസില്‍ പരാതിപ്പെടുകയും തുടര്‍ന്ന്‌ പൊലീസ്‌ ഇരുവരെയും വിളിച്ച്‌ ഒത്തുതീര്‍പ്പാക്കുകയും ചെയ്‌തതായും പറയുന്നു. ഇതിന്റെ പകയാണോ കൊലപാതകത്തിലേക്ക്‌ നയിച്ചത്‌ എന്നത്‌ പൊലീസ്‌ അന്വേഷിക്കുകയാണ്‌.

രഖിൽ ഇന്റീരിയര്‍ ഡിസൈനറാണെന്നാണ്‌ വിവരം. ഇന്‍സ്റ്റഗ്രാമിലൂടെയാണ്‌ മാനസയുമായി പരിചയപ്പെട്ടത്‌. സുഹൃത്തുക്കളായിത്തീര്‍ന്ന ഇവരുടെ ബന്ധത്തില്‍ പ്രശ്‌നങ്ങളുണ്ടായി. മാനസ ഈ സൗഹൃദത്തില്‍ നിന്നും പിന്‍മാറാന്‍ ശ്രമിച്ചെങ്കിലും രഖിൽ പിന്‍തുടര്‍ന്നു. തുടര്‍ന്നാണ്‌ മാനസയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെട്ടത്‌.
പരാതിയില്‍ ഇടപെട്ട പോലീസ്‌ രഖിലിനെ വിളിച്ച്‌ ഇനി ശല്യമുണ്ടാക്കരുതെന്ന്‌ നിര്‍ദ്ദേശിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ കേസൊന്നും എടുക്കാതെ വിട്ടയക്കുകയുമായിരുന്നു.

ഹൗസ്‌ സര്‍ജന്‍സി ചെയ്യുന്ന മാനസ താമസിക്കുന്ന കോതമംഗലത്തെ ഹോസ്‌റ്റിലിനടത്തായി രഖിൽ കുറേ ദിവസങ്ങള്‍ക്കു മുമ്പേ രഹസ്യമായി വന്ന്‌ മുറിയെടുത്ത്‌ താമസം തുടങ്ങിയിരുന്നതായി വെളിപ്പെട്ടിട്ടുണ്ട്‌. മാനസയക്ക്‌ ഇത്‌ അറിയില്ലായിരുന്നു എന്നാണ്‌ നിഗമനം. വെള്ളിയാഴ്‌ച രഖിൽ മാനസയുടെ ഹോസ്‌റ്റലിലേക്ക്‌ അപ്രതീക്ഷിതമായി വരികയും മാനസയുമായി തര്‍ക്കിക്കുകയും ചെയ്‌തു.

മാനസ ഹോസ്റ്റലില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കുകയായിരുന്നു. മാനസയെ കൂട്ടുകാരികള്‍ക്കിടയില്‍ നിന്നും പിടിച്ചു വലിച്ച്‌ മറ്റൊരു മുറിയിലേക്ക്‌ കൊണ്ടുപോയി. കൂട്ടുകാരികള്‍ വിവരം പറയാനായി ഹോസ്റ്റലിന്റെ ഗ്രൗണ്ട്‌ ഫ്‌ലോറിലേക്കു വന്നപ്പോള്‍ മുകളില്‍ നിന്നും വെടിയൊച്ചകള്‍ കേട്ടു. തുടര്‍ന്ന്‌ നടത്തിയ പരിശോധനയിലാണ്‌ മാനസയും രഖിലും വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്‌. മാനസയെ വെടിവെച്ച ശേഷം രഖിൽസ്വയം വെടിവെക്കുകയായിരുന്നു എന്നാണ്‌ നിഗമനം.

രഖിൽ കോതമംഗലത്തു പ്ലൈവുഡ് വ്യാപാരി ചമഞ്ഞു രഹസ്യമായി താമസിച്ചു

കോതമംഗലത്ത് ഡെന്റൽ വിദ്യാർത്ഥിനി മാനസയെ കൊലപ്പെടുത്തയ പ്രതി രഖിൽ ഇന്ദിരാ ഗാന്ധി ഡെന്റൽ കോളജിന് തൊട്ടടുത്ത് ജൂലായ് നാലാം തിയതി മുതൽ തന്നെ താമസിച്ചിരുന്നു. പ്രൈവുഡ് സപ്ലൈക്ക് വേണ്ടി വന്നതാണെന്നാണ് രഖിൽ പറഞ്ഞിരുന്നതെന്ന് മുറിയുടെ ഉടമ നൂറുദ്ധീൻ മാധ്യമങ്ങളോട് പറഞ്ഞു. ‘കണ്ണൂർ സ്വദേശിയാണെന്നും, ഒരു മാസത്തേക്ക് മാത്രം മുറി മതിയെന്നും രഖിൽ പറഞ്ഞിരുന്നു. ഒരാഴ്ചയ്ക്ക് ശേഷം രഖിൽ തിരികെ നാട്ടിൽ പോയി. തിരിച്ച് വരാതിരുന്നപ്പോൾ നൂറുദ്ദീൻ വിളിച്ച് അന്വേഷിച്ചു. എന്നാൽ ആലുവ ഭാഗത്ത് സപ്ലൈ ഉള്ളതിനാൽ ഒരാഴ്ചയ്ക്ക് ശേഷമേ വരികയുള്ളുവെന്ന് രഖിൽ അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് രഖിൽ മുറിയിൽ തിരിച്ചെത്തുന്നത്. കോതമംഗലത്ത് ഉള്ള ദിവസം രാവിലെ എഴുനേറ്റ് കുളിച്ച് പുറത്തേക്ക് പോകും. എന്താണ് പുറത്ത് പോയി ചെയ്യുന്നതെന്ന് അറിയില്ല. രാത്രി തിരികെയെത്തി കിടന്നുറങ്ങും. ഇതായിരുന്നു ദിനചര്യ’- നൂറുദ്ദീൻ പറയുന്നു .

Leave a Reply

Your email address will not be published. Required fields are marked *

കണ്ണൂര്‍ നാറാത്ത്‌ സ്വദേശിയായ ഡെന്റല്‍ വിദ്യാര്‍ഥിനിയെ തലശ്ശേരി സ്വദേശിയായ യുവാവ്‌ വെടിവെച്ച്‌ കൊന്ന്‌ സ്വയം ജീവനൊടുക്കി - The Political Editor