ലിംഗായത്ത് സമുദായക്കാരനായ ബി.എസ്.യെദിയൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും മാറ്റിയതിന്റെ പേരില്‍ കര്‍ണാടകത്തിലെ പ്രബല സമുദായമായ ലിംഗായത്തുകള്‍ കടുത്ത പ്രതിഷേധത്തില്‍. 5000 ബസവ ലിംഗായത്ത് മഠങ്ങളിലെ മേധാവിമാരായ സന്യാസിമാര്‍ ബി.ജെ.പി.ക്കെതിരെ ശക്തമായ പ്രതികരണവുമായി രംഗത്തു വന്നു. തെറ്റായ തീരുമാനമാണ് ബി.ജെ.പി. എടുത്തതെന്നും തിരുത്തിയില്ലെങ്കില്‍ പ്രത്യാഘാതം നേരിടുമെന്നും അവര്‍ പറഞ്ഞു. ആര്‍.എസ്.എസ്. ആണ് യെദിയൂരപ്പയെ മാറ്റിയതെന്നും ആര്‍.എസ്.എസ്.അല്ല കര്‍ണാടകം ഭരിക്കുന്നതെന്നും തങ്ങളാണ് തീരുമാനിക്കുക എന്നും സന്യാസിമാര്‍ പറയുന്നു. എല്ലാ മഠങ്ങളിലെയും സന്യാസിമാര്‍ അടുത്ത ദിവസം തന്നെ യോഗം ചേരുമെന്ന് പ്രമുഖ മഠാധിപതി ശരണ്‍ ബസവലിംഗ പറഞ്ഞു.
യെദിയൂരപ്പ ഉള്ളതു കൊണ്ടാണ് 1990 മുതല്‍ ലിംഗായത്തുകളുടെ പിന്തുണ ബി.ജെ.പി.ക്ക് കിട്ടുന്നത്. 2013-ല്‍ അഴിമതിയുടെ പേരില്‍ യെദിയൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും പാര്‍ടിയില്‍ നിന്നും പുറത്താക്കിയപ്പോള്‍ തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് സംസ്ഥാനത്ത് 40 സീറ്റുകള്‍ മാത്രമാണ് കിട്ടിയത്. യെദിയൂരപ്പ കര്‍ണാടക ജനതാ പാര്‍ടി എന്ന പേരില്‍ പാര്‍ടി രൂപീകരിച്ച് മല്‍സരിച്ചു. ലിംഗായത്തുകളുടെ പിന്തുണ ബി.ജെ.പി.ക്ക് കിട്ടിയില്ല. 110 സീറ്റുണ്ടായിരുന്ന ബി.ജെ.പി. 40 സീറ്റില്‍ ഒതുങ്ങുകയും ചെയ്‌തു.. കര്‍ണാടകയിലെ 17 ശതമാനം ജനങ്ങള്‍ ലിംഗായത്തുകാരാണ്. ഏകദേശം 100 അസംബ്ലി മണ്ഡലങ്ങളിലെങ്കിലും വിജയത്തിന് നിര്‍ണായക ഘടകം ലിംഗായത്തുകളുടെ പിന്തുണയാണ്.
തെക്കെ ഇന്ത്യയില്‍ കര്‍ണാടകയില്‍ കൂടി ഭരണം നഷ്ടപ്പെടുന്നത് ബി.ജെ.പി.ക്ക് ആലോചിക്കാനാവില്ല. അതിനാല്‍ ലിംഗായത്തുകാരെ പിണക്കാന്‍ അവര്‍ തയ്യാറാവില്ല എന്നാണ് നിഗമനം. ലിംഗായത്തുകാരില്‍ നിന്നു തന്നെയോ അവര്‍ക്ക് പൂര്‍ണമായും സ്വീകാര്യനോ ആയ മുഖ്യമന്ത്രി ആയിരിക്കും പുതിയത് എന്നാണ് ലഭിക്കുന്ന സൂചന.













