• Home
  • kerala
  • നടന്‍ കെടിഎസ് പടന്നയിൽ അന്തരിച്ചു

നടന്‍ കെടിഎസ് പടന്നയിൽ അന്തരിച്ചു

ചലച്ചിത്ര നടന്‍ കെ.ടി.എസ്. പടന്നയിൽ എന്ന കെ.ടി. സുബ്രഹ്‌മണ്യന്‍ (88) അന്തരിച്ചു. ത‍ൃപ്പുണിത്തുറ സ്വദേശിയാണ്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കേ തൃപ്പൂണിത്തുറയിലെ വസതിയില്‍ വെച്ചാണ് മരണം. ഭാര്യ മരിച്ചിട്ട് ഒരു മാസം ആകുന്നതിനിടെയാണ് സുബ്രഹ്‌മണ്യനും മരിച്ചത്.

നാടകലോകത്തുനിന്നാണ് അദ്ദേഹം സിനിമയിലെത്തിയത്. സ്വന്തമായി സംവിധാനം ചെയ്ത വിവാഹദല്ലാള്‍ എന്ന നാടകത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു കലാലോകത്തെ ആദ്യചുവടുവയ്പ്. തുടര്‍ന്ന് ജയഭാരത് നൃത്തകലാലയം, ചങ്ങനാശ്ശേരി ഗീഥ, ൈവക്കം മാളവിക, ആറ്റിങ്ങല്‍ ഐശ്വര്യ, കൊല്ലം ട്യൂണ തുടങ്ങി കേരളത്തിലെ പ്രമുഖ നാടകട്രൂപ്പുകളിലെല്ലാം സജീവമായിരുന്ന പടന്നയിലിന് അഭിനയത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡും നിരവധി ഫൈന്‍ആര്‍ട്‌സ് സൊസൈറ്റി അവാര്‍ഡുകളും ലഭിച്ചു.

ഹാസ്യവേഷങ്ങളിലൂടെയാണ് പടന്നയില്‍ സിനിമാലോകത്ത് ശ്രദ്ധേയനാകുന്നത്. രാജസേനന്‍ സംവിധാനം ചെയ്ത അനിയന്‍ബാവ ചേട്ടന്‍ബാവ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തുന്നത്. തുടര്‍ന്ന് ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കണ്‍മണി, വൃദ്ധന്‍മാരെ സൂക്ഷിക്കുക, കളമശ്ശേരിയില്‍ കല്യാണയോഗം, സ്വപ്നലോകത്തെ ബാലഭാസ്‌കര്‍, കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം, കോട്ടപ്പുറത്തെ കൂട്ടുകുടുംബം, കഥാനായകന്‍, കുഞ്ഞിരാമായണം, അമര്‍ അക്ബര്‍ അന്തോണി, രക്ഷാധികാരി ബൈജു ഒപ്പ് എന്നിങ്ങനെ നിരവധി രസകരമായ വേഷങ്ങൾ അവതരിപ്പിച്ചു. പല്ലില്ലാത്ത മോണ കാട്ടിയുള്ള ചിരിയും, പ്രത്യേകത നിറഞ്ഞ മുഖ ഭാവവുമായി ഒരിക്കലും മറക്കാത്ത നർമ നിമിഷങ്ങൾ സിനിമയിൽ സൃഷ്ടിക്കാൻ പടന്നയിലിനു സാധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

നടന്‍ കെടിഎസ് പടന്നയിൽ അന്തരിച്ചു - The Political Editor