ട്രാന്‍സ്ജെൻഡര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്സിനെ കൊച്ചിയിൽ മരിച്ച നിലയില്‍ കണ്ടെത്തി.ഇടപ്പള്ളിയിലെ സ്വകാര്യ മാളിന് സമീപമുള്ള ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
കൊല്ലം ജില്ലയിലെ പെരുമണ്‍ സ്വദേശിയായ 28-കാരിയായ അനന്യകുമാരി അലക്‌സ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ആദ്യ ട്രാന്‍സ്ജെൻഡര്‍ സ്ഥാനാര്‍ത്ഥിയായി മലപ്പുറം വേങ്ങരയില്‍ പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ മല്‍സരിക്കാനെത്തിയിരുന്നു. സോഷ്യല്‍ ജസ്‌റ്റിസ് പാര്‍ടിയുടെ പേരിലാണ് മല്‍സരിച്ചത്. ടെലിവിഷന്‍ ആയിരുന്നു ചിഹ്നം. നാമനിര്‍ദ്ദേശപത്രിക നല്‍കി പ്രചാരണം തുടങ്ങിയെങ്കിലും പിന്നീട് മല്‍സരത്തില്‍ നിന്നും പിന്‍മാറുന്നതായി പ്രഖ്യാപിച്ചു. തന്നെ കുഞ്ഞാലിക്കുട്ടിക്കെതിരെ മല്‍സരിക്കാന്‍ ചിലര്‍ പ്രേരിപ്പിക്കുകയായിരുന്നുവെന്നും അതിനു പിന്നില്‍ ചില വ്യക്തി താല്‍പര്യങ്ങളുണ്ടെന്ന് തനിക്ക് മനസ്സിലായതു കൊണ്ടാണ് പിന്‍മാറിയതെന്നും അനന്യ സൂചിപ്പിച്ചിരുന്നു. മല്‍സരിക്കാന്‍ എത്തിച്ചതിനു ശേഷം അതിന് പ്രേരിപ്പിച്ചവര്‍ അവഗണിച്ചതായും അനന്യ പറഞ്ഞിരുന്നു.
ലിംഗമാറ്റവുമായി ബന്ധപ്പെട്ട് അടുത്തിടെ തനിക്ക് നടത്തിയ ശസ്‌ത്രക്രിയകളില്‍ ആശുപത്രിക്ക് വലിയ പിഴവുണ്ടായി എന്നും അതിന്റെ ഭാഗമായി കടുത്ത വേദനയിലാണെന്നും നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണെന്നും അനന്യ അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിരുന്നതായി റിപ്പോര്‍ട്ടുണ്ട്.













