രണ്ടു വയസ്സായ പെണ്‍കുഞ്ഞിനെ മാനഭംഗം ചെയ്‌ത കേസില്‍ ഇട്ട പ്രഥമ വിവര റിപ്പോര്‍ട്ടില്‍ ടൈപ്പ് ചെയ്‌തതിലുണ്ടായ തെറ്റ് പ്രതിക്ക് സഹായകമാവുകയും പ്രതിയെ കോടതി വെറുതെ വിടുകയും ചെയ്‌ത സംഭവത്തിലെ തെറ്റ് ഒടുവില്‍ മദ്രാസ് ഹൈക്കോടതി തിരുത്തി. പ്രതിക്ക് അഞ്ച് വര്‍ഷം തടവും ഒരു ലക്ഷം പിഴയും വിധിക്കുകയും ചെയ്‌തു.
2017-ലായിരുന്നു കേസിനാസ്‌പദമായി സംഭവം. അമ്മ കടയില്‍ പോയ നേരത്ത് തനിച്ചായിരുന്ന രണ്ടു വയസ്സായ കുഞ്ഞിനെ പ്രതി മാനഭംഗപ്പെടത്തുകയായിരുന്നു. അമ്മ തിരിച്ചു വന്നപ്പോള്‍ കുഞ്ഞ് നിര്‍ത്താതെ കരയുന്നുണ്ടായിരുന്നു. ദേഹം പരിശോധിച്ചപ്പോള്‍ ജനനേന്ദ്രിയത്തില്‍ വെളുത്തു കൊഴുത്ത ദ്രാവകം കണ്ടെത്തി. അമ്മ ഉടന്‍ തന്നെ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്‌തു.

പെണ്‍കുഞ്ഞിന്റെ ജനനേന്ദ്രിയത്തില്‍ വൈദ്യപരിശോധനയില്‍ ബീജം കണ്ടെത്തിയ കാര്യം പറയുന്ന ഇടത്ത് എഫ്.ഐ.ആറില്‍ “ബീജം” എന്നതിന്റെ ഇംഗ്ലീഷ് രൂപമായ “സെമെന്‍” എന്ന് ടൈപ്പ് ചെയ്‌തപ്പോള്‍ അത് “സെമ്മെന്‍” എന്ന് തെറ്റിയാണ് വന്നത്. കുറ്റപത്രത്തില്‍ കുട്ടിയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തിയപ്പോഴും ഈ തെറ്റ് ആവര്‍ത്തിച്ചു. “സെമ്മണ്‍” എന്നതിന് തമിഴില്‍ “ചെമ്മണ്ണ്” എന്നാണ് അര്‍ഥം എന്നിരിക്കെ കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ മണ്ണ് പുരണ്ടത് കണ്ടെത്തി എന്ന നിലയിലാണ് കോടതിയില്‍ വാദം അരങ്ങേറിയത്. പുറത്ത് മണ്ണില്‍ കളിക്കുമ്പോള്‍ കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ മണ്ണ് പുരണ്ടിരുന്നു എന്നാണ് മൊഴിയിലുള്ളതെന്ന് വാദിച്ച് ഈ പഴുതിലൂടെ പ്രതി ശിക്ഷയേല്‍ക്കാതെ രക്ഷപ്പെടുകയും ചെയ്‌തു. തിരുവാരൂര്‍ മഹിളാ കോടതിയാണ് പ്രതി എസ്.പ്രകാശിനെ വെറുതെ വിട്ടത്.
കുട്ടിയുടെ അമ്മ നല്‍കിയ അപ്പീലിലാണ് മദ്രാസ് ഹൈക്കോടതി കുറ്റപത്രത്തിലെ തെറ്റ് കണ്ടെത്തിയത്. ജസ്റ്റിസ് വേല്‍മുരുകന്‍ പ്രതിയെ ശിക്ഷിക്കുകയും പെണ്‍കുട്ടിക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ തമിഴ്‌നാട് സര്‍ക്കാരിന് ഉത്തരവ് നല്‍കുകയും ചെയ്‌തു.













