കെ ബി ഗണേശ് കുമാർ എം എൽ എയുടെ പത്തനാപുരത്തെ ഓഫീസില്‍ ഇന്ന് രാവിലെ നടന്ന അക്രമത്തിൽ പാർട്ടി പ്രവർത്തകന് വെട്ടേറ്റു. രക്ഷപ്പെടാൻ ശ്രമിച്ച അക്രമിയെ ഓഫീസ് ജീവനക്കാർ പിടികൂടി പൊലീസിന് കൈമാറി. ബിജു എന്നയാൾക്കാണ് വെട്ടേറ്റത്. ഇയാളെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . രാവിലെ ആറുമണിയോടെ പ്രദേശവാസിയാണ് അക്രമം നടത്തിയത്. ഓഫീസിന്റെ വാതിലിൽ നില്‍ക്കുകയായിരുന്ന ബിജുവിനെ ഓടിയെത്തി വെട്ടുകയായിരുന്നു. കൈയിലാണ് വെട്ടേറ്റത്. അക്രമത്തിന്റെ ഉദ്ദേശ്യം വ്യക്തമല്ല. അക്രമം നടത്തിയാൾക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്നാണ് വ്യാഖ്യാനം. ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. പത്തനാപുരം സി ഐയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു. സംഭവത്തിനുപിന്നിൽ രാഷ്ട്രീയകാരണങ്ങളുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.













