കേന്ദ്രസര്‍ക്കാര്‍ പ്രാബല്യത്തില്‍ കൊണ്ടുവന്ന പുതിയ ഐ.ടി.നിയമം ചോദ്യം ചെയ്‌ത് ന്യൂസ് ബ്രോഡ്‌കാസ്‌റ്റേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയില്‍ കേരള ഹൈക്കോടതിയുടെ ആശ്വാസ ഉത്തരവ്. എന്‍.ബി.എ.യുടെ ഭാഗമായ,വാര്‍ത്ത കൈകാര്യം ചെയ്യുന്ന കമ്പനികളില്‍ പരാതിപരിഹാര സംവിധാനം ഇല്ലാത്തതിന്റെ പേരില്‍ ബലം പ്രയോഗിച്ച് എന്തെങ്കിലും നടപടി സര്‍ക്കാര്‍ സ്വീകരിക്കുന്നത് ഇടക്കാല ഉത്തരവിലൂടെ കോടതി തടഞ്ഞു. കേന്ദ്ര ഐ.ടി.വകുപ്പിനും വാര്‍ത്താവിതരണ, പ്രക്ഷേപണ മന്ത്രാലയത്തിനും നോട്ടീസ് അയക്കാനും ജസ്‌റ്റിസ് പി.ബി.സുരേഷ്‌കുമാര്‍ ഉത്തരവിട്ടു.
പുതിയ ഐ.ടി.നിയമങ്ങള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് അമിതാധികാരം നല്‍കുന്നു എന്നും അതുപയോഗിച്ച് മാധ്യമ അവകാശങ്ങള്‍ നിയന്ത്രിക്കാന്‍ അകാരണമായി ശ്രമം നടത്തുമെന്നും ആരോപിച്ചായിരുന്നു എന്‍.ബി.എ. ഹൈക്കോടതിയെ സമീപിച്ചത്.













