വാജ്‌പേയ് മന്ത്രിസഭാംഗമായിരുന്ന മുന്‍കേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായ പി.രംഗരാജന്‍ കുമാരമംഗലത്തിന്റെ ഭാര്യ കിറ്റി കുമാരമംഗലം ഡെല്‍ഹിയില്‍ ഇന്നലെ രാത്രി കൊല്ലപ്പെട്ടു. കവര്‍ച്ചയ്‌ക്കിടെയായിരുന്നു കൊല എന്നാണ് പൊലീസ് നിഗമനം. വസന്തവിഹാറിലെ വസതിയിലാണ് കൊലപാതകം നടന്നത്.
രാത്രി 9 മണിയോടെ വേലക്കാരന്‍ വീട്ടിലെത്തിയതായി പറയുന്നു. അയാള്‍ കിറ്റിയെ കീഴ്‌പ്പെടുത്തി മറ്റൊരു മുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. ആ സമയം മറ്റ് രണ്ടുപേര്‍ പ്രവേശിച്ച് തലയിണ ഉപയോഗിച്ച് കിറ്റിയെ ശ്വാസം മുട്ടിച്ച് കൊന്നു എന്നാണ് പൊലീസ് പറയുന്നത്. വേലക്കാരന്‍ സ്വയം കെട്ടിയിടുകയും അലാറം അടിച്ച് സംഭവം പുറത്തറിയിക്കുകയും ചെയ്‌തു. രാത്രി 11 മണിയോടെ പൊലീസില്‍ ആരോ വിളിച്ചറിയിച്ചു.
24 വയസ്സുകാരനായ വേലക്കാരന്‍ രാജുവിനെ പൊലീസ് ചോദ്യം ചെയ്‌തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. മറ്റ് രണ്ടു പ്രതികളുടെ പേരുകള്‍ രാജു വെളിപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.













