മധ്യപ്രദേശിലെ ധര്‍ ജില്ലയില്‍ സഹോദരിമാരായ ആദിവാസിയുവതികളെ അവര്‍ അവരുടെ അമ്മാവന്റെ ആണ്‍മക്കളോട് ഫോണില്‍ സംസാരിച്ചുവെന്നതിന്റെ പേരില്‍ കുറച്ച് ചെറുപ്പക്കാര്‍ ചേര്‍ന്ന് ഭീകരമായ മര്‍ദ്ദനത്തിനിരയാക്കി. ഒരു യുവതിയെ മുടിക്കുപിടിച്ചു വലിച്ചിഴച്ച് വലിയ മരത്തടി കൊണ്ട് ദേഹമാസകലം അടിച്ചു ചതക്കുന്നതിന്റെ ദൃശ്യം ഒപ്പമുള്ളവര്‍ തന്നെ പകര്‍ത്തിയത് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ജൂണ്‍ 22-ന് നടന്ന സംഭവത്തില്‍ ഈ വീഡിയോ 25-ന് പൊലീസിന്റെ കയ്യിലെത്തിയെങ്കിലും അവര്‍ നടപടിയൊന്നും എടുത്തില്ല. യുവതികളാവട്ടെ ഭയത്താല്‍ പരാതിയൊന്നും നല്‍കാന്‍ തയ്യാറായുമില്ല. വ്യാപകമായി പ്രതിഷേധം ഉയര്‍ന്നതിനു ശേഷം ഇപ്പോള്‍ പൊലീസ് കേസെടുക്കുകയും ഏഴ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്‌തിട്ടുണ്ട്.
മധ്യപ്രദേശില്‍ അടുത്തകാലത്തായി സ്‌ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചു വരികയാണ്. കഴിഞ്ഞ ഏതാനും ദിവസം മുമ്പാണ് ഒരു യുവതിയെ അവളുടെ സഹോദരനും പിതാവും ചേര്‍ന്ന് മരത്തിന് കെട്ടിയിട്ട് അടിക്കുന്ന വീഡിയോ പുറത്തുവന്നത്. മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുക എന്ന പരിപാടിയും മര്‍ദ്ദിച്ചവര്‍ തന്നെ നടത്തുന്നതും പതിവായിട്ടുണ്ട്.













