കൊവിഡ് ബാധിച്ചും കൊവിഡ് ബാധയെത്തുടര്‍ന്നുള്ള ആരോഗ്യപ്രശ്‌നങ്ങളാലും മരിച്ചവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീംകോടതി വിധി വന്നതോടെ കേരളത്തിലെ കൊവിഡ് മരണങ്ങളുടെ കണക്ക് സംബന്ധിച്ച വിവാദം വീണ്ടും കനത്തു. സി.പി.എം. നേതാക്കളായിരുന്ന പി.ബിജു, കെ.വി.വിജയദാസ് ഉള്‍പ്പെടെയുള്ളവരുടെ മരണം പോലും കൊവിഡ് മരണമായി രജിസ്‌റ്റര്‍ ചെയ്‌തിട്ടില്ല എന്ന വസ്‌തുത ഉള്‍പ്പെടെ പുറത്തു വന്നിരിക്കയാണ്. ലോകാരോഗ്യ സംഘടനയും ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സിലും വളരെ വ്യക്തമായി കൊവിഡ് മരണം നിശ്ചയിക്കുന്നതിനുള്ള മാര്‍ഗരേഖ കഴിഞ്ഞ വര്‍ഷം ആഗസ്‌റ്റില്‍ തന്നെ പുറത്തിറക്കിയിരുന്നു. എന്നാല്‍ കേരളം ഇതനുസരിച്ചിരുന്നില്ല. കൊവിഡ് നെഗറ്റീവായ ശേഷം കൊവിഡ് ബാധിച്ചതിനെത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ കാരണമോ, നേരത്തെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ കൊവിഡ് ബാധിച്ചതു കാരണം ഗുരുതരമായതു കാരണമോ മരണം സംഭവിച്ചാലും അത് കൊവിഡ് മരണമായി കണക്കാക്കണം എന്ന് ഐ.സി.എം.ആര്‍, ലോകാരോഗ്യ സംഘടന എന്നിവയുടെ മാര്‍ഗരേഖ പറയുന്നുണ്ടെന്ന് വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ കേരളം കൊവിഡ് മരണങ്ങളുടെ കണക്കില്‍ കുറച്ചുകാണിക്കല്‍ നടത്തി എന്ന് നേരത്തെ തന്നെ വലിയ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ മാനദണ്ഡത്തില്‍ മാറ്റം വരുത്താന്‍ സംസ്ഥാനം തയ്യാറായില്ല.
ഒന്നാം തരംഗത്തിന്റെ കാലത്ത് 1500 മരണമെങ്കിലും കൊവിഡ് മരണത്തിന്റെ കൂട്ടത്തില്‍ പെടുത്താതെ പോയിട്ടുണ്ടെന്നും രണ്ടാം തരംഗ കാലത്ത് 5000 മരണങ്ങളെങ്കിലും ഇതുപോലെ ഒഴിവാക്കിയിട്ടുണ്ടെന്നും ആരോഗ്യനിരീക്ഷകനായ ഡോ. എം.എ. അരുണ്‍ മാധ്യമചര്‍ച്ചയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇപ്പോള്‍ കൊവിഡ് മരണത്തിനിരയായവര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നഷ്ടപരിഹാരം ലഭ്യമാകുന്ന സാഹചര്യം വന്നിരിക്കുന്ന ഘട്ടത്തില്‍ കേരളത്തിലെ കൊവിഡ് മരണങ്ങളുടെ യഥാര്‍ഥ കണക്ക് സംബന്ധിച്ച് വലിയ ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണ് പ്രതിപക്ഷനേതാവ് ഉള്‍പ്പെടെയുള്ളവര്‍. കൊവിഡ് കണക്കുകളില്‍ ലോകാരോഗ്യസംഘടനാ മാര്‍ഗരേഖ പാലിച്ചിട്ടില്ലെന്ന കാര്യം സംസ്ഥാനതല കൊവിഡ് വിദഗ്‌ധ സമിതി അംഗം കൂടിയായ ഡോ.അനീഷ് ഇന്നലെ ചാനല്‍ ചര്‍ച്ചയില്‍ അംഗീകരിക്കുകയുണ്ടായി. കേരളം മാത്രമല്ല ഒരു സംസ്ഥാനവും മാർഗരേഖ പിന്തുടർന്നിട്ടില്ല എന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
പ്രതിപക്ഷത്തിന്റെ നിരന്തരമായ ആവശ്യത്തിനൊടുവില്‍ ഇക്കഴിഞ്ഞ മാസമാണ് കൊവിഡ് മരണം കണക്കാക്കുന്ന രീതി ജില്ലാതലത്തിലേക്കു മാറ്റാന്‍ ആരോഗ്യവകുപ്പ് തയ്യാറായത്. കൊവിഡ് മരണങ്ങള്‍ കുറച്ചു കാണിക്കുന്നതിനെതിരെ മുന്‍ പ്രതിപക്ഷനേതാവായിരുന്ന രമേശ് ചെന്നിത്തല വലിയ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. പ്രതിപക്ഷം നിയമസഭയിലും ഇക്കാര്യം ഈ ബജറ്റ്‌സമ്മേളനക്കാലത്ത് ഉന്നയിച്ചു.
അടിയന്തിരമായി സമഗ്രമായ കൊവിഡ് ഡെത്ത് ഓഡിറ്റ് നടത്തണമെന്ന ആവശ്യമാണ് ഉയരുന്നത്. ഇക്കാര്യത്തില്‍ അനാവശ്യമായ ദുരഭിമാനത്തിന്റെ പ്രശ്‌നമായി കാണേണ്ടതില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ സര്‍ക്കാരിനെ ഓര്‍മിപ്പിച്ചു. പ്രതിപക്ഷ നേതാവ് പറയുന്നത് കണക്കിലെടുക്കുമെന്ന് സംസ്ഥാന ആരോഗ്യവകുപ്പു മന്ത്രി വീണ ജോര്‍ജ്ജ് വ്യക്തമാക്കിയിട്ടുണ്ട്.













