Categories
exclusive

ജിതിന്‍ പ്രസാദ ബി.ജെ.പി.യില്‍ വരുമ്പോള്‍ യോഗി ആദിത്യനാഥിന് സംഭവിക്കാവുന്നത്

മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയും രാഹുല്‍ഗാന്ധിയുടെ അടുപ്പക്കാരനുമെല്ലാമായിരുന്ന ജിതിന്‍ പ്രസാദ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പി.യിലേക്ക് ചേര്‍ന്നത് ബുധനാഴ്ച. തൊട്ടു പിറകെ യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഡെല്‍ഹിയിലേക്ക് പറന്നു. വ്യാഴാഴ്ച അമിത് ഷായെ കണ്ടു. വെള്ളിയാഴ്ച നരേന്ദ്രമോദിയെ കാണും. എന്തിനായിരിക്കും തന്നെ മുഖ്യമന്ത്രിയാക്കാന്‍ താല്‍പര്യില്ലാതിരുന്ന മോദിയെ കാണാന്‍ യോഗി കാത്തു നില്‍ക്കുന്നത്. മോദി തന്റെ അനുയായിയായ എസ്.കെ.ശര്‍മയെ ഉപമുഖ്യമന്ത്രിയാക്കാന്‍ ഇപ്പോഴും ശ്രമിച്ചിട്ടും വഴങ്ങാതിരുന്ന യോഗി ഇപ്പോള്‍ അതിന് വഴങ്ങുന്നതിനാണോ മോദിയെ കാണുന്നത്. എങ്കിലത് എന്തിനാണ്….അടുത്ത വര്‍ഷം ആദ്യം നടക്കാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ ബ്രാഹ്മണരുടെ വന്‍ വോട്ടു ബാങ്ക് വെച്ച് ജിതിന്‍ പ്രസാദ യോഗിയെ വെട്ടുമോ…ചോദ്യങ്ങള്‍ നിരവധിയാണ്.
ജിതിന്‍ പ്രസാദയുടെ പിതാവ് ജിതേന്ദ്ര പ്രസാദ യു.പി.യിലെ ബ്രാഹ്മണ കോണ്‍ഗ്രസിന്റെ കരുത്തുള്ള മുഖം ആയിരുന്നു. മുത്തച്ഛന്‍ ജ്യോതി പ്രസാദയും കോണ്‍ഗ്രസ് നേതാവായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് വെറും എട്ടു മാസം മാത്രം ബാക്കിനില്‍ക്കവേ, കോണ്‍ഗ്രസില്‍ നിന്നിട്ട് എനിക്ക് എന്റെ ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കാനാവില്ല എന്ന് ജിതിന്‍ പ്രസാദ ഡയലോഗടിച്ചത് എത്രയധികം നീട്ടിയെറിഞ്ഞ ഒരു അധികാരക്കസേരമോഹമാണ് !!

27-ാം വയസ്സില്‍ 2004-ല്‍ ആദ്യമായി ലോക്‌സഭയിലെത്തിയ ജിതിന്‍ അടുത്ത ഇലക്ഷനില്‍ വീണ്ടും ജയിച്ച് കേന്ദ്രമന്ത്രിയായി. എന്നാല്‍ 2014ലും 2019ലും തോറ്റു. ഇപ്പോള്‍ 47 വയസ്സേ ആയുള്ളൂ. അധികാരവുമായി മാത്രം ബന്ധപ്പെട്ട് രൂപം കൊണ്ട ജിതിന്‍ പ്രസാദയുടെ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് ഇനിയൊരു പ്രതീക്ഷയല്ല, അതിനാല്‍ പ്രതീക്ഷിക്കാവുന്ന അധികാരകേന്ദ്രത്തിലേക്ക് മാറുന്നു–ഇത്രയേ ഈ മാറ്റത്തെ കാണേണ്ടതുള്ളൂ എന്നതാണ് വസ്തുത.

ഈ മാറ്റം കോണ്‍ഗ്രസിന് യു.പി.യില്‍ വലിയൊരാഘാതം തന്നെയാണ്. പ്രത്യേകിച്ച് അവിടെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച് നേട്ടമുണ്ടാക്കാന്‍ കൊതിക്കുന്ന ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക്. യു.പി.യിലെ ഹിന്ദുത്വ വോട്ടുകളില്‍ വിള്ളലുണ്ടാക്കാന്‍ ജിതിന്‍ പ്രസാദയ്ക്ക് കഴിയുമായിരുന്നുവോ എന്ന് ഉറപ്പില്ല, എന്നാല്‍ ബ്രാഹ്മണ വോട്ടുബാങ്ക് ബി.ജെ.പി.യില്‍ തന്നെ ഉറപ്പിച്ചു നിര്‍ത്താന്‍ ബി.ജെ.പി.ക്ക് ജിതിന്‍ ഒരു കരുവാകും.
ജിതിന്‍ വന്നതില്‍ മോദിയും അമിത്ഷായും ഒപ്പം യോഗി ആദിത്യനാഥും ആഹ്‌ളാദം പ്രകടിപ്പിച്ചിട്ടുണ്ട്. ആദ്യ രണ്ടു പേരുടെ ആഹ്‌ളാദം മാറ്റിവെച്ചാല്‍ യോഗിയുടെ പ്രതികരണം ഒരു മറച്ചു പിടിക്കലായി കാണുന്നവരും ഉണ്ട്. ഉത്തര്‍പ്രദേശിലെ വരേണ്യ വോട്ടുബാങ്കുകളുടെ മാനേജരായി ഒരാള്‍ വരുന്നത് യോഗിയുടെ രണ്ടാം ഭരണ സാധ്യതയ്ക്കാണ് കത്തിവെക്കുന്നത്. യു.പി.യിലെ ആകെ ജനസംഖ്യയുടെ 12 ശതമാനത്തോളമാണ് ബ്രാഹ്മണര്‍.

പക്ഷേ കഴിഞ്ഞ തവണ യോഗിയെ വാഴിച്ച ശക്തികള്‍ ഇത്തവണയും വേണ്ടത് ചെയ്യും എന്നാണ് യോഗിയുടെ വിശ്വാസം. എന്നാല്‍ കൊവിഡ് രണ്ടാം തരംഗത്തില്‍ യു.പി. അമ്പേ അടിപതറിയതിന് കാരണം യോഗിയാണെന്ന് പരക്കെ ഉയര്‍ന്ന ആക്ഷേപം അടുത്ത തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും എന്ന ചര്‍ച്ച ആര്‍.എസ്.എസ്. ഗൗരവത്തില്‍ എടുത്തിട്ടുണ്ട് എന്നതും ജിതിന്‍ പ്രസാദയുടെ വരവും ചേര്‍ത്ത് വായിക്കാന്‍ തരക്കേടില്ല. ആര്‍.എസ്.എസിന് യു.പി. നഷ്ടപ്പെടുന്നതോ ക്ഷീണിക്കുന്നതോ സഹിക്കാനാവുന്നതല്ല. കാരണം യു.പി.യും യോഗിയും അവരുടെ പരീക്ഷണശാലകളാണ്. മോദിക്കു ശേഷം യോഗി എന്ന് ആര്‍.എസ്.എസ്. കരുതുന്നുണ്ട് എന്ന് ഒരു സംസാരം സംഘപരിവാര്‍ തലത്തില്‍ പ്രചരിച്ചിട്ടുണ്ട്. അതിനാല്‍ ഇപ്പോള്‍ യു.പി.യില്‍ ഉരുത്തിരിയുന്ന യോഗി വിരുദ്ധ വികാരം ജിതിന്‍ പ്രസാദയെപ്പോലുള്ളവരെ വെച്ച് വെട്ടിനിരത്തിയേ പറ്റൂ ബി.ജെ.പി.ക്കും ആര്‍.എസ്.എസിനും. താക്കൂര്‍ സമുദായക്കാരനായ യോഗി അടുത്തകാലത്ത് ബ്രാഹ്മണരെ ശത്രുവാക്കുന്ന കാര്യങ്ങള്‍ ചെയ്തിട്ടുണ്ട് എന്ന് ഒരു വിലയിരുത്തലും ഉള്ളത് ഇവിടെ ചേര്‍ത്തു വായിക്കേണ്ടതുണ്ട്.

2007-ല്‍ മായാവതി ഒരേസമയം ബ്രാഹ്മണരെയും ദളിതരെയും ഒപ്പം നിര്‍ത്തി നടത്തിയ സോഷ്യല്‍ എന്‍ജിനീറിങ് മായാവതിക്ക് വന്‍ഭൂരിപക്ഷത്തില്‍ അധികാരക്കസേര സമ്മാനിച്ച കാര്യം ബി.ജെ.പി.യും സംഘപരിവാറും മറന്നിട്ടില്ല. മായാവതിക്ക് പിന്നീട് നിവരാന്‍ കഴിയാതിരുന്നതിനു കാരണമെന്തെന്നതും സംഘപരിവാറിനറിയാം. യു.പി.യില്‍ ദളിതര്‍ 20 ശതമാനം വരും. ബ്രാഹ്മണര്‍ക്കെതിരായ അതിക്രമങ്ങള്‍ പെരുകുന്നു എന്ന് ബി.എസ്.പി. നേതാവായ മായാവതി വിലപിച്ചത് 2018-ലാണ്. ഗുണ്ടാത്തലവന്‍ വികാസ് ദുബെ-യെ ഒരു വ്യാജ ഏറ്റമുട്ടലില്‍ വധിച്ച സംഭവത്തോടെ ബ്രാഹ്മണരെ ഭീകരരാക്കി ഭയപ്പെടുത്തുകയാണ് യോഗി ഭരണം എന്നും മായാവതി പ്രസ്താവിച്ചു. കഴിഞ്ഞ വര്‍ഷം ക്ഷത്രിയ നിഗ്രഹനായ പരശുരാമന്റെ ഒരു പ്രതിമ മായാവതി അനാച്ഛാദനം ചെയ്തതും യാദൃച്ഛികമല്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. അതായത് മായാവതി 2022-ലെ തിരഞ്ഞെടുപ്പില്‍ ഒരുങ്ങിത്തന്നെയാണ്. ബ്രാഹ്മണ-ദളിത് വോട്ടുകള്‍ ഒരുമിച്ച് വാരിയെടുത്ത് വീണ്ടും 2007 മോഡല്‍ ജയപ്രതീക്ഷ. കോണ്‍ഗ്രസുമായി കഴിഞ്ഞ തവണ ചേര്‍ന്നിട്ട് നേട്ടമൊന്നും ഉണ്ടായില്ല. കോണ്‍ഗ്രസില്‍ അടുത്ത തവണയും മായാവതിക്ക് പ്രതീക്ഷ ഒട്ടുമില്ല.

ഈ സാഹചര്യത്തില്‍ ബ്രാഹ്മണ വോട്ടുകള്‍ ബി.ജെ.പി. പക്ഷത്ത് ഉറപ്പിക്കാന്‍ ഒരു ജിതിന്‍ പ്രസാദ ബി.ജെ.പി.ക്ക് വളരെ ആവശ്യമാണ്. ആസ്സാമിലെ പരാജയ ഭീതിയുണ്ടായിരുന്ന ബി.ജെ.പി. സര്‍ക്കാരിന് വീണ്ടും വിജയം സമ്മാനിച്ച ഹിമന്ത ബിശ്വ ശര്‍മ്മയെപ്പോലെയാണ് ജിതിന്‍ പ്രസാദ എന്ന് ഒരു വിലയിരുത്തല്‍ വന്നു തുടങ്ങിയിട്ടുണ്ട്. സര്‍വാനന്ദ സോനാവാളിന്റെ ജനപ്രീതി ഇടിഞ്ഞപ്പോള്‍ ആസ്സാമില്‍ തിരഞ്ഞെടുപ്പില്‍ പാര്‍ടിയെ മുന്നിലെത്തിച്ചത് ഹിമന്ത ബിശ്വ ശര്‍മ്മയായിരുന്നു. ഇതേ റോളിലാകും ജിതിന്‍ എന്നാണ് ഒരു ഭാവന. ഹിമന്ത ബിശ്വ ശര്‍മയ്ക്ക് ഉപകാരസ്മരണയ്ക്ക് മുഖ്യമന്ത്രി പദം നല്‍കിയതു പോലെ ഇവിടെ യു.പി.യിലും സംഭവിക്കുമോ എന്ന രസകരമായ ചോദ്യവും ഈ ഭാവനയോടൊപ്പം ഉയര്‍ന്നു പറക്കുന്നുണ്ട്.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
English Summary: when jitin prasada arrives in up political arena what will be yogi adithyanath's position

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick