Categories
latest news

സുപ്രീംകോടതി വിധി മാനിച്ചുവോ..? ലക്ഷദ്വീപ് സ്വദേശിക്കെതിരെയും രാജ്യദ്രോഹക്കുറ്റത്തിന് കേസ്

തോന്നിയ പോലെ എടുത്തു പ്രയോഗിക്കാനുള്ളതല്ല രാജ്യദ്രോഹക്കുറ്റം എന്ന് ജൂണ്‍ മൂന്നിന് സുപ്രീംകോടതി പരാമര്‍ശം നടത്തുകയും ഭരണാധികാരിയെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമല്ല എന്ന് വിധിക്കുകയും ചെയ്തത് അവഗണിച്ചുകൊണ്ടാണ് ലക്ഷദ്വീപു സ്വദേശിക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് പൊലീസ് കേസെടുത്തിരിക്കുന്നത്. കൊച്ചിയില്‍ താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിയും സിനിമാ സംവിധായികയുമായ ഐഷ സുല്‍ത്താനയ്‌ക്കെതിരെയാണ് കവറത്തി പൊലീസ് കേസെടുത്തത്. ലക്ഷദ്വീപ് ബി.ജെ.പി. ഘടകം പ്രസിഡണ്ടിന്റെ പരാതി പ്രകാരമാണ് കേസ്.
കൊവിഡിന്റെ ആദ്യതരംഗക്കാലത്ത് ലക്ഷദ്വീപുസമൂഹങ്ങളില്‍ ഒറ്റ കൊവിഡ് കേസുകള്‍ പോലും ഇല്ലായിരുന്നു എന്നും പുതിയ അഡ്മനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ ചുമതലയേല്‍ക്കുകയും കൊവിഡ് നിയന്ത്രണമെല്ലാം ദ്വീപില്‍ എടുത്തുകളയുകയും ചെയ്തതോടെയാണ് അവിടെ കൊവിഡ് വ്യാപിക്കാന്‍ തുടങ്ങിയതെന്നും ടെലിവിഷന്‍ ചാനലില്‍ വിമര്‍ശിച്ച ഐഷ സുല്‍ത്താന കേന്ദ്രം ലക്ഷദ്വീപില്‍ ഉപയോഗിച്ച ബയോവെപ്പണ്‍ ആയിരുന്നു കൊവിഡ് എന്ന് ആരോപിച്ചിരുന്നു. ഇതാണ് രാജ്യദ്രോഹക്കുറ്റത്തിനാധാരമായി ബി.ജെ.പി. ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
നേരത്തെ ഒറ്റ കൊവിഡ് കേസും ഇല്ലാതിരുന്ന ലക്ഷദ്വീപില്‍ ഇപ്പോള്‍ ദിനം പ്രതി 100 കേസുകളെങ്കിലും ഉണ്ടാവുന്നുണ്ട്. കേന്ദ്രത്തിന്റെ ലക്ഷദ്വീപിലേക്കുള്ള ബയോവെപ്പണ്‍ തന്നെയായിരുന്നു കൊവിഡ്–ഐഷ മീഡിയ വണ്‍ ടി.വി. ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത് ഇതായിരുന്നു. പുതിയ അഡ്മിനിസ്‌ട്രേറ്ററുടെ നയമാണ് കൊവിഡ് വ്യാപനത്തിലൂടെ ദ്വീപ് ജനതയെ അപകടത്തിലേക്കെത്തിച്ചത് എന്നതായിരുന്നു ഐഷ പറഞ്ഞത്. എന്നാല്‍ ഇത് രാജ്യദ്രോഹക്കുറ്റമാണെന്ന് ബി.ജെ.പി. ആരോപിക്കുന്നു. ഐഷയുടെ വാക്കുകളില്‍ രാജ്യദ്രോഹം വ്യാഖ്യാനിച്ചാണ് കേസ് എടുത്തിരിക്കുന്നത്.

ഭരണാധികാരിയെയോ നയങ്ങളെയോ വിമര്‍ശിക്കുന്നത് രാജ്യദ്രോഹക്കുറ്റമല്ലെന്നും സര്‍ക്കാരിനെതിരെ സമൂഹത്തില്‍ ബോധപൂര്‍വ്വം കലാപം ഉണ്ടാക്കാന്‍ കാരണമായ രീതിയിലുള്ള പ്രവര്‍ത്തനം മാത്രമാണ് ഈ കുറ്റത്തിന്റെ പരിധിയില്‍ വരിക എന്നും ശ്രദ്ധയില്ലാതെ തോന്നിയ പടി ഈ കുറ്റം ചുമത്താന്‍ പാടില്ലെന്നും സുപ്രീംകോടതി ബഞ്ച് വിധിച്ച് ഒരാഴ്ച തികയും മുമ്പാണ് ഐഷയ്‌ക്കെതിരെ കേസെടുത്തത്.
ഐഷ സുല്‍ത്താന മാത്രമല്ല, ലക്ഷദ്വീപിലെ ഭൂരിഭാഗം ജനങ്ങളും കേരളത്തിലെയും ദേശീയ തലത്തിലെയും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെ ലക്ഷദ്വീപില്‍ കേന്ദ്രസര്‍ക്കാരും അതിന്റെ പ്രതിനിധിയായ അഡ്മിനിസ്‌ട്രേറ്ററും നടപ്പാക്കി വരുന്ന നയങ്ങള്‍ക്കെതിരെ പരസ്യപ്രതിഷേധത്തിലും സമരത്തിലുമാണ്. ഇതേ പ്രതിഷേധം തന്നെയാണ് ഐഷ സുല്‍ത്താനയും പങ്കുവെച്ചതെന്നും അതില്‍ ഇപ്പോള്‍ ആരോപിക്കപ്പെടുന്ന രാജ്യദ്രോഹമില്ലെന്നും നിയമവിദഗ്ധര്‍ പറയുന്നു.

thepoliticaleditor

ശശി തരൂര്‍ എം.പി., മുന്‍ മന്ത്രി തോമസ് ഐസക് തുടങ്ങി ഒട്ടേറെ പേര്‍ ഐഷയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെതിരെ രംഗത്തു വന്നിട്ടുണ്ട്. കോടതിയില്‍ ഇത്തരം കുറ്റങ്ങള്‍ ചീറ്റിപ്പോകുമെന്നും എന്നാല്‍ അതുവരെ ഐഷ ഇരയാക്കപ്പെടുമെന്നും ശശി തരൂര്‍ ട്വിറ്ററില്‍ എഴുതി. വിധി വരും വരെയുള്ള നടപടികളാണ് യഥാര്‍ഥ ശിക്ഷയായി മാറാറുള്ളതെന്നും ഇത്തരം കേസുകള്‍ നിയമത്തെയും നീതിയെയും പരിഹസിക്കുംവിധമാണ് ഉണ്ടാകുന്നതെന്നും തരൂര്‍ എഴുതി.

Spread the love
English Summary: sedition case against lakshadweep native film director

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick