Categories
kerala

എ.ശാന്തകുമാർ അന്തരിച്ചു

പ്രശസ്ത നാടകകൃത്തും നാടക പ്രവർത്തകനുമായ എ.ശാന്തകുമാർ അന്തരിച്ചു. രക്താർബുദത്തെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 51-ാം വയസ്സിലാണ് ശാന്തകുമാര്‍ വിടവാങ്ങുന്നത്. കോഴിക്കോട് പറമ്പിൽ സ്വദേശിയാണ്. മരം പെയ്യുന്നു എന്ന കൃതിക്ക് 2010 ൽ നാടക രചനയ്ക്കുള്ള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.

മരം പെയ്യുന്നു, കർക്കടകം, രാച്ചിയമ്മ (ഉറൂബിന്റെ നോവലിന്റെ രംഗഭാഷ), കറുത്ത വിധവ, ചിരുത ചിലതൊക്കെ മറന്നുപോയി, കുരുടൻ പൂച്ച തുടങ്ങിയവയാണ് പ്രധാന കൃതികൾ.

thepoliticaleditor

കോഴിക്കോട് ജില്ലയില്‍ പറമ്പില്‍ ബസാറില്‍ ഇമ്പിച്ചുണ്ണി മാസ്റ്ററുടെയും അമ്മിണിയുടെയും മകനായി ജനനം. കോഴിക്കോട് ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നിന്ന് ബിരുദ പഠനത്തിന് ശേഷമാണ് ശാന്തകുമാര്‍ നാടകരംഗത്തേക്കിറങ്ങിയത്. 1999ല്‍ സംഗീത നാടക അക്കാദമി അവാര്‍ഡ് നേടിയ പെരുംകൊല്ലന്‍ എന്ന നാടകത്തിലൂടെ നാടകരംഗത്ത് സജീവമായി. ബാങ്ക്മെന്‍സ് ക്ലബ് സംഘടിപ്പിച്ച സംസ്ഥാന നാടകമത്സരത്തില്‍ സമ്മാനാര്‍ഹമായ സുഖനിദ്രയിലേക്ക്, പതിമൂന്നാം വയസ്സ്, ന്റെ പുള്ളിപ്പയ്യ് കരയ്വാണ്, ദാഹം, കര്‍ക്കടകം, സ്വപ്നവേട്ട, ജയില്‍ ഡയറി തുടങ്ങി അറുപതിലേറെ നാടകങ്ങള്‍ രചിച്ചു.

ലൈംഗികത്തൊഴിലാളികള്‍ക്കു വേണ്ടി രചനയും സംവിധാനവും നിര്‍വഹിച്ച ഒറ്റ രാത്രിയുടെ കാമുകിമാര്‍, സ്വവര്‍ഗാനുരാഗികള്‍ക്കുവേണ്ടി രചിച്ച അവസാന ചുംബനം എന്നീ നാടകങ്ങള്‍ എറെ ചര്‍ച്ച ചെയ്യപ്പെട്ടു. അരക്കു കീഴെ തളര്‍ന്ന, അജയന്‍ എന്ന നാടക നടനുവേണ്ടി രചനയും സംവിധാനവും നിര്‍വഹിച്ച മരം പെയ്യുന്നു എന്ന നാടകവും കേരളത്തിനകത്തും പുറത്തും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.

കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, കേരളാ സാഹിത്യ അക്കാദമി അവാര്‍ഡ് എന്നിവ ഒന്നിലേറെ തവണ നേടിയ ശാന്തകുമാറിനു ലഭിച്ച പുരസ്‌കാരങ്ങള്‍ നിരവധിയാണ്. ചിരുത ചിലതൊക്കെ മറന്നുപോയി എന്ന നാടകത്തിന് തോപ്പില്‍ ഭാസി അവാര്‍ഡും ബാലന്‍ കെ. നായര്‍ അവാര്‍ഡും ലഭിച്ചു. ഇടശേരി അവാര്‍ഡ്, നിലമ്പൂര്‍ ബാലന്‍ പുരസ്‌കാരം, അബുദാബി ശക്തി അവാര്‍ഡ്, സ്വപ്നവേട്ട എന്ന നാടകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ, ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയും കാക്കക്കിനാവ് എന്ന നാടകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ ഇന്ത്യന്‍ ലിറ്ററേച്ചറും പ്രസിദ്ധീകരിച്ചു.

മുഖ്യമന്ത്രി അനുശോചിച്ചു

പ്രശസ്ത നാടകകൃത്തും സംവിധായകനുമായ എ ശാന്തകുമാറിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. സാഹിത്യ അക്കാഡമിയുടെയും സംഗീതനാടകഅക്കാഡമിയുടെയും അവാർഡുകൾ നേടിയ ശാന്തകുമാർ ആഗോള വൽക്കരണത്തിന്റെ കെടുതികൾ തുറന്നുകാട്ടിയ നാടകത്തോടെയാണ് ശ്രദ്ധേയനായത്. നന്നേ ചെറുപ്പത്തിൽത്തന്നെ ജനപ്രതിനിധിയായ ശാന്തകുമാർ സാമൂഹികപ്രതിബദ്ധതയുള്ള ഒട്ടേറെ നാടകങ്ങളിലൂടെ ജനഹൃദയങ്ങളിൽ ഇടം തേടിയെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

Spread the love
English Summary: RENOWNED PLAYWRIT ASANTHAKUMAR PASSES AWAY

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick