Categories
kerala

മാറ്റിവെച്ച പി.എസ്.സി. പരീക്ഷകളും അഭിമുഖങ്ങളും കൊവിഡ് തീവ്രത കഴിഞ്ഞാലുടനെ, ആഗസ്റ്റില്‍ തീരുന്ന റാങ്ക് പട്ടികകളുടെ കാലാവധി നീട്ടി

കൊവിഡ് വ്യാപനം മൂലം മാറ്റിവെച്ച പി.എസ്.സി പരീക്ഷകള്‍ രോഗ തീവ്രത കഴിഞ്ഞയുടനെ നടത്തുമെന്നും ആഗസ്റ്റ് മൂന്നിന് അവസാനിക്കുന്ന പട്ടികകളുടെ കാലാവധി നീട്ടുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. പി.സി. വിഷ്ണുനാഥ് ഉന്നയിച്ച സബ്മിഷന് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വിശദമാക്കുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് യഥാസമയം മത്സര പരീക്ഷകള്‍ നടത്താന്‍ പി.എസ്.സി.ക്ക് കഴിയാത്ത സാഹചര്യമുണ്ടായി.  എന്നാല്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലും നിയമന ശിപാര്‍ശ നല്‍കുന്നതിലും ഇത് ബാധിക്കുന്നില്ല.  മാത്രവുമല്ല, 05.02.2021നും 03.08.2021-നുമിടയില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി ദീര്‍ഘിപ്പിച്ചിട്ടുമുണ്ട്.  

പ്രതീക്ഷിത ഒഴിവുകള്‍ മുന്‍കൂട്ടി  റിപ്പോര്‍ട്ട് ചെയ്യാന്‍ കര്‍ശന നിര്‍ദ്ദേശം

എല്ലാ ഒഴിവുകളും കൃത്യതയോടെ യഥാസമയം റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന്‍റെ കൃത്യത പരിശോധിക്കുന്നതിനായി അഡ്മിനിസ്ട്രേറ്റീവ് വിജിലന്‍സ് വിവിധ ഓഫീസുകളില്‍ പരിശോധന നടത്തുന്നുണ്ട്. ഇതിനു പുറമേ, ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി ചീഫ് സെക്രട്ടറിയുടെ മേല്‍നോട്ട ചുമതലയില്‍ ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നിവരുള്‍പ്പെട്ട സമിതി
13.02.2021ല്‍ രൂപീകരിച്ചിരുന്നു. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും.  
മുന്‍ സര്‍ക്കാരിന്‍റെ കാലത്ത് ആരോഗ്യം, പോലീസ് തുടങ്ങി വിവിധ വകുപ്പുകളിലായി ഇരുപതിനായിര ത്തിലധികം പുതിയ തസ്തികകള്‍ സൃഷ്ടിക്കുകയുണ്ടായി. 25.05.2016 മുതല്‍ 19.05.2021 വരെ 4,223 റാങ്ക് ലിസ്റ്റുകളാണ് പി.എസ്.സി പ്രസിദ്ധീകരിച്ചത്.  മുന്‍ യു.ഡി.എഫ് ഭരണകാലത്ത് 3418 റാങ്ക് ലിസ്റ്റുകള്‍ മാത്രമാണ് പ്രസിദ്ധപ്പെടുത്തിയത്. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്ത് 1,61,361 നിയമനശുപാര്‍ശ നല്‍കിയിട്ടുണ്ട്. മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ 1,54,384 നിയമന ശുപാര്‍ശ നല്‍കിയെങ്കിലും അതിലുള്‍പ്പെട്ട 4,031 പേര്‍ക്ക് എല്‍.ഡി.എഫ് സര്‍ക്കാരാണ് നിയമനം നല്‍കിയത്.

thepoliticaleditor

റാങ്ക് ലിസ്റ്റുകളുടെ കാലാവധിക്കുള്ളില്‍ ലഭ്യമാകുന്ന മുഴുവന്‍ ഒഴിവുകളിലും  നിയമനം നടത്തുകയെന്നതാണ് സര്‍ക്കാര്‍ നയം. പ്രതീക്ഷിത ഒഴിവുകള്‍ മുന്‍കൂട്ടി  റിപ്പോര്‍ട്ട് ചെയ്യാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സീനിയോറിറ്റി തര്‍ക്കം, പ്രൊമോഷന് യോഗ്യരായവരുടെ അഭാവം എന്നിവ മൂലം റഗുലര്‍ പ്രൊമോഷനുകള്‍ തടസ്സപ്പെടുന്ന കേസുകള്‍ കണ്ടെത്തി ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പധ്യക്ഷന്മാർക്ക് നിര്‍ദ്ദേശം നല്‍കുകയുണ്ടായി. ഇത്തരത്തില്‍ റഗുലര്‍ പ്രൊമോഷനുകള്‍ നടത്താന്‍ തടസമുള്ള തസ്തികകളെ പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിലുള്ള കേഡറിലേയ്ക്ക് താല്‍ക്കാലികമായി തരംതാഴ്ത്തി, അപ്രകാരമുണ്ടാകുന്ന ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കോര്‍പറേഷന്‍,ബോര്‍ഡ്, പൊതുമേഖലാ ഒഴിവുകള്‍ പി.എസ്.സി. വഴി: ചട്ടം രൂപീകരിക്കാന്‍ ടാസ്‌ക് ഫോഴ്‌സ്

നിയമനം പി.എസ്.സി.ക്കു വിട്ടിട്ടും അതിനായി ചട്ടങ്ങളോ റിക്രൂട്ട്‌മെന്റ് ചട്ടങ്ങളോ രൂപീകരിക്കാത്ത പൊതുമേഖലാ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, കോര്‍പറേഷനുകള്‍ എന്നിവയില്‍ അവ രൂപീകരിക്കാനായി വിവിധ വകുപ്പു സെക്രട്ടറിമാരെ ഉള്‍പ്പെടുത്തി ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചതായും എല്ലാ നിയമനവും പി.എസ്.സി. വഴി നടത്തുമെന്നതാണ് സര്‍ക്കാര്‍ നയമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ മറുപടി നല്‍കി.

Spread the love
English Summary: psc rank list extended, postponed exams will conduct soon says chief minister in assembly

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick