Categories
latest news

ഇനി ‘വിസ്മയ’മാകേണ്ടത് ആനിശിവയുടെ ജീവിതമാണ്‌

പതിനെട്ടാം വയസ്സില്‍ പിഞ്ചുകുഞ്ഞിനൊപ്പം തെരുവില്‍ ഉപേക്ഷിക്കപ്പെട്ട യുവതി ഇന്ന് സംസ്ഥാനത്തെ നിയമപാലനത്തിന്റെ അമരക്കാരിലൊരാളായി മാറുമ്പോള്‍ അത് കേരള സ്ത്രീത്വത്തിന് അഭിമാനകരമാണ് എന്ന് പറഞ്ഞ് നിര്‍ത്താനാവില്ല….
അതെ ആനി ശിവയുടെ ജീവിതം അതുക്കും മീതെയാണ്…
സ്ത്രീയുടെ ആര്‍ക്കും തളര്‍ത്താനാവത്ത ആത്മധൈര്യത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതീകമായി മാറുകയാണ് വര്‍ക്കല പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ആനി ശിവ.
അവള്‍ ഒരിക്കല്‍ വര്‍ക്കല ശിവഗിരിയിലെ നടവഴിയില്‍ തീര്‍ഥാടകര്‍ക്ക് ഐസ്‌ക്രീമും നാരങ്ങാവെള്ളവും വിറ്റ് ജീവിച്ച നാളുകളുണ്ടായിരുന്നു. അതേ വര്‍ക്കലയിലെ തീര്‍ഥാടനവഴികളില്‍ അവളുടെ കാക്കി വേഷം കരുത്തിന്റെ അടയാളമായി നിറയുന്നു…

‘വര്‍ക്കല സ്റ്റേഷനിലാണ് പ്രൊബേഷണറി എസ്.ഐ.ആയി നിയമനം എന്ന് അറിഞ്ഞത് ഏതാനും ദിവസം മുമ്പാണ്. വര്‍ക്കല..എന്റെ കണ്ണീര് ഒരു പാട് വീണ് കുതിര്‍ന്ന മണ്ണാണത്…ഞാന്‍ എന്റെ കുഞ്ഞുമായി അലഞ്ഞപ്പോള്‍ ഒരാളുമുണ്ടായിരുന്നില്ല ഒരു ചെറുസഹായം നല്‍കാന്‍ പോലും…’–ആനി ശിവ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ.യോട് പറഞ്ഞു.

കാഞ്ഞിരംകുളം കെ.എൻ.എം. ഗവ.കോളേജിൽ ഒന്നാം വർഷ ഡിഗ്രിക്ക് പഠിക്കുമ്പോൾ വീട്ടുകാരുടെ ഇഷ്ടത്തെ എതിർത്ത് കൂട്ടുകാരനൊത്ത് ജീവിതം തുടങ്ങി. വീട്ടുകാരെ എതിര്‍പ്പിനിടയിലും ഇഷ്ടപ്പെട്ട പുരുഷന്റെ കൈ പിടിച്ച് ജീവിതത്തിലേക്ക് പോയ ആനിശിവ കുഞ്ഞ് ജനിച്ച് ആറുമാസമായതോടെ അതേ പുരുഷനാല്‍ തെരുവില്‍ ഉപേക്ഷിക്കപ്പെട്ടു. കൈക്കുഞ്ഞുമായി സ്വന്തം വീട്ടിലേക്ക്‌ മടങ്ങി. അമ്മൂമ്മയുടെ വീടിന്റെ ചായ്പിൽ മകനെയുംകൊണ്ട് ജീവിതം തുടങ്ങി…….നാരങ്ങാവെള്ളവും കരകൗശലവസ്തുക്കളും വിറ്റ് ജീവിക്കാന്‍ ശ്രമിച്ചു. എല്ലാം അമ്പേ പരാജയമായിരുന്നു. ഇതിനിടയിൽ കോളേജിൽ ക്ലാസിനുംപോയി സോഷ്യോളജിയിൽ ബിരുദം നേടി…കൈക്കുഞ്ഞിനെയുംകൊണ്ട് പലയിടത്തായി മാറിമാറിത്താമസിച്ചു. കൊത്തിക്കീറാൻ നോക്കുന്നവരിൽ നിന്നും കവചം തീർക്കാൻ സ്വയം പ്രതിരോധം എന്ന നിലയിൽ “ബോയ് കട്ട് ” ഹെയർ സ്റ്റൈൽ സ്വീകരിച്ചു. അമ്മയെയും മകനെയും ചേട്ടനും അനിയനുമാണെന്ന് പലരും കരുതി…….

മകൻ ശിവ സൂര്യനൊപ്പം ആനി ശിവ

“അപ്പോള്‍ ദേവ ദൂതനെപ്പോലെ ഒരു മനുഷ്യന്‍ വന്നു, എനിക്ക് പരീക്ഷയ്ക്ക് പഠിക്കാനും എഴുതാനും സഹായം തന്നു. ഞാന്‍ അങ്ങനെയാണ് എസ്.ഐ.പരീക്ഷ എഴുതിയത്”–ആനി ഓര്‍മകള്‍ പങ്കുവെച്ചു. 2014-ൽ സുഹൃത്തിന്റെ പ്രേരണയിൽ വനിതകളുടെ എസ്.ഐ. പരീക്ഷ എഴുതാൻ തിരുവനന്തപുരത്തെ പരിശീലന കേന്ദ്രത്തിൽ ചേർന്നു. വനിതാ പോലീസ് തസ്തികയിലേക്കും പരീക്ഷയെഴുതി.2016-ൽ വനിതാപോലീസായി ജോലി ലഭിച്ചു. 2019-ൽ എസ്.ഐ. പരീക്ഷയിലും വിജയം.

ഇങ്ങനെയൊരു ജീവിതം സാധ്യമാണ് എന്ന് തെളിയിക്കുന്ന ആനിശിവ പുരുഷാധിപത്യ സമൂഹത്തില്‍ പിടിച്ചു നില്‍ക്കാനാവാതെ മരണത്തിലേക്കു പോകുന്ന സ്ത്രീകളുടെ കഥകള്‍ നിറയുന്ന ഈ കാലത്ത് ഒരു വലിയ വിജയഗാഥയുടെ സജീവ മാതൃകയാണ്….
സ്ത്രീകളേ നിങ്ങളുടെ അവസാനം ഭര്‍ത്താവിന്റെ കാല്‍ച്ചുവടല്ല…സ്വയം പറക്കാനുള്ള അതിരില്ലാത്ത ആകാശമാണ് എന്ന് ആനിശിവ എന്ന എസ്.ഐ. ലോകത്തോട് വിളിച്ചു പറയുന്നില്ലേ…!!

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
English Summary: life of annie siva is a grant model for uprising women

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick