Categories
latest news

തൃണമൂല്‍ വിട്ട നേതാക്കള്‍ തിരിച്ചൊഴുകാന്‍ വെമ്പുന്നു..! ബി.ജെ.പി.യിലേക്ക് പോയ 50 നേതാക്കള്‍ ത്രിശങ്കുവില്‍

പശ്ചിമബംഗാളില്‍ അധികാരം പിടിക്കാനായി വന്‍ തോതില്‍ വാഗ്ദാനം നല്‍കി തൃണമൂല്‍ നേതാക്കളെ ചാക്കിട്ടു പിടിച്ച ബി.ജെ.പി. ഇപ്പോള്‍ ഈ നേതാക്കള്‍ തൃണമൂലിലേക്കു തന്നെ മടങ്ങുന്ന കാഴ്ചയ്ക്ക് സാക്ഷിയേകേണ്ടിവരുമെന്ന നിലയിലാണ്. തൃണമൂല്‍ വിട്ട് ബി.ജെ.പി.യില്‍ ചേരുകയും പാര്‍ടിയുടെ ദേശീയ അധ്യക്ഷപദവി ലഭിക്കുകയും ചെയ്ത പ്രമുഖ് നേതാവ് മുകുള്‍ റോയി തിരികെ തൃണമൂലിലേക്കു മടങ്ങാന്‍ മമത ബാനര്‍ജിയുമായി ചര്‍ച്ച നടത്തി എന്നാണ് പറയപ്പെടുന്നത്. 2018-ലെ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് ബംഗാളില്‍ വലിയ നല്ല വിജയം ഉണ്ടാക്കിക്കൊടുത്തതില്‍ പ്രധാന പങ്കുവഹിച്ചയാളായിരുന്നു മുകുള്‍ റോയ്. മറ്റൊരു പ്രമുഖ നേതാവ് റജിബ് ബാനര്‍ജിയും ബി.ജെ.പി. വിട്ട് മാതൃസംഘടനയിലേക്ക് മടങ്ങുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. ഇവരുള്‍പ്പെടെ 50 തൃണമൂല്‍ നേതാക്കളാണ് നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പായി ബി.ജെ.പി.യില്‍ ചേര്‍ന്നത്. ഇവരില്‍ 34 എം.എല്‍.എ.മാരും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ഇവരില്‍ 13 പേര്‍ക്ക് മാത്രമാണ് ബി.ജെ.പി. ഇത്തവണ മല്‍സരിക്കാന്‍ ടിക്കറ്റ് നല്‍കിയത്. മല്‍സരിക്കാന്‍ അവസരം കിട്ടാതിരുന്നവരില്‍ പ്രധാനിയായ ഒരാള്‍ ദിനേശ് ത്രിവേദി ആയിരുന്നു.
സര്‍ള മുര്‍മു, മുന്‍ ഫുട്‌ബോളര്‍ ദീപേന്ദു ബിസ്വാസ്, മുന്‍ എം.എല്‍.എ. സോണാലി ഗുഹ എന്നിവര്‍ പരസ്യമായി തന്നെ തങ്ങള്‍ ബി.ജെ.പി. വിട്ട് തൃണമൂലിലേക്ക് തിരിച്ചു പോകുകയാണെന്ന് പ്രഖ്യാപിച്ചിരിക്കയാണ്. സര്‍ള മുര്‍മുവിന് ഇത്തവണ തൃണമൂല്‍ ടിക്കറ്റ് നല്‍കിയിരുന്നെങ്കിലും അത് നിരാകരിച്ച് ബി.ജെ.പി.യിലേക്ക് ചേക്കേറുകയായിരുന്നു. സോണാലി ഗുഹ മമത ബാനര്‍ജിക്ക് എഴുതിയ കത്തില്‍ പറയുന്നത്, മല്‍സ്യത്തിന് വെള്ളത്തിലല്ലാതെ ജീവിക്കാനാവില്ല എന്നതു പോലെ ദീദീ…നിങ്ങളില്ലാതെ എനിക്ക് ജീവിക്കാനാവില്ല എന്നാണ്!
അധികാരം നേടുമെന്ന ബി.ജെ.പി. പ്രചാരണത്തില്‍ മയങ്ങിയാണ് ഭൂരിപക്ഷം നേതാക്കളും തൃണമൂല്‍ വിട്ട് ബി.ജെ.പി.യിലേക്ക് പോയത്. എന്നാല്‍ പോയതില്‍ മൂന്നില്‍ രണ്ടു ഭാഗം പേര്‍ക്കും മല്‍സരിക്കാന്‍ ടിക്കറ്റ് നല്‍കാഞ്ഞപ്പോള്‍ തന്നെ നിരാശയിലായിരുന്നു. തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. പരാജയം നേരിട്ടതോടെ തൃണമൂല്‍ തോല്‍ക്കുമെന്ന് വിചാരിച്ച് ബി..ജെ.പിയിലേക്കു പറന്ന നേതാക്കളും വെള്ളത്തിലായി. 294-ല്‍ 213 സീറ്റിലും ജയിച്ച് തൃണമൂല്‍ വീണ്ടും കരുത്തു കാട്ടി. ബി.ജെ.പി.ക്ക് കിട്ടയതോ 77 സീറ്റ് മാത്രവും. അമിത് ഷായും മോദിയും കാടിളക്കി നടത്തിയ എല്ലാ ശ്രമവും ബംഗാള്‍ ജനതയുടെ മുന്നില്‍ വിഫലമാവുകയായിരുന്നു.

Spread the love
English Summary: leaders who left trinamool congress and joined bjp desires to come back

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick