Categories
latest news

രാജ്യദ്രോഹക്കുറ്റം തോന്നിയ പോലെ എടുത്ത് പയറ്റാനുള്ളതല്ല, ഓരോ മാധ്യമപ്രവര്‍ത്തകനും കേദാര്‍നാഥ് സിങ് കേസ് വിധിയിലെ സംരക്ഷണത്തിന് അവകാശമുണ്ടെന്ന് സുപ്രീംകോടതി

തങ്ങളെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ ബി.ജെ.പി. നിരന്തരം എടുത്തുവീശുന്ന രാജ്യദ്രോഹക്കുറ്റം എന്ന വജ്രായുധം ഏല്‍ക്കാതെ പോകുന്നു എന്നതാണ് വിനോദ് ദുവ കേസിലൂടെ വീണ്ടും തെളിയുന്നത്. പരമോന്നത നീതിപീഠം ഈ കേസിലെ എഫ്.ഐ.ആര്‍. റദ്ദു ചെയ്യുക മാത്രമല്ല, കേദാര്‍നാഥ് സിങ് കേസ് പരാമര്‍ശിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് സംരക്ഷണത്തിന് അവകാശമുണ്ടെന്ന് പ്രഖ്യാപിക്കുക കൂടി ചെയ്തത് സംഘപരിവാറിന് കടുത്ത ആഘാതമാണ് ഏല്‍പിച്ചിരിക്കുന്നത്.
കേദാര്‍നാഥ് സിങ് കേസ് വിധിയില്‍ പറഞ്ഞിരിക്കുന്ന സംരക്ഷണം ലഭിക്കാന്‍ ഓരോ ജേര്‍ണലിസ്റ്റിനും അവകാശമുണ്ട് എന്നാണ് ജസ്റ്റിസ് യു.യു.ലളിത്, ജസ്റ്റിസ് വിനീത് ശരണ്‍ എന്നിവര്‍ വ്യക്തമാക്കിയത്.

1962-ലെ കേദാര്‍നാഥ് സിങ്–ബിഹാര്‍ സര്‍ക്കാര്‍ കേസില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ 124A വകുപ്പിന്റെ ദുരുപയോഗം കോടതി തടയുകയുണ്ടായി. ഈ വകുപ്പനുസരിച്ച് രാജ്യദ്രോഹകുറ്റം നിലനില്‍ക്കണമെങ്കില്‍ സമൂഹത്തില്‍ അക്രമം ഉണ്ടാക്കാനും ക്രമസമാധാനഭംഗം ഉണ്ടാക്കാനും ബോധപൂര്‍വ്വമായ ഉദ്ദേശ്യത്തോടെ ഏതെങ്കിലും പ്രവൃത്തിയില്‍ ഏര്‍പ്പെടുകയോ അത്തരം പ്രവണത പ്രകടിപ്പിക്കുകയോ ചെയ്തിരിക്കണം എ്ന്നാണ് കോടതി അന്ന് വിധിച്ചത്. വെറുതെ എടുത്ത് പ്രയോഗിക്കാനുള്ളതല്ല രാജ്യദ്രോഹക്കുറ്റം എന്ന് കോടതി പറഞ്ഞുവെച്ചു. ഈ വിധിയുടെ സംരക്ഷണം രാജ്യത്തെ ഏത് ജേര്‍ണലിസ്റ്റിനും കിട്ടണം എന്നാണ് ഇപ്പോള്‍ വീണ്ടും സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്.

thepoliticaleditor
വിനോദ് ദുവ (ഇമേജ് കടപ്പാട്–ലൈവ് ലോ )

നരേന്ദ്രമോദി വോട്ടു പിടിക്കാന്‍ ഭീകരാക്രമണത്തെ ഉപയോഗിക്കുന്നു എന്ന് ഒരു യു-ട്യൂബ് ഷോയില്‍ പ്രതികരിച്ചു എന്നതിനാണ് ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി. നേതൃത്വത്തിന്റെ പരാതിയില്‍ മുതിർന്ന മാധ്യമ പ്രവർത്തകൻ വിനോദ് ദുവ-ക്കെതിരെ പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. ഇത് പൊതുവായ വിമര്‍ശനമാണെന്ന് കോടതി തിരിച്ചറിഞ്ഞതിനെ തുടര്‍ന്നായിരുന്നു വിധി.

അതേസമയം, വിനോദ് ദുവ ഉന്നയിച്ച രണ്ടാമത്തെ ആവശ്യം കോടതി പരിഗണിച്ചില്ല. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കേസുകളില്‍ പ്രഥമ വിവര റിപ്പോര്‍ട്ട് ഫയല്‍ ചെയ്യുന്നതിനു മുന്‍പ് അവര്‍ക്കെതിരായ ആരോപണം സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കാനായി ഒരു കമ്മിറ്റി രൂപീകരിക്കണം എന്നും കുറഞ്ഞത് പത്ത് വര്‍ഷം പ്രവൃത്തി പരിചയമുള്ള മാധ്യമപ്രവര്‍ത്തകരുടെ കാര്യത്തില്‍ ഈ കമ്മിറ്റിയുടെ ക്ലിയറന്‍സില്ലാതെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാന്‍ പാടില്ല എന്നും നിര്‍ദ്ദേശിക്കണം എന്നതായിരുന്നു വിനോദ് ദുവയുടെ ഹര്‍ജിയിലെ രണ്ടാമത്തെ അപേക്ഷ. എന്നാല്‍ ഇത് നിയമനിര്‍മ്മാണസഭയുടെ പരിധിയില്‍ വരേണ്ട കാര്യമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

Spread the love
English Summary: every journalist entitled to the protection of kedarnath singh judjement observes supreme court

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick